Saturday, July 17, 2010

വിപ്ലവം ആരംഭിച്ചിരിക്കുന്നു

അഭിമുഖം/ പ്രചണ്ഡ




നേപ്പാളില്‍ ഇത് ശരത് കാലത്തിന്റെ തുടക്കമാണ്. മണ്‍സൂണ്‍ ഒഴിഞ്ഞു. പ്രസന്നമായ ദിനങ്ങളാണ് വരിക. എന്നാല്‍ ദൂരെ, മലമുകളില്‍ ആദ്യ വെടിയൊച്ച മുഴങ്ങിയിരിക്കുന്നു.
ഇന്ത്യയിലെ സായുധ വിപ്ലവ വാദികള്‍ (അതിനേക്കാള്‍ ഭരണകൂടവും) ശ്രദ്ധാപൂര്‍വം ഉറ്റുനോക്കുന്ന നേപ്പാളില്‍ പുതിയ രാഷ്ട്രീയ മാറ്റം നടന്നുകൊണ്ടിരിക്കുകയാണ്. സമാധാന നടപടികളുടെ ഭാഗമായി രൂപംകൊണ്ട കൂട്ടുകക്ഷി മന്ത്രിസഭയില്‍ നിന്ന് മാവോയിസ്റ്റുകള്‍ പുറത്തെത്തിയിരിക്കുന്നു. 'ജനകീയ വിപ്ലവം' തുടങ്ങിയെന്ന് മാവോയിസ്റ്റുകള്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ജനമുന്നേറ്റത്തിനു മുന്നില്‍ കൊയ്‌റാള മന്ത്രിസഭ ആടിയുലഞ്ഞു താഴെ വീഴുമെന്നും.
ഇനി നേപ്പാളില്‍ നിന്നു വരുന്ന വാര്‍ത്തകള്‍ എങ്ങനെയുളളതാവും? മാവോയിസ്റ്റ് വിപ്ലവത്തിന്റെ ഗതി എന്താണ്? അതെങ്ങനെ ഇന്ത്യയെ ബാധിക്കും? എന്താണ് രാഷ്ട്രീയവും സൈനികവുമായ നിലപാടുകള്‍? നമുക്കെന്താണ് ഈ പുതിയ അനുഭവങ്ങളില്‍ നിന്ന് വായിച്ചെടുക്കാനാവുക? - രാജ്യാന്തര താല്‍പര്യമുളള നിരവധി വിഷയങ്ങളെപ്പറ്റി നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി (മാവോയിസ്റ്റ്) ചെയര്‍മാനും നേപ്പാള്‍ ജനകീയ വിമോചന സേനയുടെ നേതാവുമായ പ്രചണ്ഡ (പുഷ്പ കമല്‍ ദഹാല്‍) സംസാരിക്കുന്നു. കൂട്ടുകക്ഷി ഭരണത്തില്‍ നിന്ന് 2007 സെപ്റ്റംബര്‍ 18 ന് മാവോയിസ്റ്റുകള്‍ പുറത്തുവരുന്നതിനു തൊട്ടുമുമ്പാണ് ഈ അഭിമുഖം നടക്കുന്നത്. നേപ്പാള്‍ മാസികയില്‍ വന്ന അഭിമുഖത്തിന്റെ ഇംഗ്ലീഷ് പരിഭാഷ കാന്തിപൂര്‍ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ചിരുന്നു. ആ അഭിമുഖത്തിന്റെ പ്രസ്‌ക്ത ഭാഗങ്ങള്‍:



നിങ്ങളുടെ അഞ്ചാം പ്ലീനം (വിപുലീകൃത സമ്മേളനം) വളരെയേറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്തായിരുന്നു അതിന്റെ പ്രത്യേകത?

മുമ്പ് നടന്ന നാല് വിപുലീകൃത സമ്മേളനങ്ങളും ഈ വര്‍ഷം നടന്ന യോഗവും തമ്മിലുളള സവിശേഷമായ വ്യത്യസ്തത രാഷ്ട്രീയ സാഹചര്യങ്ങളില്‍ വന്ന മാറ്റമാണ്. ജനകീയയുദ്ധ സമയത്തും യുദ്ധത്തിനു തയാറെടുപ്പുകള്‍ നടത്തുന്ന കാലത്തുമാണ് മുമ്പ് വിപുലീകൃത സമ്മേളനങ്ങള്‍ നടന്നത്.
ഈ വര്‍ഷം സമ്മേളനം നടന്നത് സമാധാന പ്രക്രിയ തുടരുകയും സര്‍ക്കാരില്‍ ഞങ്ങള്‍ക്കു കൂടി പ്രാതിനിധ്യം ഉണ്ടായിരിക്കുകയും ചെയ്യുന്ന തീര്‍ത്തും വ്യത്യസ്തമായ പുതിയ സാഹചര്യത്തിലാണ്.
രണ്ടാമത്, ജനകീയയുദ്ധ നപടികളില്‍ നിന്നു സമാധാന പ്രക്രിയയിലേക്ക് ഞങ്ങള്‍ വന്നതിനു ശേഷം പാര്‍ട്ടിക്കുളളില്‍ നിന്നും പുറത്തു നിന്നും നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു എന്നത് വ്യക്തമാണ്. അഞ്ചാം പ്ലീനം അത്തരം എല്ലാ ചോദ്യങ്ങള്‍ക്കുത്തരം നല്‍കുകയും ധാരണകളില്‍ ഐക്യം കൊണ്ടുവരികയും ചെയ്തു.

ധാരണകളില്‍ ഐക്യം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത്?

പരിവര്‍ത്തന ഘട്ടത്തില്‍ വര്‍ഗം, ജാതി, പ്രാദേശിക, ലിംഗ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ച് ഒരു രാജ്യത്തെ സമാധാന പരമായ രീതിയില്‍ മാറ്റത്തിന് വിധേയമാക്കുക, ഭരണഘടനാ അസംബ്ലിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുക എന്ന ഉദ്ദേശത്തോടെ സര്‍ക്കാരില്‍ പങ്കാളിയാകുക എന്നതൊക്കെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ അപൂര്‍വമായ അനുഭവങ്ങളാണ്. ഞങ്ങളുടെ പാര്‍ട്ടി ജനകീയ യുദ്ധത്തെ തന്ത്രപരമായ പ്രതിരോധം, സന്തുലിതാവസ്ഥ, തന്ത്രപരമായ കടന്നാക്രമണം എന്നിവയിലൂടെ മുന്നേറിച്ച് ഇപ്പോള്‍, അത്യന്തികമായി സമാധാന നടപടികളില്‍ എത്തിച്ചിരിക്കുകയാണ്. അത് അത്തരത്തില്‍ തന്നെ വേറിട്ട അനുഭവമാണ്. അതിനാല്‍ തന്നെ ഈ നടപടികള്‍ പാര്‍ട്ടിക്ക് അകത്തും പുറത്തും നിരവധി ചോദ്യങ്ങള്‍ തീര്‍ച്ചയായും ഉയര്‍ത്തിയിട്ടുണ്ട്. ഈ പ്രക്രിയ നമ്മളെ വിജയത്തിലേക്കാണോ കീഴടങ്ങലിലേക്കാണോ നയിക്കുക? ഇത്തരം ചോദ്യങ്ങള്‍ ഉയരുക തീര്‍ത്തും സ്വാഭാവികമാണ്. അത്തരം ചോദ്യങ്ങള്‍ക്ക് ഞങ്ങള്‍ ഉത്തരം നല്‍കേണ്ടതുണ്ട്. സാമൂഹികവും വിപ്ലവപരവുമായ മാറ്റങ്ങള്‍ക്കായി വേറിട്ട പാത ഞങ്ങള്‍ തെരഞ്ഞെടുത്തത്, 20 -ാം നൂറ്റാണ്ടിലെ വിപ്ലവങ്ങളെയും പ്രതിവിപ്ലവങ്ങളെയും വിശകലനം ചെയ്ത ശേഷമാണ്. ഈ തിരിച്ചറിയലിനെയാണ് ധാരണയിലെ ഐക്യം എന്നു ഞങ്ങള്‍ വിളിക്കുന്നത്.


