Friday, January 14, 2011

മാവൂരില്‍ ബിര്‍ളയ്ക്ക് ഇനിയെന്ത് കാര്യം?

ആര്‍.കെ. ബിജുരാജ്



ചരിത്രത്തില്‍ നിന്ന് പഠിക്കുക തെറ്റല്ല. മറിച്ച് അതാണ് ശരി. മാവൂരില്‍ ബിര്‍ളയുണ്ടായിരുന്ന നാലരപ്പതിറ്റാണ്ട് കേരളത്തിന് പഠിക്കാന്‍ കുറേയേറെ അനുഭവപാഠങ്ങള്‍ നല്‍കിയിട്ടുണ്ട്. മരണം, രോഗം, പ്രകൃതി വിഭവങ്ങളുടെ നാശം, വനനശീകരണം, മൂലധനകൊള്ള, ജീവജാലങ്ങളുടെ അന്ത്യം, തൊഴിലാളികളുടെ അധ്വാന ചൂഷണം-ബിര്‍ളയുടെ കണക്കുപുസ്തകത്തില്‍ നിറയെ അക്കങ്ങള്‍ മാത്രം. ഇപ്പുറത്ത് നഷ്ടങ്ങളുടെ കണക്ക് നീണ്ടു കിടക്കുന്നു. ലാഭത്തിന്റെ ബാലന്‍സില്‍ഷീറ്റില്‍ ബിര്‍ളയ്‌ക്കൊപ്പമാകാന്‍ കേരളത്തിന് ഇനി ഒരിക്കലും കഴിയില്ല.
ഗ്രാംസി കമ്പനി അടച്ചുപൂട്ടിയതിന്റെ പത്താം വാര്‍ഷികമാണിത്. എന്നാല്‍, ഇപ്പോള്‍ ബിര്‍ളയെ ഒരിക്കല്‍ കൂടി മാവൂരിലേക്ക് വിളിച്ചുകൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടക്കുകയാണ്. കമ്പനിയിലെ പഴയ തൊഴിലാളിക്ക് ഇപ്പോള്‍ ട്രേഡ് യൂണിയന്‍ നേതാവിന്റെ കുപ്പായമല്ല ഉള്ളത്. പകരം വ്യവസായമന്ത്രിയുടേതാണ്. കാര്യങ്ങള്‍ക്ക് എളുപ്പം നീക്ക് പോക്കുണ്ടയേക്കും. പക്ഷേ, അനുഭവങ്ങള്‍ നമ്മെ ഒന്നും പഠിപ്പിക്കുന്നില്ലെന്നത് ദു:ഖകരമാണ്.


