Friday, April 19, 2013

സമാധാനം വേണ്ടവര്‍ ജനാധിപത്യം ആഗ്രഹിക്കണം






അഭിമുഖം

ഷീമ കല്‍ബാസി/ആര്‍.കെ. ബിജുരാജ്



ഒരേ സമയം പല സമരമുഖങ്ങളില്‍ പോരാടുന്നവരുണ്ട്. വിട്ടുവീഴ്ചയില്ലാതെ, വിശ്രമിമില്ലാതെ അവര്‍ തങ്ങളുടെ കലാപം തുടര്‍ന്നുകൊണ്ടേയിരിക്കും. നിസംശയം പറയാം ഇറാന്‍ വംശജയായ ഷീമാ കല്‍ബാസി അത്തരം ഒരു ജനുസാണ്.  കവി, മനുഷ്യാവകാശ പ്രവര്‍ത്തക, ജനാധിപത്യവാദി, യുദ്ധവിരുധ പ്രവര്‍ത്തക, ആവിഷ്കാരസ്വാതന്ത്ര്യ പോരാളി, നാടക പ്രവര്‍ത്തക, വിമര്‍ശക, സംവിധായിക, നിര്‍മാതാവ്, അധ്യാപിക, ബ്ളോഗര്‍ എന്നിങ്ങനെ വിവിധ തലങ്ങളില്‍ ഷീമ കല്‍ബാസി സജീവമാണ്. ഈ തലങ്ങളിലെല്ലാം രാജ്യാന്തരതലത്തില്‍ ശ്രദ്ധേയയുമാണ്.
1972 നവംബര്‍ 20 ന് ഇറാനിലെ ടെഹ്റാനില്‍ ജനനം. ഇസ്ളാമിക വിപ്ളവം നടന്നയുടന്‍ കുടുംബസമേതം നാടുവിട്ടു. പിന്നീട്  പഠിച്ചതും വളര്‍ന്നതുമെല്ലാം അമേരിക്കയില്‍. "എക്കോസ് ഇന്‍ എക്സൈല്‍', "സെവന്‍ വാലീസ് ഓഫ് ലവ്', "ദ പോയട്രി ഓഫ് ഇറാനിയന്‍ വിമന്‍' എന്നിവയാണ് കവിതാ സമാഹാരങ്ങള്‍. കവിതകള്‍ 17  ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. "റീല്‍ കണ്ടന്‍റ്' എന്ന സിനിമാ നിര്‍മാണ-പ്രസാധന സംരഭത്തിന്‍െറ ഡയറക്ടറാണ്. വംശീയ, മത ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നു. ബഹായി അഭയാര്‍ഥി കുട്ടികള്‍, ഇറാഖി-കുര്‍ദ് കുട്ടികള്‍, പാകിസ്താനിലെ വൈകല്യമുള്ള കുട്ടികള്‍ എന്നിവര്‍ക്ക് അധ്യാപികയായി സന്നദ്ധ സേവനം നടത്തുന്നു. ഐക്യരാഷ്ട്ര സംഘടനയ്ക്കുവേണ്ടിയും സെന്‍റര്‍ ഫോര്‍ നോണ്‍ അഫ്ഗാന്‍ റഫ്യുജീസ് ഇന്‍ പാകിസ്താനുവേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്. കവിതക്കും സാമൂഹ്യപ്രവര്‍ത്തനത്തിനും വിവിധ പുരസ്കാരങ്ങള്‍ ലഭിച്ചു. വാഷിങ്ടണ്‍ ഡി.സിയില്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം താമസം.


എഴുത്തില്‍ നിന്ന് തന്നെ തുടങ്ങാം. എന്താണ് താങ്കള്‍ക്ക് എഴുത്ത്? എങ്ങനെയാണ് എഴുത്തിലേക്ക് തിരിഞ്ഞത്?

എഴുത്ത് എന്നത് അഭിപ്രായ പ്രകടനത്തിന്‍െറ ഒരു മാര്‍ഗമാണ് എനിക്ക്. അതെന്നെ നിലനിര്‍ത്തുന്നു. ഞാന്‍ പല രീതിയില്‍ എഴുതുന്നു. രാഷ്ട്രീയം, സാമൂഹികം, സാമ്പത്തികം, രതിജന്യം (ഇറോട്ടിക്), ചരിത്ര വസ്തുതകള്‍ എന്നിവ പലതട്ടില്‍ ഒരുമിച്ച് ചേര്‍ത്ത് എഴുതുന്നു. ഇത് ഒരു പരീക്ഷണമാണ്. ഇത്തരം പല രീതികളിലേക്ക് എഴുത്ത് നീങ്ങാന്‍ കാരണം അതെനിക്ക് ആഹ്ളാദം പകരുന്നുവെന്നാണ്. അതുപോലെ ഈ ചരിത്രകാലഘട്ടത്തിലെ എന്‍െറ ഇടപെടലാണ് എഴുത്ത്.  വളരെ ചെറുപ്പം മുതലേ ഞാന്‍ എഴുതുന്നുണ്ട്. ഏതാണ്ട് ഒമ്പത് വയസുമുതല്‍. കുട്ടിയായിരുന്നപ്പോള്‍ മാതാപിതാക്കള്‍ പ്രോത്സാഹിപ്പിച്ചു. പിന്നീട് എഴുത്ത് എനിക്ക് വഴങ്ങുമെന്നായപ്പോള്‍ അതില്‍ തന്നെ തുടര്‍ന്നു.


കവിതകളില്‍ സ്വയം എത്രമാത്രം ആവിഷ്കരിക്കാനാകുന്നുണ്ട്?

