Saturday, May 17, 2014

മോദിയുടെ ജൈത്രരഥം



ആര്‍.കെ.ബിജുരാജ്

 നരേന്ദ്ര മോദിയാണ് ഈ നിമിഷത്തിലെ ജേതാവ്. എതിരാളികളെപ്പോലും അസൂയപ്പെടുത്തുന്നതാണ് വിജയം.  കൃത്യമായ കരുനീക്കങ്ങളിലൂടെ, എതിരാളികളെ നിര്‍ദാക്ഷിണ്യം വെട്ടിവീഴ്ത്തി ഏകനായി  പൊരുതി മോദി സ്വന്തമാക്കിയതാണ് ഈ നേട്ടം. ഇനി അഞ്ചുവര്‍ഷം ഇന്ത്യയുടെ ഭാഗധേയം മോദി നിശ്ചയിക്കും. പക്ഷേ, ഈ ചരിത്ര നിമിഷത്തിലും സത്യം ഇന്ത്യയിലെ ഓരോരുത്തരെയും മുട്ടിവിളിക്കുന്നുണ്ട്.
ഉത്തര ഗുജറാത്തിലെ മെഹ്സാന ജില്ലയില്‍  വഡ്നഗര്‍  ഗ്രാമത്തില്‍  1950 സെപ്റ്റംബര്‍ 17നാണ് നരേന്ദ്ര ദാമോദര്‍ദാസ് മോദിയുടെ ജനനം.  ദാമോദര്‍ദാസ് മൂല്‍ ചന്ദ് മോദിയുടേയും ഹീരാബെന്നിന്‍േറയും ആറുമക്കളില്‍ മൂന്നാമന്‍. താഴ്ന്ന കുടുംബ പശ്ചാത്തലം. എണ്ണയാട്ടല്‍ തൊഴിലാക്കിയ മോദ്-ഗഞ്ചി ജാതിയിലാണ് ജനിച്ചത്. മോദി ജനിച്ച് 40 വര്‍ഷം കഴിഞ്ഞാണ് ഈ ജാതി മറ്റു പിന്നാക്ക സമുദായത്തില്‍ (ഒ.ബി.സി) പെടുന്നത് -90കളില്‍ മണ്ഡല്‍ കമീഷന്‍ നാളില്‍. അതിന് പിന്നിലും മോദിയാണെന്നാണ് കോണ്‍ഗ്രസ് ആരോപണം.
അച്ഛന്‍ ദാമോദര്‍ദാസ് വഡ്നഗര്‍ റെയില്‍വേ സ്റ്റേഷന് സമീപം ചായക്കട നടത്തിയിരുന്നു. അച്ഛനെ സഹായിക്കാന്‍ അഞ്ചു വയസ്സുമുതല്‍ ട്രെയിന്‍ യാത്രക്കാര്‍ക്കായി ചായ വില്‍ക്കാന്‍ മോദിയും ഒപ്പം കൂടി. ഈ ചായക്കടയുടെ അടുത്ത് പ്രവര്‍ത്തിച്ചിരുന്ന ഗുജറാത്ത് സംസ്ഥാന വാദികളായ മഹാഗുജറാത്ത് ജനതാ പരിഷത്തിന്‍െറ ഓഫിസില്‍ എത്തിയ മോദി അവിടത്തെ കുട്ടികളുടെ നേതാവായി. ഈ ‘വളര്‍ച്ച’ പതിയെ ആര്‍.എസ്.എസ് ശാഖകളിലത്തെിച്ചു. പിന്നീടുള്ള ജീവിതത്തിലെമ്പാടും ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതില്‍ ആര്‍.എസ്.എസിന്  ഒപ്പമോ അവര്‍ക്ക് ഒരു ചുവടോ മുന്നില്‍ നടന്നു മോദി. ആദ്യവസാനം സംഘ പ്രചാരക്.
