Sunday, July 15, 2012

ഈ കര്‍ക്കടക രാമായണ ശീലുകള്‍ ആരുടേത്?



അന്വേഷണം/വിശകലനം

കര്‍ക്കടകം രാമായണ മാസാചരണമായി ആഘോഷിക്കുന്നത് മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആര്‍.എസ്.എസ്. തീരുമാനപ്രകാരമായിരുന്നു. അതിന് മുമ്പ്  രാമായണപാരായണം ഇന്നത്തെ രീതിയില്‍ ഹിന്ദുമതത്തിലില്ലായിരുന്നു.  സംഘപരിവാര്‍ അജണ്ടകള്‍ക്ക് ഹിന്ദുമതവിശ്വാസികള്‍ എങ്ങനെ വിധേയരായി? രാമനും കര്‍ക്കടകവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നു.

http://www.doolnews.com/rk-bijuraj-on-raayana-month-in-kerala-with-dalit-perspective-malayalam-article-867.html




ഈ കര്‍ക്കടക രാമായണ ശീലുകള്‍ ആരുടേത്? 

ആര്‍.കെ.ബിജുരാജ്


ഇതിഹാസത്തില്‍ നിന്ന് നായക കഥാപാത്രത്തെ രാഷ്ട്രീയത്തിലേക്ക് ഇറക്കികൊണ്ടുവന്നാണ് സവര്‍ണഹിന്ദുഫാസിസം അതിന്റെ വര്‍ഗീയത ശരിക്കും ആഘോഷിക്കുന്നത്. ഈ വര്‍ഗീയതയായിരുന്നു രാജ്യം കണ്ട എക്കാലത്തെയും വലിയ രാഷ്ട്രീയ ദുരന്തവും. അതുകൊണ്ടു തന്നെ രാമന്‍ എന്ന പുരാണകഥാപാത്രവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഏതൊരു ഇടപെടലും കേവല  നിഷ്‌കളങ്കതയോടെ സമീപിക്കുന്നത് ശരിയായിരിക്കില്ല.
രാമായണമാസാചരണം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ,  എങ്ങനെ ഇത്തരമൊരു ശീലം ഹിന്ദുമത വിശ്വാസികള്‍ക്കിടയില്‍ വ്യാപകമായി എന്ന് പരിശോധിക്കുന്നതും ഒരു രാഷ്ട്രീയ ഇടപെടലാണ്. എന്നുമുതല്‍ക്കാണ് കര്‍ക്കടകം രാമന് സ്വന്തമായത്? അതില്‍ ഹിന്ദുത്വവാദികളുടെ ശ്രമം എത്രമാത്രമാണ്?


രാമന്‍ എന്ന കഥാപാത്രവും  വിശ്വാസവും

രാമനെ ആരാധിക്കുന്ന പതിവ് ഹിന്ദു വിശ്വാസികള്‍ക്കിടയില്‍ മുമ്പ് വ്യാപകമായി ഉണ്ടായിരുന്നില്ല. അതിന് തെളിവ് രാമക്ഷേത്രങ്ങള്‍ രാജ്യത്ത് വളരെ കുറവാണ് എന്നു തന്നെ. വിഷ്ണു-ശിവ ആരാധനയായിരുന്നു മുഖ്യം. ഒട്ടും കുറവല്ലാത്ത അളവില്‍ ദേവീ വിശ്വാസവും നിലനിലനിന്നു (ഹിന്ദു എന്ന സംജ്ഞയില്‍ ലേഖകന്‍ ദളിത്-പിന്നാക്ക ജാതി സമൂഹങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ല. അവര്‍ ഹിന്ദുമതത്തില്‍ വരുന്നില്ല എന്നതു തന്നെ കാരണം). കേരളത്തിലും സ്ഥിതി സമാനമായിരുന്നു. അത് വ്യക്തമാകുന്നത്  കേരളത്തിലെ രാമക്ഷേത്രങ്ങളുടെ എണ്ണത്തിലാണ്. ആകെ എണ്ണം 21 എന്നാണ് കണക്ക് (ദ കേരള ടെംപിള്‍സ്.കോം). ഇതില്‍ പുതിയതും പഴയതുമായ, ചെറുതും വലുതുമായ, ക്ഷേത്രങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു. മൊത്തം ക്ഷേത്രങ്ങളുടെ എണ്ണം 1500 ലധികം വരുമ്പോഴാണ് ഈ 21 എന്ന ചെറിയ കണക്ക്. 
1949 ഡിസംബര്‍ 22 ന് അയോധ്യയിലെ ബാബറി മസ്ജിദിന്റെ പൂട്ട് തകര്‍ത്ത് ഹിന്ദുവര്‍ഗീയവാദികള്‍ രാമന്റെയും സീതയുടെ വിഗ്രഹം സ്ഥാപിക്കുന്നതോടെയാണ് രാഷ്ട്രീയത്തിലേക്ക് രാമന്‍ സജീവമായി വരുന്നത്.  തുടര്‍ന്ന് മുസ്‌ളീം വിരുധ വര്‍ഗീയ മനോഭാവം വളര്‍ത്തുക എന്ന ഉദ്ദേശത്തോടെ വ്യാജ ആരാധകരെ സൃഷ്ടിച്ച്, തെളിഞ്ഞും മറഞ്ഞും നടത്തിയ ഗൂഢശ്രമങ്ങളാണ്  രാമന് സ്വീകാര്യത നല്‍കുന്നത്. അതില്‍ രാമാനന്ദ് സാഗറിന്റെ രാമായണസീരിയലും അതിന്റെ മലയാള പരിഭാഷകളും (അക്കാലത്ത് സീരിയലിന്റെ തിരക്കഥ ഓരോ ആഴ്ചയും മാതൃഭൂമി തങ്ങളുടെ വാരന്ത്യപതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു) പങ്കു വഹിച്ചു.
ഇത്തരത്തില്‍ രാമനെ ഹിന്ദു ദൈവമായി പ്രതിഷ്ഠിക്കുമ്പോള്‍ അത്  ദളിത്-സ്ത്രീ വിഭാഗങ്ങളുടെ താല്‍പര്യത്തിന് എതിരായിരുന്നു എന്ന വസ്തുത വിദഗ്ധമായി  മൂടിവെക്കപ്പെട്ടു. ശംഭൂകന്റെ തലയറുക്കല്‍,  ചതിയിലൂടെയുള്ള ബാലി നിഗ്രഹം, ശൂര്‍പണഖയുടെ മുലയും മൂക്കുമരിയല്‍, ഗര്‍ഭിണിയായ സ്ത്രീയെ കൊടുംകാട്ടില്‍ ഉപേക്ഷിക്കല്‍ എന്നിങ്ങനെയുള്ള അനീതിനിറഞ്ഞ അക്രമങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. ഒരിക്കലും ഹിന്ദുത്വവാദികളുടെ രാമായണം ദളിത്-സ്ത്രീപക്ഷങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്നതായിരുന്നില്ല. 

