Friday, July 23, 2010

സഖാവെ, എവിടെ മറന്നുവച്ചു പൊടിയനുള്ള ആ ചുവന്നഹാരം?

സംഭാഷണം
ടി.എ. പൊടിയന്‍/ബിജുരാജ്




ആരുമെത്തിയില്ല. ജീവപര്യന്തം തടവുശിക്ഷ കഴിഞ്ഞ് ജയിലില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍, തൊഴിലാളി പ്രവര്‍ത്തകനും തൊഴിലാളിയുമായ സഖാവ് ടി.എ. പൊടിയനുവേണ്ടി ഒരു രക്തഹാരം ആരും കാത്തുവച്ചിരുന്നുമില്ല. നക്‌സലൈറ്റുകള്‍ ജയില്‍മോചനം അറിഞ്ഞുവോയെന്നും സംശയം. ആരും തന്നെക്കാത്ത് വരാനില്ലെന്ന് അറിയാമെന്നതുകൊണ്ട് തന്നെ പൊടിയന്‍ അടുത്ത വണ്ടിക്ക് പൂജപ്പുരയില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചു. ഒരാളോടും ഒരു പരിഭവും മനസില്‍ സൂക്ഷിക്കാതെ.
ഇരുപത്തിയൊമ്പതുവര്‍ഷം മുമ്പ് ആലപ്പുഴ കാഞ്ഞിരംചിറയില്‍ സോമരാജന്‍ എന്ന കയര്‍ മുതലാളിയെ ഉന്മൂലനം ചെയ്ത കേസിലെ പ്രതിയാണ് പൊടിയന്‍. നക്‌സലൈറ്റ് ഉന്മൂലനത്തില്‍ നേരിട്ടോ പരോക്ഷമായോ പങ്കാളിയായിരുന്നില്ല. തീര്‍ത്തും നിരപരാധി. സി.പി.ഐ. പ്രവര്‍ത്തകനായിരുന്ന പൊടിയനെ അന്നത്തെ സി.പി.എം. നേതൃത്വം കേസില്‍ കുടുക്കുകയായിരുന്നു.
കാഞ്ഞിരംചിറ സ്വദേശിയായ തൈപ്പറമ്പില്‍ അന്ത്രപ്പന്‍ പൊടിയന്‍ തുടക്കം മുതലേ ഇടതുപക്ഷത്തോടൊപ്പമായിരുന്നു. സി.പി.ഐയുടെ യുവജന വിഭാഗത്തിന്റെ പ്രാദേശിക നേതാവ്. ജീവിതചെലവ് കണ്ടെത്താന്‍ ചെറിയ കച്ചവടം. പക്ഷേ, 1980 മാര്‍ച്ചില്‍ നടക്കുന്ന നക്‌സലൈറ്റ് ഉന്മൂലനം പൊടിയന്റെ ജീവിതം ആകെ മാറ്റി മറിച്ചു. അപ്പോള്‍ 25 വയസ്. നക്‌സലൈറ്റ് കേസില്‍ വിചാരണത്തടവുകാരനായിരിക്കുമ്പോള്‍ നക്‌സലൈറ്റായി. ജയിലിലും പരോളിലും ഒളിവിലുമായി പിന്നെ ഇരുപത്തൊമ്പത് വര്‍ഷങ്ങള്‍. ഒടുവില്‍ വളരെ വൈകി അടുത്തിടെ മോചനം.
പഴയ സഹപ്രവര്‍ത്തകര്‍ ഇപ്പോള്‍ വിവിധ താവളങ്ങളില്‍. പ്രവര്‍ത്തിക്കുന്നവര്‍ക്കാകട്ടെ പഴയകാലത്തിനെ ഓര്‍ക്കാനും സമയമില്ല. എം.എന്‍. രാവുണ്ണി, വെള്ളത്തൂവല്‍ സ്റ്റീഫന്‍ ഉള്‍പ്പടെയുള്ള ഒമ്പത് നക്‌സലൈറ്റ് തടവുകാരാണ് ഇതിനുമുമ്പ് ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചവര്‍. സാംസ്‌കാരിക കേരളം നിരന്തരം നടത്തിയ പ്രക്ഷോഭത്തിലൂടെ 1985 ലായിരുന്നു അവരുടെ മോചനം. അതിനുശേഷം ആദ്യമായിട്ടാണ് ഒരു നക്‌സലൈറ്റ് പ്രവര്‍ത്തകന്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങുന്നത്. പക്ഷേ, പൊടിയന്റെ ജയില്‍ മോചനത്തിന് ഒരു ശബ്ദവും ഒച്ചത്തില്‍ മുഴങ്ങിയില്ല. നക്‌സലൈറ്റ് പ്രവര്‍ത്തകര്‍ മറന്നുപോയതാവാം. അല്ലെങ്കില്‍ അവരിലെ തന്നെ കുഴപ്പങ്ങളാവാം. അതെന്തായാലും പൊടിയനും അദ്ദേഹത്തിന്റെ ജയില്‍ ജീവിതവും മൂന്നു പതിറ്റാണ്ടുകളില്‍ കേരള രാഷ്ട്രീയത്തില്‍ സംഭവിച്ച ഉയര്‍ച്ച താഴ്ചകളെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.
ഇപ്പോള്‍ ചേര്‍ത്തലയില്‍ വയലാര്‍ തങ്കിക്കവലയില്‍ ചെറിയ വീട്ടില്‍ ഭാര്യയ്ക്കും രണ്ടുമക്കള്‍ക്കുമൊപ്പമാണ് പൊടിയന്റെ താമസം. കൊച്ചി നഗരത്തില്‍ കെട്ടിട നിര്‍മാണത്തൊഴിലാളിയായി പണിയെടുക്കുന്നു.
പൊടിയന്‍ തന്റെ ഇന്നലെകളെപ്പറ്റി, നക്‌സലൈറ്റ് പ്രസ്ഥാനത്തെപ്പറ്റി, തടവുജീവിതത്തെപ്പറ്റി, ഇന്നത്തെ അവസ്ഥകളെപ്പറ്റി സംസാരിക്കുന്നു.



