Thursday, December 16, 2010

വെന്‍ ജിയാബോയ്ക്ക് ഒരു തുറന്ന കത്ത്

http://www.doolnews.com/tensin-suntwu-letter-to-wen-jia-bo-478.html




വെന്‍ ജിയാബോയ്ക്ക് ഒരു തുറന്ന കത്ത്

പ്രിയ മിസ്റ്റര്‍. വെന്‍ ജിയാബോ,
ഞാന്‍ താങ്കളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു. ഈ രാജ്യത്തെ പൗരനല്ല ഞാനെങ്കിലും. ഞാനിവിടെ പ്രവാസിയാണ്. പ്രവാസിയായിട്ടാണ് ഞാന്‍ ഇവിടെ ജനിച്ചതും വളര്‍ന്നതും. എനിക്കറിയാവുന്ന ഏക വീട് ഇന്ത്യയാണ്. തിബത്തന്‍ അഭയാര്‍ത്ഥികളുടെ രണ്ടാം തലമുറയില്‍ പെട്ടയാളാണ് ഞാന്‍- 1959 ല്‍ ചൈനീസ് അധിനിവേശം നടന്നതിനെ തുടര്‍ന്ന്, തങ്ങളുടെ നേതാവ് ദലൈലാമയുടെ കാലടികള്‍ പിന്തുടര്‍ന്ന് തിബത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ പിന്‍തലമുറയില്‍പെട്ടൊരാള്‍.
2005 ഏപ്രിലില്‍ 10 ന് താങ്കള്‍ അവസാനം ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍, അന്ന് ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിന്റെ താഴത്തെ നിലയില്‍ താങ്കള്‍ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍, പെട്ടന്ന് മാധ്യമ സംഘം ആ ഹാള്‍ വിട്ട് പുറത്തേക്ക് ഓടി; താങ്കളെ ഏകനായി പ്രസംഗിക്കാന്‍ വിട്ട്. ആരോ ആ പൈതൃക കെട്ടിടത്തിന്റെ മണിഗോപുരത്തില്‍ കയറി തിബറ്റനെ സ്വതന്ത്രമാക്കുക എന്ന ബാനര്‍ ഉയര്‍ത്തുകയും മുദ്രാവാക്യവും മുഴക്കിയതുമാണ് അതിന് കാരണമായിരുന്നത്. അത് ഞാനായിരുന്നു.
ഇന്ന് ഞാന്‍ തുറന്ന ഒരു കത്ത് താങ്കള്‍ക്ക് എഴുതുകയാണ്. ഒരു ദശാബ്ദം മുമ്പേ താങ്കളെപ്പറ്റി കേട്ടിട്ടുണ്ട്. ചൈനയിലെ ലിബറല്‍ നേതാക്കളില്‍ പെടുന്ന ഒരാളെന്ന നിലയില്‍. ചൈനയ്ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും ജനാധിപത്യവും കൊണ്ടുവരാനെന്ന പേരില്‍ താങ്കള്‍ അടുത്തിടെ നടത്തിയ പരിഷ്‌കരണ ആഹ്വാനം അന്താരാഷ്ട്ര സമൂഹത്തിലെമ്പാടും പ്രതിധ്വനികള്‍ മുഴക്കിയിരുന്നു. താങ്കളുടെ സ്വന്തം രാജ്യത്തിലെ അഭിലാഷങ്ങളുള്ള, വിദ്യാസമ്പന്നരായ യുവാക്കളുടെ പിന്തുണ താങ്കള്‍ക്കുണ്ട്.
ചൈനയില്‍ ജനാധിപത്യവും മനുഷ്യാവകാശങ്ങളും കൊണ്ടുവരാനായി വിശ്രമമില്ലാതെയും ധീരവുമായി പ്രവര്‍ത്തിക്കുന്ന ചൈനീസ് എഴുത്തുകാര്‍, കവികള്‍, സിനിമാ സംവിധായകര്‍, ആക്റ്റിവിസ്റ്റുകള്‍ എന്നിവരുടെ ഐതിഹാസ സമരം ഞാന്‍ സൂഷ്മമായി പിന്തുടരാറുണ്ട്. അവരില്‍ പലരും ‘രാജ്യദ്രോഹം’, ‘രാജ്യത്തിന്റെ രഹസ്യങ്ങള്‍ വില്‍ക്കല്‍’ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട് തുടര്‍ച്ചയായി അറസ്റ്റ് ചെയ്യപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ ചെയ്യുന്നു. ചൈനയുടെ ആദ്യ നോബല്‍ സമ്മാന ജേതാവ് ലിയു സിയാബോ അതിന്റെ നക്ഷത്രം പോലെ തിളങ്ങുന്ന ഉദാഹരണമാണ്. അദ്ദേഹം ഒരു സമാധാന പോരാളിയാണ്, ഒരു പുതിയ ലോകത്തിന്റെ നായകന്‍. ലിയു 1989-ല്‍ തിയാന്‍മെന്‍ സ്‌ക്വയറില്‍ പ്രകടനം നടത്തുമ്പോള്‍ ഞാനൊരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. സ്വതന്ത്ര ലോകത്തിനാവശ്യമായ പരിഷ്‌കരണങ്ങള്‍ക്കും അഭിപ്രായസ്വാതന്ത്ര്യത്തിനും സാര്‍വലോക അവകാശത്തിനും വേണ്ടി ജീവിതവും സ്വാതന്ത്ര്യവും ബലികഴിച്ച ആ പോരാളികളെ, അതായത് ചൈനീസ് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ബുദ്ധിജീവികള്‍, തൊഴിലാളികള്‍ എന്നിവരെ ആദരിച്ചുകൊണ്ടാണ് ഞാന്‍ വളര്‍ന്നത്.
ആധുനിക ചൈനയുടെ ഈ മക്കളാണ് ഭാവിയിലെ ജനകീയ പരാമാധികാരത്തിന്റെ യഥാര്‍ത്ഥ രക്ഷിതാക്കള്‍. അവര്‍ നിങ്ങളുടെ രാജ്യത്തെ സാമ്പത്തിക വികാസത്തെ അഭിനന്ദിക്കുകയും അതിന്റെ നേട്ടം പ്രയോജനപ്പെടുത്തുകയും ചെയ്യുമ്പോള്‍ തന്നെ പൗരസമൂഹത്തിന്റെ സാര്‍വത്രിക മാദണ്ഡങ്ങളുടെ പരിധികള്‍ വലുതാക്കുന്നതിനായുള്ള തങ്ങളുടെ പ്രവര്‍ത്തനം ഒരിക്കലും നിര്‍ത്തുന്നില്ല. ഈ ധീരരായ ചെറുപ്പക്കാര്‍ ലോകത്തിലെ പുതിയ ചെറുപ്പക്കാരുടെ തലമുറയെ പ്രചോദിപ്പിക്കുകയും ഉണര്‍ത്തുകയും ചെയ്തിട്ടുണ്ട്.
ഭരണഘടനയുടെയും നിയമവ്യവസ്ഥയുടെയും തത്വങ്ങള്‍ മുറുകെപിടിക്കുന്ന പുതിയ ഐശ്വര്യപൂര്‍ണ ചൈനയുമായി ബിസിനസ് നടത്തുന്നത് ലോകത്തിന് എളുപ്പമായിരിക്കും. ഈ നിമിഷത്തില്‍ ഒന്നുകില്‍ ലോകം നിങ്ങളുടെ ഉഗ്രമായ സൈനിക ശക്തിയിയെ ഭയപ്പെടുന്നു. അല്ലെങ്കില്‍ നിങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന സാമ്പത്തിക കരുതല്‍ ധനത്തെ അവര്‍ക്കാവശ്യമുണ്ട്. ഈ ധനം നിങ്ങളുണ്ടാക്കിയത് പാശ്ചാത്യ കോര്‍പ്പറ്റേറ്റുകള്‍ക്ക് വിലകുറഞ്ഞ ചൈനീസ് അധ്വാനം (അടിമവേല) വിറ്റിട്ടാണ്. ദക്ഷിണ മംഗോളിയ, കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍ (നിങ്ങള്‍ സിന്‍ജിയാംഗ് എന്ന് മുദ്രകുത്തുന്ന സ്ഥലം), തിബത്ത് തുടങ്ങിയ നിങ്ങള്‍ അധിനിവേശപ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ള അനിയന്ത്രിതമായ രീതിയില്‍ കവര്‍ന്നെടുക്കുന്ന ധാതുനിക്ഷേപങ്ങളുയും പ്രകൃതി വിഭവങ്ങളുടെയും കാര്യം പറയുകയും വേണ്ട. ചൈനയിലെ വലിയ പ്രശ്‌നങ്ങളില്‍ തിബത്താണ് ഒരു വലിയ ഘടകം.
നിങ്ങളുടെ ‘നാടോടികളെ അധിവസിപ്പിക്കല്‍ പദ്ധതിയില്‍’ ആയിരക്കണക്കിന് തിബത്തന്‍ നാടോടികള്‍ തങ്ങളുടെ വളരെയധികം വരുന്ന യാക്കുകളെയും ചെമ്മരിയാടുകളെയും വിറ്റ് എവിടെയൊക്കെയോ ആയി തീപ്പെട്ടി വലിപ്പമുള്ള കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്‍ കഴിയാന്‍ വിധിക്കപ്പെട്ടരിക്കുന്നു. ഒരു നൂറ്റാണ്ട് മുമ്പ് തദ്ദേശീയ അമേരിക്കന്‍ ജനതയെ അമേരിക്കന്‍ ഐക്യനാടുകള്‍ ‘സംവരണസ്ഥലങ്ങളി’ലേക്ക് ആട്ടിയോടിച്ചതിന് സമാനമായിട്ടാണിത്. അഭിമാനികളായ തിബത്തന്‍ നാടോടികള്‍ ചരിത്രത്തിലെമ്പാടും സ്വതന്ത്രമായി ചുറ്റി സഞ്ചരിക്കുകയും സമ്പുഷ്ടമായ സംസ്‌കാരത്തെ ആസ്വദിക്കുകയും, മിതമായ രീതിയില്‍ ജീവിക്കുകയും ചെയ്തു. ഇന്ന് ഖനികള്‍ക്കും, സൈനിക വിമാനത്താവളങ്ങള്‍ക്കും, റോഡിനും, റെയില്‍വേ സൗകര്യങ്ങള്‍ക്കുമായി തങ്ങളുടെ പരമ്പരാഗത മേച്ചില്‍ സ്ഥലങ്ങള്‍ കുഴച്ചുനീക്കപ്പെടുന്നത് അവര്‍ക്ക് നിസഹായരായി കണ്ടുനില്‍ക്കേണ്ടി വരുന്നു. നാടോടി ബാലന്‍മാര്‍ വഴിയരികിലെ ചൈനീസ് തട്ടുകടകളില്‍ പാത്രം കഴുകുന്നു. ചെറുപ്പക്കാരികളായ നാടോടി പെണ്‍കുട്ടികള്‍ എളുപ്പം വേശ്യാവൃത്തിയിലേക്ക് വലിച്ചിഴക്കപ്പെട്ടുന്നു.
ഈ വര്‍ഷം, ഭൂകമ്പം യുഷുവിലെ ജയികുഡോ മേഖലയില്‍ ആഞ്ഞടിച്ചപ്പോള്‍ താങ്കളായിരുന്നു തിബത്തന്‍ ജനങ്ങള്‍ക്കടുത്തെത്തിയ ആദ്യ ചൈനീസ് നേതാവ്. ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട നദികളുടെ നീര്‍മറിയാണ് യുഷുവെന്ന് താങ്കള്‍ സ്വയം കണ്ടതാണ്. തിബത്തില്‍ നിന്ന് ഉത്ഭവിക്കുന്ന നദികളാണ് സിന്ധു, സത്‌ലജ്, ബ്രഹ്മപുത്ര, സല്‍വീന്‍, മെക്കോംഗ്, യാങ്ട്‌സി, മഞ്ഞ നദി എന്നിവയ്ക്ക് വെള്ളം നല്‍കുന്നതും, ദക്ഷിണ ഏഷ്യയിലും ചൈനയിലുമുള്ള ഒന്നരലക്ഷം കോടിയിലേറെ ജനങ്ങള്‍ക്ക് ജീവജലം പകരുന്നതും. പക്ഷേ, ഈ നദികള്‍ താഴേക്കുള്ള ഒഴുക്കിനിടയില്‍ പലയിടത്തായി അണക്കെട്ടി തടഞ്ഞിരിക്കുകയാണ്. പ്രത്യേകിച്ച് ബ്രഹ്മപുത്ര എന്ന പേരില്‍ ഇന്ത്യയിലേക്ക് ഒഴുകുന്ന യാര്‍ലുംഗ് സാങ്‌പോ നദിയില്‍. പുതിയ സാഹചര്യങ്ങള്‍ ഈ നദികളുടെ ഗതിമാറ്റും. മഹാവിപത്തുകള്‍ക്ക് കാരണമാകുന്ന വെള്ളപ്പൊക്കം ഇപ്പോള്‍ തന്നെ തിബത്തന്‍ പീഠഭൂമിയില്‍ നിന്ന് പതിക്കുന്ന നദികളെ ബാധിച്ചിട്ടുണ്ട്. ഇവ ദക്ഷിണേഷ്യയുടെയയും അതിന്റെ പൗരന്‍മാരെയും ദോഷകരമായി ബാധിക്കുന്ന ഭൗമ-രാഷ്ട്രീയത്തെപ്പറ്റി ബെയ്ജിംഗിന് ധാരണയില്ലേ?
2008 ലെ തിബത്തിലെ ഉയര്‍ത്തെഴുന്നേല്‍പ്പിനെ ജനകീയ വിമോചന സേന (പി.എല്‍.എ) നിഷ്ഠൂരമായി അടിച്ചമര്‍ത്തി. ഇന്ന്, തിബത്ത് എന്നത് അത്യധികമായി സൈനികവല്‍ക്കരിക്കപ്പെട്ട ഇടമാണ്. അവിടെ സ്ഥിരമായി തന്നെ ഭീതിയുടെയും സംശയത്തിന്റെയും കീഴിലാണ് ജനങ്ങള്‍ കഴിയുന്നത്. തിബത്തന്‍കാരെയും ഉയിഗുര്‍കളെയും പീഡനങ്ങള്‍ നടക്കുന്നുവെങ്കിലും ചൈനയെന്നത് ഭീകരവാദികളുടെ ഭീഷണയില്ലാത്ത രാജ്യങ്ങളിലൊന്നാണ്. താങ്കളും താങ്കളുടെ ബിസിനിസ് പ്രതിനധികളും ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുമ്പോള്‍ ഞങ്ങള്‍ തെരുവിലിറങ്ങുകയും സമാധാനപവും അക്രമരഹിതവുമായ പ്രതിഷേധങ്ങള്‍ നടത്തുകയും ചെയ്യുകയാണ്. എന്നാല്‍, ചൈനീസ് വിമാനങ്ങള്‍ റാഞ്ചിയെടുക്കപ്പെടുമോ? ലോകനേതാവിനെ കൊല്ലാനായി ചാവോര്‍ബോംബുമായി ആളുകള്‍ വരുമോ? ഇല്ല.