രാമായണ പാരായണം എന്നു മുതല്‍?

വളരെ പണ്ടു മുതലേ കേരളത്തിലെ വീടുകളിലും ക്ഷേത്രങ്ങളിലും രാമായണ പാരായണം നടന്നുവരുന്നുവെന്നാണ് രാമായണ മാസാചരണത്തെറ്റി എഴുതിയ ഹിന്ദുപക്ഷക്കാരെല്ലാം (പ്രത്യേകിച്ച് വെബ് സൈറ്റുകളില്‍) പൊതുവില്‍ പറയുന്ന കാര്യം. എന്നാണ് ഈ പണ്ട്? ഒരു നൂറ്റാണ്ട്, അമ്പത് വര്‍ഷം? പെട്ടന്ന് ഉത്തരം ലഭിച്ചെന്നുവരില്ല. പക്ഷേ,  കണക്കുണ്ട്, അത് ആര്‍.എസ്.എസിന്റെയും സംഘപരിവാറിന്റെയും കയ്യിലാണ്. അതിലേക്ക് നമുക്ക് വരാം.
കേരളത്തില്‍ രാമായണ പാരായണം ഒരിക്കലും സജീവമായിരുന്നിട്ടില്ല. അമ്പലങ്ങളില്‍ ചൊല്ലിയിരുന്നുമില്ല. വിഷ്ണു-ശിവ ക്ഷേത്രങ്ങളില്‍ രാമനെ വാഴ്‌ത്തേണ്ട ആവശ്യമില്ലല്ലോ. പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനു മിടയില്‍ ജീവിച്ചുവെന്ന് കരുതുന്ന എഴുത്തച്ഛനാണ് അധ്യാത്മ രാമായണം എഴുതുന്നത്. അച്ചടിയുടെ വികാസവും സാക്ഷരതയുടെ വികാസവുമെല്ലാം കണക്കിലെടുക്കുമ്പോള്‍ രാമായണ പാരായണത്തിലെ നൂറ്റാണ്ട് കണക്കുകള്‍ യുക്തിക്ക് നിരക്കുന്നതല്ല.
രാമായണം കേരളത്തില്‍ പാരായണം ചെയ്തിരുന്നുവെങ്കില്‍ അത്  മരണവുമായി ബന്ധപ്പെട്ടാണ്. മരണം ഉറപ്പായ വ്യക്തിയുടെ സമീപത്തിരുന്നും, മരിച്ച വ്യക്തിയുടെ സമീപത്തിരുന്നുമാണ് രാമായണം വായിച്ചിരുന്നത്. അതും  സവര്‍ണ-ജാതി ഹിന്ദുക്കളുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു താനും. ദലിതരും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും രാമായണ വായന ഉണ്ടായിരുന്നില്ല. 
അപൂര്‍വം ചില സവര്‍ണ വീടുകളില്‍ മരണവുമായി ബന്ധപ്പെട്ടല്ലാതെ രാമായണം വായിച്ചിട്ടുണ്ടാകാം. എന്നാല്‍, അത് മുപ്പതുവര്‍ഷത്തിന് മുമ്പ് ഒരു പൊതുശീലമോ രീതിയോ ആയിരുന്നില്ല. പതിവായി അമ്പലങ്ങളില്‍ രാമായണ പാരായണം നടത്തുന്നവരോടും, പഴമക്കാരോടും ചോദിക്കുമ്പോള്‍, മുപ്പതുവര്‍ഷത്തിനപ്പുറം അത്തരം ഇല്ല എന്നാണ് ഉത്തരം. രാമായണം ഹിന്ദുവീടുകളില്‍ വായിച്ചിരുന്നുവെങ്കില്‍ തന്നെ, അത് ദലിതരും സ്ത്രീകളും  ആവര്‍ത്തിക്കേണ്ടതുണ്ടോ എന്നതും ചര്‍ച്ചാ വിഷയമാക്കേണ്ടതാണ്. ഒരിക്കലും  സന്തോഷം പകരുന്നതല്ല രാമകഥ. 
ഇനി രാമായണം സന്തോഷവും സമാധാനവും പകര്‍ന്നു തരുന്നു എന്നു തന്നെ വയ്ക്കുക. പക്ഷേ, വാല്‍മീകിയുടെ രാമായണത്തില്‍ നിന്ന് എഴുത്തച്ഛന്റെ ആധ്യാത്മിക രാമയാണത്തിനുള്ള പരിവര്‍ത്തനത്തെപ്പറ്റി എന്തു പറയും? രാമനെ വ്യക്തിയും രാജാവുമായി വാല്‍മീകി അവതരിപ്പിക്കുമ്പോള്‍, അതില്‍ നിന്ന് ഭിന്നമായും സവിശേഷത ശക്തിയുള്ള ദൈവമായി അവതരിപ്പിക്കുകയാണ് എഴുത്തച്ഛന്‍. യഥാര്‍ഥത്തില്‍ നൂറുകണക്കിന് രാമായണങ്ങള്‍ നിലവിലുണ്ട്. എന്നാല്‍, വാല്‍മീകിയുടെ രാമായണത്തിനു പുറത്തുള്ള മറ്റ് രാമായണങ്ങള്‍ക്ക് നേരെ എതിര്‍പ്പുയര്‍ത്തുന്ന സംഘപരിവാറിന് എഴുത്തച്ഛന്റെ രാമായണത്തോട് എതിര്‍പ്പില്ലെന്നിടത്തു തന്നെ കാര്യങ്ങള്‍ വ്യക്തമാണ്.
കര്‍ക്കടകം പുണ്യമാസമായി ആചരിക്കുന്ന രീതിയും മലയാളികള്‍ക്ക് മുമ്പ് ഉണ്ടായിരുന്നില്ല. കള്ളക്കര്‍ക്കടകം, പഞ്ഞ മാസം എന്ന രീതിയിലാണ് കര്‍ക്കടകത്തെ വിശേഷിപ്പിച്ചിരുന്നത്. മണ്‍സൂണ്‍വേള തൊഴിലില്ലായ്മയും പട്ടിണിയും രൂക്ഷമാകുന്ന കാലമാണ്. മഴരോഗങ്ങള്‍ വ്യാപിക്കുന്ന സമയം. മതിയായ വൈദ്യ ചികിത്‌സയുടെയും രോഗിയെ സമയത്ത് ആശുപത്രിയില്‍ എത്തിക്കാനുള്ള സംവിധാനങ്ങളുടെ അപര്യാപ്തതയും മൂലം രോഗികളുടെയും പ്രായംചെന്നവരുടെയും മരണം സംഭവിച്ചിരുന്നു എന്നതും വാസ്തവം. കര്‍ഷകര്‍ക്കും മണ്ണില്‍പണിയെടുക്കുന്നവര്‍ക്കും മറ്റ് നിര്‍മാണ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും പൊതുവില്‍ ദളിത്, ആദിവാസി വിഭാഗങ്ങള്‍ക്കും കര്‍ക്കടകം ദുരിതങ്ങളുടെ മാസമാണ്. ഒരിക്കലും പുണ്യമാസമായിരുന്നില്ല.
കര്‍ക്കടകത്തിലെ കറുത്തവാവ് ദിനത്തില്‍ പിതൃതര്‍പ്പണം നടത്തുന്ന പതിവ് ഹിന്ദുക്കള്‍ക്കുണ്ട് എന്നു മാത്രം. എന്നാല്‍, അതും വ്യാപകമായിരുന്നില്ല. ശിവരാത്രിയാണ് പിതൃതര്‍പ്പണത്തിന് തിരഞ്ഞെടുത്ത ദിനം. പിതൃതര്‍പ്പണം പോലും ഒരു മാസം നീളുന്ന പ്രക്രിയയല്ല.
മഴയാണ് കര്‍ക്കടകത്തെ പുണ്യമാസമാക്കുന്നതെങ്കില്‍ അതിന് ഹിന്ദുക്കള്‍ പ്രാര്‍ഥിക്കുക ഇന്ദ്രനെയും അര്‍ജുനനയുമാണ് (അര്‍ജുന ഫല്‍ഗുന ... ചൊല്ലല്‍ ഓര്‍ക്കുക). ആ തരത്തിലും രാമന്‍ പ്രാര്‍ഥനാ വിഗ്രഹമാകുന്നില്ല. 