ഞാന്‍ മനുഷ്യഅനുഭവങ്ങളുടെ സാര്‍വത്രികതയില്‍ വിശ്വസിക്കുന്നു. അതാണ് നമ്മള്‍ മറ്റുള്ളവരുടെ കവിതകള്‍ വായിക്കാനും ആസ്വദിക്കാനുമുള്ള പൊതുചട്ടക്കൂട്. പക്ഷേ, ഓരോരുത്തരുടെയും എഴുത്തില്‍ വേറിട്ട സവിശേഷതകള്‍ പ്രവര്‍ത്തിക്കുന്നുണ്ടാവും. എന്‍െറ കവിതകളില്‍ അങ്ങനെ പ്രതിഫലിപ്പിക്കുന്നത് എന്‍െറ വ്യക്തിത്വമാണ്. ഒരു പ്രത്യേക ശരീരത്തില്‍, പ്രത്യേക കാലത്ത്, പ്രത്യേക സംസ്കാരത്തില്‍ ഞാന്‍ ജീവിതം അനുഭവിക്കുന്നു. ഒരര്‍ഥത്തില്‍ ഞാന്‍  "എന്നെ'(മി) പ്പറ്റി സംസാരിക്കുമ്പോള്‍ ഞാന്‍ നമ്മളെപ്പറ്റിയാണ് (അസ്)സംസാരിക്കുന്നത്. ഞാന്‍ "നമ്മളെ' (അസ്)പ്പറ്റി പറയുമ്പോള്‍ ഞാന്‍ എന്നെപ്പറ്റിയാണ് സംസാരിക്കുന്നത്.

ആക്റ്റിവിസ്റ്റാണ് താങ്കള്‍. കവിതകള്‍ താങ്കളുടെ ആക്റ്റിവിസത്തെ കൃത്യമായി പ്രതിനിധീകരിക്കുന്നുണ്ടോ?

ഒരു മനുഷ്യാവകാശപ്രവര്‍ത്തക എന്ന നിലയില്‍, ഇറാനിയന്‍ ഭരണം നടത്തിയ കുറ്റ കൃത്യങ്ങളിലേക്കും ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രശ്നങ്ങളിലേക്കും ജനങ്ങളുടെ ശ്രദ്ധകൊണ്ടുവരാനുള്ള ഒരു മാര്‍ഗമാണ് എനിക്ക് കവിതകള്‍. ഹാര്‍വെസ്റ്റ് ഇന്‍റര്‍നാഷണല്‍ പുരസ്കാരം നേടിയ "ഹിസ്ബുള്ള' എന്ന കവിതയുണ്ട്. അതില്‍ ഞാന്‍ വിവരിച്ചത് ഇറാനിലെ വംശീയ ന്യൂനപക്ഷങ്ങളുടെ ദുരിതം, തടങ്കല്‍, രാഷ്ട്രീയ തടവുകാരുടെ വധശിക്ഷ എന്നിവയെപ്പറ്റിയാണ്. പല കവിതകളിലും ഇത്തരം ശ്രമം പ്രകടമാണ്. എത്രമാത്രം ആക്റ്റിവിസത്തെ കൃത്യമായി പ്രതിനിധീകരിക്കുന്നുവെന്ന് പറയാന്‍ ഞാനളല്ല.


താങ്കള്‍ പ്രവാസിയാണ്. എന്താണ് താങ്കളെ പ്രവാസ ജീവിതത്തിലേക്ക് നയിച്ചത്?  പ്രവാസ ജീവിതത്തെ സ്വയമെങ്ങനെ കാണുന്നു?

ഇറാനില്‍ നിലവിലുള്ള ഭരണകൂടത്തിന്‍െറ ജനനമാണ് രാജ്യം വിടാന്‍ എന്നെ പ്രേരിപ്പിച്ചത്്.  ഇറാനിലെ ഭരണകൂടത്തെപ്പറ്റി നിങ്ങള്‍ക്ക് അറിയുമായിരിക്കും. ഒരു ഉദാഹരണം നല്‍കാം. അഞ്ചുവര്‍ഷങ്ങള്‍ മുമ്പ് അമ്പത്തി മൂന്ന് ദിവസങ്ങള്‍ക്കിടയില്‍ അവിടെ എഴുപത്തിയൊമ്പത് വധശിക്ഷ നടന്നു. ഇരുപത്തിയേഴെണ്ണം പരസ്യമായ തൂക്കിലേറ്റലായിരുന്നു. അതില്‍ പന്ത്രണ്ടണ്ണം ഇറാനിയന്‍ ടെലിവിഷന്‍ സംപ്രേഷണം ചെയ്തു. ഇറാനില്‍ സ്ത്രീകള്‍ക്ക് വിവാഹമോചനത്തിന് അവസരമില്ല. അവര്‍ക്ക് രാജ്യം വിടാന്‍ ഭര്‍ത്താവിന്‍െറ അനുമതിയില്ളെങ്കില്‍ സാധിക്കില്ല. വിവാഹിതയല്ളെങ്കില്‍ അച്ഛന്‍്റെയോ രക്ഷകര്‍ത്താവിന്‍െറയോ അനുവാദം വേണം. ഇറാനില്‍ താമസിച്ചതുവരെയുളള കാലത്തില്‍ നിന്നും ഇപ്പോള്‍ സ്ഥിരമായി വായിച്ചറിയുന്നതില്‍ നിന്നും മനസിലാവുന്നത് രാജ്യത്ത് പതിവായി രാഷ്ട്രീയ പ്രവര്‍ത്തകര്‍ തടവിലാക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്യുന്നുവെന്നാണ്. വംശീയ ന്യൂനപക്ഷമായ കുര്‍ദുകളെ കൂട്ടക്കൊല ചെയ്യുന്നു. സര്‍വകലാശാല വിദ്യാര്‍ഥികളെ ഇല്ലാത്ത ആരോപണം ചുമത്തി തൂക്കിക്കൊല്ലുന്നു. പതിനാല് വയസായപ്പോള്‍ രാജ്യം വിടാന്‍ ഞാന്‍ തീരുമാനിച്ചു.  ഖലീല്‍ ജിബ്രാന്‍ പറയുന്നുണ്ട് ""അടിമത്തത്തേക്കാള്‍ പ്രവാസത്തിന് മുന്‍ഗണനന ല്‍കാത്തവര്‍ സ്വാതന്ത്ര്യം, സത്യം, കടമ എന്നിയുടെ ഏത് അളവ് വച്ചും സ്വതന്ത്രരല്ല' എന്ന്. ഞാന്‍ കേവലം ഇറാന്‍കാരിയായല്ല സ്വയം  കാണുന്നത്. ഞാനിപ്പോള്‍ ഡാനിഷ് പൗരയാണ്, അമേരിക്കയില്‍ താമസിക്കുന്നു.  ഒരിക്കല്‍ കൂടി പറയാന്‍ ആഗ്രഹിക്കുന്നത് ഞാന്‍ ഒരു രാജ്യത്തിന്‍െറയും പൗരയായി കണ്ടുകൊണ്ടല്ല, സ്വയം ഒരു മനുഷ്യജീവിയായി കണ്ടാണ് കാര്യങ്ങള്‍ പറയുകയും എഴുതുകയും ചെയ്യുന്നുവെന്നാണ്.