ഞങ്ങളുടെ പോരാട്ട ധാര്‍മികതയും സ്വയം നിയന്ത്രണങ്ങളും ഉറച്ചതാണ്. കാരണം. ഞങ്ങള്‍ക്ക് ഇപ്പോഴും അക്രമരാഹിത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. ദലൈലാമ മുറുകെപിടിക്കുന്ന അക്രമരാഹിത്യത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. അദ്ദേഹം മുന്നോട്ട്‌വച്ച ‘ജനകീയ പരാമധികാര ചൈനയ്ക്കുള്ളില്‍ ശരിയായ സ്വയംഭരണം എന്ന നിര്‍ദേശത്തെ പോലും ചൈന പൂര്‍ണമായും തിരസ്‌കരിക്കുകയാണ്. താങ്കള്‍ ഇന്ത്യയില്‍ മൂന്നു ദിവസം ഇന്ത്യയിലുണ്ട്. എന്തുകൊണ്ട് ഈ സമയം അദ്ദേഹത്തോട്് സംസാരിക്കാനായി താങ്കള്‍ക്ക് വിനിയോഗിച്ചുകൂടാ?
1960കള്‍ എന്നത് മുതിര്‍ന്ന തിബത്തന്‍ തലമുറ തിബത്തിന്റെ ഭാവിയെപ്പറ്റി ആകുലതപ്പെട്ടിരുന്ന സമയമാണ്. ഇന്ന്, ആ സമരം തിബത്തിനകത്തും പുറത്തും തിബത്തന്‍കാരായ ചെറുപ്പക്കാര്‍ നടത്തികൊണ്ടിരിക്കുയാണ്. അടുത്ത വര്‍ഷം ഞങ്ങള്‍, പ്രവാസ സര്‍ക്കാരിന്റെ പുതിയ പ്രധാനമന്ത്രിയെയും 44 അംഗങ്ങളെയും തെരഞ്ഞെടുക്കും. ഇന്ന് കൂടുതല്‍ വിദ്യാഭ്യാസത്തോടെ, വൈദഗ്ധ്യത്തോടെ, സാമ്പത്തികമായ നല്ല അസ്തിത്വത്തോടെ തിബത്തന്‍ ചെറുപ്പക്കാര്‍ വളരുകയും അന്താരാഷ്ട്ര ബന്ധങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അസ്തിത്വത്തെപ്പറ്റിയുള്ള ആകുലതകള്‍ അവര്‍ക്കുള്ളില്‍ ജ്വലിച്ചുകൊണ്ടിരിക്കുന്നു. സത്യമെന്താണെന്നാല്‍, ഞങ്ങള്‍ ഒരു രാജ്യത്തിന്റെയും പൗരന്‍മാരല്ല. ഞങ്ങള്‍ അനിശ്ചിതത്വത്തില്‍ കഴിയുന്നവരാണ്. അതുകൊണ്ടു തന്നെ പോരാട്ടമെന്നത് ഞങ്ങളുടെ മാതാപിതാക്കളെയും മുത്തശ്ശന്‍മാരെക്കാളും ഞങ്ങള്‍ക്ക് പ്രധാനപ്പെട്ടതാണ്. അതിനാല്‍ ചെറപ്പക്കാര്‍ക്കിടയില്‍ സ്വാതന്ത്ര്യമെന്ന ആവശ്യം ശക്തമാണ്. അടുത്തിടെ തിബത്തില്‍ വന്ന വിദ്യാഭ്യാസ നയമാറ്റം തിബത്തന്‍ പാഠപുസ്തകങ്ങളെ ഇല്ലാതാക്കിയിട്ടുണ്ട്. അത് ചൈനീസ് ഭാഷ കൈയടക്കി. ഇത് ഞങ്ങളുടെ ജനതയുടെയും രാഷ്ട്രത്തിന്റെ അതിജീവനം സ്വാതന്ത്രത്തിനു മാത്രമേ ഉറപ്പാക്കാനാവൂ എന്ന വ്യക്തമായി പറയുന്നു. അത് ഞങ്ങളെ കൂടുതല്‍ ഐക്യപ്പെടുത്തുന്നു. അറുപത് വര്‍ഷത്തെ ചൈന-ഇന്ത്യാ ബന്ധമെന്നത് തിബത്തിനുമേലുള്ള ചൈനീസ് അധിനിവേശത്തിന്റെ അറുപതാം വര്‍ഷമെന്നതിന്റെ കൂടി അടിവരയിടലാണ്.
മിസ്റ്റര്‍ പ്രധാനമന്ത്രി, താങ്കള്‍ 2012 ല്‍ വിരമിക്കുകയാണ്. റെന്‍ ഷി ജിയാന്‍ സി ക്യു യാന്‍ യി ഷാന്‍ (മരണത്തോട് അടുക്കുമ്പോള്‍ ഒരു മനുഷ്യന്‍ സത്യം പറയും) എന്ന ഒരു ചൊല്ല് ചൈനയിലുണ്ട്. ഇതാണ് ചൈനീസ് ജനതയുടെ യഥാര്‍ത്ഥ ആഗ്രഹങ്ങള്‍ തുറന്നുപറയേണ്ട സമയം. മിസ്റ്റര്‍ പ്രധാനമന്ത്രി, അത് താങ്കളേക്കാള്‍ മറ്റാര്‍ക്കും നന്നായി ചെയ്യാനാവില്ല,