അണികളില്‍ നിന്നും താഴേ തട്ടില്‍ നിന്നും നിങ്ങള്‍ക്കെതിരെ കടുത്ത ആക്രമണം ഉണ്ടായെന്നും ആഭ്യന്തരമായ അഭിപ്രായ ഭിന്നതകള്‍ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അഞ്ചാം പ്ലീനത്തില്‍ മൂന്ന് ലൈനുകള്‍ ഉയര്‍ന്നതായും കേട്ടു. എന്താണ് സത്യം?

എനിക്കു നേരെ കടുത്ത എതിര്‍പ്പുകള്‍ ഉയര്‍ന്നുവെന്നത് തീര്‍ത്തും അസംബന്ധമാണ്. അങ്ങനെയായിരുന്നെങ്കില്‍ 2200 പ്രതിനിധികള്‍ ഉളള പ്ലീനത്തിന് അവസാനം വീണ്ടും ഐക്യത്തില്‍ എത്തിച്ചേരുക അസാധ്യമായേനെ. തീര്‍ച്ചയായും, സത്യസന്ധരായ വിപ്ലവകാരികള്‍ക്ക് പാര്‍ട്ടി ശരിയായ പാതയില്‍ നിന്ന് വ്യതിചലിക്കുമോയെന്ന ആകുലതകളുണ്ടായിരുന്നു.അക്കാരണത്താല്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നു. കേന്ദ്ര നേതൃത്വംകാഠ്മണ്ഡുവില്‍ കേന്ദ്രീകരിച്ചാല്‍ എന്താണ് സുരക്ഷ? കാഠ്മണ്ഡുവില്‍ നിലകൊളളുന്ന, വാഹന സഞ്ചാരത്തിന്റെ സുഖസൗകര്യങ്ങള്‍ ആസ്വദിക്കുന്ന ഞങ്ങള്‍ സി.പി.എന്‍-യു.എം.എല്‍. കക്ഷികളുടേതുപോലെ വ്യതിയാനങ്ങളുടെ പാത പിന്തുടരുമോ? അത്തരം ആകുലതകള്‍ ഉയര്‍ന്നിരുന്നുവെന്നത് സത്യമാണ്. പക്ഷെ അതിനേക്കാളെല്ലാം ഉപരിയായിഅവര്‍ക്ക് തങ്ങളുടെ നേതൃത്വത്തില്‍ ശക്തമായ വിശ്വാസം ഉണ്ടെന്നത് വ്യക്തമായി.
മൂന്ന് ലൈനുകളെപ്പറ്റിയാണെങ്കില്‍ അതെല്ലാ പാര്‍ട്ടികളിലുമുണ്ട്- വലത്, തീവ്രവാദം, മദ്ധ്യവര്‍ത്തി പാതകള്‍. ഞങ്ങള്‍ വിപ്ലവ ലൈനിനെയാണ് പ്രതിനിധീകരിക്കുന്നത്. പ്ലീനത്തിന്റെ രേഖകളില്‍ ഞാന്‍ പ്രചണ്ഡ പാത എന്ന് എഴുതിയിരുന്നില്ല. എന്നാല്‍ പ്രചണ്ഡ പാതയല്ല മുഖ്യമെന്നും അത് ഒഴിവാക്കണമെന്നും ആരും പറഞ്ഞില്ല. വിപുലീകൃതസമ്മേളനത്തിലെ ലൈനുകളെയും സംവാദങ്ങളെയും പറ്റി മനസിലാക്കാന്‍ ഇതുതന്നെ ധാരാളം.


നേരിട്ട് ആക്രമിക്കുന്നതായിരുന്നു നിങ്ങളുടെ മുന്‍ രേഖകള്‍. എന്നാല്‍ ഇത്തവണ പല കാര്യങ്ങളും അവ്യക്തതയോടെയാണ് പറഞ്ഞിരിക്കുന്നത്? അതെന്തുകൊണ്ടാണ്?

ഞങ്ങള്‍ റോള്‍പയില്‍ ആയിരുന്നപ്പോള്‍ ഉപയോഗിച്ച ഭാഷയും കാഠ്മണ്ഡുവിലായിരിക്കുമ്പോള്‍ ഉപയോഗിക്കുന്ന ഭാഷയും അനിവാര്യമായും വിഭിന്നമായിരിക്കും. സ്വന്തം താവള പ്രദേശത്തു ഉപയോഗിച്ചതും 'വെളള മേഖല'യില്‍ ഉപയോഗിക്കുന്നതും ഒരേ ഭാഷയാവാന്‍ സാധിക്കില്ല.


കാഠ്മണ്ഡുവിനെ നിങ്ങളിപ്പോഴും 'വെളള മേഖല'യായിട്ടാണോ കണക്കാക്കുന്നത്?

അതെ. കാരണം കാഠ്മണ്ഡു ഇപ്പോഴും ജനങ്ങളുടേതായിട്ടില്ല.


നിങ്ങള്‍ പലപ്പോഴും 'വേറിട്ട അനുഭവം' എന്ന പ്രയോഗം നടത്താറുണ്ട്. എന്താണ് ഈ അനുഭവം? ഇത് വിപ്ലവത്തെ സംബന്ധിച്ചോ അതോ ഒത്തുതീര്‍പ്പിനെ സംബന്ധിച്ചോ?

പുതിയത് അല്ലെങ്കില്‍ വേറിട്ട അനുഭവം എന്നു ഞങ്ങള്‍ പറയുമ്പോള്‍ അത് വിപ്ലവത്തെ സംബന്ധിച്ചാണ്. ആഗോളവും ദേശീയവുമായ സാഹചര്യങ്ങളും ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും വികാസവും പരിഗണിക്കുമ്പോള്‍ വിപ്ലവത്തെ മുന്നോട്ടു നയിക്കാന്‍ പുതിയ തീര്‍പ്പുകള്‍ കണ്ടെത്തേണ്ടി വരും. അതായത് പുതിയതും വേറിട്ടതുമായ അനുഭവം ആവശ്യമാണ്.


അത്തരം വിപ്ലവം എന്താണ് ചെയ്യുക?

നേപ്പാളിന്റെ സാഹചര്യത്തില്‍ അത് (വിപ്ലവം) നാടുവാഴിത്ത ഉല്‍പാദന ബന്ധങ്ങളെ അഥവാ ജന്മിത്വ സ്വത്തുടമാ ബന്ധങ്ങളെ മാറ്റി തീര്‍ക്കും. അത് നാടുവാഴിത്ത-രാഷ്ട്രീയ ബന്ധങ്ങളെയും നാടുവാഴിത്ത സംസ്‌കാരിക ബന്ധങ്ങളെയും മാറ്റിത്തീര്‍ക്കും. രണ്ടാമതായി അത് വിദേശ സാമ്രാജ്യത്വ ഇടപെടലുകളില്‍ നിന്നും പിന്തിരിപ്പന്‍മാരില്‍ നിന്നും വികസന (വ്യാപന) വാദികളില്‍ നിന്നും നേപ്പാളിനെയും നേപ്പാള്‍ ജനതയെയും സ്വതന്ത്രമാക്കും.