ഇസ്ളാമിക വിപ്ളവത്തെ തുടര്‍ന്നാണ് രാജ്യം വിട്ടതെന്ന് പറഞ്ഞു. അപ്പോള്‍ വിപ്ളവത്തോട് വിയോജിപ്പാണോ? 

ഇറാനിയന്‍ ജനങ്ങളുടെ ജനാധിപത്യത്തെപ്പറ്റിയുള്ള പ്രതീക്ഷയിലും അന്വേഷണത്തിലുമാണ് വിപ്ളവം തുടങ്ങുന്നത്. നിര്‍ഭാഗ്യവാശാല്‍, അതിന്‍െറ ഫലം ഭരണം മാറി രണ്ടുദിവസം മുതല്‍ കണ്ടു തുടങ്ങി. കൊലപാതകമായിരുന്നു എങ്ങും. സൈനിക ഉദ്യോഗസ്ഥരെയും ഇന്‍റലിജന്‍സ് ഓഫീസര്‍മാരെയും തെരുവില്‍ വധിക്കുകയും കുത്തിപരിക്കേല്‍പ്പിക്കുകയും ചെയ്തു. അത്തരം ഒരു രക്തചൊരിച്ചില്‍ ഒരു മാറ്റത്തിന്‍െറയും നല്ല തുടക്കമായിരുന്നില്ല. പിന്നിട് ബഹായികള്‍, കുര്‍ദുകള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ പുതിയ സര്‍വാധിപതികളുടെ ലക്ഷ്യങ്ങളായി.

അമേരിക്കയുടെ പ്രഖ്യാപിത ശത്രുവാണ് ഇറാന്‍. യുദ്ധത്തിന് സാധ്യതയുണ്ടോ?

യുദ്ധം അമേരിക്കയുടെ ചീട്ടിലുണ്ടോ ഇല്ലയോ എന്നത് എനിക്കറിയില്ല. പക്ഷേ ഇറാന്‍ ഭരണകൂടം നടപ്പാക്കിയ മനുഷ്യാവകാശ കുറ്റകൃത്യങ്ങളോട് ലോകം നിശബ്ദത പാലിക്കുകയായിരുന്നു എന്നും. മറ്റെന്തിനും മേലെ ജനങ്ങള്‍ അതിനെതിരെ ശബ്ദമുയര്‍ത്തേണ്ടതുണ്ട്.  ഇറാനിലെ മര്‍ദക ഭരണകൂടം ഞങ്ങളുടെ നല്ല വ്യക്തികളെ തടവറയില്‍ കൊല്ലമ്പോള്‍ ലോകം എന്തുകൊണ്ട് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നിശബ്ദത പാലിച്ചു? നമ്മളെല്ലാം സമാധാനത്തെപ്പറ്റി കേള്‍ക്കുന്നു. എന്നാല്‍ നമ്മള്‍ ഒരിക്കലും ജനാധിപത്യത്തെപ്പറി കേള്‍ക്കില്ല. എങ്ങനെയാണ് ജനാധിപത്യമില്ലാതെ സമാധാനത്തിന് പ്രവര്‍ത്തിക്കാനാവുക?


ഇറാനെതിരെ ആക്രമണം ഉണ്ടാവുമെന്ന് തന്നെ വയ്ക്കുക. അപ്പോള്‍ അമേരിക്കയില്‍ കഴിയുന്ന ഇറാന്‍കാരിയെന്ന നിലയില്‍ ജീവിതം കൂടുതല്‍ സങ്കീര്‍ണമായ ഉത്തരവാദിത്തങ്ങളിലേക്കും പ്രശ്നങ്ങളിലേക്കും നയിക്കില്ളേ?

ഇല്ല. ഞാനൊരിക്കലും കരുതുന്നില്ല ഇറാനില്‍ ഞാന്‍ ജീവിച്ച ജീവിതത്തെക്കാള്‍ സങ്കീര്‍ണമായ ജീവിതം ഇനിയുണ്ടാകുമെന്ന്്. വാസ്തവത്തില്‍, ഒരു മനുഷ്യ ജീവിയെന്ന നിലയില്‍ എന്‍െറ അന്തസ് ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടിട്ടില്ലാത്ത രാജ്യമാണ് അമേരിക്ക.


അമേരിക്കന്‍, ഇറാന്‍ സര്‍ക്കാരുകളെ താങ്കള്‍ എങ്ങനെ വിലയിരുത്തും?


ഇറാന്‍ ഭരണകൂടത്തെയും യു.എസ് സര്‍ക്കാരിനെയും തുലനം ചെയ്യാനേ പറ്റില്ല. ഇറാന്‍ സര്‍ക്കാര്‍ തങ്ങളുടെ ജനതക്കെതിരെ കുറ്റകൃത്യങ്ങള്‍ നടത്തുകയും ലോകമെമ്പാടും ഭീകരതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. യു.എസിലേത് ജനാധിപത്യ സര്‍ക്കാരാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയോട് ജനങ്ങള്‍ക്ക് എതിര്‍പ്പ് തോന്നിയാല്‍ നാല് വര്‍ഷത്തിനുശേഷം മറ്റൊരു സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്. ഇറാഖിലെ അബുഗരീബ് തടവറയില്‍ യു.എസ്. സര്‍ക്കാര്‍ യുദ്ധകുറ്റങ്ങള്‍ ചെയ്താലും നമ്മള്‍ അതെപ്പറ്റി വായിക്കുകയും അതില്‍ ഏര്‍പ്പെട്ടവര്‍ ശിക്ഷിക്കപ്പെടുകയും ചെയ്യും. പക്ഷേ, ഇത് ഇറാനിലെ നിലവിലെ ഭരണത്തില്‍ സാധ്യമല്ല.