നമുക്ക് താങ്കള്‍ നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ സജീവമാകുന്നതിനുമുമ്പുള്ള കാലത്ത് നിന്ന് തുടങ്ങാം. എന്തായിരുന്നു താങ്കളുടെ കുടുംബ സാഹചര്യം?

ഞങ്ങളുടേത് ഇടത്തരത്തിലും താഴ്ന്ന അവസ്ഥയായിരുന്നു. ക്രിസ്ത്യന്‍ (ലത്തീന്‍) കുടുംബം. അച്ഛന്‍ നേരത്തെ മരിച്ചു. ചേട്ടന്‍മാര്‍ വിവാഹം കഴിഞ്ഞ് മാറിത്താമസിക്കുകയായിരുന്നു. എട്ടുമക്കളില്‍ ഏറ്റവും ഇളയതാണ് ഞാന്‍. അമ്മയുടെ സംരക്ഷണവും മറ്റും എന്റെ ചുതലയിലായിരുന്നു. സോമരാജനെ നക്‌സലൈറ്റുകള്‍ കൊലപ്പെടുത്തുന്നതിനു മുമ്പ് വിറക് കച്ചവടം ചെയ്ത് അതില്‍ നിന്നുള്ള ചെറിയ വരുമാനവുമായി ജീവിക്കുകയായിരുന്നു.

എന്തായിരുന്നു ആദ്യകാല രാഷ്ട്രീയ നിലപാട്?

ചെറുപ്പം മുതലേ ഇടതുപക്ഷത്തോടൊപ്പമായിരുന്നു. ആലപ്പുഴയില്‍ ഇന്നത്തേക്കാള്‍ എത്രയോ മടങ്ങ് ഇരട്ടിയാണ് അന്ന് പ്രവര്‍ത്തനം. അതും ഒരു കാരണമായിരിക്കാം. എന്നാല്‍ ജീവിത സാഹചര്യങ്ങള്‍ക്കൊണ്ടും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടായിരുന്നു എന്നും താല്‍പര്യം. സി.പി.ഐയോടായിരുന്നു ആഭിമുഖ്യം.

നക്‌സലൈറ്റ് ഉന്മൂലനക്കേസില്‍ നിങ്ങള്‍ എങ്ങനെയാണ് പ്രതിയായത്?

സോമരാജനെ വധിച്ചതില്‍ എനിക്ക് യാതൊരു പങ്കുമില്ല. ഞാന്‍ ആ സമയത്ത് നക്‌സലൈറ്റ് അനുഭാവി പോലുമല്ല. അന്ന് സി.പി.ഐ.യിലായിരുന്നു. എ.ഐ.വൈ.എഫിന്റെ ആലപ്പുഴ ടൗണ്‍ കമ്മിറ്റി മെമ്പറാണ്. മേഖലാ പ്രസിഡന്റുമാണ്. ഇരുപത്തഞ്ച് വയസേയുള്ളൂ. ഞങ്ങളുടെ മേഖലയില്‍ സി.പി.എമ്മിനേക്കാള്‍ മുന്നിലായിരുന്നു സി.പി.ഐ. കൂടുതല്‍ ഉശിരുള്ള ചെറുപ്പക്കാര്‍ നല്ല പങ്കും അന്ന് സി.പി.ഐ.യിലായിരുന്നു. അതില്‍ സി.പി.എമ്മിന് എതിര്‍പ്പുണ്ട്. എനിക്ക് സി.പി.ഐ.യോട് ചില പ്രവര്‍ത്തന രീതികളോട് വിയോജിപ്പ് അവസാന ഘട്ടത്തില്‍ വന്നു. അതുകൊണ്ട് രാഷ്ട്രീയത്തില്‍ നിന്ന് അല്‍പം ഒഴിഞ്ഞ് നില്‍ക്കുകയായിരുന്നു. കുടുംബം നോക്കേണ്ടതുള്ളതുകൊണ്ട് അവിടെ ചെറിയ രീതിയില്‍ വിറക് കച്ചവടം തുടങ്ങി. കൂപ്പുകളില്‍ നിന്ന് വിറകുകള്‍കൊണ്ടുവന്ന് ചില്ലറ വില്‍പ്പനയാണ് നടത്തിയത്. ആ സമയത്താണ് നക്‌സലൈറ്റുകള്‍ സോമരാജനെതിരെ തിരിയുന്നത്. അയാളെ ഉന്മൂലനം ചെയ്ത വാര്‍ത്തയറിഞ്ഞെങ്കിലും എന്നെയത് വലിയ രീതിയില്‍ ബാധിക്കുമെന്ന് കരുതിയതുപോലുമില്ല. ഞാന്‍ സോമരാജന്‍ മരിച്ചശേഷം ആ വീട്ടില്‍ പോകുകയൊക്കെ ചെയ്യുന്നുണ്ട്. കച്ചവടവും തുടര്‍ന്നു. പിന്നെയാണ് എന്റെ പേര് കേസില്‍ ഉണ്ടെന്നറിയുന്നത്. സി.പി.എം.കാര്‍ കൊടുത്ത നിര്‍ദേശമാനുസരിച്ചാണ് പോലീസ് പ്രതികളുടെ പട്ടിക തയ്യാറാക്കിയിരുന്നത്. അവരുടെ രാഷ്ട്രീയ പകപോക്കല്‍മൂലമാണ് ഞാനതില്‍ ഉള്‍പ്പെട്ടത്. ഞാന്‍ മാത്രമല്ല ആ കേസില്‍ ശിക്ഷ ലഭിച്ച നാടക സംവിധായകന്‍ പി.എം. ആന്റണി ഉള്‍പ്പടെ പതിമൂന്ന് പേര്‍ നിരപരാധികളാണ്. അന്നത്തെ നഗരസഭാ കൗണ്‍സിലര്‍ ഗോപിദാസ്, ഹരിജന്‍ വെല്‍ഫെയര്‍ സൊസൈറ്റി ക്ലാര്‍ക്ക് ബാബു എന്നിവരൊക്കെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരാണ്. ആക്ഷന്‍ നടക്കുന്ന സമയത്ത് തീര്‍ത്ഥശേരി മൈതാനത്ത് നാടകം കളിച്ച ക്ലീറ്റസ് ഉള്‍പ്പടെ പലര്‍ക്കും സംഭവുമായി ഒരു ബന്ധവുമില്ല.