രാമനും കര്‍ക്കിടകവും തമ്മിലെന്ത്?
-
ചില ഹിന്ദുത്വ-സംഘപരിവാര്‍ വെബ്‌സൈറ്റുകളില്‍ കാണുന്നത് ''മഹാവിഷ്ണുവിന്റെ  ഏഴാമത്തെ അവതാരമായ ശ്രീരാമന്‍ ജനിച്ചത് കര്‍ക്കിടകത്തില്‍ ആദിത്യന്‍ അത്യുച്ചസ്ഥിതാനിയായ കര്‍ക്കടകം രാശിയില്‍ ഉദയം കൊണ്ടവേളയിലാണ്. അതുകൊണ്ട്  ശ്രീരാമജയന്തി ആഘോഷിക്കുന്ന കര്‍ക്കിടകം, രാമായണ മാസമായി മുനിമാര്‍ ആചരിച്ചുവന്നു. അതുതന്നെ മറ്റു ഭക്തജനങ്ങളും  ചെയ്തുവരുന്നു'' എന്നാണ്.  ''ജാതകവശാല്‍ ശ്രീരാമന്റെ ലഗ്‌നം കര്‍ക്കിടകവും പുണര്‍തം നക്ഷത്രവുമാണ്. കുടുംബജീവിതന്മിന് ഐശ്വര്യം നല്‍കുവാന്‍ രാമായണ പാരായണവും രാമനാമജപവും സഹായകരമാണ്''എന്നും എഴുതിക്കാണുന്നു.
ശ്രീകൃഷ്ണ ജയന്തി ആഘോഷം പോലെ രാമജയന്തി ആഘോഷം കേരളത്തില്‍ പതിവില്ല. അതെന്തായാലും രാമന്റെ ജന്മദിനമായി ആചരിക്കുന്നത് കര്‍ക്കടക മാസത്തിലല്ല. അത് മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ വരുന്ന ചൈത്രമാസത്തിലാണ്. അതേ ദിവസം തന്നെയാണ് രാമന്‍ സീതയെ പരിണയിച്ചത് എന്നും വിശ്വാസം. 2011 ല്‍ ഏപ്രില്‍ 12 നായിരുന്നു രാമജയന്തി. 2012 ല്‍ അത് ഏപ്രില്‍ ഒന്നിനാണ്. ചൈത്രമാസത്തിലെ ആദ്യ ദിനമാണത്. 2013 ല്‍ അത് ഏപ്രില്‍ 20 നാണ്. എന്തായാലും അത് കര്‍ക്കടത്തിലല്ല. കര്‍ക്കടകം ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലായാണ് വരിക.
രാമന്‍ എന്ന് ജനിച്ചു, അതോ ജനിച്ചോ എന്നത് തര്‍ക്ക വിഷയമാണ്. രാമായണം എഴുത്തപ്പെട്ട കാലവും അതുപോലെ തര്‍ക്ക വിഷയം. ക്രിസ്തുവിന് മുമ്പ് 11 ശതകത്തിലാണ് എന്നു ഒരു വിഭാഗം പറയുമ്പോള്‍ മറ്റ് ചില വിദഗ്ധര്‍ അതിലും കുറഞ്ഞ കാലയളവാണ് പറയുന്നത്. പുഷ്‌കര്‍ ഭട്‌നാഗര്‍ തന്റെ പുസ്തകം 'ഡേറ്റിങ് ദ എറ ഓഫ് ലോര്‍ഡ് റാം' പറയുന്നത് രാമന്‍ ജനിച്ചത് ബി.സി 5115 ജനുവരി 10 ന് എന്ന് ഗണിച്ചു പറയുന്നു! അത് ചൈത്രമാസത്തിലെ ശുക്‌ളപക്ഷത്തിന്റെ ഒമ്പതാം ദിനത്തിലാണ്്. ഹിന്ദുവിശ്വാസികളുടെ ഏത് കണക്കുപ്രകാരവും കര്‍ക്കടകം രാമനുമായി ബന്ധപ്പെടുന്നില്ല.