അമേരിക്കയില്‍ വീണ്ടും ഒബാമ തെരഞ്ഞെടുക്കപ്പെട്ടു. താങ്കള്‍ എങ്ങനെയാണ് ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്?

ഒബാമ തെരഞ്ഞെടുക്കപ്പെടണമെന്നായിരുന്നു ആദ്യം മുതല്‍ക്കേയുള്ള എന്‍െറ ആഗ്രഹം. ഇറാനിലെ ഖൊമൈനിയും നെജാദിയുടെയും ഗണത്തില്‍ വരുന്നയാളല്ല ഒബാമ. ആദ്യത്തെ രണ്ടു പേരും സ്വന്തം ജനതക്കെതിരെ ക്രൈം നടത്തിയിട്ടുണ്ട്. അമേരിക്കയില്‍ നടന്ന തെരഞ്ഞെടുക്കല്‍ പ്രക്രിയയെങ്കിലും ഇറാന്‍ സ്വായത്തമാക്കിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോകുന്നു. സ്ഥാനാര്‍ഥികള്‍ നടത്തിയ പരസ്യ സംവാദം എന്നത് ഇറാനില്‍ സങ്കല്‍പിക്കാനേയാവില്ല.


അമേരിക്കയില്‍ ധാരാളം മനുഷ്യാവകാശ ലംഘനം നടക്കുന്നു. മുമിയ അബു ജമാലിനെപോലുള്ളവര്‍ ജയിലിലാണ്. മറിലിന്‍ ബക്കിനെപ്പോലുള്ള കവികള്‍ മരണത്തിന് തൊട്ടുമുമ്പാണ് മോചിപ്പിക്കപ്പെട്ടത്..?

ഞാന്‍ വിയോജിക്കുന്നു. അമേരിക്കയയില്‍ വളരെയധികം മനുഷ്യാവകാശ ലംഘനം നടക്കുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ നമ്മള്‍ അതെപ്പറ്റി കേട്ടേനെ. മുമിയ അബു ജമാലിന്‍െറതുപോലുള്ള എത്ര സംഭവങ്ങളുണ്ട്? മറിലിന്‍ ബക്കിന്‍െറ കാര്യത്തില്‍ കാര്യം വ്യത്യസ്തമാണ്. അമേരിക്കയുടെ ഗ്രെനെഡ അധിനിവേശത്തില്‍ പ്രതിഷേധിച്ച് യു.എസ്് കാപ്പിറ്റോള്‍ ബില്‍ഡിംഗില്‍ ബോംബ് സ്ഫോടനം നടത്തിയതിന്, "ചെറുത്തുനില്‍പ് ഗൂഢാലോചന കേസി'ലാണ് മറിലിന്‍ ബക്കിനെയും ആറുപേരെയും ശിക്ഷിച്ചത്.
അമേരിക്കന്‍ ഐക്യനാടുകള്‍ ഒരിക്കലും പരിപൂര്‍ണമല്ല. പക്ഷേ ജനാധിപത്യം അതിന്‍െറ മെച്ചപ്പെട്ട അവസ്ഥയില്‍ തുടരുന്ന രാജ്യമാണ് അമേരിക്ക.


പക്ഷേ, സെപ്റ്റംബര്‍ 11 ന് ശേഷം പശ്ചിമേഷ്യയിലെയും ഏഷ്യയിലെയും ആളുകള്‍ അമേരിക്കയിലും യൂറോപ്പിലും സംശയത്തോടെയാണല്ളോ വീക്ഷിക്കപ്പെടുന്നത്...

അതെ. വിമാനത്താവളത്തില്‍ പോകുമ്പോള്‍ എനിക്ക് അത് അനുഭവപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ വാഷിങ്ടണ്‍ ഡി.സിയിലെ ഗവേഷണ കേന്ദ്രം ഡയറക്ടറായ ഭര്‍ത്താവ് വിമാനത്തില്‍ വച്ച് അവഹേളിക്കപ്പെട്ടു. അദ്ദേഹത്തിന്‍െറ സുരക്ഷ അപകടത്തിലായി. ബിസിനസ് ട്രിപ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്നു അദ്ദേഹം. പക്ഷേ, അമേരിക്ക എന്ന സ്ഥലത്ത് നിങ്ങള്‍ക്ക് നിങ്ങളുടെ ആകുലതകളും പ്രശ്നങ്ങളും ഉയര്‍ത്താം. അത് കേള്‍ക്കപ്പെടും.


താങ്കള്‍ ഇപ്പോഴുള്‍പ്പടെ ഇറാന്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നു. ഇറാനിലേക്ക് പോകുന്ന അവസരത്തില്‍ അത് നിങ്ങളെ ബാധിക്കാന്‍ സാധ്യതയില്ളേ? താങ്കള്‍ അടുത്ത് ഇറാന്‍ സന്ദര്‍ശിച്ചിരുന്നോ?