പിന്നെ താങ്കളെപ്പോഴാണ് നക്‌സലൈറ്റായത്?

കേസില്‍ പ്രതിയായി ആലപ്പുഴ സബ് ജയിലില്‍ വിചാരണത്തടവുകാരനായി കഴിയുമ്പോഴാണ് അത്. അപ്പോഴേക്കും നക്‌സലൈറ്റ് പ്രവര്‍ത്തകരുമായി അടുപ്പം രൂപപ്പെട്ടു. അവരുടെ സാഹിത്യങ്ങള്‍ വായിക്കുകയും ചര്‍ച്ച ചെയ്യുകയും മറ്റും ചെയ്തപ്പോള്‍ നക്‌സലൈറ്റുകള്‍ പറയുന്നതാണ് ശരിയെന്ന് തോന്നി. വ്യക്തമായൊരു രാഷ്ട്രീയ കാഴ്ചപ്പാട് രൂപീകരിച്ചശേഷമാണ് സി.പി. ഐ (എം.എല്‍)നൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുന്നത്.

സോമരാജന്‍ വധിക്കപ്പെടണമെന്ന് നിങ്ങള്‍ ആഗ്രഹിച്ചിരുന്നോ? എന്തിനായിരുന്നു ഉന്മൂലനം?

എനിക്ക് സോമരാജനുമായി വ്യക്തിപരമായി അടുപ്പമുണ്ടായിരുന്നു. അയാള്‍ക്ക് ഞാന്‍ വിറക് വിതരണം ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ സോമരാജന്റെ രീതികളോട് എനിക്ക് യോജിപ്പുണ്ടായിരുന്നില്ല. സോമരാജന്‍ ശരിക്കും ജനമര്‍ദകനായിരുന്നു. കയര്‍ മുതലാളിയായിരുന്ന ഇയാള്‍ തന്റെ തടുക്ക് മോഷ്ടിച്ചെന്ന് ആരോപിച്ച് തൊഴിലാളിയായ ചാപ്രയില്‍ തോമസ് എന്ന അയല്‍വാസിയെ തല്ലുചതച്ചു. കോണ്‍ഗ്രസ്‌കാരുള്‍പ്പടെയുളളവര്‍ രംഗത്തെത്തി. 30 പേരടങ്ങുന്ന ഗുണ്ടാപ്പടയെയും പൊലീസിന്റെയും സംരക്ഷണം സോമരാജന്‍ തേടിയിരുന്നു. സോമരാജന്റെ വീട്ടിലേക്ക് ഒരു ബഹുജന മാര്‍ച്ച് നടന്നു. അതില്‍ ചിലര്‍ കടന്നുചെന്ന് സോമരാജനെ കൊലപ്പെടുത്തുകയുമാണ് ചെയ്തത്. സോമരാജന്‍ വധിക്കപ്പെടതില്‍ എനിക്ക് ദു:ഖമൊന്നുമില്ല.

ഉന്മൂലനം ഒരു സമര രൂപമെന്ന നിലയില്‍ നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ?

ആരും കൊല്ലപ്പെടണമെന്ന് എനിക്കാഗ്രഹമില്ല. പക്ഷെ വിപ്ലവ ശ്രമങ്ങള്‍ക്കിടയില്‍ ഇത്തരം ചില നടപടികള്‍ ചിലപ്പോഴൊക്കെ ഒഴിച്ചുകൂടാനാവാതെ വരും.


സി.പി.എം.എല്ലില്‍ നടന്ന ആശയസംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിരുന്നു സോമരാജന്റെ വധം എന്ന് ആരോപണമുണ്ട്?

സോമരാജനെതിരെ ജനവികാരം ശക്തമായിരുന്നു. അതിനെ പാര്‍ട്ടി ഉപയോഗിച്ചു എന്നുവേണമെങ്കില്‍ പറയാം. സി.പി.എം.എല്ലില്‍ അന്ന് രണ്ടുലൈന്‍ സമരം നടക്കുന്നുണ്ട.് ജനകീയ സമരങ്ങളുടെ ലൈനാണ് വേണ്ടതെന്ന് ഒരു പക്ഷം വാദിച്ചു. മറുപക്ഷം ചാരുമജുംദാര്‍ ലൈനില്‍ ആയിരുന്നു. ബഹുജനലൈനില്‍ കേന്ദ്രീകരിച്ച സൈനിക ലൈന്‍ വേണോ സൈനിക ലൈനില്‍ കേന്ദ്രീകരിച്ച ബഹുജനലൈന്‍ വേണമോ എന്നതാണ് തര്‍ക്കം. അതില്‍ ആദ്യ ലൈനുകാര്‍ക്ക് കിട്ടിയ അവസരമായിരുന്നു കാഞ്ഞിരംചിറ.


ശിക്ഷ, ജയില്‍, രാഷ്ട്രീയപ്രവര്‍ത്തനം


കാഞ്ഞിരംചിറയിലാണ് നക്‌സലൈറ്റ് ഉന്മൂലനം നടക്കുന്നത്. പക്ഷെ തൊടുപുഴ കോടതിയിലാണ് വിധി വന്നത്?