ആവാഹിച്ചു കുടിയിരുത്തല്‍


1957-ല്‍ ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയാണ് ബിര്‍ളയെ കേരളത്തിലേക്ക് ക്ഷണിച്ചു വിളിച്ചു കൊണ്ടുവരുന്നത്. കോഴിക്കോടിന് 20 കിലോമീറ്റര്‍ അകലെയുള്ള മാവൂര്‍ അന്നുവരെ സാധാരണ ഗ്രാമമായിരുന്നു. പുല്‍പ്പറമ്പ് എന്ന് മറ്റൊരു പേരുണ്ടായ സുന്ദരമായ ഒരിടം. ചാലിയാറിന്റെ തെളിനീരുകള്‍ ജീവജലം പകര്‍ന്ന ഗ്രാമം. മീന്‍ പിടുത്തവും കക്കവാരലുമായിരുന്നു പലരുടെയും വരുമാന മാര്‍ഗം. ഗള്‍ഫ് ശരാശരി മലയാളിയുടെ സ്വപ്നമാവുന്നതിനും മുമ്പായിരുന്നു അത്.
ഒരു മറുനാടന്‍/വിദേശ കമ്പനിയെ ഇങ്ങോട്ടേക്ക് ക്ഷണിക്കുമ്പോള്‍ സ്വീകരിക്കേണ്ട ആവശ്യമായ ഒരു മുന്‍കരുതലും അന്നത്തെ ഇടതു സര്‍ക്കാര്‍ എടുത്തില്ല. ഒരു ഇടപാടില്‍ ഇരുകൂട്ടര്‍ക്കും ലാഭം വേണമെന്ന സാമാന്യ കച്ചവടതന്ത്രം പോലും പാലിക്കപ്പെട്ടില്ല. ഇവിടെ മുതല്‍മുടക്കി പ്രവര്‍ത്തിക്കുന്നവരെ എങ്ങനെ നിയന്ത്രിക്കണം, നയിക്കണം എന്നും ചിന്തിച്ചില്ല. അളവറ്റ നമ്മുടെ പ്രകൃതി സമ്പത്ത് അവര്‍ക്ക് തീറെഴുതിക്കൊടുത്തു. പകരം ബിര്‍ള സര്‍ക്കാരിനെ അവരുടെ ചൊല്‍പ്പടിക്ക് നിര്‍ത്തി.
1958 മെയ് 3 ന് പ്രതിവര്‍ഷം 100 ടണ്‍ പള്‍പ്പ് ഉല്‍പാദനശേഷിയുള്ള ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറി (പിന്നീട് ഗ്രാസിം) മാവൂരില്‍ സ്ഥാപിക്കാന്‍ ബിര്‍ളയുമായി സംസ്ഥാന സര്‍ക്കാര്‍ കരാറിലൊപ്പിട്ടു. അതിനുവേണ്ടി കുറഞ്ഞ തുകയ്ക്ക് ആളുകളെ കുടിയൊഴിപ്പിച്ച് ഭൂമി ബിര്‍ളയ്ക്ക് ഏറ്റെടുത്തു നല്‍കി. പ്രതിവര്‍ഷം അസംസ്‌കൃത വസ്തുവായ മുള രണ്ടു ലക്ഷം ടണ്‍ നല്‍കാമെന്നായിരുന്നു കരാറിലെ വ്യവസ്ഥ. ടണ്ണിന് ഒരു രൂപ നിരക്കിലായിരിക്കും അത് നല്‍കുക. 'കേരളത്തിന്റെ സാമ്പത്തിക വികസനത്തിനും വ്യവസായ വല്‍ക്കരണത്തിനും വേണ്ടിയാണ്, ഒരവികസിത പ്രദേശമായ മാവൂരില്‍ ഫാക്ടറി തുടങ്ങുന്നതെന്ന്' കരാറില്‍ രേഖപ്പെടുത്തിയിരുന്നു. കരാര്‍ കരാറായി നിലകൊണ്ടു. ഇടപാടില്‍ മറ്റൊരു വകുപ്പുകൂടിയുണ്ടായിരുന്നു: '' എന്തെങ്കിലും കാരണവശാല്‍ മാനേജ്‌മെന്റിന് ദ്രോഹകരമോ ഉല്‍പാദന തടസം സൃഷ്ടിക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനമോ ഉണ്ടായാല്‍, അത്തരം പ്രശ്‌നങ്ങള്‍ തടയാന്‍ ഗവണ്‍മെന്റ് സമേയോചിതമായ നടപടികള്‍ സ്വീകരിക്കുന്നതാണ്''. കേരളത്തിലെ ആദ്യത്തെ തൊഴിലാളി സര്‍ക്കാരാണ് ഈ വ്യവസ്ഥകള്‍ കരാറില്‍ ഒപ്പിട്ടത് എന്ന് ഓര്‍ക്കണം. തീര്‍ത്തും അനര്‍ഹമെന്ന് പറയാവുന്ന ആനുകൂല്യങ്ങള്‍ വേറെയും ഉണ്ടായിരുന്നു. പുതിയ റോഡ് സൗകര്യം, കുറഞ്ഞ നിരക്കില്‍ വിദ്യുച്ഛക്തി എന്നിവ നല്‍കാമെന്നും വാഗ്ദാനം നല്‍കി.
സന്തോഷം കൊണ്ട് ജി.ഡി. ബിര്‍ള പിന്നീട് ഇങ്ങനെ പറഞ്ഞു: ''എന്നെ കേരളത്തിലേക്കുകൊണ്ടുവന്നതിന്റെ ക്രെഡിറ്റ് ഇ.എം.എസ്. നമ്പൂതിരിപ്പാടിനാണ്. മിസ്റ്റര്‍ നമ്പൂതിരിപ്പാട് ഒരു കോണ്‍ഗ്രസ് സര്‍ക്കാരും നല്‍കാത്ത വിധത്തിലുള്ള നല്ല ഉപാധികള്‍ എനിക്ക് നല്‍കി'' (ഫ്രെയിംസ് ആന്‍ഡ് ഫാക്ട്, പാര്‍ഥ ചൗധരി, ലിബറേഷന്‍ നം: 3, 1969). ''ഞാന്‍ കേരളത്തില്‍ വളരെ സന്തോഷവാണ്. കമ്യുണിസ്റ്റുകളാണ് സര്‍ക്കാര്‍ ഭരിക്കുന്നത് ഞാന്‍ ശ്രദ്ധിക്കുന്നില്ല. തുറന്നു പറഞ്ഞാല്‍ എനിക്ക് കേരളത്തില്‍ പ്രശ്‌നങ്ങള്‍ ഒന്നും നേരിട്ടിട്ടില്ല. ബംഗാള്‍ സര്‍ക്കാരും ഇതുപോലെ സമീപനം എടുക്കണം'' ഒരു വേള, ലോകത്തെ ഒരു കമ്യൂണിസ്റ്റ് സര്‍ക്കാരിനും ഇങ്ങനെയൊരു ബഹുമതി ആ രാജ്യത്തെ ദല്ലാള്‍-കുത്തകഭീമന്‍ നല്‍കുന്നത് ആദ്യമായിട്ടാവും.
ഇന്നുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ പള്‍പ്പ് ഫാക്ടറിയാണ് കോഴിക്കോട് ജില്ലയിലെ ഏറ്റവും വില്ലേജുകളിലൊന്നായ മാവൂരില്‍ തുടങ്ങിയത്. കമ്പനിയുടെ മൊത്തം മുതല്‍ മുടക്ക് 16 കോടി രൂപ. അതില്‍ ബിര്‍ളയുടെ പങ്ക് ഒരു കോടിയില്‍ താഴെയായിരുന്നു. പൊതുജനങ്ങളില്‍ നിന്നുള്ള ഓഹരികളും പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള വായപ്‌യുമായിരുന്നു ബാക്കി. കമ്പനിയുടെ മൂലധനത്തിന്റെ എത്രയോ മടങ്ങ് ഇരട്ടി ലാഭം അവര്‍ ഇവിടെ നിന്നും കടത്തിക്കൊണ്ടുപോയി. 79-80 വരെയുള്ള കാലത്ത് മാത്രം അവര്‍ നേടിയ ലാഭം 63 കോടിയായിരുന്നു. പിന്നീട,് അടച്ചുപൂട്ടുമ്പോള്‍ ഏതാണ്ട് നൂറുകോടിയുടെ സ്വത്ത് ബിര്‍ളയ്ക്ക് മാവൂരില്‍ മാത്രമുണ്ടായിരുന്നു.
കമ്പനി ആദ്യം മുതല്‍ മുടക്കിയത് 6 കോടി രൂപയാണ്. 1962 ല്‍ പള്‍പ്പ് ഡിവിഷന്‍ പ്രവര്‍ത്തനം തുടങ്ങി. അതോടെ മാവൂരിന്റെ രൂപം മാറി. പ്രകൃതി നശിച്ചു. വെള്ളം കുടിക്കാന്‍ പറ്റാതായി, വായു ശ്വസിക്കാന്‍ കൊള്ളതായി.