ഒരു നിശ്ചിത ഘട്ടത്തില്‍, വിപ്ലവത്തിന്റെ പേരില്‍ അക്രമങ്ങള്‍ വീണ്ടും സ്ഥാനം പിടിക്കും എന്നല്ലേ അതിനര്‍ത്ഥം?

ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ എല്ലാ വിപ്ലവവും അക്രമമാണ്. സമാധാന മുന്നേറ്റം എന്നൊക്കെ നിങ്ങള്‍ എത്രത്തോളം വിളിച്ചാലും അത് അക്രമവും പ്രത്യാക്രമണവുമാണ്. രണ്ടാമത്, 10 വര്‍ഷത്തെ ജനകീയ യുദ്ധംകൊണ്ട് സൃഷ്ടിച്ച രാഷ്ട്രീയ അടിത്തറ മൂലം മുന്നോട്ട് പോകാനാവുമെന്നും സ്വാതന്ത്ര്യം സമാധാന രീതിയില്‍ നേടാനാവുമെന്നും അങ്ങനെ പുതിയ സമൂഹം കെട്ടിപ്പടുക്കാമെന്നും ഞങ്ങള്‍ കരുതുന്നു. ഇപ്പോള്‍ അത്തരം പരീക്ഷണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പക്ഷെ ഇത് എല്ലായ്‌പ്പോഴും സമാധാനപരമായിരിക്കണമോ അതോ അക്രമാസക്തമാവണോ എന്നത് ഞങ്ങളെ മാത്രം ആശ്രയിച്ചല്ല ഇരിക്കുന്നത്. അത് ഞങ്ങളുടെ ശത്രുക്കളെ ആശ്രയിച്ചിരിക്കും. ഇപ്പോഴും പൂര്‍ണമായി പരാജയപ്പെടാത്ത സാമ്രാജ്യത്വ, നാടുവാഴിത്ത ഘടകങ്ങളെ ആശ്രയിച്ചാണ് ഇക്കാര്യം തീരുമാനിക്കപ്പെടുക. അവര്‍ ജനങ്ങള്‍ക്കെതിരെ ഒരിക്കല്‍ കൂടി അക്രമം അഴിച്ചു വിടാനുളള സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍, അവര്‍ക്കെതിരെ ജനങ്ങള്‍ക്ക് തിരിച്ചടിക്കേണ്ടി വരും. ആ ഘട്ടത്തില്‍ വിപ്ലവം വീണ്ടും അക്രമാസക്തമാവും.


അവസാന പോരാട്ടം ഇനിയും ശേഷിക്കുകയാണെന്ന്?

അത് അങ്ങനെ തന്നെ മനസിലാക്കാം. 12 ഇന ധാരണയുടെയും മറ്റ് സമ്മതപത്രങ്ങളുടെയും അടിസ്ഥാനത്തില്‍ ഞങ്ങള്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ തടസപ്പെടുത്തുകയോ, ജനങ്ങള്‍ക്ക് തങ്ങളുടെ സമ്മതിദാന അവകാശം സമാധാനപരമായ രീതിയില്‍ പ്രകടിപ്പിക്കാന്‍ മതിയായ അവസരം നല്‍കാതിരിക്കുകയോ, ജനങ്ങള്‍ക്കെതിരെ അക്രമം വീണ്ടും ഉപയോഗിക്കുകയോ ചെയ്താല്‍ അവസാന പോരാട്ടം സംഭവിക്കും.


നിങ്ങള്‍ അക്രമങ്ങള്‍ നടത്തുന്നതായും യുവ കമ്യൂണിസ്റ്റ് ലീഗ് (വൈ.സി.എല്‍) വഴി അത് കൂടുതല്‍ മൂര്‍ഛിപ്പിക്കുന്നതായും ആരോപണമുണ്ട്?

പിന്തിരിപ്പന്‍ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ചില മാധ്യമ സ്ഥാപനങ്ങളാണ് ഈ പ്രചാരണത്തിനു പിന്നില്‍. അത് സത്യമല്ല. ഓരോ സംഭവങ്ങളും സൂക്ഷ്മമായി ചികഞ്ഞു പരിശോധിച്ചാല്‍ ഇതെല്ലാം ഭരണവര്‍ഗത്തിന്റെ അധികാര മനോഭവത്തോടുളള തിരിച്ചടിയായാണ് നടക്കുന്നത് എന്നു മനസിലാവും.


സര്‍ക്കാരില്‍ നിങ്ങളും പങ്കാളികളാണ്. ആ നിലയ്ക്ക് നിങ്ങളും ഭരണാധികാരികള്‍ തന്നെയല്ലേ?

ബാഹ്യഘടന (സര്‍ക്കാരിന്റെ) മാത്രം നോക്കുന്ന ഒരാള്‍ക്ക് അങ്ങനെ പറയാം. പക്ഷെ സത്തയില്‍, ഞങ്ങള്‍ സര്‍ക്കാരില്‍ ചേര്‍ന്നത് ഭരണഘടനാ അസംബ്ലിയിലേക്കുളള തെരഞ്ഞെടുപ്പ് എന്ന താല്‍പര്യാര്‍ത്ഥമാണ്. അധികാരത്തിന്റെ മൊത്തത്തിലൊ തനിച്ചോ ഉളള ചുമതല ഞങ്ങള്‍ക്കല്ല. അധികാരവും സര്‍ക്കാരും ഒന്നല്ല. മാത്രമല്ല, ഞങ്ങള്‍ സര്‍ക്കാരില്‍ പങ്കാളികളാകുമ്പോള്‍ യോജിപ്പോടെ വേണം കാര്യങ്ങള്‍ നടത്താന്‍ എന്നു പറഞ്ഞിരുന്നു. അത് സംഭവിക്കുന്നില്ല. ഇത് ഈ രീതിയില്‍ തുടരുന്നതിനാല്‍ സര്‍ക്കാരില്‍ ഞങ്ങള്‍ തുടരുന്നതിന്റെ സാംഗത്യം അവസാനിച്ചു കഴിഞ്ഞിരിക്കുകയാണ്.


എന്നാണ് നിങ്ങള്‍ സര്‍ക്കാര്‍ വിടുക?

ഞങ്ങളുടെ മന്ത്രിമാര്‍ ഇന്ന് അന്ത്യശാസനം നല്‍കും. സര്‍ക്കാര്‍ നേതൃത്വം അതെങ്ങനെ എടുക്കുന്നുവെന്നും എട്ട് പാര്‍ട്ടി സംഖ്യത്തില്‍ എങ്ങനെ ചര്‍ച്ച ചെയ്യപ്പെടുന്നുവെന്നും അനുസരിച്ചിരിക്കും ബാക്കി കാര്യങ്ങള്‍. കുറച്ച് ദിവസങ്ങള്‍ക്കുളളില്‍ തീരുമാനമുണ്ടാകും.


ജനങ്ങള്‍ക്ക് ഇപ്പോഴും ഭരണഘടനാ അസംബ്ലി തെരഞ്ഞെടുപ്പിനെപ്പറ്റി സംശയമുണ്ട്. പറഞ്ഞ ദിവസം തന്നെ തെരഞ്ഞെടുപ്പ് നടക്കുമോ?