ആര്‍.എസ്.എസിന്റെ വിശാല ഹിന്ദുമഹാസമ്മേളനം

രാമായണ മാസാചരണം എന്നു മുതല്‍ തുടങ്ങി എന്നറിയണമെങ്കില്‍ നമ്മള്‍ എത്തേണ്ടത് 30 വര്‍ഷം മുമ്പ്, ആര്‍.എസ്.എസ്. സംഘടിപ്പിച്ച വിശാല ഹിന്ദു മഹാ സമ്മേളനത്തിലാണ്. 1982 എപ്രില്‍ നാലിന്  എറണാകുളം മഹാരാജാസ് കോളജിലായിരുന്നു സമ്മേളനം. അതിന് തൊട്ടുമുമ്പ് ഭാരതീയ ജനതാപാര്‍ട്ടി രൂപീകരണം ആര്‍.എസ്.എസ്. നടത്തിയിരുന്നു (1980 ഏപ്രില്‍ 6 ന്). ആര്‍.എസ്.എസ്. സര്‍കാര്യവാഹ് പ്രൊഫ രാജേന്ദസിംഗ്, പി. പരമേശര്വന്‍ തുടങ്ങിയവരായിരുന്നു സംഘാകരുടെ റോളില്‍. മുഖ്യ ആസൂത്രണം അന്ന് കേരളത്തില്‍ ആര്‍.എസ്.എസ്. സംഘാടന ചുമതല വഹിച്ച കെ. ഭാസ്‌കര്‍ റാവുവിനായിരുന്നു.  ഹിന്ദു ജനങ്ങളെ ഐക്യപ്പെടുത്തുകയായിരുന്നു സമ്മേളന ലക്ഷ്യം. അന്ന് കേരളത്തിലും രാജ്യത്തും നിലനിന്നിരുന്ന ചില വിഷയങ്ങളെ (ഏറ്റുമാനൂരിലെ ക്ഷേത്രകവര്‍ച്ച, തമിഴ്‌നാട്ടിലെ മീനാക്ഷിപുരത്ത് ദലിതര്‍ ഇസ്‌ളാം മതം സ്വീകരിച്ചത്) വര്‍ഗീയമായി ഊതിക്കത്തിക്കുകയായിരുന്നു രഹസ്യമായ മറ്റൊരു ലക്ഷ്യം. ഏപ്രില്‍ അഞ്ചിന് എറണാകുളം ടൗണ്‍ഹാളില്‍ പ്രതിനിധി സമ്മേളനം നടന്നു. ഹിന്ദു സമാജത്തില്‍ ഹൈന്ദവ നഷ്‌പ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നതായിരുന്നു പ്രതിനിധികള്‍ പൊതുവില്‍ പങ്കുവച്ച വികാരം. ഹിന്ദുബോധം ജനങ്ങളില്‍ ഉറപ്പിക്കാന്‍ കര്‍ക്കടകം രാമായണ മാസമായി ആചരിക്കണമെന്ന പ്രമേയം സമ്മേളനത്തില്‍ പി. പരമേശ്വരന്‍ അവതരിപ്പിച്ചു. വീടുകളിലും ക്ഷേത്രങ്ങളിലും സാമൂഹികമായ രീതിയില്‍ ആധ്യാത്മരാമായണം പാരായണം ചെയ്യണമെന്ന് പി. പരമേശ്വരന്‍ ആവശ്യപ്പെട്ടത് എല്ലാവരും അംഗീകരിച്ചു. 
ഇക്കാര്യം ഒ.രാജഗോപാല്‍ തന്റെ ആത്മകഥയിലും പറയുന്നുണ്ട്. ''ചെറിയ ചെറിയ കാര്യങ്ങളുടെ പേരില്‍ തമ്മിലടിച്ചുകൊണ്ടിരുന്ന  ഹിന്ദു ജനതയിലെ വ്യത്യസ്ത ജാതിക്കാര്‍ സ്വന്തം ജാതി താല്‍പര്യങ്ങള്‍ക്കുപരിയായി ഹൈന്ദവ ഐക്യത്തിനുവേണ്ട ഒന്നിച്ചുകൂടി എന്നിടത്താണ് ഈ സമ്മേളനം ശ്രദ്ധേയമാകുന്നത്. ഇത്തരം ഐക്യ ബോധം നിലനിര്‍ത്തുന്നതിന് ആചാരപരമായ നടപടി എന്ന നിലയില്‍ കര്‍ക്കടകമാസം രാമായണമാസമായി ആചരിക്കണമെന്ന നിര്‍ദേശം പരമേശ്വരജി മുന്നോട്ടുവച്ചു. അതംഗീകരിക്കപ്പെട്ടു. അങ്ങനെ അന്ന് എളിയ തോതിലാരംഭിച്ച രാമായാണമാസാചരണമാണ് ഇന്ന് ഒരു ജനകീയ ഉത്സവം പോലെ നാടെങ്ങും വ്യാപിച്ചിരിക്കുന്നത്( ജീവിതാമൃതം, പേജ് 140, ഡിസി ബുക്‌സ്).
ജനകീയ ഉത്സവത്തിന്റെ ചരിത്രവും രാഷ്ട്രീയവും തിരിച്ചറിയാത്ത വിധത്തില്‍ അതിനെ പ്രചരിപ്പിച്ചുവെന്നിടത്താണ് സവര്‍ണ ഫാസിസ്റ്റ് ബുദ്ധിക്ക് വിജയംകൊള്ളാനാകുന്നത്. ഒരര്‍ഥത്തില്‍ ഈ ഫാസിസ്റ്റ് യുക്തി വെല്ലുവിളിക്കുന്നത് വിശ്വാസ സമൂഹത്തെക്കൂടിയാണ്.