ഞാന്‍ ഇറാനില്‍ പോവാറില്ല. ഇറാനില്‍ വിട്ടിട്ട് മൂന്ന് പതിറ്റാണ്ടു കഴിഞ്ഞു. പതിനഞ്ച് വര്‍ഷം മുമ്പ് അമ്മൂമ്മ മരിച്ചപ്പോള്‍ ഇറാനില്‍ പോയിരിന്നു. ആ സന്ദര്‍ശനമാണ് കൂടുതല്‍ ശക്തമായി ആകുലതകള്‍ ലോകത്തോട് പറയാന്‍ എന്നെ പ്രേരിപ്പിച്ചത്.  ആ സന്ദര്‍ശനത്തിന് ശേഷം പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഞാന്‍  കണ്ട കാര്യങ്ങളും അനുഭവവും എഴുതിയിരുന്നു. ഇറാനിയാന്‍ ടൈംസില്‍ ഞാന്‍ എഴുതിയത് ഇങ്ങനെയാണ്: "പുതിയ നൂറ്റാണ്ടിന്‍െറ തൊട്ടുമുമ്പ് വേദനയോടെയും ദു:ഖത്തോടെയും ഞാന്‍ കണ്ടത് ദാരിദ്ര്യം ഭീകരമായി ആക്രമിച്ച കറുത്ത ഇറാനെയാണ്. 2000 ത്തെപ്പറ്റിയുള്ള എന്‍െറ കുട്ടിക്കാല സ്വപ്നം റോക്കറ്റ് മാതൃകയിലുള്ള കാറുകളും ചാന്ദ്ര കോളനികളും വൈദ്യുതി ടൂത്ത് ബ്രഷുകളുമാണ്! തെഹ്റാനെ യാചകരുടെയും നഗ്നപാദരും കവിളിലും ദേഹത്തും അഴക്കുപുരണ്ടതുമായ കുട്ടികളുടെയും നഗരമായി കണ്ടത് നിരാശപരത്തി. ഇരുണ്ട സൂര്യന്‍ മുന്‍സിപ്പല്‍ കെടുകാര്യസ്ഥയുടെ തടിച്ച കറുത്ത മേഘങ്ങള്‍ക്കിയിലൂടെ ശ്വസിക്കുന്നു. 2000 ല്‍ ഇറാന്‍ എന്നത് സബ്സിഡിയെ അടിസ്ഥാനമാക്കിയ സാമ്പത്തിക വ്യവസ്ഥയാണ്, അതായത് ജനങ്ങള്‍ക്ക് അതിജീവനത്തിന് വയര്‍ നിറക്കാന്‍ സബ്്സിഡി വേണം. ഇതെന്നത് കൂടുതല്‍ ദുരിതങ്ങളിലേക്കുള്ള അതിജീവനമാണ്. സ്ത്രീധനങ്ങള്‍ സ്വീകരിക്കാനും, അടിച്ചമര്‍ത്തലിന്‍െറ തടവറയില്‍ ബലാല്‍സംഗം ചെയ്യപ്പെട്ട കന്യകമാരുടെ രക്തത്തിന് പകരം അപ്പം മേടിക്കുന്നതിലേക്കുമുള്ള അതിജീവനം. തങ്ങളുടെ സഹജീവികള്‍ നെഞ്ചിനൊപ്പം ആഴമുള്ള കുഴികളില്‍ മൂടപ്പെടുന്നതിനും, ഓരിയിടുന്ന രക്തദാഹികളായ മൃഗങ്ങളുടെ കല്ളെറിഞ്ഞ് കൊല്ലുന്നതിനും സാക്ഷിയാകുന്നതിലേക്കുള്ള അതിജീവനം. ചോദ്യം ചെയ്യുന്നതുപോലും-അതെ ഈ രക്തച്ചൊരിച്ചിലിനെ ചോദ്യം ചെയ്യുന്നതുപോലും- മരണശിക്ഷക്ക് വിധിക്കപ്പെടുന്നതിലേക്കുള്ള അതിജീവനം. വ്യക്തിപരവും ബൗദ്ധികവുമായ സ്വാതന്ത്ര്യവും അസംബന്ധമാകുന്നു, നമ്മളുടെ നീതിയും അതിനെല്ലാമുപരി നമ്മുടെ മനുഷ്യ അന്തസുമെല്ലാം അസംബന്ധങ്ങളാകുന്നു.

ഇറാനില്‍ ഇപ്പോഴും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നതായി കേട്ടിട്ടുണ്ട്. പ്രത്യേകിച്ച് സെര്‍ബിഡാറന്‍ മാവോയിസ്റ്റുകള്‍. അവര്‍ക്ക് കാര്യമായ പങ്ക് വഹിക്കാനാകുന്നുണ്ടോ?

സെര്‍ബിഡാറന്‍ എന്നത് ചെറിയ സംഘമാണ്. വടക്കന്‍ ഇറാനിലെ കാട്ടില്‍ മറഞ്ഞിരുന്ന് പ്രവര്‍ത്തിക്കുന്ന സംഘം. നിര്‍ഭാഗ്യവശാല്‍ മറ്റേതൊരു രാഷ്ട്രീയ പ്രവര്‍ത്തകരെയും പോലെ കമ്യൂണിസ്റ്റുകളും അറസ്റ്റ് ചെയ്യപ്പെടുകയും വധശിക്ഷക്ക് വിധിക്കപ്പെടുകയും ചെയ്യുന്നു. ചിലര്‍ രാജ്യം വിട്ട് പോയി. യഥാര്‍ഥത്തില്‍ കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടക്ക് പല ഇറാനിയന്‍ ബുദ്ധിജീവികളും ഇടതുപക്ഷ പ്രവണത കാട്ടിയവരാണ്. അതില്‍ നല്ല പങ്കും ഇറാന്‍ വിപ്ളവത്തെ പിന്തുണച്ചു. പക്ഷേ പിന്നീട് അറസ്റ്റ് ചെയ്യപ്പെടുകയും ഒരിക്കല്‍ തങ്ങള്‍ പിന്താങ്ങിയ ഭരണത്താല്‍ കുറ്റം വിധിക്കപ്പെട്ടു വധശിക്ഷക്ക് വിധേയാരയ്ക്കപ്പെടുകയും ചെയ്തു.


കവിതയിലെ പരീക്ഷണങ്ങള്‍


കവിതയില്‍ പുതിയ രീതികള്‍ കൊണ്ടുവന്നു. അതെപ്പറ്റി?