വഡ്നഗറില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മോദി ഗുജറാത്ത് സര്‍വകലാശാലയില്‍നിന്ന് രാഷ്ട്രതന്ത്രത്തില്‍ മാസ്റ്റര്‍ ബിരുദം നേടി. ഈ സമയത്ത്  എ.ബി.വി.പി നേതാവായി ഉയര്‍ന്നു. വളരെ ചെറുപ്പത്തില്‍, 17ാം വയസ്സില്‍ യശോദാ ബെന്നിനെ വിവാഹം കഴിച്ചു. എന്നാല്‍, മാസങ്ങള്‍ക്കുള്ളില്‍തന്നെ ഭാര്യയുമായി പിരിഞ്ഞു. ആ കാലത്ത് നിലനിന്ന സാമൂഹികാചാരപ്രകാരം വിവാഹിതനാകുക മാത്രമാണ് മോദി ചെയ്തതെന്ന്  ജ്യേഷ്ഠന്‍ പറയുന്നുവെങ്കിലും അവിവാഹിതരുടെ മേടയായ ആര്‍.എസ്.എസില്‍ തുടരാനാണ് യശോദയെ പഠനം പൂര്‍ത്തിയാക്കാനെന്ന പേരില്‍ നിര്‍ബന്ധിച്ച് സ്വഗൃഹത്തിലേക്കയച്ചതെന്നും പറയപ്പെടുന്നു. പിന്നീട് യശോദയെ തേടിപ്പോയ പത്രപ്രവര്‍ത്തകരെ മണത്തറിഞ്ഞ് എത്തിയ മോദിയുടെ ആളുകള്‍ ഭീഷണിപ്പെടുത്തി. മോദിയുടെ വിവാഹം രഹസ്യ അധ്യായമായി തുടര്‍ന്നു. ഈ തെരഞ്ഞെടുപ്പില്‍  നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോഴാണ് താന്‍ വിവാഹിതനാണെന്ന കാര്യം മോദി ആദ്യം പരസ്യമായി സമ്മതിക്കുന്നതുതന്നെ.
ഭാര്യയെ ഉപേക്ഷിച്ച് സംഘടനയില്‍ സജീവമായ മോദി  ഗുജറാത്തില്‍ ബി.ജെ.പി  നേതൃത്വത്തില്‍ എത്തി.  1989 മുതല്‍  1995ലെ തെരഞ്ഞെടുപ്പുവരെ ഗുജറാത്തില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് ആസൂത്രകന്‍.  പിന്നെ കണക്കുകൂട്ടലുകളും ആസൂത്രണവും കൃത്യമാക്കി  ഗുജറാത്ത് മുഖ്യമന്ത്രി പദം കൈയടക്കി. നിയമസഭ ഉപതെരഞ്ഞെടുപ്പിലേറ്റ പരാജയം മൂലം കേശുഭായ് പട്ടേല്‍ രാജിവെച്ചപ്പോള്‍, 2001 ഒക്ടോബര്‍ 7ന് ഗുജറാത്ത് മുഖ്യമന്ത്രിയായി.  അതോടെ യഥാര്‍ഥ ‘മോദിയുഗം’ തുടങ്ങി. ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ ഗുജറാത്തിനെ മികച്ച സംസ്ഥാനമാക്കി മാറ്റിയതിന്‍െറ ക്രെഡിറ്റില്‍ കസേര ഉറപ്പിച്ചു. ചോരപ്പുഴയില്‍ ചവിട്ടിനിന്ന് അധികാരം ഉറപ്പിക്കലും വിപുലമാക്കലുമായി പിന്നീടുള്ള കാലം. മോദിയുടെ ജൈത്രരഥത്തിന് കീഴില്‍ ന്യൂനപക്ഷങ്ങളും ദരിദ്രരും ചതഞ്ഞരഞ്ഞു.