കര്‍ക്കടകത്തിലെ വിപണനം

ഹിന്ദുത്വ അജണ്ട പലപ്പോഴും സജീവമായത് കച്ചവട-വാണിജ്യ താല്‍പര്യങ്ങുമായി ഒന്നു ചേര്‍ന്നാണ്. ആര്‍.എസ്.എസിന്റെ അജണ്ടയുമായി, കച്ചവട-വാണിജ്യതാല്‍പര്യങ്ങള്‍ ഒത്തുചേര്‍ന്നതാണ് രാമായണമാസാചരണം ഇന്നുള്ള പ്രാധാന്യം കൈവരിക്കുന്നത്. രാമായണവും വിശ്വാസവും വില്‍പന ചരക്കാക്കുന്നു എന്ന് ചുരുക്കം. 
രാമായണം വില്‍പനചരക്കാകുന്നത് മുഖ്യമായും ചില പുസ്തക പ്രസാധകര്‍ക്കാണ്. അച്ചടിക്കുന്ന ആധ്യാത്മരാമായണം ഒരോ വര്‍ഷവും വിറ്റുപോകുന്നത് ആയിരക്കണക്കിന് പ്രതികളാണ്. ഒപ്പം രാമായണ സിഡികളും (ഡി.സി.ബുക്‌സ് ആദ്യമായി 'ആധ്യാത്മരാമായണം' പ്രസിദ്ധീകരിക്കുന്നത് 1988 ലാണ് എന്നും ഓര്‍ക്കുക).ഈ രംഗത്തെ കുത്തക നേടാന്‍ ഇപ്പോള്‍ മനോരമയും മാതൃഭൂമിയും മത്സരമാണ്.
രാമായണത്തിന്റെയും കര്‍ക്കടകത്തിന്റെയും രണ്ടാമത്തെ പ്രായോജകര്‍ ആയുര്‍വേദ മരുന്ന് സ്ഥാപനങ്ങളാണ്. കര്‍ക്കടക കഞ്ഞി, മരുന്ന്, സുഖചികിത്സ എന്നിവയിലൂടെ കേരളത്തിലെ വിവിധ ആയുര്‍വേദ സ്ഥാപനങ്ങള്‍ കോടികള്‍ വാരിക്കൂട്ടുന്നു (കര്‍ക്കടക കഞ്ഞിയെപ്പറ്റിയും അതിനു പിന്നിലെ തട്ടിപ്പുകളെപ്പറ്റിയും മുമ്പേ വ്യക്തമായിട്ടുണ്ട്). 
പക്ഷേ, ഈ താല്‍പര്യങ്ങള്‍  ഹിന്ദുമത വിശ്വാസികള്‍ തിരിച്ചറിയുന്നില്ല. അതിനര്‍ഥം സംഘപരിവാറിന്റെ രാഷ്ട്രീയത്തിനും അതിനൊപ്പിച്ച ബിസിനസ് താല്‍പര്യങ്ങള്‍ക്കും ഹിന്ദുമത സമൂഹം വിധേയമാകുന്നുവെന്നാണ്. മറ്റൊരര്‍ഥത്തില്‍ രാമായണത്തിന്റെയും രാമന്റെയും വാഴ്ത്തലിലൂടെ ദളിത്, സ്ത്രീ പക്ഷ വിരുദ്ധതക്ക് ഹിന്ദുമതവിശ്വാസികള്‍ ചൂട്ടുപിടിക്കുന്നു. ഇങ്ങനെയൊക്കെ തന്നെയാണ് സവര്‍ണ/ബ്രാഹ്മണ പ്രത്യയശാസ്ത്രം വീണ്ടും ഊട്ടിഉറപ്പിക്കപ്പെടുന്നതും.

http://www.doolnews.com/rk-bijuraj-on-raayana-month-in-kerala-with-dalit-perspective-malayalam-article-867.html

8 comments:

  1. രാമായണമാസാചരണം കര്‍ക്കടകമാസത്തിലായത് എന്തുകൊണ്ട്?

    *സ്വാമി സത്യാനന്ദ സരസ്വതി*

    രാമായണമാസാചരണം രാമായണമഹാഗ്രന്ഥത്തിന്റെ മഹിമയെയാണു കാണിക്കുന്നത്? മാസത്തിന്റെ മഹിമയെ അല്ല. രാമായണത്തെയോ തത്തുല്യമായ ഈശ്വരസങ്കല്പങ്ങളെയോ മാറ്റി നിര്‍ത്തിയാല്‍ കര്‍ക്കടകമാസം ആരോഗ്യകരമായ ഒരു മാസമല്ല. കേരളത്തിലെ പഞ്ഞമാസം കര്‍ക്കടകമാണ്. വിവാഹം, ഗൃഹപ്രവേശം, വിദ്യാരംഭം തുടങ്ങിയുള്ള ശുഭകര്‍മ്മങ്ങള്‍ക്കും കര്‍ക്കടകം തെരഞ്ഞെടുക്കാറില്ല. എന്നിട്ടും രാമായണമാസമായി കര്‍ക്കടകം തെരഞ്ഞെടുത്തതെന്തുകൊണ്ട്?