കൊള്ളയടിച്ച പ്രകൃതി സമ്പത്ത്


കേരളത്തിന്റെ വനം മുഴുവന്‍ ബിര്‍ളയുടെ പള്‍പ്പ് ഫാക്ടറിയിലേക്ക് ഒഴുകിയെത്തി. വനസമ്പത്തിന്റെ യഥാര്‍ത്ഥ ഉടമകളായ ആദിവാസികള്‍ക്ക് ഒന്നും കിട്ടിയില്ല. ടണ്ണിന് ഒരു രൂപ മാത്രം മുളയ്ക്ക് വിലയുള്ളപ്പോള്‍ ആദിവാസികള്‍ക്ക് എന്തുകിട്ടാന്‍!. മുളക്ക് പകരം യൂക്കാലിപ്‌സ്റ്റ് മരങ്ങള്‍ മതിയെന്നായപ്പോള്‍ കേരളമെമ്പാടും, അമിതമായി മണ്ണിലെ ജലം വലിച്ചെടുക്കുന്ന യുക്കാലിപ്‌സ്റ്റ് മരങ്ങള്‍ നട്ടുപിടിപ്പിച്ചു. വന്‍ വനനശീകരണം അരങ്ങേറി. കമ്പനി നേരിട്ട് 30,000 ഏക്കര്‍ വനഭൂമി വിലയ്ക്കു വാങ്ങി. അവിടെ അവര്‍ സ്വന്തം ഉപയോഗത്തിനുള്ള യൂക്കാലിപ്‌സറ്റ് മരങ്ങള്‍ വച്ചു പിടിപ്പിച്ചു. അതില്‍ നിന്ന് പ്രതിവര്‍ഷം 1.60 ലക്ഷം ടണ്‍ യൂക്കാലിപസ്റ്റ് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. പള്‍പ്പ് പ്ലാന്റിന്റെ പ്രതിവര്‍ഷ ഉല്‍പാദനശേഷി 72,000 ടണ്ണായിരുന്നു. അതിന് 3.60 ലക്ഷം ടണ്‍ വസ്തുക്കളായിരുന്നു ആവശ്യം. ആദ്യഘട്ടത്തില്‍ സുലഭമായിരുന്നു മുളയ്ക്ക് ദൗര്‍ലഭ്യം നേരിട്ടതോടെ സര്‍ക്കാര്‍ പ്രതിവര്‍ഷം രണ്ടു ലക്ഷം ടണ്‍ വീതം യൂക്കാലിപ്‌സ്റ്റും മുളയും നല്‍കാമെന്നും അത് പിന്നീട് 3.60 ലക്ഷമായി വര്‍ധിപ്പിക്കാമെന്നും കമ്പനിക്ക് വാഗ്ദാനം നല്‍കി.
1999- ല്‍ ലേബര്‍ സെക്രട്ടറി മുമ്പാകെ ഗ്രാസിം സമര്‍പ്പിച്ച രേഖയില്‍ പറയുന്നതനുസരിച്ച് മുമ്പത്തെ പത്തുവര്‍ഷം ഗ്രാസി'മിന് ലഭിച്ചത് 5,37,035 ടണ്‍ മുള, 8.63,132 ടണ്‍ യൂക്കാലിപ്പിസ്റ്റ്, 1,14,804 ടണ്‍ മറ്റ് മരങ്ങള്‍ എന്നിവയാണ്. പ്രതിവര്‍ഷം അവര്‍ക്ക് ലഭിച്ച മരത്തിന്റെ കണക്കറിയാന്‍ ഗ്രാസിം പറയുന്ന കണക്കിനെ 10 കൊണ്ട് ഹരിച്ചാല്‍ മതി.
ബിര്‍ളയ്ക്ക് ഇങ്ങനെ പ്രകൃതി വിഭവങ്ങള്‍ നല്‍കിയതുമൂലം അതിനേക്കാള്‍ ഇരട്ടി ജനങ്ങള്‍ ജോലി കിട്ടുമായിരുന്ന മറ്റ് വ്യവസായങ്ങളും ചെറുകിട ഉല്‍പാദന മേഖലയുമാണ് തകര്‍ന്നുപോയത്. മുളയും മറ്റ് പ്രകൃതി വിഭവങ്ങളും ശാസ്ത്രീയമായി പ്രയോജനപ്പെടുത്തിക്കൊണ്ട് ധാരാളം ചെറുകിട, കുടില്‍ വ്യവസായങ്ങള്‍ക്കുള്ള അവസരം ഇല്ലാതാക്കപ്പെട്ടു. ഇനി ബിര്‍ള സമാഹരിച്ച പണമാകട്ടെ കേരളത്തിന് പുറത്തേക്ക് പോവുകയും ചെയ്തു.


