Saturday, July 17, 2010

ബംഗാളിന്‍റെ ചെങ്കൊടിക്ക് നിറം മങ്ങിയതെങ്ങനെ?

മരിച്ചവരെപ്പറ്റി നല്ലതു പറയുക ഇന്ത്യന്‍ പാരമ്പര്യമാണ്. അതുകൊണ്ട് തന്നെ നമ്മള്‍ ചാക്കാല എണ്ണിയെണ്ണിപ്പറഞ്ഞ് ചൊല്ലും. മരിച്ചയാള്‍ നല്ല വ്യക്തിയായിരുന്നാലും; ഇല്ലെങ്കിലും. ജ്യോതി ബാസു അന്തരിച്ചുവെന്ന വാര്‍ത്തയറിഞ്ഞയുടന്‍ എഴുതുന്ന ഈ കുറിപ്പ് അഭിമുഖീകരിക്കേണ്ടി വരിക ‘ബംഗാളിന്‍റെ ജ്യോതിനക്ഷത്രം പൊലിഞ്ഞു’ എന്നു തുടങ്ങിയ തലക്കെട്ടില്‍ ജ്യോതിബാസുവിനെ വാഴ്ത്തുന്ന കുറിപ്പുകളോടും ലേഖനങ്ങളോടുമാണ്.
ജ്യോതിബസുവിനോട് എല്ലാ ആദരവും നിലനിര്‍ത്തിക്കൊണ്ട് തന്നെ വിയോജിക്കാനാണ് ഈ സമയംതെറ്റിയ നിമിഷത്തിലും ഈ ലേഖകന് തോന്നുന്നത്. സി.പി.എമ്മിന്‍റെ വ്യക്തിപരമായ ദു:ഖത്തില്‍ പങ്ക് ചേര്‍ന്നുകൊണ്ട് തന്നെയാണ് ഈ എതിര്‍കുറിപ്പ്.
ജ്യോതി ബസു ബംഗാള്‍ നീണ്ടകാലം ഭരിച്ചിട്ടുണ്ടാവാം. അദ്ദേഹം രചിച്ച റെക്കോഡുകള്‍ ഇനിയും ഭേദിക്കപ്പെടാന്‍ സമയമെടുക്കുകയും ചെയ്യും. പക്ഷേ ബസു ബംഗാളിനോ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനോ വിപ്ളവത്തിനോ അധികമൊന്നും സംഭാവന ചെയ്തിട്ടില്ല. ചെയത് മുഴുവന്‍ തിരുത്തല്‍വാദത്തിന്‍റെ വഴികളിലൂടെ പാര്‍ട്ടിയെ നയിച്ചു എന്നതു മാത്രമാണ്.
മറിച്ച് വാദിക്കുന്നവര്‍ ഈ ഒരൊറ്റ ചോദ്യത്തിന് ഉത്തരം സത്യസന്ധമായി പറയണം. ജ്യോതി ബസുവിന്‍റെ ബംഗാള്‍ സി.പി.എം. അവകാശപ്പെടുന്നതുപോലെ സുന്ദരമാണെങ്കില്‍ (അല്ലെങ്കില്‍ ആയിരുന്നെങ്കില്‍) എന്തുകൊണ്ട് അവിടെ നിന്ന് ആയിരക്കണക്കിന് യുവാക്കള്‍ തൊഴില്‍തേടി നമ്മുടെ കൊച്ചിയിലും മറ്റു കെട്ടിടനിര്‍മാണ മേഖലകളിലും ദിനംതോറും വന്നടിയുന്നു?
ജ്യോതി ബസുവിന്‍റെ ബംഗാള്‍ സി.പി.എം. അവകാശപ്പെടുന്നതുപോലെ സുന്ദരമാണെങ്കില്‍ എന്തുകൊണ്ട് അവിടെ നിന്ന് ആയിരക്കണക്കിന് യുവാക്കള്‍ തൊഴില്‍തേടി നമ്മുടെ കൊച്ചിയിലും മറ്റു കെട്ടിടനിര്‍മാണ മേഖലകളിലും ദിനംതോറും വന്നടിയുന്നു?
കുറഞ്ഞവേതനവും ദുരിത ജീവിതവും മാത്രം വാഗ്ദാനം ചെയ്യുന്ന നമ്മുടെ തൊഴിലിടങ്ങളില്‍ അടിമത്തൊഴിലാളികളാകാന്‍ (കരാര്‍,ബോണ്ടഡ് എന്നൊക്കെ മറ്റുപേരുകള്‍) അവര്‍ നിര്‍ബന്ധിതരാക്കപ്പെടുന്ന സാഹചര്യം എന്താവും? രണ്ടുപതിറ്റാണ്ടിലേറെ ജ്യോതി ബസു ഭരിച്ചിട്ടും ബംഗാള്‍ പറുദീസയാവാതിരുന്നത് എന്തുകൊണ്ടാവും? നമുക്കാചോദ്യം ബംഗാളിലെ തന്നെ ആക്റ്റിവിസ്റ്റും സാമ്പത്തികകാര്യ വിദഗ്ധനുമായ പ്രൊഫ. സുഖേന്ദു സര്‍ക്കാരിനോട് ചോദിക്കാം.
“സത്യമിതാണ്. ബംഗാള്‍ അടിസ്ഥാപരമായി ദരിദ്രമാണ്. സര്‍വ്വ മേഖലകളും തകര്‍ന്നു. തൊഴിലില്ല. കൂലിയില്ല. ഇതുവരെ സര്‍ക്കാര്‍ നടപ്പാക്കിയതു മുഴുവന്‍ നഗരകേന്ദ്രീകൃതമായി വന്‍കിട-ഇടത്തരം വര്‍ഗ്ഗ താല്‍പര്യങ്ങളെ സേവിക്കുന്ന വ്യവസായ പദ്ധതികള്‍ മാത്രാണ്. ഇതുമൂലം ഗ്രാമങ്ങള്‍ ദരിദ്രമായി. വലിയ അളവില്‍ ബംഗാള്‍ ഇന്ന് തൊഴില്‍അഭയാര്‍ത്ഥികളെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

ഗ്രാമങ്ങളില്‍ പട്ടിണി തുടരുന്നതിനാല്‍ ജനങ്ങള്‍ എവിടേക്കും തൊഴില്‍ തേടി പോകും. കേരളത്തിലേക്ക് മാത്രമല്ല, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍, ഡല്‍ഹിയില്‍, മുംബൈയില്‍, ഗള്‍ഫില്‍ എല്ലാം ബംഗാളിലെ തൊഴില്‍ അഭയാര്‍ത്ഥികള്‍ ചെന്ന് അടിഞ്ഞുകൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ തൊഴില്‍ തേടി മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും ആളുകള്‍ പോകുന്നു എന്നതല്ല ഇതിലെ വിഷയം. കേരളീയര്‍ തൊഴില്‍ തേടിപ്പോകുന്നത്് തങ്ങളുടെ നാടിനേക്കാള്‍ സാമ്പത്തികമായി മെച്ചപ്പെട്ട ഗള്‍ഫ്, യൂറോപ്പ് എന്നിവിടങ്ങളിലേക്കാണ്. ആ ഒരു സാമാന്യയുക്തി അനുസരിച്ച് നോക്കിയാല്‍ ബംഗാള്‍ കേരളത്തേക്കാള്‍ ദരിദ്രമാണ് ളെന്ന് പറയേണ്ടിവരും.ബംഗാളില്‍ ജോലിയോ മെച്ചപ്പെട്ട വേതനമോ ഇല്ലാത്തതുകൊണ്ടാണ് അവര്‍ കേരളത്തില്‍ കുറഞ്ഞകൂലിക്ക് പണിയെടുക്കാന്‍ വരുന്നത്. നമ്മളിതിനെ കാണേണ്ടത് ബംഗാളി സമൂഹം ഈ ‘ഇടതു’ഭരണത്തിന്‍ കീഴില്‍ വല്ലാതെ ഞെരുങ്ങുന്നു എന്നുതന്നെയാണ്. വരും നാളില്‍ അതു ഒന്നു കൂടി വര്‍ധിക്കാന്‍ മാത്രമാണ് സാധ്യത. അതാണ് ഞങ്ങളുടെ, ബംഗാളികളുടെ ഗതികേട്”- സുഖേന്ദുസര്‍ക്കാര്‍ പറഞ്ഞു.