അത് നടന്നേ തീരൂ. പക്ഷെ സര്‍ക്കാര്‍ നേതൃത്വത്തിന്റെ തയാറെടുപ്പുകളും പ്രവര്‍ത്തന രീതികളും നോക്കുമ്പോള്‍ നവംബര്‍ 22 ന് തെരഞ്ഞെടുപ്പ് നടക്കുമോയെന്ന് ഞങ്ങള്‍ക്ക് ഗൗരവമായ സംശയമുണ്ട്. അവശ്യമായ സാഹചര്യം ഒരുക്കാതെയുളള തെരഞ്ഞെടുപ്പ് ജനങ്ങളുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കില്ല. ഉദാഹരണത്തിന് ഇതുവരെ എത്തിച്ചേര്‍ന്നിട്ടുളള എല്ലാ പരസ്പര ധാരണകളും ശരിയായ രീതിയില്‍ നടപ്പാക്കണം. അതിനെക്കാളുപരി മാദേശിലുള്‍പ്പടെ, കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന എല്ലാ സംഘങ്ങളെയും നിര്‍ബന്ധമായും നിയന്ത്രിക്കണം.
ഗൗര്‍ കൂട്ടക്കൊലയ്ക്കു ശേഷം ഞങ്ങളുടെ 50 ലേറെ കേഡറുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഒരു നടപടിയും കുറ്റവാളികള്‍ക്കെതിരെ എടുത്തിട്ടില്ല. അവര്‍ സ്വതന്ത്രരായി നടക്കുകയാണ്. ഇത്തരം സാഹചര്യത്തില്‍ തെരഞ്ഞെടുപ്പുകള്‍ ശരിയായ രീതിയില്‍ നടക്കുമെന്ന് ഒരാള്‍ക്ക് എങ്ങനെ കരുതാനാവും? എങ്ങനെ ഞങ്ങള്‍ക്ക് വിശ്വസിക്കാനാവും? തേരിയില്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഇന്ത്യ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നകാര്യം ഞങ്ങള്‍ മുമ്പേ പറഞ്ഞിട്ടുളളതാണ്. പ്രത്യേകിച്ച് ഇന്ത്യയിലെ ഹിന്ദു തീവ്രവാദികള്‍ തേരിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനെപ്പറ്റി. ഇത് നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിനുളള പരാജയം തെരഞ്ഞെടുപ്പിന്റെ സാധ്യതകളെപ്പറ്റി സന്ദേഹം ഉയര്‍ത്താന്‍ ഇടയാക്കിയിട്ടുണ്ട്. കൂടാതെ, നാടുവാഴിത്ത-രാജപക്ഷ കക്ഷികളും പ്രതിവിപ്ലവ ശക്തികളും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍, തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യം റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്നതിലൂടെ മാത്രമേ തെരഞ്ഞെടുപ്പിനുളള പരിസ്ഥിതി സൃഷ്ടിക്കാനാവൂ എന്നാണ് ഞങ്ങള്‍ പറഞ്ഞുവരുന്നത്.


നിങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് ആഗ്രഹമില്ലെന്നും അതിനു കാരണം പാര്‍ട്ടിയുടെ പൊതുജന സ്വീകാര്യത നഷ്ടമാവുമെന്ന തോന്നലാണെന്നും പറഞ്ഞു കേള്‍ക്കുന്നു?

തെരഞ്ഞെടുപ്പിനെപ്പറ്റിയാണെങ്കില്‍ ഞങ്ങളെ ഒരു കാരണവശാലും സംശയിക്കേണ്ടതില്ല. ഞങ്ങളുടെ ആയിരക്കണക്കിന് പോരാളികള്‍ ഭരണഘടനാ അസംബ്ലി തെരഞ്ഞെടുപ്പിനു വേണ്ടി ജീവന്‍ ത്യാഗം ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പിനെതിരെ നില്‍ക്കാന്‍ ഞങ്ങള്‍ക്കാവില്ല. ശരിയാണ്; പരാജയപ്പെട്ടേക്കാമെന്ന തോന്നല്‍ ഞങ്ങള്‍ക്കുണ്ട്. കാരണം രാജ്യത്തെ നാടുവാഴിത്ത കക്ഷികളും സാമ്രാജ്യത്വ-പിന്തിരിപ്പന്‍ ശക്തികളും ഞങ്ങളെ ജനങ്ങളില്‍ നിന്ന് അന്യമാക്കാനായി ഗൂഢാലോചനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയാണെങ്കിലും തെരഞ്ഞെടുപ്പ് മുന്നണിയില്‍ നിന്ന് വ്യതിചലിക്കാന്‍ ഞങ്ങള്‍ പോകുന്നില്ല. തെരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോ എഴുതാനായി ഉന്നത തല സമിതിക്ക് ഞങ്ങള്‍ രൂപം കൊടുത്തുകഴിഞ്ഞു. പ്രാഥമിക തലത്തില്‍, സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക വൈകാതെ പുറത്തിറക്കും.


തെരഞ്ഞെടുപ്പിനെ എതിര്‍ക്കാനായി നേരത്തെ തന്നെ പരിഹരിച്ചിട്ടുളള റിപ്പബ്ലിക്കന്‍ ഘടന, ആനുപാതിക തെരഞ്ഞെടുപ്പ് സംവിധാനം പോലുളള പ്രശ്‌നങ്ങള്‍ വീണ്ടുമുയര്‍ത്തി നിങ്ങള്‍ സങ്കീര്‍ണമാക്കുകയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്?

ജൂണ്‍ 20 ന് ഭരണഘടനാ അസംബ്ലി തെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചപ്പോള്‍ തന്നെ രാജ്യം ഒരു റിപ്പബ്ലിക്കായി പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പുകള്‍ നടക്കാന്‍ പോകുന്നില്ലെന്ന് ഞങ്ങള്‍ വിയോജനക്കുറിപ്പ് എഴുതിയിരുന്നു. റിപ്പബ്ലിക്കന്‍ ശബ്ദം ഞങ്ങള്‍ കനപ്പിച്ചപ്പോള്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉണ്ടെങ്കില്‍ രാജാവിനെ നീക്കം ചെയ്യാമെന്ന് ഒരു വകുപ്പ് കൂടി ഉള്‍പ്പെടുത്തി പാര്‍ലമെന്റ് ഇടക്കാല ഭരണഘടന ഭേദഗതി ചെയ്യുകയായിരുന്നു. ഇത്തരം ചുറ്റുപാടില്‍ ഞങ്ങള്‍ തെരഞ്ഞെടുപ്പിന് എതിരാണെന്ന് ആര്‍ക്കാണ് പറയാനാവുക? റിപ്പബ്ലിക്കന്‍ ഭരണഘടന ഞങ്ങളുടെ പഴയ ആവശ്യമാണ്. ആനുപാതിക തെരഞ്ഞെടുപ്പ് സംവിധാനത്തെപ്പറ്റിയാണെങ്കില്‍ ഞങ്ങള്‍ അതിലാണ് എന്നും വിശ്വസിച്ചിട്ടുളളത്. ജൂണിനു മുമ്പ് തെരഞ്ഞെടുപ്പ് നടത്തുക എന്ന കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് ഞങ്ങള്‍ തയാറായിട്ടുണ്ട്. കാരണം നേപ്പാളി കോണ്‍ഗ്രസ് പൂര്‍ണമായും ആനുപാതിക തെരഞ്ഞെടുപ്പ് രീതിയെ അംഗീകരിച്ചിരുന്നില്ല. ഈ 'ഒത്തു തീര്‍പ്പ്' ജനങ്ങളോട് വ്യക്തമാക്കാന്‍ കഴിയാതെപോയി. അഞ്ചാം പ്ലീനത്തില്‍ ഇത് തെറ്റായിരുന്നുവെന്ന് ഞങ്ങള്‍ സമ്മതിക്കുകയും വ്യക്തമായി തന്നെ, ആനുപാതിക തെരഞ്ഞെടുപ്പ് സംവിധാനത്തിലാണ് ഞങ്ങളുടെ വിശ്വാസമെന്നും എടുത്തുപറഞ്ഞിട്ടുണ്ട്. രാജ്യം ആനുപാതിക തെരഞ്ഞെടുപ്പ് സംവിധാനം സ്വീകരിക്കുന്നില്ലെങ്കില്‍ തന്നെ തെരഞ്ഞെടുപ്പില്‍ നിന്ന് ഓടി മാറുമെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. ഇത്തരം സാഹചര്യത്തില്‍ എങ്ങനെയാണ് ഞങ്ങള്‍ തെരഞ്ഞെടുപ്പിനെ എതിര്‍ക്കുന്നത്?