തൊഴിലാളികളെ വച്ച് വിലപേശല്‍


1980 നു ശേഷം ഒരിക്കലും കമ്പനിയില്‍ തൊഴിലാളിക്ക് അര്‍ഹമായ അവകാശങ്ങള്‍ നല്‍കപ്പെട്ടില്ല. 4500 പേര്‍ കമ്പനിയില്‍ തൊഴിലാളികളായിരുന്നു. 10000 പേര്‍ക്ക് പരോക്ഷമായി കമ്പനിയെ ആശ്രയിച്ചു ജീവിക്കുന്നുണ്ടായിരുന്നു. അവരുടെ കുടുംബങ്ങള്‍ കൂടി വരുമ്പോള്‍ ഏകദേശം 60,000 പേര്‍ കമ്പനിയെ ആശ്രയിച്ചാണ് ജീവിച്ചത്. എട്ട് രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിക്കുന്ന 11 യൂണിയനുകള്‍ അവിടെയുണ്ടായിരുന്നു. അതില്‍ നല്ല പങ്കും തൊഴിലാളികളുടെ താല്‍പര്യത്തെ പരിഗണിച്ചിരുന്നില്ല. ഈ തൊഴിലാളികളുടെ പ്രശ്‌നം ഉയര്‍ത്തിക്കാട്ടിയായിരുന്നു കമ്പനി സര്‍ക്കാരിനോട് പലഘട്ടത്തിലും വിലപേശിയത്.
കമ്പനിയില്‍ പതിനഞ്ചും ഇരുപതും വര്‍ഷം പ്രവര്‍ത്തന പരിചയമുള്ള 600 റിസര്‍വ് തൊഴിലാളികള്‍ക്ക് 13 ദിവസമാണ് പണി നല്‍കിയത്. എന്നാല്‍, കോണ്‍ട്രാക്ടര്‍മാര്‍ക്ക് കീഴിലുള്ള ആയിരം പേര്‍ക്ക് മാസത്തില്‍ 26 ദിവസം പണി നല്‍കുകയും ചെയ്തു. 81,82,83 എന്നീ മൂന്നു വര്‍ഷങ്ങളില്‍ ബോണസ് നല്‍കപ്പെട്ടില്ല. കാലഹരണപ്പെട്ട ദീര്‍ഘകാല കരാറുകള്‍ പുതുക്കിയതുമില്ല. ഇതിനെതിരെയുള്ള പ്രതിഷേധമെന്ന നിലയിലാണ് കമ്പനിയില്‍ സമരം എല്ലാ യൂണിനുകളുംകൂടി ഒന്നിച്ച് 1985 ജൂലൈ 7 നാണ് സമരം തുടങ്ങുന്നത്. നാല്‍പത്തുമാസം സമരം നീണ്ടുനിന്നു. മാനേജ്‌മെന്റ് ഒട്ടും വഴങ്ങാതെ കര്‍ശന നിലപാടെടുത്തു. തൊഴിലാളികളുടെ സമരം തങ്ങളുടെ നേട്ടത്തിനായി സര്‍ക്കാരുമായി വിലപേശാന്‍ ഉപയോഗിക്കുകയായിരുന്നു കമ്പനി ഉടമകള്‍. അസംസ്‌കൃത വസ്തുക്കള്‍ കുറഞ്ഞ നിരക്കില്‍ കിട്ടണമെന്ന നിലപാട് മുന്നോട്ട്‌വച്ചു. കരുണാകര സര്‍ക്കാരിനെയും നായനാര്‍ സര്‍ക്കാരിനെയും മാനേജ്‌മെന്റ് നിസാഹയരാക്കി. മൂന്നുവട്ടം മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടന്നെങ്കിലും ഒന്നും സംഭവിച്ചില്ല. അപ്പേഴേക്കും 13 തൊഴിലാളികള്‍ സാമ്പത്തിക ബാധ്യതമൂലം ആത്മഹത്യ ചെയ്തിരുന്നു. മറ്റ് തൊഴിലാളി യൂണിയനുകളുടെ പ്രവര്‍ത്തനത്തില്‍ അസംതൃപ്തി പൂണ്ട്, തൊഴിലാളികളുടെ മുന്‍കൈയില്‍ ഒരു രാഷ്ട്രീയ നേതാവിന്റെയും പിന്തുണയില്ലാതെ രൂപീകരിച്ച ഗ്വാളിയോര്‍ റയോണ്‍സ് ഓര്‍ഗനൈസേഷന്‍ ഓഫ് വര്‍ക്കേഴ്‌സ് (ഗ്രോ) സമരം തനിച്ചേറ്റെടുത്തു. 'ഫാക്ടറി തുറക്കുക, അല്ലെങ്കില്‍ സര്‍ക്കാര്‍ എറ്റെടുക്കുക, രണ്ടും സാധ്യമല്ലെങ്കില്‍ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കി പരിച്ചുവിടുക'എന്നതായിരുന്നു ഗ്രോയുടെ മുദ്രാവാക്യം. 1988 ജനുവരി 6 ന് അനിശ്ചിതകാല നിരാഹാരം എ. വാസുവും മോയിന്‍ബാപ്പുവും തുടങ്ങി. അതോടെ സമരാന്തരീക്ഷത്തില്‍ മാറ്റംവന്നു.
സമരം സംസ്ഥാനത്താകെ പടര്‍ന്നു. എല്ലായിടത്തുന്നിനും ജനങ്ങള്‍ മാവൂരിലേക്ക് എത്തി. പല സംഘടനകളും സമരം ഏറ്റെടുത്തു. കോഴിക്കോടും കണ്ണൂരും മലപ്പുറത്തും ബന്ദു നടന്നു. ഒടുവില്‍ മാനേജ്‌മെന്റിനെകൊണ്ട് അടിയന്തിരമായ ഫാക്ടറി തുറപ്പിക്കാന്‍ വേണ്ടത് ചെയ്യാമെന്നും അതിന് സാധിച്ചില്ലെങ്കില്‍ കേന്ദ സര്‍ക്കാരിനെകൊണ്ട് ഫാക്ടറി ഏറ്റെടുപ്പിക്കാമെന്നുമറ്റുമുള്ള ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സമരം ഫെബ്രുവരി 20 ന് പിന്‍വലിച്ചു.
1985 മുതല്‍ മൂന്നരവര്‍ഷക്കാലം നടന്ന ഐതിഹാസിക സമരം മാനേജ്‌മെന്റിന് എതിരായിരുന്നെങ്കില്‍ അത് ബിര്‍ള സര്‍ക്കാരിനെതിരെ പ്രയോജനപ്പെടുത്തി. 1984-85 ല്‍ സര്‍ക്കാര്‍ അവര്‍ക്ക് ടണ്ണിന് 222 രൂപയ്ക്കാണ് അസംസൃക്ത വസ്തുക്കള്‍ നല്‍കിയത്. അപ്പോള്‍ മുളയ്്ക്ക് മാര്‍ക്കറ്റ് വില 900 രൂപയായിരുന്നു. സമരത്തിന്റെ മറവില്‍ ബിര്‍ള ആവശ്യപ്പെടത് 200 രൂപയ്ക്ക് തങ്ങള്‍ക്ക് മുള ലഭിക്കണം എന്നായിരുന്നു.
സമരം തുടരുന്ന നാളില്‍ ബിര്‍ള എത്ര ശക്തമാണെന്നും സര്‍ക്കാര്‍ എത്ര നിസഹായരാണെന്നും തെളിഞ്ഞു. മാവൂരില്‍ അന്നത്തെ വ്യവസായ മന്ത്രി കെ.ആര്‍.ഗൗരി നടത്തിയ ഒരു പ്രസംഗത്തില്‍ അതുണ്ട്. ''ഞങ്ങള്‍ പറഞ്ഞിട്ട് ബിര്‍ള കേള്‍ക്കുന്നില്ല. നിങ്ങള്‍ (തൊഴിലാളികളും ജനങ്ങളും) ഇനിയെന്തെങ്കിലും ശക്തമായി ചെയ്തലേ രക്ഷയുള്ളൂ'.