അധികാരമേറ്റ് നാലു മാസത്തിനുള്ളില്‍  2002 ഫെബ്രുവരി 28ന് ഗോധ്രയില്‍ ദുരൂഹ സാഹചര്യത്തില്‍  59 ഹിന്ദു തീര്‍ഥാടകര്‍ ട്രെയിനില്‍ അഗ്നിക്കിരയായി. ആ സംഭവം മറയാക്കി ഗുജാറത്തില്‍ മുസ്ലിം വംശഹത്യ അരങ്ങേറി. 2000 പേര്‍ കൊല്ലപ്പെട്ടു. വര്‍ഗീയകലാപത്തിന്‍െറ യഥാര്‍ഥ സൂത്രധാരന്‍ മോദിയാണെന്ന് കരുതുന്നവര്‍ ഏറെ.  വര്‍ഗീയ കലാപം ഒതുക്കുന്നതിലും പ്രതികളെ പിടികൂടുന്നതിലും നരേന്ദ്ര മോദി തികഞ്ഞ അനാസ്ഥ പുലര്‍ത്തി.  മോദിയുടെ മന്ത്രിസഭയിലെ മായാ കോഡ്നാനി  ഉള്‍പ്പെടെയുള്ളവര്‍ കലാപത്തിന്‍െറ പേരില്‍ പിന്നീട് ശിക്ഷിക്കപ്പെട്ടു.  ഗോധ്ര തീവണ്ടി ദുരന്തത്തോടനുബന്ധിച്ച് ഗുജറാത്തില്‍ മോദി വിളിച്ചുചേര്‍ത്ത ഉന്നതതല ഇന്‍റലിജന്‍സ് യോഗത്തില്‍, ‘ഹിന്ദുക്കള്‍ പ്രതികരിക്കും ആരും തടയരുത്’ എന്ന നിര്‍ദേശം നല്‍കിയതായി ആരോപണവുമുണ്ട്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച പ്രത്യേകാന്വേഷണസംഘത്തിനു (എസ്.ഐ.ടി) മുമ്പാകെ ഹാജരായ മോദി ക്രിമിനല്‍ കേസില്‍ ചോദ്യംചെയ്യലിനു വിധേയമാകുന്ന ആദ്യ മുഖ്യമന്ത്രിയായി.  മോദിയെ കൊടുംപാപിയെന്ന് വിശേഷിപ്പിക്കുന്നതില്‍ ഹിന്ദു മതത്തിനുള്ളിലെ ആചാര്യരും മുന്നിലുണ്ട്.  ഹിന്ദുമതം ഏറ്റവും വലിയ പാപമായി കാണുന്ന നരഹത്യ ചെയ്തയാളാണ് നരേന്ദ്ര മോദിയെന്ന് പുരി ശങ്കരാചാര്യര്‍ പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു. മോദിയുടെ കൈകളിലും മുഖത്തും നിരപരാധികളുടെ ചോരക്കറയുണ്ടെന്നായിരുന്നു ആക്ഷേപം.
ഗോധ്ര സംഭവം മാത്രമല്ല, പല ആക്രമണങ്ങളും മോദിയും അവരുടെ വിശ്വസ്ത അനുയായികളും സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ ഒരുക്കിയതാണെന്ന് പിന്നീട് തെളിഞ്ഞു. അക്ഷര്‍ധാം ക്ഷേത്രത്തിന് നേരെ നടന്ന ചാവേര്‍ ആക്രമണം, സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം, ഇശ്റത്ത് ജഹാന്‍ വ്യാജ ഏറ്റമുട്ടല്‍ കൊലപാതകം തുടങ്ങി നടന്ന പല ദുരൂഹ സംഭവങ്ങളും അധികാരം നിലനിര്‍ത്താനായി മോദി കൂട്ടാളികള്‍തന്നെ ഒരുക്കിതാണെന്നതിന് പിന്നീട് തെളിവുകളുണ്ടായി. ഇതില്‍ ഇശ്റത്ത് ജഹാനടക്കമുള്ളവര്‍ കൊല്ലപ്പെടുന്നത് മോദിയെ വധിക്കാനുള്ള ശ്രമത്തിനിടെയിലാണെന്നായിരുന്നു ഭരണകൂട ഭാഷ്യം.  