പരമാധികാരത്തിന്റെ പ്രശ്‌നത്തില്‍?

ഞങ്ങളുടെ പാര്‍ട്ടിയുടെ തീരുമാനം രാജ്യത്ത് റിപ്പബ്ലിക്ക് ഘടന നിര്‍ബന്ധമാണെന്നാണ്. റിപ്പബ്ലിക് ഘടനയ്ക്കായി പ്രചരണ പരിപാടികള്‍ ഞങ്ങള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നിരുന്നാല്‍ തന്നെ, അങ്ങനെ സംഭവിക്കുന്നില്ലെങ്കിലും തെരഞ്ഞെടുപ്പില്‍ നിന്ന് ഞങ്ങള്‍ ഓടി ഒളിക്കില്ല.


പ്രധാനമന്ത്രി കൊയ്‌റാളയുമായുളള നിങ്ങളുടെ ബന്ധം ഉരുകിക്കൊണ്ടിരിക്കുകയാണോ?

ഉരുകുകയാണെന്ന് ഞാന്‍ അതിനെ വിളിക്കില്ല. രാഷ്ട്രീയ സംഭവ വികാസങ്ങളും നേപ്പാളി കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന രീതിയും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നത് സത്യമാണ്. ജനകീയ യുദ്ധ സമയത്ത് ഗിരിജാപ്രസാദ് കൊയ്‌റാളയും മറ്റ് നേതാക്കളും പറഞ്ഞത് ഞങ്ങള്‍ ചെയ്തിരുന്നത് -തലസ്ഥാനത്തെ ആക്രമിക്കുന്നതും ജനമര്‍ദകരെ ലക്ഷ്യമിടുന്നതും- ശരിയാണെന്നാണ്. പക്ഷെ ഇപ്പോള്‍ അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഞങ്ങള്‍ സമാധാന പ്രക്രിയയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും തിരിച്ചുപോകണം എന്ന് ആഗ്രഹിക്കുന്ന മട്ടിലാണ്. കൊയ്‌റാളയ്ക്ക് വലിയ തിരിച്ചുപോക്കും ബൂര്‍ഷ്വാ മാറ്റവും സംഭവിച്ചുകൊണ്ടിരിക്കുന്നതായി ഞങ്ങള്‍ സംശയിക്കുന്നു.


തെരഞ്ഞെടുപ്പ് നടക്കുന്നില്ലെങ്കില്‍ കൊയ്‌റാള സര്‍ക്കാരിന്റെ അവസ്ഥ എന്താവും?

തെരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍ കൊയ്‌റാള സര്‍ക്കാര്‍ തന്നെ ഉണ്ടാവില്ല. കൊയ്‌റാള സര്‍ക്കാര്‍ പോവുമെന്നു മാത്രമല്ല രാജ്യം വലിയ വിപത്തിനെ നേരിടുകയും ചെയ്യും.


എന്തുതരം വിപത്ത്?

ശരിയായ വിധത്തില്‍ ഭരണഘടനാ അസംബ്ലിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍ രാജ്യം സങ്കീര്‍ണമായ ആഭ്യന്തരയുദ്ധത്തിന്റെ പിടിയില്‍ അമരും.

ആഭ്യന്തര യുദ്ധം?

അതെ. ഒരു ആഭ്യന്തര യുദ്ധം. സംഭവ പരമ്പരകള്‍ അതാണു കാണിക്കുന്നത്. ആ സമയത്ത് അന്തരാഷ്ട്ര ശക്തികളുടെ ഇടപെടല്‍ ഉയര്‍ന്ന തോതിലാവും. വളരെയേറെ പേര്‍ നേപ്പാളിന്റെ വിധി അഫ്ഗാനിസ്ഥാനെയും ഇറാഖിനെപ്പോലെയും ആകുമെന്ന് സൂചിപ്പിക്കുന്നുണ്ട്. പക്ഷെ ഇറാഖോ അഫ്ഗാനിസ്ഥാനോ ആയിരിക്കില്ല. നേപ്പാള്‍ 21 -ാം നൂറ്റാണ്ടിലെ വിയറ്റ്‌നാം ആയി മാറും. ഇതിനര്‍ത്ഥം, നേപ്പാളി ജനത ഒരിക്കല്‍ കൂടി അന്താരാഷ്ട്ര ഇടപെടലുകള്‍ക്കെതിരെ വിപ്ലവം നടത്താന്‍ സാധ്യതയുണ്ടെന്നാണ്. ഈ സമാധാന പ്രക്രിയ ശരിയായ വിധത്തിലല്ല മുന്നോട്ടു പോകുന്നതെങ്കില്‍ മറ്റൊരു ജനകീയ വിപ്ലവം ഒഴിച്ചുകൂടാനാവാതെ വരുമെന്നാണ് ഞാന്‍ കരുതുന്നത്.

അത്തരം ജനകീയ വിപ്ലവം സംഘടിപ്പിക്കാനുളള അവസ്ഥയിലാണോ നിങ്ങള്‍?

നേപ്പാളിന്റെ ജനത അത് ചെയ്തുകൊളളും. ഞങ്ങള്‍, ആവുന്ന വിധത്തില്‍ തീര്‍ച്ചയായും ആ വിപ്ലവത്തെ നയിക്കാന്‍ ശ്രമിക്കും.


ഭരണഘടന പുതുക്കിക്കൊണ്ടുളള ഒരു ധാരണയിലൂടെ തെരഞ്ഞെടുപ്പ് വൈശാഖത്തിലേക്ക് (ഏപ്രില്‍ മദ്ധ്യം-മെയ് മദ്ധ്യം) മാറ്റിവയ്ക്കാനുളള സാധ്യതയെപ്പറ്റി പറഞ്ഞു കേള്‍ക്കുന്നുണ്ട്.

ഞാന്‍ അങ്ങനെ ചിന്തിക്കുന്നില്ല. തെരഞ്ഞെടുപ്പ് തോന്നിയപോലെ നടത്താനാവില്ല. എന്തെങ്കിലും കാരണത്താല്‍ തെരഞ്ഞെടുപ്പ് തീയതി വീണ്ടും മാറ്റി വയ്ക്കുന്നത് സഹിക്കാന്‍ നേപ്പാള്‍ ജനതയ്ക്കാവില്ല.