പ്രകൃതിയുടെ നാശം; മരണത്തിന്റെ കണക്കുകള്‍


മാവൂരിന് ബിര്‍ള നല്‍കിയത് മരണങ്ങളുടെയും മാരക രോഗങ്ങളുടെയും അന്തരീക്ഷംകൂടിയാണ്. ഫാക്ടറിയിലെ മലിനജലം 1.6 കിലോ മീറ്റര്‍ താഴെ കല്‍പ്പള്ളിയില്‍ ചാലിയാറ്റിലേക്ക് ഒഴുക്കാന്‍ സര്‍ക്കാര്‍ തുടക്കത്തിലേ അനുവാദം നല്‍കി. അതോടെ തീരവാസികളുടെ കുടിവെളളം മുട്ടി. മീന്‍ പിടിച്ചുജീവിച്ച 300 കുടുംബങ്ങളും കക്കാവാരി ജീവിതവൃത്തി കണ്ടെത്തിയ 1500 സ്ത്രീകളും പട്ടിണിയിലായി.
കമ്പനി 1968 ല്‍ റയോണ്‍ നൂല്‍ നിര്‍മിക്കുന്ന സ്‌റ്റേപ്പിള്‍ ഫൈബര്‍ ഫാക്ടറി കൂടി തുറന്നു. അതോടെ അന്തരീക്ഷ മലിനീകരണം അതിന്റെ ഉച്ചസ്ഥായിലായി. പരിസ്ഥിതി മലിനീകരണം പ്രദേശ വാസികളുടെ എതിര്‍പ്പിന് കാരണമായി. 1964 ഫെബ്രുവരി 23 ന് മാവൂരില്‍ ചാലിയാര്‍ ഡിഫന്‍സ് കമ്മറ്റി രൂപീകരിക്കപ്പെട്ടു. ചെറിയ പ്രകടനം നടന്നെങ്കിലും ഗൗരവമായ ചലനങ്ങള്‍ ഒന്നും ഉണ്ടായില്ല. 1974 ല്‍ സംസ്ഥാനത്ത് ആദ്യമായി വാട്ടര്‍ ആക്ട് നിലവില്‍ വന്നു. മലനീകരണ നിയന്ത്രണ ബോര്‍ഡും സ്ഥാപിതമായി. ചാലിയാറ്റിലേക്ക് മലിന ജലം ഒഴുക്കുന്നത് പ്രശ്‌നമായി. ആഭ്യന്തരമന്ത്രി കരുണാകരനുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് മലിന ജലം 7 കിലോമീറ്റര്‍ താഴെ ചുങ്കപ്പള്ളിയില്‍ പുഴയിലേക്ക് തള്ളാന്‍ കമ്പനിക്ക് അനുമതി കിട്ടി.
കമ്പനി മാരാകരോഗങ്ങള്‍ പടര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നു ഇക്കാലമത്രയും. 1995 ല്‍ വാഴക്കാട് പഞ്ചായത്തില്‍ നടന്ന സര്‍വേയില്‍ അഞ്ചുവര്‍ഷത്തില്‍ 213 പേര്‍ കാന്‍സര്‍ ബാധിച്ചു മരിച്ചതായി കണ്ടെത്തി. നടത്തിയ കാന്‍സര്‍ നിര്‍ണയ സര്‍വേയില്‍ പുതുതായി 79 പേര്‍ ക്യാന്‍സര്‍ ബാധിതരാണെന്നും കണ്ടെത്തി. കോഴിക്കോട് ഡി.എം.ഒ. 1995 ല്‍ നടത്തിയ പഠനത്തില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കാന്‍സര്‍ മരണം നടക്കുന്നത് മാവൂരിലും വാഴക്കാടുമാണെന്ന് തെളിഞ്ഞു. അന്ന്
മാവൂര്‍ മേലയില്‍ ആയിരത്തില്‍ 217.3 പേര്‍ക്കും ജല മലിനീകരണം മൂലവും 134.4 പേര്‍ക്കും വായുമലിനീകരണം മുലവുംം രോഗം ബാധിച്ചിരുന്നു. കമ്പനിയിലെ പള്‍പ്പ് ഡിവിഷനില്‍ അഞ്ചുവര്‍ഷത്തിനിടയില്‍ മരിച്ച 98 തൊഴിലാളികളില്‍ 20 പേര്‍ക്കും കാന്‍സറായിരുന്നു.1995 ജൂണ്‍ 23 ന് ചാലയാറിലേക്ക് മാലിന്യം തള്ളുന്ന ടാങ്ക് ശുദ്ധീകരിക്കാന്‍ ഇറങ്ങിയ തൊഴിലാളികളില്‍ മൂന്നുപേര്‍ വിഷവാതകമേറ്റ് മരിച്ചു.