    കാലാവസ്ഥയനുസരിച്ചു ചിന്തിച്ചാല്‍ കര്‍ക്കടകമാസം ദക്ഷിണായനം ആരംഭിക്കുന്ന സമയമാണ്. കാറ്റും, മഴയും, ദാരിദ്ര്യവുംകൊണ്ട് പ്രതികൂലമായ ഒരന്തരീക്ഷമാണപ്പോഴുള്ളത്. പല തരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാവുകയും വര്‍ദ്ധിക്കുകയും ചെയ്യുന്നതിനും ഈ മാസം പ്രേരകമാണ്. കാലാവസ്ഥയില്‍ വരുന്ന പ്രതികൂലമായ മാറ്റമാണതിനു കാരണം. സസ്യജാലങ്ങളിലും, ജന്തുക്കളിലും, മറ്റു ജീവികളിലും, വൃക്ഷങ്ങളിലുമെല്ലാം ഈ മാറ്റം അനുഭവപ്പെടുന്നുണ്ട്. മനുഷ്യശരീരത്തിനും സാരമായ മാറ്റം സംഭവിക്കുന്നു.
    ഔഷധസേവയ്ക്കും, പിഴിച്ചില്‍, ഉഴിച്ചില്‍ തുടങ്ങിയ ശരീര ചികിത്സകള്‍ക്കും ഈ സമയമാണ് ആയുര്‍വേദവിധിപ്രകാരം അനുകൂലമായിട്ടുള്ളത്. സൂര്യന്റെ ഗമനാഗമനങ്ങള്‍ ദക്ഷിണായന രേഖയിലേക്കും അവിടെനിന്നും ഭൂമദ്ധ്യരേഖയിലേക്കും ആരംഭിക്കുന്ന ഈ സമയം മനുഷ്യശരീരവുമായി പ്രത്യേക രീതിയില്‍ ബന്ധപ്പെട്ടിട്ടുണ്ട്.
    മനുഷ്യശരീരവും പ്രപഞ്ചവുമായി അഭേദ്യമായ ബന്ധമുണ്ട്. രണ്ടു ശരീരങ്ങളും പഞ്ചഭൂതമയങ്ങളാണ്. പ്രപഞ്ചശരീരത്തില്‍ അല്പമായി വരുന്ന മാറ്റങ്ങള്‍ പോലും മനുഷ്യശരീരത്തിലും സമൂഹത്തിലും സാരമായ മാറ്റങ്ങള്‍ വരുത്തുന്നു. പ്രാണനും ശരീരവുമായുള്ള ബന്ധത്തെ നിരൂപിച്ചാണ് ഈ വ്യതിയാനങ്ങള്‍ ദര്‍ശിക്കപ്പെട്ടിരിക്കുന്നത്. കാലപരിചിന്തനം ചെയ്തു നിജപ്പെടുത്തിയ നിയമങ്ങള്‍കൊണ്ട് മനുഷ്യജീവിതത്തെ സുഗമമാക്കുകയാണ് അവര്‍ ചെയ്തിട്ടുള്ളത്. അതിനാവശ്യമായ ഗോളനിരീക്ഷണനിയമങ്ങള്‍ തന്നെ ധാരാളമുണ്ട്.
    ഉത്തരായനം, ദക്ഷിണായനം, കറുത്തവാവ്, വെളുത്തവാവ്, വിഷു, ചന്ദ്രഗ്രഹണം, സൂര്യഗ്രഹണം എന്നീപ്രകാരം പ്രപഞ്ചശരീരത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളെ അടിസ്ഥാനമാക്കി വ്യക്തിജീവിതത്തിനും സമൂഹത്തിനുമുള്ള ശാരീരികവും മാനസികവുമായ മാറ്റങ്ങളെ ചര്‍ച്ച ചെയ്ത് അനുകൂലതീരുമാനത്തിലെത്തുകയാണ് ചെയ്തിരിക്കുന്നത്. സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍ എന്നിങ്ങനെയുള്ള തേജോഗോളങ്ങളുടെ പരിക്രമണവുമായി മനുഷ്യജീവിതത്തെ ബന്ധപ്പെടുത്തി പരിശോധിച്ചാണ് ഭാരതീയശാസ്ത്രദര്‍ശനം രൂപപ്പെട്ടത്. മേല്‍പ്പറഞ്ഞ പ്രപഞ്ചസംഭവങ്ങളെ ആസ്പദിച്ചുള്ള മനുഷ്യനിരീക്ഷണവും മനുഷ്യശരീരത്തില്‍ ജീവനുണ്ടാകുന്ന അനുഭവങ്ങളും അതേപേരുകള്‍കൊണ്ടുതന്നെ ക്ലിപത്‌പ്പെടുത്തിയിരിക്കുന്നു.
    മധ്യരേഖയെ ആസ്പദമാക്കിയുള്ള ഉത്തരായന ദക്ഷിണായന രേഖകളെപ്പോലെ മനുഷ്യശരീരത്തിലും ചില ക്രമീകരണങ്ങളുണ്ട്. ‘ജാബാലദര്‍ശനോപനിഷത്ത് അനുസരിച്ച് സുഷുമ്‌നാനാഡി ഭൂമധ്യരേഖയും ഇഡാനാഡി ദക്ഷിണായനരേഖയും പിംഗല ഉത്തരായനരേഖയുമാണ്. ദേഹത്തിലുള്ള നാഡീജാലം പോലെ ആകാശ വീഥിയിലും നാഡീജാലമുണ്ട്. ‘മിന്നല്‍ പായുന്നു നാഡീജാലത്തില്‍ക്കൂടി’ എന്ന പ്രയോഗം തന്നെയുണ്ട്. ക്ഷീരപഥങ്ങള്‍ എന്ന പ്രസിദ്ധമായ സഞ്ചാരപഥങ്ങള്‍ തന്നെയാണ് മേല്‍പറഞ്ഞ നാഡീജാലങ്ങള്‍. സൗരയുധത്തിലെ കേന്ദ്രസ്ഥാനീയനായ സൂര്യന്‍ മധ്യരേഖയില്‍ നില്ക്കുന്നതുപോലെ ശരീരത്തിലെ സൂക്ഷ്മനയില്‍ പ്രാണസൂര്യസങ്കല്പമാണുള്ളത്.

    ReplyDelete
  2. ഇഡാനാഡിയെ ചന്ദ്രനാഡിയെന്നും, പിംഗലാനാഡിയെ സൂര്യനാഡിയെന്നും വിളിക്കുന്നു. മനുഷ്യശരീരവും, പ്രപഞ്ചശരീരവും നാഡികള്‍ മുഖേന ഇങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു. ഇവയോടു ബന്ധപ്പെട്ടു നില്ക്കുന്ന മറ്റനേകം നാഡീജാലങ്ങള്‍ മനുഷ്യശരീരത്തിലും പ്രപഞ്ചശരീരത്തിലുമുണ്ട്. ഈ ലേഖനത്തില്‍ അത്രയും വിശദാംശങ്ങള്‍ ആവശ്യമില്ലാത്തതുകൊണ്ട് ഇവിടെ വിവരിക്കുന്നില്ല. ആന്തരിക സൂര്യനായ പ്രാണനും, ബാഹ്യസൂര്യനും ഒരുമിക്കുമ്പോഴാണ് പ്രപഞ്ചരഹസ്യം വെളിവാക്കുന്നത്. ഇതില്‍ ഏതെങ്കിലും ഒന്നിനുമാത്രം തനതായി നിലനില്‍പില്ല. സൂര്യനില്ലെങ്കില്‍ ഉത്പന്നങ്ങളും ജീവരാശികളും നിലനില്ക്കുകയില്ലല്ലോ. ജീവനില്ലെങ്കില്‍ സൂര്യന്‍ ഉദിച്ചിട്ടുകാര്യവുമില്ല. അപ്പോള്‍ ജീവനും, സൂര്യനും പൊതുവായ ഒരടിസ്ഥാനസങ്കല്പം വേണ്ടതാണല്ലോ. അതുതന്നെയാണ് ആത്മാവ്, ബ്രഹ്മം തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്നത്.
    നാഡീസംബന്ധിയായി മനുഷ്യശരീരത്തിലുള്ള ചന്ദ്രസൂര്യന്മാരെ വര്‍ണിച്ചിരിക്കുന്നത്, ശ്രദ്ധിക്കുക.
    ‘ ഇഡായാം ചന്ദ്രമാ നിത്യം
    ചരത്യേവ മഹാമുനേ;
    പിംഗലായാം രവിസ്തദ്വവ–
    ന്മുനേ, വേദവിദാം വര’
    അടുത്തതായി ശരീരത്തിലെ ഉത്തരായന ദക്ഷിണായനങ്ങളെ വിവരിക്കുന്നു.
    പിംഗലായമിഡായാം തു
    വായോഃ സംക്രമണം തുയത്,
    തദുത്തരായനം പ്രോക്തം
    മുനേ വേദാന്തവേദിഭിഃ
    ഇഡായാം പിംഗലായാം തു
    പ്രാണസംക്രമണം മുനേ,
    ദക്ഷിണായനമിത്യുക്തം
    പിംഗലയാമതി ശ്രുതിഃ
    പിംഗലയില്‍ നിന്ന് ഇഡയിലേക്കുള്ള പ്രാണസൂര്യന്റെ സഞ്ചാരഗതിയെ ഉത്തരായനം എന്നു വിളിക്കുന്നു. ഇതിനെടുക്കുന്ന സഞ്ചാരസമയമാണ് അയന സമയം.
    ഇഡയില്‍നിന്നും പിംഗലയിലേക്കുളള സഞ്ചാരത്തെ ദക്ഷിണായനം എന്നു വിളിക്കുന്നു. പ്രാണചലനം ഒരു സംവത്സരം ഇങ്ങനെ ശരീരത്തില്‍ പൂര്‍ത്തിയാവുന്നു. പ്രപഞ്ചശരീരത്തിലും ഇതു തന്നെയാണ് സംഭവിക്കുന്നത്. ഇതുമൂലം ശരീരത്തോടു ബന്ധപ്പെട്ട പ്രാണന് ഉണ്ടാകുന്ന പ്രധാനസംസ്‌കാരഗതിയെ രണ്ടായി തിരിച്ചു.
    ഭൗതികമെന്നും, ആദ്ധ്യാത്മികമെന്നും, ഇഡയിലൂടെ സഞ്ചരിക്കുമ്പോള്‍ പ്രാണസൂര്യന്റെ പേര് അപാനനെന്നും, പിംഗലാനാഡിയിലൂടെ സഞ്ചരിക്കുമ്പോള്‍ പ്രാണനെന്നുമാണ്. അതായത്, ദക്ഷിണായനസൂര്യനും, ഉത്തരായന സൂര്യനും അപാനന്‍ അഥവാ ദക്ഷിണായനസൂര്യന്‍ തികച്ചും ശരീരത്തില്‍ സഞ്ചരിച്ച് കര്‍മഭാരം വഹിച്ച് അശുദ്ധിയാര്‍ജിച്ചവനാണ്. അതുകൊണ്ട് കര്‍മബദ്ധനും അഥവാ വിഷയസംബന്ധിയും ആകുന്നു ഇത്. കര്‍ക്കടകമാസാരംഭത്തിലാണ് പ്രപഞ്ചശരീരത്തിലും മനുഷ്യശരീരത്തിലും തുടക്കം കുറിക്കുന്നത്.
    പിംഗലയിലൂടെ സഞ്ചരിക്കുന്ന പ്രാണസൂര്യന്‍ സ്വതന്ത്രനും, ശുദ്ധനും, ഈശ്വരാഭിമുഖസംസ്‌കാരമുള്ളവനുമാണ്. ഇങ്ങനെ ബദ്ധവും മുക്തവുമായ രണ്ടു സംസ്‌കാരികാനുഭവങ്ങളില്‍പ്പെട്ട് പ്രാണന്‍ പാപഫലവും പുണ്യഫലവും അനുഭവിക്കുന്നു. ഇതില്‍ പാപഫലാനുഭവം ദക്ഷിണായനസംസ്‌കാരമാണ്. പുണ്യഫലമാകട്ടെ ഉത്തരായന സംസ്‌കാരവും.
    നിവര്‍ന്നു നില്ക്കുന്ന ഒരു മനുഷ്യന്റെ ചിത്രം വരച്ചാല്‍ ഉത്തരഭാഗം ശിരസ്സും, ദക്ഷിണഭാഗം ഗുദവും, ജനനേന്ദ്രിയവുമാണ് ഈ രണ്ടു അയനങ്ങളിലും പ്രാണസൂര്യന്‍ പ്രവര്‍ത്തിച്ചാലുള്ള അനുഭവം എടുത്തു പറയേണ്ടതില്ല. ജന്മകോടികള്‍ ആവര്‍ത്തിക്കുന്ന അനുഭവം സംസാര ദുഃഖാനുഭവം കൊണ്ട് ഉണ്ടാകുന്നു. ജീവന്‍ അനന്തകോടി യോനികളില്‍ ജനിച്ച് അധഃപതനംമൂലം ദുഃഖം അനുഭവിക്കാന്‍ ഇടവരുന്നു. പുനര്‍ജന്മത്തിന് അവകാശിയായിത്തീരുന്നു. മരണദുഃഖം ആവര്‍ത്തിക്കുന്നു.
    ജന്മജരാമരണാര്‍ത്ഥമായ മനുഷ്യജീവന്റെയും ദക്ഷിണായന സംസ്‌കാരം ഈ ഫലം തന്നെയാണ് നല്ക്കുന്നത്. കാലാവസ്ഥയും, ശരീരനിലയും വിഷയലോലുപതയ്ക്ക് ജന്തുജാലങ്ങള്‍ക്കുവരെ പ്രേരണ നല്കുന്ന സമയമാണ് ഇതില്‍നിന്ന് ജീവനെ മുക്തനാകേണ്ട ആവശ്യമുണ്ട്. അതിനാവശ്യമായ ഈശ്വരീയമായ അനുഷ്ഠാനവിധികളില്‍ അതിപ്രധാനമായ ഈശ്വരീയമായ അനുഷ്ഠാനവിധികളില്‍ അതിപ്രധാനമായ ഒന്നാണ് രാമായണപാരായണം.