അതവിടെ നില്‍ക്കട്ടെ. നമുക്ക് ബസുവിലേക്ക് തന്നെ തിരിച്ചു പോകാം. മധ്യവര്‍ഗ-ബ്രാഹ്മണ കുടുംബത്തില്‍ ജനനം. പഠിച്ചത് ഇംഗ്ളണ്ടില്‍. തിരിച്ചുവന്ന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക്. ഒരു വലിയ ജനകീയ വിപ്ളവത്തിലും നേരിട്ട് പങ്കെടുത്ത ചരിത്രമില്ല. പക്ഷേ അധികാരത്തിലെത്തുന്നു. നമ്മുടെ ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടിനെപ്പോലെ. ബംഗാളില്‍ പൊള്ളുന്ന സമരങ്ങളിലൂടെ വളര്‍ന്ന്, അതിനെ നയിച്ച അടിസ്ഥാന വര്‍ഗ വിപ്ളവകാരികളെയെല്ലാം ബസു ഒരു ഡ്രിബിളിംഗിലൂടെ മറികടക്കുന്നു. (അശോക്ബോസ് പോലുള്ള നല്ല നേതാക്കളെ ആരുമറിയാത്ത പേരില്‍ നാടുകടത്തിയിട്ടാണ് ഈ ഡ്രിബിളിംഗ്. ആ കഥ ജ്ഞാനപീഠ ജേതാവ് മഹാശ്വേതാദേവി പറഞ്ഞിട്ടുണ്ട്)
വ്യവസായങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല, തലതിരിഞ്ഞ വ്യവസായ നയം കൊണ്ടാണ് തൊഴില്‍രഹിതര്‍ ഉണ്ടാവുന്നത്.
എന്നിട്ട് എന്തുസംഭവിച്ചു? ബംഗാളിന്‍റെ വിപ്ളവം പരാജയപ്പെട്ടു. തികഞ്ഞ വലതുപക്ഷ രീതിയില്‍ പാര്‍ട്ടി ഭരണം അവിടെ നിലനിന്നു. തൊഴില്‍ രഹിതരുടെ എണ്ണം ലക്ഷക്കണക്കിനായി പെരുകി. സംസ്ഥാനത്തിന്റെ പിന്നോക്കാവസ്ഥയെ പറ്റി പറയുന്നവരോട് സി.പി.എമ്മിന് മറുപടി ഉണ്ടായിരുന്നു. വ്യവസായ വല്‍ക്കരണം നടക്കാത്തതുകൊണ്ടാണ് ഈ അവസ്ഥ. പിന്നെ വ്യവസായങ്ങള്‍ക്ക് പിന്നാലെയായി. പക്ഷേ ബംഗാള്‍ രക്ഷപെട്ടേയില്ല. നമുക്ക് ഒന്നുകൂടി സുഖേന്ദു സര്‍ക്കാരിന്‍റെ വാദത്തിലേക്ക് പോകാം:
” വ്യവസായങ്ങള്‍ വളരാനോ തുടങ്ങാനോ പറ്റിയ രാഷ്ട്രീയഅന്തരീക്ഷം ബംഗാളില്‍ ഇല്ലാത്തതുകൊണ്ടാണ് തൊഴില്‍രഹിതര്‍ സൃഷ്ടിക്കപ്പെടുന്നത് എന്ന ഒരു വാദം അസംബന്ധമാണ്. വ്യവസായങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല, തലതിരിഞ്ഞ വ്യവസായ നയം കൊണ്ടാണ് തൊഴില്‍രഹിതര്‍ ഉണ്ടാവുന്നത്. നന്ദിഗ്രാമിലും സിംഗൂരിലും വ്യവസായങ്ങള്‍ വന്നാല്‍ കിട്ടുമെന്ന പറഞ്ഞ തൊഴിലിന്‍റെ എത്രയോ മടങ്ങ് ഇരട്ടിയാണ് അവിടെ ഭൂമിയേറ്റെടുക്കലിലൂടെ ഇല്ലാതാക്കാന്‍ ഭരണകൂടം ശ്രമിച്ചത്? നമ്മള്‍ വ്യവസായങ്ങള്‍ക്ക് ഭൂമിയേറ്റെടുക്കുമ്പോള്‍, അതുവരെ ആ ഭൂമിയെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്ന പതിനായിരങ്ങളെ കാണില്ല. ആ തൊഴില്‍നഷ്ടത്തെപ്പറ്റി പറയില്ല. എന്നിട്ട് ഒരു കാര്‍ കമ്പനി വന്നാല്‍ ലഭിക്കുമെന്നു പറയുന്ന വളരെ കുറച്ച് തൊഴിലിനെപ്പറ്റി പറയുന്നു.