എതിരാളികള്‍ സ്വന്തം പാളയത്തിലുള്ളവരാണെങ്കിലും നിഷ്കരുണം അവരെ മോദി   വെട്ടിയരിഞ്ഞു. 2001ല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മത്സരിക്കാനായി മണ്ഡലം ഒഴിഞ്ഞുകൊടുക്കാന്‍ മടികാണിച്ച  മന്ത്രി ഹരന്‍ പാണ്ഡ്യയെ വൈകാതെ തരംതാഴ്ത്തി.  ഗുജറാത്ത് കലാപ അന്വേഷ സംഘത്തിന് മുന്നില്‍ എതിരായി മൊഴി നല്‍കിയതോടെ പാണ്ഡ്യക്ക് മന്ത്രിസ്ഥാനം നഷ്ടമായി. 2003ല്‍ അജ്ഞാതന്‍െറ വെടിയേറ്റ് ഹരന്‍ പാണ്ഡ്യമരിച്ചു. കൊന്നത് പാകിസ്താന്‍ തീവ്രവാദികളെന്ന് മോദി സര്‍ക്കാര്‍ പറഞ്ഞു. അന്വേഷണമൊന്നും മുന്നേറിയില്ല.  ഏതെങ്കിലും തരത്തില്‍ വിമത ശബ്ദം മുഴക്കിയ ശങ്കര്‍ സിങ് വഗേല, കേശുഭായി പട്ടേല്‍, സുരേഷ് മത്തേ എന്നിവര്‍ക്കെല്ലാം പാര്‍ട്ടി വിട്ടോടേണ്ടിവന്നു. എതിര്‍ത്ത ഗുജറാത്തിലെ ഐ.പി.എസ് ഓഫിസര്‍  സഞ്ജീവ് ഭട്ട് ജയിലില്‍.  ജനങ്ങളുടെ പടനയിച്ച ടീസ്റ്റ സെറ്റില്‍വാദിന് നേരെ കള്ളക്കേസ്. എതിരാളികളെ മോദി ശക്തമായി പ്രഹരിച്ചു; നിഗ്രഹിച്ചു. അടുപ്പമുണ്ടായിരുന്നു എന്നു കരുതുന്ന യുവതിയെ നിരീക്ഷിക്കാന്‍ രഹസ്യപൊലീസിനെ വരെ നിയോഗിച്ചു. ഗുജറാത്ത് മോദിക്കൊപ്പംതന്നെയായിരുന്നു. 2001, 2002,  2007, 2012 വര്‍ഷങ്ങളിലായി നാലുവട്ടം മുഖ്യമന്ത്രി കസേരയില്‍ ചാഞ്ഞിരുന്ന് ഭരണം.
മികച്ച വികസന മാതൃകയായി ഗുജറാത്തിനെ മോദിയും ബി.ജെ.പിയും ഉയര്‍ത്തിക്കാട്ടി. പക്ഷേ,  യാഥാര്‍ഥ്യം വ്യത്യസ്തമായിരുന്നു.  ഗുജറാത്തിന്‍െറ മാനവ-വികസന സൂചികകള്‍ പലതും ദയനീയമാംവിധം താഴെയായിരുന്നു.  കുട്ടികളുടെ പോഷകക്കുറവിന്‍െറ കാര്യത്തില്‍ അര്‍ധ-സഹാറ-ആഫ്രിക്കയുടേതിനേക്കാള്‍ കഷ്ടമാണ് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.   സമൂഹത്തിലെ സമ്പന്നവിഭാഗത്തിനു മാത്രം ഗുണം ചെയ്യുന്നതായിരുന്നു സാമ്പത്തിക നയങ്ങള്‍. അദാനിയെപ്പോലുള്ള വന്‍കിട കോര്‍പറേറ്റുകളുടെ താല്‍പര്യം ഗുജറാത്തില്‍ ഭംഗിയായി നടപ്പായി. നിസ്സാര വില നല്‍കി കര്‍ഷകരെ കുടിയിറക്കി ആ ഭൂമി തന്‍െറ സുഹൃത്തായ അദാനിക്ക് നിസ്സാര തുകക്ക് നല്‍കിയതായി ആക്ഷേപമുയര്‍ന്നു. ആ ഭൂമിയിലാകട്ടെ, വ്യവസായ വികസനം വന്നതുമില്ല.  