അതായത്, നവംബറില്‍ തെരഞ്ഞെടുപ്പ് നടക്കുന്നില്ലെങ്കില്‍ അടുത്ത കാലത്തൊന്നും തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയില്ലെന്നാണോ?

അത്തരം ധാരണകള്‍ രൂപീകരിക്കുന്നത് തെറ്റാവുമെന്നാണ് എനിക്കു തോന്നുന്നത്.


എന്തുതരം ജനകീയ വിപ്ലവത്തെപ്പറ്റിയാണ് താങ്കള്‍ സംസാരിക്കുന്നത്?

ആദ്യം തെരഞ്ഞെടുപ്പ് നടത്താന്‍ വേണ്ടി. അത് സംഭവിക്കുന്നില്ലെങ്കില്‍ ജനങ്ങളിലേക്ക് എല്ലാ അധികാരം കൈമാറാന്നതിനുവേണ്ടി.


ജനങ്ങളുടെ കൈയിലെ അധികാരം എന്നു പറഞ്ഞാല്‍ അധികാരം നിങ്ങളുടെ കൈയിലേക്ക് എന്നല്ലേ അര്‍ത്ഥം?

ഞങ്ങളുടെ കൈയിലെ അധികാരം എന്നു പറഞ്ഞാല്‍ ജനങ്ങളെ ആരാണ് പ്രതിനിധീകരിക്കുന്നത് അവരുടെ കൈയില്‍ അധികാരമെന്നാണ്.


എന്നാണ് നിങ്ങള്‍ ജനകീയ വിപ്ലവം തുടങ്ങുക?

ആ നടപടികള്‍ തുടങ്ങിയിരിക്കുന്നു. മന്ത്രിസഭയിലുളള ഞങ്ങളുടെ സഖാക്കള്‍ ചില നിര്‍ദേശങ്ങള്‍ തയാറാക്കുകയും അത് അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ സര്‍ക്കാര്‍ വിടുമെന്ന അന്ത്യശാസനം നല്‍കുകയും ചെയ്തിട്ടുണ്ട്. അത് അത്തരത്തില്‍ തന്നെ വിപ്ലവത്തിന്റെ തുടക്കമാണ്.


തെരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍ എട്ടുപാര്‍ട്ടികളുടെ ഐക്യം എന്ന സമവാക്യത്തിന് എന്തു സംഭവിക്കും?

തെരഞ്ഞെടുപ്പ് നടക്കാതെ വന്നാല്‍ പോറല്‍ പോലും ഏല്‍ക്കാതെ കൂട്ടുകക്ഷി ഐക്യം തുടരും എന്ന് കരുതാനാവില്ല. ചിലപ്പോള്‍ എട്ടു പാര്‍ട്ടികളും പുതിയ മുന്നേറ്റത്തിനു തുടക്കം കുറിക്കും. അല്ലെങ്കില്‍ അതില്‍ ചിലത് പിന്തിരിപ്പന്‍ ശക്തികളുമായി കൈകോര്‍ക്കും. മറ്റ് ചിലത് ജനങ്ങള്‍ക്കൊപ്പം എത്തുകയും ചെയ്യും.

ഈ വിപ്ലവത്തില്‍ ജനകീയ വിമോചന സേന (പി.എല്‍.എ)യുടെ പങ്ക് എന്തായിരിക്കും?

ജനകീയ മുന്നേറ്റങ്ങളില്‍ പി.എല്‍.എ. ഉപയോഗിക്കാനാവില്ല. പക്ഷെ രാജ്യം ജനകീയ വിപ്ലവത്തിലേക്ക് പോകുന്ന സാഹചര്യം ഉണ്ടായാല്‍ എന്തും സംഭവിക്കാം. ജനകീയ വിമോചന സേനയ്ക്ക് 'പട്ടാളത്താവളങ്ങള്‍'ക്കുളളില്‍ തുടരാന്‍ ആവില്ല. അത് പുറത്തു വരും.


പറഞ്ഞിരിക്കുന്ന തീയതിക്കുളളില്‍ തെരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍ യു.എന്‍. നിരീക്ഷ/മേല്‍നോട്ട നടപടികള്‍ക്ക് എന്തു സംഭവിക്കും.?

കരാര്‍ ഒരു വര്‍ഷത്തേക്കാണ്. ആ സമയത്തിനുളളില്‍ തെരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍ ഐക്യരാഷ്ട്ര സഭയുടെ (യു.എന്‍.) പങ്കും അവസാനിക്കും. പിന്നെ യു.എന്‍. ഇവിടെ തങ്ങേണ്ട കാര്യമില്ല.

നമുക്ക് വേറൊരു വിഷയത്തിലേക്ക് കടക്കാം. തേരിയില്‍ നിങ്ങള്‍ക്കെതിരെ ഗൂഢാലോചന നടക്കുന്നതായി പറഞ്ഞു.എവിടെ നിന്നാണ് ഇത് ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നത്?

തേരിയിലെ പ്രശ്‌നത്തിനു ഗൗരവമായ സ്വഭാവമാണുളളത്. പലപ്പോഴും സൂചിപ്പിക്കപ്പെടുന്നതുപോലെ ഹിന്ദു തീവ്രവാദികള്‍ മാത്രമല്ല അതിനു പിന്നിലെന്നത് വാസ്തവമാണ്. ഭരണഘടനാ അസംബ്ലിയിലേക്കുളള തെരഞ്ഞെടുപ്പിനു വേണ്ടി ഞങ്ങള്‍ കരാര്‍ ഒപ്പിടുമ്പോള്‍ അമേരിക്കന്‍ ഐക്യനാടിലെ പ്രതിനിധികള്‍ ജനങ്ങളെ ഞങ്ങള്‍ക്കെതിരെ ഇളക്കിവിടാന്‍ മാദേശില്‍ ചെന്നിരുന്നു. മാദേശില്‍ മാവോയിസ്റ്റുകളെ മൂലയിലേക്ക് ഒതുക്കാന്‍ അമേരിക്ക ശ്രമിച്ചു. രണ്ടാമത് ഇന്ത്യന്‍ ഭരണവര്‍ഗത്തിലെ വികസനാവാദിസംഘം ആസൂത്രിതമായ പ്രവര്‍ത്തികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. മൂന്നാമത് മുമ്പ് മാദേശില്‍ നിന്ന് ഓടിക്കപ്പെട്ട ജന്മി-ഭൂടമാ വര്‍ഗം ഇപ്പോള്‍ പ്രതികാര നടപടികള്‍ കൈക്കൊണ്ടിരിക്കുകയാണ്. നാലാമത് തേരിയില്‍ മുമ്പ് പാര്‍ലമെന്ററി പാര്‍ട്ടികളുടെ സ്വാധീനം ഏതാണ്ട് പൂര്‍ണമായും ഇല്ലായിരുന്നു. അവരെല്ലാം മാവോയിസ്റ്റ് സ്വാധീനം ഈ മേഖലയില്‍ ഇല്ലാതാക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. മുമ്പ് ഞങ്ങളുടെ ആക്റ്റിവിസ്്റ്റുകള്‍ തുരത്തിയ കൊളളക്കാര്‍, കൊലപാതകികള്‍, കുറ്റവാളികള്‍ എല്ലാം അവിടെ സ്വയം സംഘടിച്ചിരിക്കുകയാണ്. അതിനാല്‍ മാദേശ് പ്രശ്‌നം ബഹുതല സ്വഭാവമുളളതാണ്.