എന്തൊരു അസംബന്ധമാണത്. ഒരിക്കലും മാര്‍ക്സിസ്റ്റ് ധാരണയ്ക്കനുസരിച്ച്, കൃഷിയെ അടിത്തറയാക്കുന്ന വ്യവസായവല്‍ക്കരണ നയം ബംഗാള്‍ സ്വീകരിച്ചിട്ടില്ല. അതായായത് കൃഷിയും വ്യവസായവും പരസ്പര പൂരകമാകുന്ന ബന്ധത്തില്‍ ശ്രദ്ധിച്ചില്ല. കാര്‍ ഫാക്ടറി കൊണ്ടുവരാന്‍ ശ്രമിച്ചു. അതുവേണ്ടി ഫലഭൂയിഷ്ഠമായ കൃഷിഭൂമി ഇല്ലാതാക്കാന്‍ ശ്രമിച്ചു. തദ്ദേശിയരായ കര്‍ഷകരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ അവഗണിച്ചു. ഇങ്ങനെ വ്യവസായങ്ങള്‍ കൊണ്ടുവന്നതിന്‍റെ ഫലമായി കൃഷി മേഖലയും അനുബന്ധ തൊഴില്‍മേഖലകളും തകര്‍ന്നു.
കൃഷിയെ എന്നാണ് ഇടതുപക്ഷ സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചത്? എന്തുസഹായമാണ് ആ മേഖലകളില്‍ ചെയ്തത്?
ഇതാണ് യഥാര്‍ത്ഥപ്രശ്നം. ഇതു തിരിച്ചറിയുന്നില്ലെങ്കില്‍ നമ്മള്‍ തെറ്റായ നിഗമനങ്ങളിലെത്തും. കൃഷിയെ എന്നാണ് ഇടതുപക്ഷ സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചത്? എന്തുസഹായമാണ് ആ മേഖലകളില്‍ ചെയ്തത്? ലക്ഷക്കണക്കിന് ഏക്കര്‍ പാടങ്ങള്‍ കൃഷിയിറക്കാതെ കിടക്കുന്നുണ്ട്. എന്തു സാമ്പത്തിക സഹായമാണ് അങ്ങനെയല്ലാതിരിക്കാന്‍ സര്‍ക്കാര്‍ ചെയ്ത്? പ്രശ്നം സാമ്രാജ്യത്വ-വന്‍കിട മുതലാളിവര്‍ഗ സേവതന്നെയാണ്”.
ജ്യോതി ബസുവിന് തന്നെയാണ് ബംഗാളിന്‍റെ ഇന്നത്തെ തകര്‍ന്ന അവസ്ഥയ്ക്ക ഉത്തരവാദിത്വം. ബംഗാളില്‍ ഒന്നും നടന്നില്ലെന്നല്ല. മറ്റ് സംസ്ഥാനത്തിലെ ഭരണത്തേക്കാള്‍ മോശമായിരുന്നു എന്നുമല്ല പറഞ്ഞുവരുന്നത്. വര്‍ഗീയ പ്രതിരോധിക്കുന്നതിലുള്‍പ്പടെ ചില നല്ല നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. പക്ഷേ അത് എല്ലാ അര്‍ത്ഥത്തിലും വളരെ ശുഷ്കമായിരുന്നു എന്നിടത്താണ് പ്രശ്നം.

1964 മുതല്‍ മരിക്കുംവരെ സി.പി.എമ്മിന്‍റെ പൊളിറ്റ് ബ്യൂറോയില്‍ ഇരുന്നൊരാള്‍ക്ക് ചരിത്രത്തിന്‍റെ ചില ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല.
1. സാമ്രാജ്യത്വ-വിദേശ കുത്തകകള്‍ എങ്ങനെ ബംഗാളില്‍ പിടിമുറുക്കി? ആരാണ് സാമ്രാജ്യത്വ സ്വകാര്യ നിക്ഷേപങ്ങള്‍ക്ക് വാതില്‍ തുറന്നിട്ടുകൊടുത്തത്? സംസ്ഥാനത്തെ വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ വിദേശ-സാമ്രാജ്യത്വങ്ങള്‍ക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് ആരാണ്?