ടെന്‍സിന്‍ സുന്‍ന്ത്യു
ധരംശാല
ഡിസംബര്‍ 14, 2010


മൊഴിമാറ്റം: ആര്‍.കെ.ബിജുരാജ്.



തെന്‍സിന്‍ സുന്‍ന്ത്യു
ഇന്ത്യയിലെ തിബത്തന്‍ അഭയാര്‍ത്ഥി. ആക്റ്റിവിസ്റ്റ്, മനുഷ്യാവകാശ-ജനാധിപത്യ പ്രക്ഷോഭകാരി, കവി. ഹിമാചാല്‍ പ്രദേശിലെ മണാലിയില്‍ ജനിച്ചു. ധരംശാലയിയിലെ തിബത്തന്‍ ചില്‍ഡ്രന്‍സ് വില്ലേജ് സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. ചെന്നൈയിലും മുംബൈയിലും കോളജ് വിദ്യാഭ്യാസം. മുംബൈ സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷിലും ഫിലോസഫിയിലും ബിരുദാനന്തരബിരുദം. ‘ക്രോസിംഗ് ദ ബോര്‍ഡറാ’ണ്് ആദ്യ കവിതാ സമാഹാരം. ‘കോറ’, ‘ഷെംഷുക്ക്’ എന്നിവയാണ് കൃതികള്‍.
ചൈനീസ് പ്രധാനമന്ത്രിമാരുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ സുരക്ഷാക്രമീകരണങ്ങള്‍ മറികടന്ന് തിബത്തന്‍ പതാകവീശി പ്രതിഷേധിച്ചതോടെ അന്താരാഷ്ട്ര പ്രശസ്തനായി. ‘ഫ്രണ്ട്‌സ് ഓഫ് തിബത്ത്’ എന്ന സംഘടനയുടെ നേതാക്കളില്‍ ഒരാള്‍. ഇപ്പോള്‍ ധരംശാലയില്‍ താമസിക്കുന്നു.

No comments:

Post a Comment