    ReplyDelete
  3. രാമനെ ആദര്‍ശ പുരുഷനായും പരമാത്മാവായും അറിഞ്ഞാചരിക്കുന്നതുകൊണ്ട് മനസ്സിലെ ദക്ഷിണായന സംസ്‌കാരചലനങ്ങള്‍ അഥവാ ഉത്തരായന സാംസ്‌കാരിക ചനലങ്ങളെ സൃഷ്ടിക്കുന്നു. തത്ഫലമായി കര്‍ക്കടകമാസം മുതല്‍ തുടങ്ങുന്ന ദുരിത പൂര്‍ണമായ ദക്ഷിണായനാനുഭവങ്ങള്‍ക്ക് സാരമായ മാറ്റം കൈവരിക്കാന്‍ കഴിയുന്നു ജന്തുജാലങ്ങളിലേക്ക് അധഃപതിച്ച മനുഷ്യന് കാലഭേദങ്ങളിറിഞ്ഞ് ഉത്തമാധികാരിയായി വളരുന്നതിനുള്ള മാര്‍ഗങ്ങളിലൊന്നായ രാമായണപാരായണം കര്‍ക്കടകമാസത്തില്‍ ആരംഭിക്കുന്നത് ഇതുകൊണ്ടാണ്. നിത്യപാരായണം ദൃഢവ്രതമാക്കിയവന് കര്‍ക്കടമാസമെന്ന പ്രത്യേക സങ്കല്പത്തിന്റെ ആവശ്യം വരുന്നില്ല. കാരണം അവന്‍ നിത്യേന പ്രസാദാത്മക ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നവനാണ്.
    ഭൗതികഗോളശാസ്ത്രം ഭൗതികശാസ്ത്രവും ആന്തരിക ഗോളശാസ്ത്രം അധ്യാത്മശാസ്ത്രവുമാണ് ഇവ രണ്ടും പൊരുത്തപ്പെട്ടാണ് പ്രപഞ്ചം എന്ന ബൃഹത്തും മഹത്തുമായ സങ്കല്പം രൂപപ്പെട്ടിരിക്കുന്നത്. ദക്ഷിണായനാരംഭമായ കര്‍ക്കടകത്തിലാരംഭിക്കുന്ന ഈ പരിശ്രമം പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുവോണം, കന്നിമാസത്തിലെ നവരാത്രിവ്രതം, തുലാത്തിലെ ദീപാവലി തുടങ്ങിയ അനുഷ്ഠാനങ്ങള്‍, വൃശ്ചികമാസത്തിലെ കാര്‍ത്തിക വ്രതം മണ്ഡലാചരണം, ധനുസ്സിലെ തിരുവാതിര എല്ലാംതന്നെ പ്രപഞ്ചശരീരത്തിലെ തേജോഗോളങ്ങളോടും, ഭൂതങ്ങളോടും, തത്സംബന്ധിയായ ദേവതകളോടും ബന്ധപ്പെട്ടു നില്ക്കുന്ന അനുഷ്ഠാനങ്ങളാണ്.
    പ്രപഞ്ചശരീരത്തെ ഉപാസിക്കുകയും അതിലെ ദേവതാംശങ്ങളെ പ്രാണസംസ്‌കാരമാക്കി മാറ്റുകയും ചെയ്യുന്ന തികഞ്ഞ ശാസ്ത്രീയ പരിശീലനമാണ് വ്രതാനുഷ്ഠാനങ്ങള്‍ ഇങ്ങനെ കര്‍ക്കടകത്തില്‍ തുടങ്ങി ആറാം മാസമായ മകരത്തിലെത്തുമ്പോള്‍ പൊങ്കലൂണിന്റെ സമയമാവുന്നു. സൂര്യനെ സംബന്ധിക്കുന്ന ഈ വ്രതസങ്കല്പം പ്രാണസൂര്യനെയും പ്രപഞ്ചത്തിലെ ബാഹ്യസൂര്യനെയും നിബന്ധിപ്പിച്ചുള്ളതാണ്. ഇത്രയുംകൊണ്ട് ജീവനുണ്ടാകുന്ന ആധ്യാത്മികമായ വളര്‍ച്ചയും ആനന്ദവുമാണ് ഉത്സവമായി കുംഭം മീനം മാസങ്ങളില്‍ കൊണ്ടാടുന്നത്. ഉത്സവം എന്ന വാക്കിന് ഉയര്‍ത്തുന്നത്, ആധ്യാത്മികമായി വളര്‍ത്തുന്നത് എന്നാണര്‍ത്ഥം. ഗാത്രക്ഷേത്രത്തില്‍ പ്രാണനുണ്ടായ ഈ ഉത്സവം പ്രപഞ്ചഗാത്രത്തിലും സംക്രമിപ്പിക്കുകയും ബന്ധപ്പെടുത്തുകയും ചെയ്യുന്നതാണ് ക്ഷേത്രോത്സവങ്ങള്‍.
    കര്‍ക്കടകം മുതലുള്ള ആറുമാസത്തെ അനുഷ്ഠാനങ്ങളിലൂടെ പ്രാണസൂര്യന്‍ പ്രസന്നനാകുന്നതുപോലെ പ്രപഞ്ചസൂര്യനും കുംഭംമീനം മാസങ്ങളില്‍ ശക്തനും പ്രസന്നനുമായിത്തീരുന്നു. ഇവ രണ്ടും സമ്മേളിപ്പിക്കുന്നതിനുള്ള കര്‍മങ്ങളാണ് ഉത്സവകാലത്തുവേണ്ടത്. ഇന്ന് അതിനു തികച്ചും വിപരീതമായ അനുഭവങ്ങളാണ് ഉത്സവം നശിപ്പിക്കുന്ന പ്രക്രിയകളായികാണുന്നത്. സംവത്സരബന്ധിയായ ഈ അനുഷ്ഠാനശാസ്ത്രത്തെ ആക്ഷേപിക്കുന്നവന്റെ അജ്ഞതയും അപകടവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. വ്യക്തിക്കും സമൂഹത്തിനുമുള്ള മൂല്യശോഷണം ഇതുമൂലം സംഭവിക്കുന്നു.
    ഉത്സവം ആര്‍ക്കാണ് എന്താണ് എന്നറിയാതെയുള്ള വികാരങ്ങളാണ് അതിനു കാരണം ചംക്രമണസ്വഭാവമുള്ള ജീവന്റെ സംസ്‌കാരം സ്ഥിരസ്വഭാവമാര്‍ജ്ജിക്കുന്നതിനുള്ള സംസ്‌കാരവും കലയുമാണ്. ഉത്സവകല പരമാത്മാവിനെ അറിയുന്നതിനുള്ള സൗന്ദര്യാവിഷ്‌ക്കരണമാണ്. വിപരീതഫലങ്ങളുളവാക്കുന്ന യാതൊന്നും കലയല്ല; കൊലയാണ്. ഉത്സവ പരിപാടികളുടെ അര്‍ത്ഥവും ആവശ്യവും പ്രാണന്റെ ഉയര്‍ച്ചയാണെന്നറിഞ്ഞ ആചാര്യന്മാര്‍ അതുകൊണ്ട് അതിനനുയോജ്യമായ കലകളെ ക്ഷേത്രങ്ങളില്‍ ഉത്സവകലയാക്കി ആദരിച്ചത്. ശരീരം തന്നെ ക്ഷേത്രമാണ് എന്ന ഗീതാവചനം ഓര്‍മിക്കുക.
    ശരീരം ക്ഷേത്രമാണെന്നറിയാതെ വിഷയവിഷമങ്ങളില്‍പ്പെട്ടുഴലുന്ന പ്രാണനെ മുക്തമാക്കുന്ന കലയാണ് ഉത്സവം. കര്‍ക്കടമാസത്തില്‍ ആരംഭിക്കുന്ന ഉതസവകല പൂര്‍ത്തിയാകുന്നത് മകരത്തോടെയാണ്. കുംഭം, മീനം മാസങ്ങളില്‍ അതു പ്രപഞ്ചശരീരവുമായി ചേര്‍ന്നു ലയിക്കുന്നതാണ് ക്ഷേത്രോത്സവമായി നാം ആചരിക്കുന്നത്. കര്‍ക്കടകമാസത്തില്‍ രാമായണപാരായണമെന്തിനെന്ന് ഇതുകൊണ്ട് ചിന്തിക്കാവുന്നതാണ്.

    ReplyDelete
  4. ഇതൊന്നും ലേഖനത്തിന്റെ വിഷയമല്ലല്ലോ. ഇതല്ല ഞാനുന്നയിച്ചതും

    ReplyDelete
  5. എത്ര രൂപയുടെ എഴുത്താണിത് ?

    ReplyDelete
  6. സുഡാപ്പികൾ തന്ന എച്ചിൽ നക്കി എഴുതിയ ബ്ലോഗ്ഗ്.
    അതിൽ അപ്പുറം ഒന്നും പറയാൻ ഇല്ല.

    ReplyDelete