1967 ല്‍ ചാത്തുണ്ണി മാസ്റ്റുടെ നേതൃത്വത്തില്‍ ചാലിയാര്‍ ഡിഫന്‍സ് കമ്മിറ്റി രൂപീകരിച്ചിരുന്നു. കെ.എ. റഹ്മാനായിരുന്നു വൈസ് ചെയര്‍മാന്‍. പിന്നീട് റഹ്മാന്റെ നേതൃത്വത്തിലായിരുന്നു പ്രകൃതിക്കുവേണ്ടിയുള്ള സമരങ്ങള്‍. അരയില്‍ ഡൈനാമിറ്റ് കെട്ടി റഹ്മാന്‍ കമ്പനിക്ക് മുന്നില്‍ പ്രതിഷേധിച്ചു. റഹ്മാന്‍ പിന്നെ കാന്‍സറിന് കീഴടങ്ങി. വാഴക്കാടിന്റെ മുന്‍ പഞ്ചായത്ത് പ്രസിഡന്റും ബ്‌ളോക്ക് പാഞ്ചായത്ത് അംഗവുമായിരുന്നു റഹ്മാന്‍. സമരം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് 2001 ല്‍ കമ്പനി അടച്ചുപൂട്ടാന്‍ തീരുമാനമായി. 1999 മെയ് 10 ന് ഗ്രാസിം ഇല്‍പാദനം നിര്‍ത്തിയിരുന്നു.
അടച്ചു പൂട്ടിയെങ്കിലും മാവൂര്‍ ഇപ്പോഴും ഭീഷണി തന്നെയാണ്. കൂറ്റന്‍ ലഗൂണ്‍ ടാങ്കില്‍ ടണ്‍ കണക്കിന് വിഷമാലിന്യം ഇപ്പോഴൂംമുണ്ട്. ഈ ടാങ്കില്‍ ശേഖരിച്ചാണ്് കമ്പനിയിലെ മാലിന്യങ്ങള്‍ പുഴയിലേക്ക് ഒഴുക്കിയിരുന്ന്. ഈ ടാങ്കിന് വേണ്ടത്ര സുരക്ഷിതത്വമില്ലെന്നത് സര്‍ക്കാരിനുമറിയാം. ടാങ്ക് തകര്‍ന്നാല്‍ മാലിന്യം മുഴുവന്‍ മണ്ണിലേക്ക് ഒലിച്ചിറങ്ങും, നദിയിലേക്കുമെത്തും.
2007 ഏപ്രില്‍ പതിനാറിനാണ് യന്ത്രസാമഗ്രികള്‍ പൊളിച്ച് നീക്കാന്‍ തുടങ്ങിയത്. അത് തന്നെ ഷാന്‍ഫാക്കോ എന്ന കമ്പനിക്ക് 42 കോടിക്കാണ് ലേലത്തിന് നല്‍കിയത്.
കമ്പനി പൂട്ടിയപ്പോള്‍, അന്ന് വരെ നല്ല രീയിയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളും ആശുപത്രിയും അവര്‍ അടച്ചുപൂട്ടി. ഈ രണ്ടു സ്ഥാപനങ്ങളും ജനങ്ങളുടെ പൊതു സ്വത്തായിരുന്നു. മാവൂരിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് പ്രയോജനപ്രദമാവേണ്ട ഇത് ജനങ്ങള്‍ക്ക് വേണ്ടി ഏറ്റെടുക്കാനുള്ള സാമൂഹ്യപ്രതിബദ്ധത സര്‍ക്കാര്‍ കാട്ടിയില്ല. ആരും മിണ്ടിയതുമില്ല. മാവൂരിലും പരിസരപ്രദേശങ്ങളിലും കമ്പനി മൂലം മാരകരോഗങ്ങള്‍ വന്നവര്‍ക്കും അവരുടെ കുടുംബത്തിനും കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി നല്‍കേണ്ടതുണ്ട്. അതിനെപ്പറ്റി ബിര്‍ള ഒന്നും ഇതുവരെ മിണ്ടിയിട്ടില്ല; സര്‍ക്കാരും. ഇപ്പോള്‍ ചാലിയാറിന്റെ തീരത്ത് ഇപ്പോള്‍ മുന്നൂറ്റി ഇരുപതോളം ഏക്കര്‍ കാടുപിടിച്ചു കിടക്കുകയാണ്. തൊഴിലാളികള്‍ താമസിച്ച കുറ്റന്‍ കെട്ടിടങ്ങള്‍ പ്രേതഭവനങ്ങള്‍പോലെ പേടിപ്പിക്കുന്ന വിധത്തില്‍ നിലകൊള്ളുന്നു.