2. നന്ദിഗ്രാമിലെ കൂട്ടക്കൊലയിലേക്ക് ബംഗാള്‍ ഭരണം എങ്ങനെ എത്തിച്ചേര്‍ന്നു? കൂട്ടക്കൊല നടന്നപ്പോള്‍ പഴയ പാര്‍ട്ടി നേതാവ് എങ്ങനെ പ്രതികരിച്ചു?
3. മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് ഭൂമി ഉറപ്പാക്കുന്ന യഥാര്‍ത്ഥ ഭൂപരിഷ്കരണം എന്തുകൊണ്ട് ബംഗാളില്‍ നടന്നില്ല.
4. എന്തുകൊണ്ട് കൃഷിയെ അടിത്തറയാക്കുന്ന വ്യവസായവല്‍ക്കരണം സാധ്യമായില്ല. നഗരവും ഗ്രാമങ്ങളും തമ്മിലുള്ള അന്തരം എങ്ങനെ വര്‍ധിച്ചു?
5. എല്ലാവര്‍ക്കും തൊഴിലും ഭക്ഷണവും ഉറപ്പാവാതിരുന്നത് എന്തുകൊണ്ട്. എന്തുകൊണ്ട് ബംഗാളികള്‍ തൊഴില്‍ അഭയാര്‍ത്ഥികളായി നാടുവിടുന്നു?
6. പാര്‍ട്ടിയില്‍ നിന്ന് ഭിന്നിച്ച് വിപ്ളവവുമായി നക്സല്‍ബാരിയിലേക്കിറങ്ങിയവരെ എങ്ങനെയാണ് ജ്യോതിബസു നേരിട്ടത്? എത്രപേര്‍ കൊല്ലപ്പെട്ടു? പട്ടാളം ആയിരക്കണക്കിന് ചെറുപ്പക്കാരെ ബംഗ്ളാദേശ് യുദ്ധ നാളില്‍ കൊലചെയ്യുമ്പോള്‍ ബസുവിന്റെ പങ്ക് എന്തായിരുന്നു?
7. തെലുങ്കാന സമരത്തിലൂടെ കടന്നുവന്ന സുന്ദരയ്യയെപ്പോലുള്ള നേതാവില്‍ നിന്ന് എങ്ങനെയാണ് പാര്‍ട്ടി സെക്രട്ടറി പദം തികഞ്ഞ വലതുപക്ഷ വാദിയായ ഇ.എം.എസിന്റെ കൈകളിലെത്തിയത്?
8. എങ്ങനെയാണ് രാഷ്ട്രീയ പ്രതിയോഗികളെ സി.പി.എം. നേരിട്ടത്? ബംഗാളിന്റെ രാഷ്ട്രീയത്തില്‍ കൊലപാതകത്തിന് എങ്ങനെയാണ് ഒരു കലയായി വളര്‍ന്ന് വികസിക്കാനായത്? എപ്പോഴെങ്കിലും രാഷ്ട്രീയ ഉന്മൂലനങ്ങളെ ബസുബാബു എതിര്‍ത്തിരുന്നോ?

9. എന്തുകൊണ്ട് ഭരണമുന്നണിയിലെ കക്ഷികളായ സി.പി.ഐ, ഫോര്‍വേഡ് ബ്ളോക്ക്, ആര്‍.എസ്.പി. കക്ഷികളെ തന്നെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരുന്നു. എന്തുകൊണ്ട് സ്വന്തം മുന്നണിയിലെ ആളുകള്‍ ശാരീരികമായി ഇല്ലായ്മ ചെയ്യപ്പെട്ടു?
10. സി.പി.എമ്മില്‍ വലത്-അധികാര പാര്‍ട്ടികളിലുള്ള എല്ലാ ദുഷിച്ച വശങ്ങളും എങ്ങനെ കടന്നുകൂടി. എങ്ങനെ ഗ്രൂപ്പ് വഴക്കുകളുടെയും പടലപ്പിണക്കങ്ങളുടെയും പാര്‍ട്ടിയായി ബംഗാളിലുള്‍പ്പടെ സി.പി.എം. മാറി.