ആലപ്പുഴയില്‍ കേസ് പരിഗണിച്ച ജഡ്ജി കാഞ്ഞിരംചിറ കേസിലെ പ്രതികളോട് അനുകൂല മനോഭാവം പുലര്‍ത്തിയിരുന്നതായി കരുതപ്പെട്ടു. കേസ് നടക്കുന്നതിനിടയ്ക്ക് അദ്ദേഹം തൊടുപുഴയിലേക്ക് സ്ഥലം മാറി. ആലപ്പുഴയില്‍ പിന്നീട് വന്ന ജഡ്ജി കനത്ത ശിക്ഷ തരുമെന്ന് എല്ലാവരും ഉറപ്പായിരുന്നു. അതിനാല്‍ ആദ്യം കേസ് പരിഗണിച്ച ജഡ്ജി തന്നെ കേസ് വാദം കേള്‍ക്കണമെന്ന് പറഞ്ഞ് ഞങ്ങള്‍ തൊടുപുഴയിലെത്തി. പക്ഷെ അപ്പോഴേക്കും ജഡ്ജിയുടെ മനോഭാവം മാറിയിരുന്നു. ഞാനുള്‍പ്പടെ 16 പേര്‍ക്ക് ജീവപര്യന്തം. 1985 ഡിസംബര്‍ 19നാണ് വിധി. ശിക്ഷ കടുത്തതാണ് എന്ന് തലേന്ന് തന്നെ അറിവുകിട്ടി. പിടികൊടുക്കാതെ ഒളിവില്‍ പോകാനായിരുന്നു പാര്‍ട്ടി തലത്തില്‍ തീരുമാനം. പക്ഷേ, അതെന്തുകൊണ്ടോ തീരുമാനം ഞാന്‍ അറിഞ്ഞിരുന്നില്ല. കോടതിയില്‍ നിന്ന് നേരെ ജയിലിലേക്കാണ് പോയത്. ഞങ്ങള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ കൊടുത്തു. പക്ഷേ ഹൈക്കോടതി ശിക്ഷ ശരിവച്ചു. ആറുമാസം മാത്രം ശിക്ഷ കിട്ടിയ പി.എം.ആന്റണിയുടേത് ജീവപര്യന്തമാക്കി ഉയര്‍ന്നു.


കേസില്‍ നിരപരാധിയാണെന്ന് പറഞ്ഞു. അപ്പോള്‍ ശിക്ഷ ഏറ്റുവാങ്ങുമ്പോള്‍ എന്തായിരുന്നു മാനസികാവസ്ഥ?

നിരപരാധിയായിരുന്നിട്ടും ശിക്ഷിക്കപ്പെടുന്നു എന്നത് പ്രത്യേക മാനസികാവസ്ഥയാകും ഒരാളില്‍ സൃഷ്ടിക്കുക. ജയിലില്‍ മറ്റുള്ളവര്‍ക്കൊപ്പം കഴിയുമ്പോഴും ഞാനീ ശിക്ഷ അര്‍ഹിക്കുന്നില്ല എന്ന ബോധം എന്നിലുണ്ടായിരുന്നു. അതിനാല്‍ കുറ്റബോധം ഉണ്ടായിരുന്നില്ല. പക്ഷേ, അതേ സമയം വിഷമം വലിയ രീതിയിലുണ്ടായിരുന്നു. പുറത്തായിരുന്നെങ്കില്‍ നന്നായി പ്രവര്‍ത്തിക്കാമെന്നായിരുന്നു ആദ്യ ചിന്ത. ശിക്ഷ വന്നപ്പോള്‍ വീട്ടുകാര്‍ ഒപ്പം നിന്നു. ഞാന്‍ നിരപരാധിയാണെന്ന് അവര്‍ക്കറിയാമായിരുന്നു. നിരപരാധിത്വം തെളിയിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. നാര്‍ക്കോ അനാലിസിസ് ടെസ്റ്റിന് വിധേയനാക്കണം എന്ന് ഹര്‍ജി നല്‍കണമെന്നും മറ്റും ആലോചിച്ചു. കേസില്‍ ഞാന്‍ നിരപരാധിയാണെന്ന് അത് ആസൂത്രണം ചെയ്തവര്‍ക്കും, നാട്ടുകാര്‍ക്കും, പോലീസിനുമെല്ലാം അറിയാം. രസകരമായ സംഗതി എന്താണെന്നുവച്ചാല്‍ പോലീസ് ഉണ്ടാക്കിയ എഫ്.ഐ.ആറും സാക്ഷികളുമെല്ലാം കളവായിരുന്നു. പോലീസ് പറഞ്ഞതനുസരിച്ചാണെങ്കില്‍ അവിടെ കൊലപാതകം നടക്കുക പോലും സാധ്യമല്ല. കോടതി നേരിട്ട് സംഭവ സ്ഥലത്ത് സന്ദര്‍ശിക്കുന്നതിനുമുമ്പ് പോലീസ് അവിടെയുള്ള മരങ്ങളും മറ്റും വെട്ടിനീക്കി. സാക്ഷികളെ കോടതിയില്‍ പറയാന്‍ പോലീസ് പറഞ്ഞു പഠിപ്പിക്കുന്നതിന്റെ ചിത്രം ഞങ്ങള്‍ രഹസ്യമായി പകര്‍ത്തി. അതു പക്ഷേ പോലീസ് പിടിച്ചെടുത്തു കാമറയുള്‍പ്പടെ നശിപ്പിച്ചു. ഉന്മൂലന സമരത്തില്‍ പങ്കെടുത്തിരുന്നുവെങ്കില്‍ എനിക്ക് ഇപ്പോള്‍ അത് സമ്മതിക്കാം. കാരണം ഞാന്‍ ശിക്ഷ അനുഭവിച്ചു കഴിഞ്ഞു. മാത്രമല്ല നക്‌സലൈറ്റ് ഉന്മൂലനം തെറ്റാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടുമില്ല. ശിക്ഷ അനുഭവിച്ചെങ്കിലും ഞാന്‍ മാനസികമായി കരുത്തനാണ്. തലയുയര്‍ത്തി തന്നെയാണ് ജയിലിലുള്‍പ്പടെ ഏത് നിമിഷവും ജീവിച്ചിട്ടുള്ളത്.



എന്തായിരുന്നു ജയിലിലെ അനുഭവങ്ങള്‍?