ഇന്ത്യയോട് മാദേശ് കാര്യങ്ങളെപ്പറ്റി നിങ്ങള്‍ ചര്‍ച്ചചെയ്തില്ലേ?

ഞങ്ങള്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ഞാനീ പ്രശ്‌നം ഇന്ത്യന്‍ അംബാസഡറോട്- അതായത് ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരോട്- പറഞ്ഞിട്ടുണ്ട്. ഇന്ത്യ ആഗ്രഹിച്ചിരുന്നെങ്കില്‍ ഇത്തരത്തിലുളള കുഴപ്പം തീര്‍ച്ചയായും ഒഴിവാക്കാനായേനെ. തുറന്ന അതിര്‍ത്തിയുളളതിനാലാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നത് എന്നാണ് ഇപ്പോള്‍ ഇന്ത്യ പറയുന്നത്. പക്ഷെ ഇത് എളുപ്പം അംഗീകരിക്കാന്‍ കഴിയില്ല. നേപ്പാള്‍ വിപ്ലവ മുന്നേറ്റത്തെ അട്ടിമറിക്കാനുളള തന്ത്രത്തിന്റെ ഭാഗമായേ ഇത് കാണാനാവൂ. രണ്ടാമത് നേപ്പാളില്‍- പ്രത്യേകിച്ച് മാദേശില്‍- തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാന്‍ ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ ആസൂത്രിത കളി നടക്കുന്നത് നേപ്പാളിലെ പൊതു ജനത്തിന് അറിയാം. ഞങ്ങള്‍ ഇതിനെ എതിരിട്ടുകൊണ്ടിരിക്കുകയാണ്.


എന്താണ് ഇപ്പോള്‍ നിങ്ങളുടെ ഇന്ത്യാ നയം?

ജനകീയ യുദ്ധം തുടങ്ങുമ്പോള്‍ ഞങ്ങളുടെ മുഖ്യ അജണ്ടായി ദേശീയത ഉയര്‍ത്തിയിരുന്നു. പിന്നീടുളള ഘട്ടത്തില്‍, ഞങ്ങളുടെ ഉത്തരവാദിത്തപ്പെട്ട സുഹൃത്തുക്കള്‍ ഇന്ത്യയില്‍ അറസ്റ്റിലാകുന്നത് തുടരുകയും ഇന്ത്യന്‍ ഇടപെടലുകള്‍ ശക്തമാവുകയും ചെയ്തപ്പോള്‍ ഇന്ത്യയ്‌ക്കെതിരെ പോരാടാന്‍ ഞങ്ങള്‍ തയാറെടുപ്പുകള്‍ നടത്തുകയും ചെയ്തു. ഇന്ത്യക്കെതിരെ തുരങ്ക യുദ്ധം നടത്തുന്നതിനെപ്പറ്റി ഞങ്ങള്‍ ചര്‍ച്ചചെയ്തിരുന്നു. വിയറ്റ്‌നാം യുദ്ധത്തിലെ തുരങ്ക പോരാട്ടങ്ങളെപ്പറ്റി പഠിച്ച ശേഷം ഞാന്‍ രേഖ തയാറാക്കുകയും ചെയ്തിരുന്നു.
'ഫെബ്രുവരി 1' സംഭവത്തിനു മുമ്പ് രാജഭരണാനുകൂല വാദികളോട് ചര്‍ച്ച നടത്താന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. ദേശീയതയെപ്പറ്റിയും ഇന്ത്യന്‍ ഭീഷണിയെപ്പറ്റിയും ഉളള ഞങ്ങളുടെ നയത്തില്‍ മാറ്റമുണ്ടായിരുന്നില്ല. തുരങ്കയുദ്ധ ആലോചനയും ഗ്യനേന്ദ്രയുമായുളള ചര്‍ച്ചയും ചേര്‍ത്തുവായിക്കാം. എന്നിരുന്നാലും ഫെബ്രുവരി ഒന്ന് സംഭവങ്ങള്‍ മോശമായ രീതിയില്‍ സാഹചര്യത്തെ ഏകാധിപത്യത്തിലേക്ക് കൊണ്ടുചെന്നെത്തിച്ചു. ഞങ്ങളുടെ പ്രതീക്ഷകള്‍ക്കും വിശകലനത്തിനും അപ്പുറമുളള പുതിയ സംഭവ വികാസമായിരുന്നു അത്. ഏകാധിപത്യത്തിന്റെ ആവിര്‍ഭാവത്തിനുശേഷം ഞങ്ങള്‍ക്ക് അതിനെതിരെ തിരിയേണ്ടിയിരുന്നു. അതിനുവേണ്ടി പാര്‍ലമെന്ററി പാര്‍ട്ടികളുമായി പ്രവര്‍ത്തന ഐക്യം കെട്ടിപ്പടുക്കണമായിരുന്നു. അതിനേല്ലാം ഉപരി നേപ്പാളി കോണ്‍ഗ്രസുമായി ഞങ്ങള്‍ക്ക് സഖ്യം തെരഞ്ഞെടുക്കണമായിരുന്നു. അതിനു ഞങ്ങള്‍ക്ക് ഡല്‍ഹിയുടെ പിന്തുണ തേടേണ്ടി വന്നു.


എന്തിന്? ഡല്‍ഹിയും നേപ്പാളി കോണ്‍ഗ്രസും തമ്മില്‍ എന്തു ബന്ധമാണുളളത്?


ഡല്‍ഹിയും നേപ്പാളി കോണ്‍ഗ്രസും തമ്മില്‍ ആഴത്തില്‍ വേരുളള ബന്ധമുണ്ട്. അത് രഹസ്യമാണോ? ആ പാര്‍ട്ടി ഉണ്ടായ ശേഷമുളള വികാസങ്ങള്‍ നോക്കിയാല്‍ ഈ സവിശേഷ ബന്ധം വ്യക്തമാക്കും. ഉദാഹരണത്തിന്, റോള്‍പ്പയില്‍ വച്ച് 12 ഇന കരാര്‍ ഒപ്പിടാനാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. റോള്‍പയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഡല്‍ഹിയില്‍ വച്ചു സന്ധിക്കുന്നതാണ് അതിനേക്കാള്‍ കൂടുതല്‍ താല്‍പര്യമെന്നും ഗിരിജാബാബു പറഞ്ഞതിനെ തുടര്‍ന്ന് ഞങ്ങള്‍ക്ക് ഡല്‍ഹിയില്‍ പോകേണ്ടി വന്നു. ഗിരിജാ ബാബുവിനെ ഞങ്ങളുടെ അടുത്തേക്കുകൊണ്ടുവരാന്‍ ഇന്ത്യന്‍ അധികാരികളെ കബളിപ്പിക്കേണ്ട ദുഷ്‌കര വേളയായിരുന്നു അത്. ഇന്ത്യന്‍ സര്‍ക്കാരിനെ വശത്താക്കാനുളള കടുത്ത ശ്രമങ്ങളെപ്പറ്റിയും ഈ കൂടിക്കാഴ്ചകളെപ്പറ്റിയും ആരും അറിയാത്തതാണെന്നും ഞങ്ങള്‍ കരുതുന്നില്ല. ഗിരിജാബാബു ഇന്ത്യന്‍ സര്‍ക്കാരിന്റെ അതിഥിയായി തങ്ങുകയായിരുന്നു അന്ന്. ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതിയോടെയാണ് 12 ഇന കരാര്‍ ഉണ്ടാവുന്നത്. ഈ രീതിയില്‍, 12 ഇന ധാരണാപത്രത്തില്‍ ഒപ്പിടുന്നതിന് ഇന്ത്യ പങ്കുവഹിച്ചിട്ടുണ്ട്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, ഇങ്ങനെ അല്ലായിരുന്നെങ്കില്‍ നേപ്പാളി കോണ്‍ഗ്രസിലൂടെ ഇന്ത്യയുമായി ഞങ്ങള്‍ക്ക് ചില ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പറയേണ്ടി വരുമായിരുന്നില്ല.