11. ഗൂര്‍ഖാ മേഖലകള്‍ എങ്ങനെ ബാംഗാള്‍ സംസ്ഥാനത്തില്‍ ഏറ്റവും അവികസിതമായി തുടര്‍ന്നു. നല്ല റോഡുകളോ, വൈദ്യുതി-ജലവിതരണ സംവിധാനമോ അവിടെയില്ലതെ, ജനങ്ങള്‍ എങ്ങനെ സാമ്പത്തികമായും, സാംസ്കാരികമായും മറ്റുമൊക്കെ ഏറ്റവും പിന്നാക്കാവസ്ഥയില്‍ കഴിയേണ്ടി വരുന്നു?
12. തസ്ളിമാ നസ്റിനെ ബംഗാളില്‍ നിന്ന് പുറത്തള്ളുമ്പോള്‍ എന്തുകൊണ്ട് മൌനം പാലിച്ചു?
13. കാളിഘട്ടിലുള്‍പ്പടെയുള്ള മൃഗബലികള്‍ എന്തുകൊണ്ട് ഇപ്പോഴും തുടരുന്നു?
ഉത്തരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. സോഷ്യലിസ്റ്റ് ബദലിനെപ്പറ്റിയുള്ള ഒരു ചര്‍ച്ചപോലും ഉയര്‍ത്താനാവാത്ത വിധത്തില്‍ ദുര്‍ബലമാണ് നമ്മുടെ ഇടതുപക്ഷ അവസ്ഥകള്‍. ചുവന്ന പ്രഭാതത്തെപ്പറ്റി സ്വപ്നം കണ്ട് അതിനായി ജീവന്‍സമര്‍പ്പിച്ച പലരും ജീവിച്ചിരിക്കുന്നുണ്ട്. വെറുതെ ‘ചാക്കാല’ ചൊല്ലുന്നവരെയാണ് കടമ്മനിട്ട മുമ്പ് ഒന്നു പ്രഹരിച്ചത്.

ബംഗാളി എഴുത്തുകാരി മഹാശ്വേതാദേവി എഴുതിയത് ( വി.എസ്. അച്യുതാനന്ദന് ഒരു തുറന്ന കത്ത്- ഈ ലേഖകന്‍ തന്നെ മാതൃഭൂമി ആഴ്ച്ചപതിപ്പിനുവേണ്ടി വിവര്‍ത്തനം ചെയ്ത ലേഖനം) കൂടി ഉദ്ധരിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കാം,
“ഓപ്പറേഷന്‍?-ബാഷി ടുഡു എഴുതുന്നത് പശ്ചിമ ബംഗാളിലെ ആദ്യവട്ട ഇടതുമുന്നണി ഭരണകാലത്താണ് (1977-82). ഓപ്പറേഷന്‍?-ബാഷി ടുഡു വിനും ഇടതുമുന്നണിയുടെ രണ്ടാംവട്ട ഭരണത്തിനും (1982-87) മിടയില്‍ സര്‍ക്കാര്‍ ബെര്‍ഗ ഓപ്പറേഷന്‍ നടത്തിക്കഴിഞ്ഞിരുന്നു.
വ്യവസ്ഥിയെ, നാടുവാഴിത്ത സ്വഭാവത്തില്‍, നിലനിര്‍ത്താന്‍ സഹായിച്ച ഓപ്പറേഷന്‍ ബെര്‍ഗ, സര്‍ക്കാര്‍ പ്രചരണങ്ങളിലും രേഖകളിലും നിര്‍ണായക നേട്ടമായി വിശദീകരിക്കപ്പെട്ടു. രജിസ്റ്റര്‍ ചെയ്തിട്ടുളള കര്‍ഷകന് നിശ്ചിത ഭൂ നിലത്ത് കൃഷിചെയ്യാനും ഉല്‍പാദനത്തിന്റെ ഒരു പങ്ക് ലഭിക്കാനും അത് അവകാശം നല്‍കി.
പക്ഷെ അസാന്നിദ്ധ്യ ഭൂപ്രഭുക്കള്‍ നിലനിന്നു. വിവിധ ബെനാംഡറുകളുടെ പേരില്‍ ഔദ്യോഗികമായി അനുവദിക്കപ്പെട്ടിട്ടുളള പരിധിക്കപ്പുറം ഭൂമി കൈവശംവച്ചിരുന്നവര്‍ ഒറ്റരാത്രികൊണ്ട് ഭരിക്കുന്ന സി.പി.എമ്മിന്‍റെ ഭാഗമായി എന്നതാണ് 1982-83 ലെ ഏറ്റവും പ്രധാന സംഭവവികാസം. അങ്ങനെ ബര്‍ഗകൃഷിക്കാര്‍, പ്രാന്തവല്‍ക്കരിക്കപ്പെട്ട കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍ എന്നിവര്‍ക്കുമേലുളള ചൂഷണം അവസാനിപ്പിക്കാന്‍ ഒരു വഴിയുമില്ലാതായി.