ജയില്‍ എനിക്ക് വ്യത്യസ്തമായ അനുഭവങ്ങളാണ്. നമ്മള്‍ ആരാണ് എന്നനുസരിച്ച് അത് വ്യത്യസ്തപ്പെട്ടിരിക്കും. ആദ്യം ജയിലില്‍ പോകുമ്പോള്‍ ഞാന്‍ നക്‌സലൈറ്റല്ല. സി.പി.ഐ. പ്രവര്‍ത്തകനാണ്. ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ അടയ്ക്കപ്പെടുന്ന ഒരാളുടെ നിസഹായാവസ്ഥയായിരുന്നു അപ്പോള്‍. രണ്ടാമത് ജയിലില്‍ ചെല്ലുമ്പോള്‍, അതായത് ശിക്ഷ വിധിക്കപ്പെട്ട ശേഷം എത്തുമ്പോള്‍ നക്‌സലൈറ്റായി മാറിക്കഴിഞ്ഞിരുന്നു. അപ്പോള്‍ ജയില്‍ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ നടത്താനുള്ള മാനസികാവസ്ഥയിലാണ്. കാരണം പുറത്ത് എന്റെ പ്രസ്ഥാനമുണ്ട്. അതിന്റെ കൂടി ഭാഗമാണ് ഞാന്‍ എന്ന തോന്നലുണ്ട്. മുന്നാമത്തെ ഘട്ടത്തില്‍ (1998ല്‍) ശിക്ഷ എങ്ങനെയും അനുഭവിച്ച് തീര്‍ത്ത് പുറത്തിറങ്ങി സ്വതന്ത്രനാകണം എന്നാണ് ചിന്ത. കാരണം പാര്‍ട്ടി പിരിച്ചുവിടപ്പെട്ടിരുന്നു. പുറത്താകട്ടെ കാര്യമായ മുന്നേറ്റം നടക്കുന്നുമില്ല. പ്രതീക്ഷകളില്ലാതെയാണ് ജയില്‍വാസം. അപ്പോള്‍ നമ്മള്‍ക്ക് മൊത്തം അവസ്ഥയോട് എതിര്‍പ്പുണ്ടെങ്കിലും പലതും മിണ്ടാതെ അവഗണിക്കേണ്ടി വരും.

പക്ഷേ, നക്‌സലൈറ്റ് ആയിരുന്നപ്പോള്‍ ജയിലില്‍ സമരങ്ങള്‍ നടത്തിയതായി കേട്ടിട്ടുണ്ട്?

ഉണ്ട്. ശിക്ഷ വിധിക്കപ്പെട്ട ശേഷം ജയിലിടക്കപ്പെട്ട കാലയളവിലാണ് അത്. ആ സമയത്ത് ഞാന്‍ കെ. വേണു നേതൃത്വം കൊടുത്ത സി.ആര്‍.സി, സി.പി.ഐ (എം.എല്‍) എന്ന സംഘടനയുടെ എറണാകുളം ജില്ലാ കമ്മിറ്റി അംഗമായിരുന്നു. ട്രേഡ്‌യൂണിയന്‍ പ്രവര്‍ത്തനം കൂട്ടിയോജിപ്പിക്കുന്ന പാര്‍ട്ടി ചുമതലകളുണ്ട്. ജയിലില്‍ അന്ന് സൗകര്യങ്ങള്‍ പരിമിതമായിരുന്നു. തടവുകാര്‍ക്ക് ഒരു മനുഷ്യാവകാശവുമില്ല. ഞങ്ങളത് ചോദ്യം ചെയ്തു. കഠിന തടവായതുകൊണ്ട് പണിയെടുക്കണം. തറി നെയ്യലാണ് ഞങ്ങള്‍ക്ക്. എന്നാല്‍ എല്ലാവര്‍ക്കും പണിയില്ലതാനും. അനാവശ്യമായി സെല്ലില്‍ നിന്ന് വലിച്ചിഴച്ച് പണിയെടുപ്പിക്കാനുള്ള നീക്കത്തെ ഞങ്ങള്‍ എതിര്‍ത്തു. സമരം ശക്തമായപ്പോള്‍ ഏകാന്തതടവില്‍ അടച്ചു. ഞങ്ങള്‍ പുറത്തുള്ള സഖാക്കള്‍ വഴി, കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. അന്ന് രാഷ്ട്രീയമായ ഐക്യം പ്രകടിപ്പിച്ചിരുന്ന അഡ്വ. മധൂസുദനന്‍ കോടതിയില്‍ നിന്ന് അനുകൂലമായ വിധി സമ്പാദിച്ചു. ഏകാന്ത തടവ് അവസാനിപ്പിക്കപ്പെട്ടു. അത്തരത്തില്‍ ചെറുതും വലുതുമായ സമരങ്ങളും പ്രതിഷേധങ്ങളും നടന്നിരുന്നു. കേസ് വിചാരണ നടക്കുന്ന കാലയളവില്‍ പി.എം. ആന്റണിയുടെ നാടകവുമായി മറ്റും ജയിലില്‍ പലവട്ടം പോയിട്ടുണ്ട്. അതുകൊണ്ട് തന്നെ നക്‌സലൈറ്റ് എന്ന രീതിയില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് എന്നെയും സഖാക്കളെയും അറിയാം. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് നേരെ മര്‍ദനം അഴിച്ചുവിടാന്‍ അവര്‍ക്ക് ധൈര്യം ഉണ്ടായിരുന്നില്ല എന്നുവേണം പറയാന്‍.


ജാമ്യമെടുത്ത് പുറത്തിറങ്ങിയശേഷവും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു എന്നു പറഞ്ഞല്ലോ? എത്തരം പ്രവര്‍ത്തനമാണ് അന്ന് നടത്തിയിരുന്നത്?