എന്താണ് ഇന്ത്യ നിങ്ങളില്‍ നിന്നും നിങ്ങള്‍ ഇന്ത്യയില്‍ നിന്നും ആഗ്രഹിക്കുന്നത്?

തുല്യതയുടെ അടിസ്ഥാനത്തിലുളള ബന്ധം. ഇന്ത്യയുമായുളള മുന്‍ കരാറുകളും ഉടമ്പടികളും ഉചിതമായി പുനപരിശോധിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. മാത്രമല്ല അയല്‍വാസി എന്ന നിലയില്‍ ഈ പരിവര്‍ത്തന ഘട്ടത്തില്‍ ഇന്ത്യ ഗുണകരമായി സഹായിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. തിരിച്ച് തങ്ങളുടെ താല്‍പര്യത്തിനും ആഗ്രഹത്തിനും അനുസരിച്ച് ഞങ്ങള്‍ പ്രവര്‍ത്തിക്കാമെന്നാണോ ഇന്ത്യ ആഗ്രഹിക്കുന്നത്? സര്‍ക്കാരില്‍ പങ്കാളിയായ ശേഷം ആ രീതിയിലൊന്നും ഞങ്ങള്‍ പ്രവര്‍ത്തിച്ചിട്ടില്ല. തേരിയില്‍ ഞങ്ങളുടെ പാര്‍ട്ടിയുടെ സ്വാധീനം ഇല്ലാതാക്കാന്‍ ഇന്ത്യ കളിച്ചതായിട്ടാണ് ഞങ്ങള്‍ക്ക് തോന്നിയിട്ടുളളത്. അത് നല്ലതായിരുന്നില്ല.


ഭരണഘടനാ അസംബ്ലി തെരഞ്ഞെടുപ്പിനെപ്പറ്റി അടുത്തിടെ ഇന്ത്യന്‍ അംബാസഡര്‍ ശിവശങ്കര്‍ മുഖര്‍ജി നടത്തിയ അഭിപ്രായ പ്രകടനത്തെപ്പറ്റി എന്തു തോന്നുന്നു

അദ്ദേഹം ഉപയോഗിച്ച ഭാഷ തീര്‍ത്തും എതിര്‍ക്കപ്പെടേണ്ടതാണ്. അത് നേപ്പാളി ജനങ്ങള്‍ക്കും നേപ്പാളി ഭരണകൂടത്തിന്റെ സ്വാതന്ത്ര്യത്തിനും എതിരാണ്. നേപ്പാളിലെ കാര്യങ്ങള്‍ നിശ്ചയിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് അത് നല്‍കുന്നത്. മുന്‍ യു.എസ്. അംബാസഡര്‍ മോറിയാര്‍ടിയുടെ ഭാഷയും സ്വരവുമാണ് അതിലും ചുവയ്ക്കുന്നത്.


നേപ്പാളിന്റെ ദേശീയതയും പരാമാധികാരവും വിദേശ ശക്തികളുടെ ഭീഷണി നേരിടുന്നുണ്ടോ?

കുറച്ചു മുമ്പ്, രാജ്യം ഒരു വിപത്തിലേക്ക് നീങ്ങുകയാണെന്ന് പറഞ്ഞപ്പോള്‍ നേപ്പാളിന്റെ ദേശീയ ആര്‍ജവത്തിനുമേല്‍ മേല്‍ അപകട സാധ്യതകള്‍ ശക്തിപ്പെടുന്നുവെന്നു കൂടി സൂപ്പിക്കാനാണ് ഞാന്‍ ഉദ്ദേശിച്ചത്. വിദേശ ഇടപെടുലുകള്‍ ശക്തിപ്പെടുന്ന രീതികളും, മറ്റ് എല്ലാ സാഹചര്യങ്ങളും പരിശോധിക്കുമ്പോള്‍ എല്ലാ ദേശീയ ശക്തികളും യോജിച്ചു നിന്നില്ലെങ്കില്‍ നേപ്പാളിന്റെ സ്വാതന്ത്ര്യത്തിനു ഭീഷണിയാണ്. എന്നിരുന്നാലും ആ അപകടം വന്നെത്തിയതായി ഞാന്‍ കരുതുന്നില്ല. നേപ്പാളി ജനതയുടെ ദേശീയ വികാരം വളരെ ശക്തമാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ഏതു തരത്തിലുളള ത്യാഗവും നല്‍കാന്‍ നേപ്പാളി ജനത ഏതു സമയത്തും ഒരുക്കമാണ്. അതൊക്കെയാണെങ്കിലും നേപ്പാളിന്റെ ആര്‍ജവത്തിനും ദേശീയ സ്വാതന്ത്ര്യത്തിനും മേല്‍ വലിയ ഗൂഢാലോചനകള്‍ ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നു എന്നത് വ്യക്തമാക്കുന്ന സൂചനകള്‍ ഉണ്ട്.

--------------
കുറിപ്പ്:

1. ഫെബ്രുവരി 1 സംഭവം: നേപ്പാള്‍ രാജാവ് ഗ്യാനേന്ദ്ര പാര്‍ലമെന്റ് പിരിച്ചുവിടുകയും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്ത സംഭവമാണ് ഇവിടെ സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ ഭരണം രാജാവ് സ്വയം ഏറ്റെടുക്കുകയായിരുന്നു.

2. മാദേശ് പ്രശ്‌നം: നേപ്പാള്‍-ഇന്ത്യന്‍ അതിര്‍ത്തിയില്‍ ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുന്ന ദേശീയ വിമോചന മുന്നേറ്റം. നേപ്പാളില്‍ നിന്ന് സ്വയം നിര്‍ണയാവകാശത്തിന്റെ പേരിലുളള വേറിട്ടുപോകലാണ് മാദേശികള്‍ ആഗ്രഹിക്കുന്നത്. അമേരിക്കന്‍-ഇന്ത്യന്‍ ഇടപെടലുകളും ഹിന്ദു തീവ്രവാദികളുടെ നിക്ഷിപ്ത താല്‍പര്യമുളള പ്രവര്‍ത്തനവും ഈ മേഖലയില്‍ നടക്കുന്നുണ്ടെന്ന മാവോയിസ്റ്റ് ആരോപണങ്ങളില്‍ ചില വസ്തുതകളുണ്ട്. മാവോയിസ്റ്റു പാര്‍ട്ടിയില്‍ നിന്നു വിട്ടുപോയവരാണ് മാദേശ് വിമോചന മുന്നേറ്റത്തിന്റെ നേതാക്കള്‍.


പരിഭാഷ: ബിജുരാജ്

Gaddika Magazine
2007 December

No comments:

Post a Comment