കവിതയില്‍ ഞാന്‍ പരീക്ഷണങ്ങള്‍ പലപ്പോഴായി നടത്തിയിട്ടുണ്ട്. മറ്റുള്ളവരുമായി ചേര്‍ന്ന് കവിത എഴുതുകയാണ് അതിലൊന്ന്. വ്യത്യസ്ത രാജ്യങ്ങളിലെ എഴുത്തുകാരുമായി ചേര്‍ന്നാണ് കൂട്ടായി കവിത എഴുതിയത്. മറ്റൊന്ന് കവിതയില്‍ തിരശ്ചീനവും ലംബവുമായ രചനാ രീതി പരീക്ഷിച്ചു. അതെന്നത്  രസകരമാണ്. കുറഞ്ഞപക്ഷം ഞാന്‍ അത് ആസ്വദിക്കുന്നു. അതെന്നത് ഒരു വരി  മറ്റൊന്നിന് സമാന്തരമാണ്. കവിത തിരശ്ചീനമായും ലംബമായും വായിക്കാം.

മറ്റുള്ളവരുമായി ചേര്‍ന്ന് താങ്കള്‍ കവിത എഴുതിയതിനെപ്പറ്റി പറഞ്ഞു. അത് അത്ര ലളിതമാണോ?


എന്നെ സംബന്ധിച്ച് മറ്റ് കവികളുമായി ചേര്‍ന്ന് കവിത എഴുതുക എളുപ്പവും ആനന്ദകരവുമാണ്. ഞാന്‍ റോജര്‍ ഹ്യൂം, റോണ്‍ ഹഡ്സണ്‍ എന്നീ രണ്ട് അമേരിക്കന്‍ കവികളുമായും ഇറ്റാലിയന്‍ കവി അലെസിയോ സാനെല്ലി,  ഈജിപ്ത്-ലബനനീസ് കവി യാഹിയ ലാബാബിദിയുമായും ചേര്‍ന്ന് കവിത എഴുതിയിട്ടുണ്ട്. ഇതെല്ലാം ഇംഗ്ളീഷിലായിരുന്നു. അതുപോലെ പേര്‍ഷ്യന്‍ കവിതകള്‍ നാനാമുമായി  (ഹൊസൈന്‍ മാര്‍ട്ടിന്‍ ഫാസെലി)ചേര്‍ന്ന് എഴുതിയിട്ടുണ്ട്. അദ്ദേഹം ഇറാന്‍-കനേഡിയന്‍ കവിയും സിനിമാ സംവിധയാകനുമാണ്. ഇത് ആശയ ഐക്യം, രണ്ടു കൂട്ടരുടെയും രചനാ രീതി എന്നിവയുമായി ചേര്‍ന്നാണ് പോവുക.


താങ്കള്‍ വിവര്‍ത്തനത്തില്‍ സജീവമാണ്. എന്താണ് വിവര്‍ത്തനത്തിന് പൊതുവെ സ്വീകരിക്കുന്ന രീതി? വിവര്‍ത്തനത്തില്‍ നഷ്ടപ്പെടുന്നതാണ് കവിത എന്ന വാക്യത്തിന്‍െറ അടിസ്ഥാനത്തില്‍ വിവര്‍ത്തന സംരംഭങ്ങളെ എങ്ങനെ കാണും?

ഞാനുമായി ബന്ധപ്പെട്ടിരിക്കുന്ന കവിതകള്‍ മാത്രമേ ഞാന്‍ വിവര്‍ത്തനം ചെയ്യാറുള്ളൂ. അതായത് മാനസികവും രാഷ്ട്രീയപരമായുമെല്ലാം.വിവര്‍ത്തനത്തെ കേവലം വിവര്‍ത്തനമായി ഞാന്‍ കാണാറില്ല. കവിതകളുടെ വിവര്‍ത്തനത്തില്‍ യഥാര്‍ഥ കവിതയുടെ വികാരവും ഭാവവും തലങ്ങളും സംഗീതവും സന്നിവേശിപ്പിക്കണം. അതിനുവേണ്ടിയാണ് ഞാന്‍ ശ്രമിക്കാറ്.


കവിതകളില്‍ കാണുന്ന അസ്വസ്ഥകളും രോഷവും വായനക്കാരന് വായിച്ചറിയാം. കവി അസ്വസ്ഥയാണോ?

അതെ. ഞാന്‍ അസ്വസ്ഥയാണ്. എനിക്കുവേണ്ടതെല്ലാം ഒരുക്കിത്തരാന്‍ മാതാപിതാക്കള്‍ക്കയി. പക്ഷേ ഞാന്‍ ജനിച്ചത് ഇറാനിലാണ്. കൗമാരക്കാരിയായി ഇറാന്‍ വിടുന്നതിന് മുമ്പ് സര്‍വാധിപത്യം എന്തെന്ന് നേരിട്ട് അനുഭവിച്ചു. അതുകൊണ്ട് തന്നെ അസ്വസ്ഥതകളും ആകുലതകളുമുണ്ട്.

സ്ത്രീ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും കവിതകള്‍ തീവ്രമാകുന്നു...

ഞാന്‍ പ്രാഥമികമായി എഴുതുന്നത് ഒരു മനുഷ്യ ജീവിയായാണ്, സ്ത്രീയയാല്ല. ആളുകള്‍ പറയാന്‍ ഇഷ്ടപ്പെടുന്നു ഞാനൊരു സ്ത്രീ ആക്റ്റിവിസ്റ്റാണെന്ന്. സ്ത്രീ ആക്റ്റിവിസ്റ്റാണെന്നതോ ഫെമിനിസ്റ്റാണെന്നതോ ഞാന്‍ നിഷേധിക്കുന്നില്ല. പക്ഷേ ആദ്യമായും പ്രധാനമായും ഞാന്‍ മനുഷ്യാവകാശ ആക്റ്റിവിസ്റ്റാണ്. ഞാന്‍ തുല്യതയില്‍ വിശ്വസിക്കുന്നു, അതിനാല്‍ സ്വയം ആദ്യം സ്ത്രീയാണെന്ന് കരുതുന്നില്ല. ഇതെന്‍െറ കവിതയിലും കലയിലും ബാധകമാണ്. അത്തരം ഒരു തലത്തില്‍ നിന്ന് എഴുതുന്നതും, സ്ത്രീ പ്രശ്നങ്ങള്‍ ഞാന്‍ കൂടുതല്‍ തീവ്രമായി കൈകാര്യം ചെയ്യുന്നുവെന്ന മട്ടില്‍ വായനക്കാര്‍ വിലയിരുത്തുന്നുണ്ട്.


"അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്ക്' എന്ന കവിതയില്‍ ശക്തമായ പ്രാദേശിക ചേരുവകള്‍ കാണാാം. താങ്കള്‍ അഫ്ഗാനില്‍ കഴിഞ്ഞിട്ടുണ്ടോ?

ഞാനൊരിക്കലും അഫ്ഗാനിസ്ഥാനില്‍ പോയിട്ടില്ല. എണ്‍പതുകളില്‍ പാകിസ്താനില്‍ ജീവിച്ചപ്പോള്‍ ഞാന്‍ യു എന്‍ എച്ച് സി ആറിന് വേണ്ടി പ്രവര്‍ത്തിച്ചു. അങ്ങനെ അഫ്ഗാന്‍െറ ദുരിതങ്ങളെപ്പറ്റി നന്നായി അറിയാനായി. ഡെന്‍മാര്‍ക്കില്‍ താമസിക്കാനായി പോയപ്പോഴാണ് അഫ്ഗാനില്‍ താലിബാന്‍ അധികാരത്തില്‍ വരുന്നത്. അപ്പോഴാണ് ആ കവിത എഴുതാന്‍ ഞാന്‍ നിശ്ചയിക്കുന്നത്. 1998 ല്‍ പ്രസിദ്ധീകരിച്ചു. കവിതക്ക് വളരെയേറെ ശ്രദ്ധ ലഭിച്ചു.  അത് പല സമാഹാരങ്ങളിലും ഉള്‍പ്പത്തെി. അത് ഇന്ത്യയിലുള്‍പ്പടെ പല കോളജുകളിലും സ്കൂളുകളിലും പഠനവിഷയമായി. അത് ചില കലാകാരന്‍മാര്‍ ചിത്രത്തിനും കലക്കും വിഷയമാക്കി.


ഇറാന്‍കാരായ പ്രവാസി എഴുത്തുകാരെപ്പറ്റി...?

പ്രവാസി എഴുത്തുകള്‍ പേര്‍ഷ്യന്‍ സാഹിത്യത്തിന് മാത്രമല്ല ലോക സാഹിത്യത്തിന് തന്നെ ധാരാളം സംഭാവനകള്‍ നല്‍കുന്നുണ്ട്. ചരിത്രത്തിലെമ്പാടും പ്രവാസികളും കുടിയേറ്റ എഴുത്തുകാരും പുതിയ അതിര്‍ത്തികള്‍ കണ്ടത്തെുന്നതിലും അനുഭവങ്ങള്‍ വിവരിക്കുന്നതിലും പുതിയ ആവിഷ്കാര രൂപങ്ങള്‍ സൃഷ്ടിക്കുന്നതിലും പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്. റഷ്യ പ്രവാസിഎഴുത്തുകാരായ മറിയന്‍ ട്സ്വെറ്റീവ, ജോസഫ് ബ്രോഡ്സ്കി, ജര്‍മന്‍കാരനായ പോള്‍ കീലന്‍ എനിവരെ ഒര്‍ക്കുക. ഇത് പേര്‍ഷ്യന്‍ സാഹിത്യത്തിനും ബാധകമാണ്. പക്ഷേ, ഇന്ന് ഇറാന്‍ പ്രവാസി എഴുത്തുകരെ അധികം ലോകം അറിയുന്നുണ്ടാവില്ല. പക്ഷേ, അതുണ്ടാവുന്ന കാലം വരും. 

താങ്കള്‍ സിനിമാ  രംഗത്തും പ്രവര്‍ത്തിക്കുന്നു. ഇറാനിയന്‍ സിനിമകള്‍ക്ക് ലോകമെങ്ങും അംഗീകാരം ലഭിക്കുന്നു...?

ഇറാന്‍ സിനിമകള്‍ എനിക്കിഷ്ടമാണ്. ഡാരിയുഷ് മെഹര്‍ഗുയിയുടെ "ഗാവ്', അബ്ബാസ് കിയറോസ്താമിയുടെയുടെ "ദ വിന്‍ഡ് വില്‍ കാരി അസ'് തുടങ്ങിയ സിനിമകള്‍ വളരെ പ്രിയപ്പെട്ടതാണ്. പക്ഷേ പൊതുവില്‍ ഇറാന്‍ സിനിമാ ആരാധികയല്ല. അന്താരാഷ്ട്ര തലത്തില്‍ ഇറാനിയന്‍ സിനിമയുടെ വിജയത്തില്‍ സന്തോഷമുണ്ട്. ഈ സിനിമകള്‍ എന്‍െറ സംസ്കാരത്തിന്‍െറ സമ്പന്നതയിലേക്കും ഇറാന്‍ ജനത അഭിമുഖീകരിക്കുന്ന പ്രശനങ്ങളിലേക്കും ശ്രദ്ധകൊണ്ടുവരുന്നുവെന്നത് ഗുണകരമാണ്. "സെന്‍ഡാനെ സനാന്‍', വിമന്‍സ് പ്രിസണ്‍ പോലുള്ള സിനിമകളെപ്പറ്റിയാണ് പറയുന്നത്. ന്യയോര്‍ക്ക് ടൈംസില്‍ ഒരു പ്രശസ്ത സിനിമാ വിര്‍മശകന്‍ കിരോസ്താമിയെ ജീവിച്ചിരിക്കുന്ന ഏറ്റവലും പ്രധാനപ്പെട്ട സംവിധായകനെന്ന വിശേഷിപ്പിച്ചു. അതൊരു വലിയ പത്രത്തിന്‍െറ വലിയ പ്രസ്താവമാവാം. കിരോസ്താമി സിനിമയോട് ഭ്രാന്തമായ ആരാധനയില്ളെങ്കിലും ആ പ്രസ്താവന എന്നെ സന്തോഷവതിയാക്കുന്നു.

നിങ്ങള്‍ എഴുതുന്നത് കൂടുതലും ഇംഗ്ളീഷിലാണ്. ഗൂഗി വാ തിയോംഗ വാദിക്കുന്നത് പ്രാഥമികമായും സ്വന്തം ഭാഷയില്‍ ഒരാള്‍ എഴുതുന്നതിനെപ്പറ്റിയാണ്...