ചില വന്‍കിട ജോതേദാര്‍മാര്‍ കോണ്‍ഗ്രസിനൊപ്പം തുടര്‍ന്നു; അതിനേക്കാളുമപ്പുറത്ത് ഗ്രാമീണബംഗാളിലെ ചൂഷകര്‍ക്ക് ഭരണവര്‍ഗത്തെ, അവരുടെ കൊടിയുടെ നിറമെന്തായാലും ഭയക്കേണ്ട എന്ന വസ്ഥ വന്നു.

1989 ലും സാഹചര്യങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്നു. 1977 നും 1989 നും ഇടയില്‍ കര്‍ഷകത്തൊഴിലാളികളടെയും അതുപോലെ ഭൂരഹിതരുടെയും എണ്ണത്തിലും സ്ഥിരമായി വര്‍ധനയുണ്ടായി. കുറഞ്ഞവേതനം പല തവണ പുതുക്കി; 1989 ല്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിനു മുമ്പ് കടലാസില്‍ അത് 19 നും 20 നുമിടയിലായിരുന്നു. പക്ഷെ ബാഷി ടുഡു വര്‍ധിതവീര്യത്തോടെ അവസാനം വരെ പോരാടിയത് ആര്‍ക്കുവേണ്ടിയാണോ ആ ജനങ്ങള്‍ക്ക് കുറഞ്ഞവേതനം പോലും നിഷേധിച്ചു; അതവരുടെ കടമായി തുടര്‍ന്നു. ഇടതുമുന്നണിയുടെ എഴാം വട്ട അധികാരസമയത്തും ജോതേദാര്‍മാര്‍ക്കായിരുന്നു പൂര്‍ണഅധികാരം.
കര്‍ഷകത്തൊഴിലാളികള്‍ ഇന്ന് പണിയെടുക്കുന്നത് കരാര്‍ തൊഴിലാളികളാണ്, വീടും നാടും വിട്ട് മറ്റെവിടെയൊക്കെയോ തൊഴിലിനായി അവര്‍ അലയുന്നു…
പലിശപണക്കാരയി പ്രവര്‍ത്തിച്ചതിനുപുറമെ അവര്‍ നെല്ലിന്‍റെയും മറ്റു ഭക്ഷ്യധാന്യങ്ങളുടെയും വ്യാപാരത്തിലും ഏര്‍പ്പെട്ടു. തിരഞ്ഞെടുപ്പിനുമുമ്പ് സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകത്തൊഴിലാളികള്‍ക്ക് തുച്ഛമായ വിലയ്ക്ക് അരി നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു. പക്ഷെ ഈ വാഗ്ദാനം ഒരിക്കലും പാലിക്കപ്പെട്ടില്ല. കുറഞ്ഞ തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കാനുളള നടപടികള്‍ പോലും ഒരു ഫലവുമുണ്ടാക്കിയില്ല; കൃഷിപ്പണിയില്ലാത്തപ്പോള്‍ കര്‍ഷകത്തൊഴിലാളികള്‍ക്ക് രണ്ടുരൂപയെങ്കിലും കൊടുക്കുന്നതു ഉറപ്പാക്കാനുമായില്ല…
കര്‍ഷകത്തൊഴിലാളികള്‍ ഇന്ന് പണിയെടുക്കുന്നത് കരാര്‍ തൊഴിലാളികളാണ്, വീടും നാടും വിട്ട് മറ്റെവിടെയൊക്കെയോ തൊഴിലിനായി അവര്‍ അലയുന്നു…ആദിവാസി ജില്ലകളില്‍ കൂടുതല്‍ കൂടുതലായി സ്ത്രീയും പുരുഷനും തെണ്ടിത്തൊഴിലാളിവര്‍ഗത്തിന്‍റെ ഭാഗമായി തീര്‍ന്നുകൊണ്ടിരിക്കുകയാണ്..

2010 Jan 17
www.Keralawatch.com
http://www.keralawatch.com/election2009/?p=25936

No comments:

Post a Comment