മത്സ്യത്തൊഴിലാളികളെ സംഘടിപ്പിക്കുന്ന ചുമതലയാണ് പാര്‍ട്ടി എന്നെ ഏല്‍പ്പിച്ചിരുന്നത്. ഞങ്ങള്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ തീരദേശ മേഖലയില്‍ നിര്‍ണായക സ്വാധീനം നേടിയെടുത്തു. ചാവക്കാട് മുതല്‍ വൈപ്പിന്‍ ദ്വീപിലൂടെ ആലപ്പുഴ-കൊല്ലം വരെ നീളുന്ന മേഖലയില്‍ മത്സ്യത്തൊഴിലാളികളെ ഞങ്ങള്‍ സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളി ഐക്യവേദി എന്ന പേരില്‍ സംഘടന സംഘടിപ്പിക്കപ്പെട്ടു. അന്ന് തീരദേശമേഖ പട്ടിണിയുടെ വറുതിയിലായിരുന്നു. പഞ്ഞ മാസങ്ങളില്‍ റേഷന്‍ ഇല്ല. കുട്ടികള്‍ക്ക് പഠിക്കാന്‍ ഒരുവിധ സഹായവുമില്ല. ഒരു വിധത്തിലുള്ള ക്ഷേമപദ്ധതികളില്ല. ഈ സമയത്താണ് അനിയന്ത്രിതമായ ട്രോളിംഗ് നടക്കുന്നത്. ഈ ഘട്ടത്തില്‍ തന്നെയാണ് ആദ്യമായി പഴ്‌സ്‌നെറ്റ് വലകള്‍ കേരളത്തിന്റെ കടലിലേക്ക് വരുന്നത്. തുടര്‍ന്ന് വിദേശ ട്രോളറുകളും എത്തി. ഇതിനെതിരെ ശക്തമായ പ്രതിഷേധ ശ്രമങ്ങള്‍ നടന്നു. വലകള്‍ കത്തിച്ചു. കടലില്‍ ബോട്ടുകള്‍ തടഞ്ഞു.
തീരദേശ മേഖലയിലെ ലത്തീന്‍ കത്തോലിക്കരുള്‍പ്പടെയുള്ളവര്‍ നക്‌സലൈറ്റ് പക്ഷത്തേക്ക് ചാഞ്ഞതോടെയാണ് ക്രിസ്ത്യന്‍ സഭ അപകടം മനസ്സിലാക്കി രംഗത്ത് എത്തുന്നത്. ഫാദര്‍ കോച്ചേരി, ഡൊമിനിക് ജോര്‍ജ് സിസ്റ്റര്‍ ആലിസ് എന്നിവരുടെ നേതൃത്വത്തില്‍ സമരം തുടങ്ങി. പാര്‍ട്ടിയിലുണ്ടായ പ്രശ്‌നങ്ങള്‍ മൂലം ഞങ്ങളുടെ പ്രവര്‍ത്തനം കുറഞ്ഞു. അതു മുതലാക്കിയാണ് തീരദേശമേഖലയില്‍ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷനും മറ്റ്‌സംഘടനകളുമുണ്ടാവുന്നത്. 87 ല്‍ പാര്‍ട്ടി പിളര്‍ന്നതോടെ മത്സ്യത്തൊഴിലാളികള്‍ രണ്ടു വശത്തായി. വൈപ്പിന്‍, പറവൂര്‍, അരൂര്‍ മേഖലകളില്‍ ഇപ്പോഴും ചെറിയ രീതിയില്‍ തുടരുന്ന നക്‌സലൈറ്റ് സ്വാധീനത്തിന് പഴയ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് കാരണം.


എപ്പോഴായിരുന്നു വിവാഹം?

കേസില്‍ പ്രതിയായി ജാമ്യത്തില്‍ കഴിയുന്ന സമയത്താണ് അത്. 1985 ഫെബ്രുവരിയില്‍. പാര്‍ട്ടി സഖാക്കളുടെ മുന്‍കൈയിലായിരുന്നു വിവാഹം. അരൂരില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായ പ്രഭാകരന്റെ മകളാണ് തങ്കമണി. അതൊരു പാര്‍ട്ടി കുടുംബമാണ്. കയര്‍ത്തൊഴിലാളിയായിരുന്നു ഭാര്യ. ജാതിയും മതം നോക്കാതെയാണ് വിവാഹം നടന്നത്. കേസില്‍ പ്രതിയാണെന്ന് ഭാര്യവീട്ടുകാര്‍ക്കും അറിയാം. അന്ന് കേസ് ശിക്ഷിക്കപ്പെടുമെന്ന് ആര്‍ക്കും പ്രതീക്ഷയില്ല. പക്ഷേ, കുഞ്ഞുണ്ടായി പത്തൊമ്പതാം ദിവസം വിധി വന്നു. കുട്ടിയെ ഇട്ടേച്ച് തീര്‍ത്തും നീറുന്ന മനസുമായാണ് ജയിലേക്ക് പോയത്.

ജയിലായിരുന്നപ്പോള്‍ കുടുംബം എങ്ങനെ കഴിഞ്ഞു?

ദാരിദ്ര്യം തന്നെ. പട്ടിണിയായിരുന്നു എപ്പോഴും. ഭാര്യ കയര്‍പിരിച്ചാണ് രണ്ടാണ്‍മക്കളെയും വളര്‍ത്തിയത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റും പണം കണ്ടെത്താന്‍ ശരിക്കും വിഷമിച്ചു. അപ്പോള്‍ പോലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സഖാക്കള്‍ക്കും ഭക്ഷണമുള്‍പ്പടെയുള്ള സൗകര്യങ്ങള്‍ നല്‍കാനും അവര്‍ മടിച്ചിരുന്നില്ല. രണ്ടാമത്തെ ഘട്ടത്തില്‍ ജയിലില്‍ പോകുമ്പോള്‍ തുറന്ന ജയിലായിരുന്നു ഞാന്‍. അവിടെ പണിയെടുക്കുന്നതുവഴി കിട്ടുന്ന തുക ചെറിയതാണെങ്കിലും വീട്ടിലേക്ക് അയച്ചുകൊടുത്തു. എന്നാല്‍ ഭാര്യ അവരുടെ അധ്വാനം കൊണ്ടായിരുന്നു ജീവിതച്ചെലവുകള്‍ കണ്ടെത്തിയത്. അത് അവരുടെ ആരോഗ്യത്തെയും തകര്‍ത്തു.



1985 ല്‍ വിധി വന്നുവെന്നു പറഞ്ഞു. പക്ഷേ, ശിക്ഷ തീര്‍ന്നു പുറത്തിറങ്ങുമ്പോള്‍ 24 വര്‍ഷം കഴിഞ്ഞല്ലോ?