2014ല്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് മോദി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നത്. അതാകട്ടെ, മോദി ആര്‍.എസ്.എസ് നേതൃത്വത്തിന്‍െറ ആശിസ്സുകളോടെ നേടിയെടുത്തതും.  എതിര്‍ത്ത എല്‍.കെ. അദ്വാനിയുള്‍പ്പെടെയുള്ള പഴയ ക്യാമ്പിനെ മോദി ഒതുക്കി മൂലയിലാക്കി. ജസ്വന്ത് സിങ് പുറത്ത്, മുരളി മനോഹര്‍ ജോഷി നിശ്ശബ്ദന്‍. അദ്വാനി നോക്കുകുത്തി. സുഷമസ്വരാജും ഉമാഭാരതിയുമെല്ലാം വശത്തിലേക്ക് ഒതുങ്ങി. സ്തുതിപാഠകരായ അരുണ്‍ ജെയ്റ്റ്ലി പോലുള്ളവര്‍ മാത്രം ഒപ്പം.
അമേരിക്കന്‍ ഇവന്‍റ് മാനേജ്മെന്‍റുകളുടെ സഹായത്തോടെ നടത്തിയ ഹൈടെക് പ്രചാരണമായി പിന്നീട്. കോര്‍പറേറ്റുകളുടെ സമൃദ്ധമായ പിന്തുണ, സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലെ ടെക്കിദൗത്യങ്ങള്‍, ചരിത്രം തെല്ലുമറിയില്ളെന്ന് തെളിയിക്കുന്ന പ്രസംഗങ്ങള്‍, എതിരാളികളെ നിഷ്പ്രഭമാക്കുന്ന പ്രസംഗ കസര്‍ത്തുകള്‍, നുണകള്‍കൊണ്ട് കെട്ടിയ കോട്ടകള്‍, അസമിലെ കൂട്ടക്കൊല ഉള്‍പ്പെടെ കിട്ടിയ സാധ്യതകളെല്ലാം ഉപയോഗപ്പെടുത്തിയ വര്‍ഗീയ ധ്രുവീകരണ പ്രസ്താവനകള്‍, കോടികള്‍ ധൂര്‍ത്തടിച്ച പ്രചാരണം, അതിനേക്കാള്‍ മാധ്യമങ്ങളുടെ നാണംകെട്ട പാദസേവ -അങ്ങനെ മോദി തരംഗം സൃഷ്ടിക്കപ്പെട്ടു.
 രാഷ്ട്രീയ നിരീക്ഷകര്‍ക്ക്  മോദിയുടെ ഇത്രയും ഉയര്‍ന്ന ഏകപക്ഷീയ വിജയം പ്രവചിക്കാനായിരുന്നില്ളെന്നതാണ് സത്യം. ഇനി മോദി നിശ്ചയിക്കുന്ന മന്ത്രിസഭയിലൂടെ മോദിയുടെ ഭരണം നടപ്പാകും. രഥചക്രം ഇനിയുമുരുളും.  വോട്ട് ചെയ്തശേഷം താമര ചിഹ്നം ഉയര്‍ത്തി മോദിയെടുത്ത ‘സെല്‍ഫി’ തന്നെ ഓര്‍ക്കുക. നിയമമറിയാഞ്ഞിട്ടല്ല മോദിയുടെ ആ ധിക്കാരം. താന്‍തന്നെയാണ് നിയമമെന്നും, താന്‍ അജയ്യനാണെന്നുമുള്ള തികഞ്ഞ അഹന്തയുടെ തുറന്ന പ്രഖ്യാപനം കൂടിയായിരുന്നു അത്. അതിന്‍െറ സൂചനകള്‍ വലുതാണ്. അതിനാല്‍, മോദിയെ അറിയുന്നവര്‍ക്ക് സന്തോഷിക്കാനാവില്ല.  മുറിവേറ്റവര്‍ക്കാകട്ടെ, ഒന്നും മറക്കാനുമാവില്ല.

2014 may 17 madhyamam daily page 7

No comments:

Post a Comment