ഞാന്‍ ഇംഗ്ളീഷിലാണ് എഴുതുന്നത്. പക്ഷേ ഞാന്‍ പേര്‍ഷ്യനിലും ഡാനിഷിലും എഴുതുന്നു. സത്യത്തില്‍ സമകാലിക ഇറാനിയന്‍ കവികളില്‍ പേര്‍ഷ്യനിലെ താളത്തിനും രീതിക്കും അനുസരിച്ച് എഴുതുന്നവരില്‍ ഒരാളാണ് ഞാന്‍.ശരിക്കും ഒരു എഴുത്തുകാരന് കൂടുതല്‍ നന്നായി എഴുതാനാവുന്ന ഭാഷയില്‍ എഴുതുകയാണ് വേണ്ടത്.


അമേരിക്കന്‍ സാഹിത്യത്തെപ്പറ്റി.. ?

ഞാന്‍ ഏറ്റവും ഇഷ്ടപ്പെട്ട അമേരിക്കന്‍ എഴുത്തുകാരന്‍ വോനിഗട്ട്യായിരുന്നു. അമേരിക്കയില്‍ വളരെയധികം നല്ല എഴുത്തുകാരുണ്ട്. ഉപ്ഡിക്  പ്രധാനപ്പെട്ടയാളായിരുന്നു.  ബെ്ള ഇപ്പോഴുമെഴുതുന്നു.അതിനേക്കാളെല്ലാം അമേരിക്കക്ക്  ലോകസാഹിത്യത്തിന്‍െറ കടലില്‍ സ്വന്തമായി ഒരു ദ്വീപുണ്ട്. 


സാഹിത്യത്തിലെ വേര്‍തിരിവുകളെപ്പറി എന്തുപറയും? പെണ്ണെഴുത്ത് എന്നിങ്ങനെ സാഹിത്യത്തെ വേര്‍തിരിക്കുന്നതിനെ അംഗീകരിക്കുന്നോ?

ഇല്ല. ഞാന്‍ ഏകപക്ഷീയമായ വേര്‍തിരിക്കലകളെ ഇഷ്ടപ്പെടുന്നില്ല. എനിക്ക് സാഹിത്യത്തിന്‍െറ രണ്ട് വിഭാഗങ്ങളെ അറിയൂ. നല്ല സാഹിത്യവും ചീത്ത സാഹിത്യവും. സാഹിത്യത്തില്‍ കാലവധികഴിഞ്ഞ് മൃതമായ ഒന്നും ഞാനിഷ്ടപ്പെടുന്നില്ല.


ഇന്ത്യയെപ്പറ്റി എത്രമാത്രം അറിയാം?

എന്‍െറ അമ്മയുടെ അമമായി ഇന്ത്യയിലെ സിഖ് സമുദായംഗത്തെയാണ്  വിവാഹം ചെയ്തത്. അതിനാല്‍ മറ്റെന്തിനെക്കാളും മുമ്പ് ഞാന്‍ അറിഞ്ഞ ഒന്ന് ഇന്ത്യയാവും. ചരിത്രത്തില്‍ ഇന്ത്യയും പേര്‍ഷ്യയും അയല്‍രാജ്യങ്ങളായിരുന്നു. ഇന്നത്തെ അകലം അന്നില്ല. പരസ്പരം നിരവധി കൊടുക്കല്‍ വാങ്ങലുകളുണ്ടായിട്ടുണ്ട്. 1400 വര്‍ഷം മുമ്പ് അറബ് അധിനിവേശമുായപ്പോള്‍ ലക്ഷക്കണക്കിന് പേര്‍ഷ്യക്കാര്‍ പേര്‍ഷ്യവിട്ടു. അതാണ് നമ്മുടെ ചരിത്രത്തിലെ ആദ്യത്തെ  പലായനക്കാര്‍. അവരില്‍ നല്ല പങ്കും എങ്ങോട്ടാണ് പോയത്? ഇന്ത്യയിലേക്ക്. നമ്മുടെ മഹത്തായ കവികളില്‍ ഒരാളായ ബിദല്‍ ഡെഹ്ലവി ഇന്ത്യയിലാണ് വളര്‍ന്നത്്. അദ്ദേഹത്തിന്‍െറ ഡെല്‍ഹവി എന്നതിന് അര്‍ഥം ഡെല്‍ഹിയില്‍ നിന്നുള്ളയാളാണ്. അങ്ങനെ വളരെയധികം ബന്ധങ്ങളുണ്ട്. 


അവസാനമായി, സാങ്കല്‍പിക ചോദ്യം കൂടി. എഴുത്തുകാരിയായിരുന്നില്ളെങ്കില്‍ താങ്കള്‍ ആരാകുമായിരുന്നു?


ഞാന്‍ നഴ്സിങ് പഠിച്ചിട്ടുണ്ട്. ഒരു നഴ്സാവുമായിരുന്നോ? എനിക്കറിയില്ല.  ഒമ്പതാം വയസിലാണ് നഴ്സിങ് പഠിക്കാന്‍ ഞാന്‍ തീരുമാനിച്ചത്. അതേ ഘട്ടത്തിലാണ് കവിത എഴുതാന്‍ തുടങ്ങിയതും. ജീവിതത്തില്‍ എഴുത്തുകാരിയല്ലാതെ മറ്റെന്തെങ്കിലും ചെയ്യാനാവുമായിരുന്നു എന്നു കരുതുന്നില്ല. അതേ സമയം ജീവിതാനുഭവം എന്നെ പഠിപ്പിച്ചത് എന്‍െറ വഴിയില്‍ അടുത്തതെന്താണ്  എന്ന് നിശ്ചയമില്ലാത്ത അവസ്ഥയാണ്. ജീവിതം അനിശ്ചിതത്വത്തിലാവാം. അല്ലാതാവാം. അതില്‍ നിശ്ചയമില്ല.

പച്ചക്കുതിര ഐറ്റം, 2012 ഡിസംബര്‍


No comments:

Post a Comment