കേസില്‍ വിധി വരുന്നതിനുമുമ്പേ ഞാന്‍ പാര്‍ട്ടി അംഗമായി മാറിയിരുന്നു. സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ ശിക്ഷ അനുഭവിക്കുക എന്നത് മനസിലില്ല. ശിക്ഷ അനുഭവിക്കുന്നതിനിടയില്‍ പരോളിലിറങ്ങിയശേഷം തിരിച്ചുപോവാതെ കുറച്ചുകാലം പ്രവര്‍ത്തിച്ചിരുന്നു. അത് ശിക്ഷ നീളാന്‍ കാരണമായി. പക്ഷേ, അതിനേക്കാള്‍ വിഷയം നമ്മുടെ ജയില്‍ നിയമത്തിലെ പോരായ്മകള്‍ തന്നെയാണ്. സാധാരണ എട്ടുവര്‍ഷമൊക്കെ ശിക്ഷ അനുഭവിക്കുന്നവരെ മോചിപ്പിക്കുകയാണ് പതിവ്. എന്നാല്‍ ഞങ്ങളുടെ കാര്യത്തില്‍ അതുണ്ടായില്ല. അവസാന സമയത്ത് പതിനൊന്നുവര്‍ഷം തുടര്‍ച്ചയായി ഞാന്‍ ശിക്ഷ അനുഭവിച്ചു. ജയില്‍ അഡ്‌വൈസറി ബോര്‍ഡ് ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം മോചനം നീണ്ടു. പിന്നെ കോടതിയില്‍ ഹര്‍ജി നല്‍കിയാണ് മോചനം നേടിയത്. അല്ലെങ്കില്‍ ആറുമാസം കൂടി കാലയളവ് നീണ്ടേനേ.


കാഞ്ഞിരംചിറ സോമരാജന്‍ വധത്തിനുശേഷം നടന്ന കേണിച്ചിറയുള്‍പ്പടെയുള്ള ഉന്മൂലന സമരങ്ങളും മറ്റു കേസുകളുമെല്ലാം ശിക്ഷിക്കപ്പടാതെ പോയപ്പോള്‍ എന്തുകൊണ്ടാവണം നിങ്ങളുടെ കേസ് ശിക്ഷിക്കപ്പെടുകയും നീളുകയും ചെയ്തത്?

അതില്‍ ചില വീഴ്ചകള്‍ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. കെ.വേണുവും കെ.എന്‍.രാമചന്ദ്രനും ഭാസുരേന്ദ്രബാബുവുമെല്ലാം ഒരുമിച്ചുണ്ടായിരുന്ന അവിഭക്ത സി.പി.ഐ (എം.എല്‍) കാലത്ത്, 1980 മാര്‍ച്ച് 30 നാണ് കാഞ്ഞിരംചിറയില്‍ ഉന്മൂലനം നടക്കുന്നത്. അതിനുശേഷം പാര്‍ട്ടി പിളര്‍ന്നു. ഞാനൊക്കെ വേണു നയിച്ച സി.ആര്‍.സി, സി.പി.ഐ (എം.എല്‍) ആയി എന്നതിനാല്‍ റെഡ്ഫ്‌ളാഗ് വിഭാഗം കേസില്‍ താല്‍പര്യം കാണിച്ചില്ല. മാത്രമല്ല മറ്റ് കേസുകളില്‍, ഇടപെടലുകള്‍ക്ക് നേതൃത്വം കൊടുത്ത ചില നേതാക്കള്‍ തന്നെ പ്രതികളുടെ മോചനത്തിനായി പദ്ധതികള്‍ നീക്കുകയും തടവുകാരുടെ മോചനം ഉറപ്പാക്കുകയും ചെയ്തു. ഞങ്ങളെ സംബന്ധിച്ച്, 1992 ല്‍ പാര്‍ട്ടി പിരിച്ചുവിടപ്പെട്ടു. ശരിക്കും ചെയ്യേണ്ടിയിരുന്ന നിയമനടപടികളും സൗകര്യങ്ങളും ഞങ്ങളുടെ കാര്യത്തില്‍ പ്രയോജനപ്പെടുത്താന്‍ ആരും ഉണ്ടായിരുന്നില്ല. മെനക്കെട്ടുമില്ല. അല്ലെങ്കില്‍ മോചനം നേരത്തെ നടക്കുമായിരുന്നു. പക്ഷേ, എനിക്കതില്‍ ഒരു പരിഭവവുമില്ല. ഇതെല്ലാം രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമാണ് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.


ജയില്‍മോചനം, പ്രതീക്ഷകള്‍


ജയില്‍ മോചിതനായ ശേഷം നക്‌സലൈറ്റ് പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടിരുന്നോ?

ഇല്ല. ഒന്നാമത് നക്‌സലൈറ്റ് പ്രസ്ഥാനം നിര്‍ജീവമാണ്. പലരും പല ഗ്രൂപ്പായി പിരിഞ്ഞു. ആരും കാണാനും വന്നില്ല. ജയില്‍ മോചിതനായി എന്ന് വിവരം അവര്‍ക്ക് അറിയുമോയെന്നും എനിക്കുറപ്പില്ല. പക്ഷേ, മുമ്പ് സംഘടനയില്‍ ഉണ്ടാവുകയും എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ഇടപെടുകയും ചെയ്യാത്ത എറണാകുളത്തെ മാര്‍ട്ടിന്‍ (കുട്ടന്‍), ചിത്തരജ്ഞന്‍, തങ്കച്ചന്‍ എന്നിങ്ങനെയുള്ള ചില സുഹൃത്തുക്കളുമായി അടുപ്പം പുലര്‍ത്തുന്നു. കെ. വേണുവുമായും അടുത്ത ബന്ധം തന്നെ. വ്യക്തിപരമാണ് ഈ ബന്ധങ്ങള്‍. പക്ഷേ, നക്‌സലൈറ്റ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന ഒരാളെയും ഞാന്‍ കണ്ടില്ല, ആരെയും തേടി ഞാന്‍ പോയതുമില്ല.

ജയിലില്‍ നിന്നിറങ്ങുമ്പോള്‍ നിങ്ങള്‍ എന്താണ് കണ്ടത്?