മാവൂരില്‍ ഇനി?

മാവൂരിന്റെ ഒന്നും രണ്ടും സമരങ്ങള്‍ (1985 ലെ പണിമുടക്കവും, ചാലിയാര്‍ സമരവും) കുറേയേറെ പാഠങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ വീണ്ടും ബിര്‍ള വരണമെന്നത് ആരുടെ താല്‍പര്യം എന്ന ചോദ്യമുയരുന്നു.
4000 കോടി രൂപയുടെ ഐടി ആന്‍ഡ് ബയോടെക് നോളജ് പാര്‍ക്കും ബിര്‍ള ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സസ് (ബി.ഐ.ടിഎസ്) കോഴിക്കോട് തുടങ്ങാനാണ് ധാരണ. ഇതിന് 2010 മേയില്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ് തത്വത്തില്‍ അംഗീകാരം നല്‍കിയതായി അറിയുന്നു. നോളജ് പാര്‍ക്ക് ഇന്ത്യയില്‍ തന്നെ ഏറ്റവും വലുതാവുമെന്നാണ് വയ്പ്പ്. 2005 മുതല്‍ പലപ്പോഴായി ബിര്‍ളയുടെ വിവിധ പദ്ധതികള്‍ വരുന്നുവെന്ന് പറഞ്ഞുകേള്‍ക്കുന്നുണ്ട്. വ്യവസായ മന്ത്രി എളമരം കരീമും പലവട്ടം ഇത് ജനങ്ങളോട് മാധ്യമങ്ങള്‍ക്കു മുമ്പില്‍ പറഞ്ഞിട്ടുണ്ട്. പുതിയ സംരംഭത്തില്‍ ഒരു ലക്ഷം പ്രൊഫഷണലുകള്‍ക്ക് നേരിട്ടും മൂന്ന് ലക്ഷം പേര്‍ക്ക് പരോക്ഷമായും ജോലി നല്‍കുമെന്നാണ് എളമരം കരീമിന്റെയും അവകാശ വാദം.
ബിര്‍ള വരണമെന്ന് മാവൂരിലെ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്ന് തോന്നുന്നില്ല. താല്‍പര്യമുള്ള പ്രമുഖരില്‍ ഒരാള്‍ എളമരം കരീമാണ്. മാവൂര്‍ റയോണ്‍സില്‍ തൊഴിലാളിയായിട്ടാണ് എളമരം കരീമിന്റെ തുടക്കം. പിന്നീട് മാവൂര്‍ ഗ്രാസിം ഇന്‍ഡസ്ട്രീസ് വര്‍ക്കേഴ്‌സ് യൂണിയന്റെ പ്രസിഡന്റായി കരിം. അന്നത്തെ 'കരീ'മിനെപ്പറ്റി 'ഗ്രോ'യുടെ നോട്ടീസുകളില്‍ നന്നായി പറയുന്നുണ്ട്! ഇടയ്ക്ക് കരീം ജനങ്ങളോട് ചില വീരവാദങ്ങള്‍ മുഴക്കി. 'അടിയന്തരമായി മറ്റൊരു വ്യവസായ പദ്ധതി ബിര്‍ള കൊണ്ടുവന്നില്ലെങ്കില്‍ ഭൂപരിഷ്‌കരണ നിയമത്തിന്റെ വകുപ്പുകള്‍ ഉപയോഗിച്ച് സ്ഥലം ഏറ്റെടുക്കും'. രണ്ട് വര്‍ഷം മുമ്പായിരുന്നു ആ പ്രഖ്യാപനം.
യഥാര്‍ത്ഥത്തില്‍ ബിര്‍ള തന്നെ വരണമെന്ന് ശഠിക്കുകയല്ല വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചെയ്യേണ്ടത്. പകരം മാവൂരിലുള്ള 320 ഏക്കര്‍ ഭൂമി ഭൂപരിഷ്‌കരണ നിയമത്തിന്റെ വശങ്ങള്‍ ഉപയോഗിച്ച് ഒന്നുകില്‍ പിടിച്ചെടുക്കുകയോ ഏറ്റെടുക്കുയോ ചെയ്യുകയാണ്ം. അത് എളുപ്പമുള്ള നടപടിയല്ല. നിയമം കോടതിയില്‍ വര്‍ഷങ്ങളുടെ പോരാട്ടത്തിന് ഇടനല്‍കും. എന്നാല്‍ നിശ്ചയദാര്‍ഢ്യമുള്ള ഒരു സര്‍ക്കാരിന് അസാധ്യവുമല്ല. ഈ ഭൂമി സര്‍ക്കാര്‍ മുമ്പ് ബിര്‍ളയ്ക്ക് കുറഞ്ഞ വിലയ്ക്ക് നല്‍കിയതാണ്. ഈ ഭൂമി ഏറ്റെടുത്തുകൊണ്ട് മുമ്പ് കമ്പനിമൂലം രോഗബാധിതരായവര്‍ക്കും ഇപ്പോഴൂം അവശതയനുഭവിക്കുകയും ചെയ്യുന്ന ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം. ഇനി അതുമല്ലെങ്കില്‍ ആ ഭൂമി പ്രകൃതിക്ക് ദോഷമാവാത്ത മറ്റ് ബദല്‍ വ്യവസായ സംരംഭങ്ങളെയോ പരമ്പാരഗത കരകൗശലമേഖലയെയോ പ്രോത്സാഹിപ്പിക്കാനായി ഉപയോഗിക്കാം. മറ്റൊരു കണക്കനുസരിച്ച് ഈ ഭൂമി ഏറ്റെടുത്താല്‍ 3200 ഭൂരഹിത കുടുംബങ്ങളെ താമസിപ്പിക്കാനാകും. ഇത്തരം സാധ്യതകള്‍ നിലനില്‍ക്കുമ്പോഴാണ് ബിര്‍ളയെ തന്നെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. കരീമിന് ബിര്‍ളയെ കൊണ്ടുവന്നേ പറ്റൂ. അടുത്ത തവണത്തെ വിജയത്തിന് മാവൂരില്‍ താന്‍കൊണ്ടുവരാന്‍ പോകുന്ന വലിയ തൊഴില്‍ അവസരങ്ങളെപ്പറ്റി പറഞ്ഞ് വോട്ടാക്കണം.
ബിര്‍ള വന്നാല്‍ അവരെ സംസ്ഥാനത്തിന്റെ താല്‍പര്യത്തിന് വിധേയമാക്കാമെന്ന ഒരുറപ്പും നമുക്കില്ല. സംസ്ഥാനത്തിന് താല്‍പര്യമുളവാകുന്ന ഒരു സാമ്പത്തിക, സാമൂഹ്യ, വ്യവസായിക ഇടപാടിന് മാത്രമേ സര്‍ക്കാര്‍ നില്‍ക്കാന്‍ പാടുള്ളൂ. മാവൂരിലെ അനുഭവം വച്ച് കുറ്റവാളികളായി പരിഗണിക്കപ്പെടേണ്ട വന്‍ വ്യവസായ സ്ഥാപനത്തെ വീണ്ടും എഴുന്നള്ളിക്കുമ്പോള്‍ മുന്‍കാല കുറ്റങ്ങള്‍ റദ്ദാക്കപ്പെടുകയാവും സംഭവിക്കുക.
ഇനി ബിര്‍ള വരുമ്പോള്‍ പഴയ അവസ്ഥയല്ല ഇവിടെയുള്ളത്. 1985 ലെയോ 1990 കളുടെ ഒടുവില്‍ നടന്ന രണ്ടാം സമരമോ സാധ്യമാകില്ല. തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി, പഴയരീതിയില്‍ സമരം പോലും സാധ്യമല്ല. പൊതുയോഗത്തിനും പ്രകടനത്തിനും വിലക്കുണ്ട്. ബന്ദിന് നിരോധനം. 'സെസ്' പദവികൂടിയുണ്ടെങ്കില്‍ ഒരു പ്രതിഷേധവും വളരാത്ത വിധത്തിലുള്ള സംവിധാനങ്ങള്‍ വേറെ. അടിച്ചമര്‍ത്താന്‍ കേന്ദ്ര സേനയും അതിന്റെ സൗകര്യങ്ങളും ധാരാളം. സംഘടിത തൊഴിലാളി യുണിയനുകള്‍ക്ക് തിരിച്ചടിയേറ്റിട്ടുണ്ട്.
മാവൂരിനെ ഒരിക്കല്‍ അപായപ്പെടുത്തുന്നതിന് മുമ്പ് വളരെയേറെ ചിന്തിക്കേണ്ടതുണ്ട്.ഏത് തരത്തിലും നഷ്ട ഇടപാടായിരുന്നു ബിര്‍ളയുമായുള്ള മുന്‍ ബന്ധം. പുതിയ ചുവുടകള്‍ക്ക് പഴയ മാവൂര്‍ ഒരു മുന്നറിയിപ്പാണ്. നമ്മള്‍ നേടാന്‍ പോകുന്ന വിജയങ്ങള്‍ക്കും പരാജയങ്ങളുടെയും ഒരു സൂചകവും.


പച്ചക്കുതിര
2011 ജനുവരി

No comments:

Post a Comment