സാമൂഹ്യഅവസ്ഥ മുമ്പത്തേക്കാള്‍ ദയനീയവും വഷളുമായിരിക്കുന്നു. എല്ലാതലത്തിലും ചൂഷണം പെരുകിയിരിക്കുന്നു. സംഘപരിവാര്‍ പോലുള്ള ഫാസിസ്റ്റു ശക്തികളുടെ വളര്‍ച്ച, സാമ്രാജ്യത്വത്തിന്റെ മുറുകുന്ന ചൂഷണം, സാമൂഹ്യ ബന്ധങ്ങളിലെ തകര്‍ച്ച, യുവാക്കളുടെ നിഷ്‌ക്രിയത്വം- അത്തരത്തില്‍ വേദനിപ്പിക്കുന്ന അവസ്ഥയാണിപ്പോഴുള്ളത്. ശരിയായ ജനകീയ മുന്നേറ്റങ്ങള്‍ ആവശ്യമുണ്ട്. മുമ്പ് പ്രവര്‍ത്തിച്ചിരുന്നതിനേക്കാള്‍ തീവ്രമായി പ്രവര്‍ത്തിക്കേണ്ട അവസ്ഥ സമൂഹത്തിലുണ്ട് എന്നാണ് യാഥാര്‍ത്ഥ്യങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. പക്ഷേ, ഒരു സംഘടന കെട്ടിപ്പടുക്കാന്‍ മാത്രം കഴിവെനിക്കില്ല. കുറച്ചുനേരം മുമ്പ് അല്‍പം തമാശയായി ഞാന്‍ ഒരു സുഹൃത്തിനോട് പറഞ്ഞതാണ് സത്യം. മുമ്പ് ഒരു ഇടത്തരക്കരനായ സോമരാജനേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഇന്ന് അതിനേക്കാള്‍ സാമ്പത്തികശേഷിയുള്ള നൂറുകണക്കിന് സോമരാജന്‍മാരുണ്ട്. ജനങ്ങള്‍ക്കുമേല്‍ മര്‍ദനം അഴിച്ചുവിട്ടും ചൂഷണം ചെയ്തും അവരുടെ കാലം തുടരുന്നു.

നിങ്ങള്‍ ഇപ്പോഴും നക്‌സലൈറ്റാണോ? ദു:ഖിതനാണോ?

ജനങ്ങളുടെ മുന്നേറ്റം ഇല്ലാത്തതില്‍ തീര്‍ച്ചയായും വലിയ വേദനയുണ്ട്. ഒരു തരത്തിലുള്ള നക്‌സലൈറ്റ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലും ഞാന്‍ ഇപ്പോള്‍ ഇല്ല. പക്ഷേ, നക്‌സലൈറ്റ് ആശയങ്ങള്‍ തെറ്റാണ് എന്ന് തോന്നുന്നുമില്ല. ഒറ്റപ്പെട്ട ചില സമരങ്ങള്‍ നടക്കുന്നുവെന്നല്ലാതെ നക്‌സലൈറ്റുകള്‍ ഇപ്പോള്‍ സജീവമായി ഇല്ലല്ലോ.

നക്‌സലൈറ്റ് പ്രസ്ഥാനം തകര്‍ന്നടിഞ്ഞുവെന്നാണോ നിങ്ങള്‍ പറഞ്ഞുവരുന്നത്?

അല്ല. നക്‌സലൈറ്റ് പ്രസ്ഥാനം തീര്‍ത്തും ഇല്ലാതായി എന്നോ അവര്‍ക്ക് ഇനി ഒരു പ്രസക്തിയില്ല എന്നോ എനിക്കഭിപ്രായമില്ല. അവരുടെ പ്രസക്തി കൂടിവരുന്നതായിട്ടാണ് തോന്നുന്നത്. സാമ്രാജ്യത്വ ചുഷണം പെരുകിക്കൊണ്ടിരിക്കുകയാണ്. മറ്റ് തലത്തിലുള്ള അസ്വസ്ഥതകളും. സമരങ്ങള്‍ എല്ലാ മേഖലയിലും ഉണ്ടാവുകയും ചെയ്യുന്നുണ്ട്. കുടിയൊഴിപ്പിക്കലിനെതിരെ, ഭൂമിക്കുവേണ്ടി എന്നിങ്ങനെ പല വിധത്തിലുള്ള സമരങ്ങള്‍. എനിക്ക് തോന്നുന്നത് ഇന്ത്യയില്‍ മൊത്തത്തില്‍ നക്‌സലൈറ്റുകള്‍ ശക്തിപ്പെടുന്നതായിട്ടാണ്. അടിച്ചമര്‍ത്തിയാലും അവര്‍ ശക്തമായി വീണ്ടും തിരിച്ചു വരും. ജനങ്ങള്‍ക്ക് അനീതിക്കെതിരെ പ്രതികരിക്കാതിരിക്കാനാവില്ല. വലിയ തോതിലുള്ള ബഹുജനമുന്നേറ്റം ഉണ്ടാവുകയും ചെയ്യും. അതില്‍ നിന്ന് ആര്‍ക്കും ഒഴിഞ്ഞുനില്‍ക്കാനാവില്ല.

അങ്ങനെ നക്‌സലൈറ്റ് പ്രസ്ഥാനം വീണ്ടും വന്നാല്‍...?

ജനങ്ങളുടെ മുന്നേറ്റവുമായി ബന്ധപ്പെട്ടാണ് മാവോയിസ്റ്റുകള്‍ വരിക. അതൊരു വലിയ ജനമുന്നേറ്റമായിരിക്കും. അപ്പോള്‍ മറ്റെല്ലാവര്‍ക്കുമൊപ്പം, അവരില്‍ ഒരാളായി ഞാനും അതില്‍ ഉണ്ടാവും.

ഇപ്പോള്‍ ജീവിക്കാന്‍ വേണ്ടി എന്തുചെയ്യുന്നു?

കൂലിപ്പണിയെടുക്കുന്നു. കൊച്ചിയില്‍ കെട്ടിടനിര്‍മാണത്തൊഴില്‍ മേഖലയില്‍ തൊഴിലാളിയാണ്. അവിടെ പണിയില്ലാത്തപ്പോള്‍ വീട്ടില്‍ തന്നെ കയര്‍ പിരിക്കുന്നു.


Madhyamam weekly
2009 November 9

No comments:

Post a Comment