Saturday, July 17, 2010

ഇതാ ജോണ്‍

പഴയ ഒരു അഭിമുഖം കണ്ടെടുക്കുന്നു

അഭിമുഖം
ജോണ്‍ എബ്രഹാം/ആര്‍.നന്ദകുമാര്‍




നൂറുകണക്കിന് പേരെ തന്റെ കാമറയ്ക്ക് മുന്നിലാക്കാന്‍ ജോണ്‍ എബ്രഹാമിന് എളുപ്പം കഴിഞ്ഞു. പക്ഷെ അഭിനയത്തിനപ്പുറം, കാമറയ്ക്കു മുന്നില്‍ ഒരിക്കലും അദ്ദേഹം സ്വയം കയറി നിന്നിട്ടില്ല. പരുക്കനായ, ഒട്ടും വഴങ്ങാത്ത ജോണിനെ കാമറയ്ക്കു മുന്നിലാക്കാന്‍ ശ്രമിച്ചവര്‍ പലരും പരാജയപ്പെടുകയായിരുന്നു. ഒരര്‍ത്ഥത്തില്‍ അവരെയെല്ലാം ജോണ്‍ ആട്ടിയോടിച്ചു. എങ്കിലും ഒരിക്കല്‍, ഒറ്റത്തവണ കാമറയ്ക്കു മുന്നില്‍ അല്‍പം നീണ്ട ഒരു മലയാള അഭിമുഖത്തിനു ജോണ്‍ തയാറായി. മരിക്കുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ്. ദൂരദര്‍ശനുവേണ്ടി അഭിമുഖം ഒരുക്കിയത് അന്ന് അവിടെ പ്രൊഡ്യൂസറായിരുന്ന ശ്യാമപ്രസാദായിരുന്നു (ഇന്നത്തെ സംവിധായകന്‍). ഒരു വേള, അടുത്ത സുഹൃത്തും കലാചരിത്രകാരനുമായ നന്ദകുമാര്‍ അഭിമുഖക്കാരനായി ഉണ്ട് എന്നതാവണം സമ്മതത്തിനു പിന്നില്‍. അങ്ങനെ ജോണ്‍ സംസാരിച്ചിട്ടുണ്ട്.
തുറസായ സ്ഥലത്ത്, ദൂരദര്‍ശന്റെ മുമ്പില്‍ ഒരു മതിലില്‍ ചാരി നിന്ന് ഇരുവരും സംസാരിച്ചു. അതേ മതിലില്‍ ജോണിന്റെയും അഭിമുഖക്കാരന്റെയും പേര് കോറിയിട്ടിരുന്നു. ഇന്നത്തെ പതിവ് പ്രൊഫഷണിലിസം ഇരുപത്തി രണ്ടുവര്‍ഷം മുമ്പ് നടന്ന ഈ അഭിമുഖത്തിനുണ്ടാവുക സാധ്യമല്ല. (ചാനലുകള്‍ എത്തിയിട്ടില്ല എന്നറിയുക) ഇരമ്പുന്ന ചുറ്റുവട്ടം, മങ്ങിയ വെളിച്ചം, അനാവശ്യ ശബ്ദങ്ങള്‍, അതിലേറെ അറുപരുക്കനായ, മുഴങ്ങുന്ന, ഇടയ്ക്ക് നേര്‍ത്ത് പോകുന്ന ജോണിന്റെ ശബ്ദം. അഭിമുഖം പൂര്‍ണമല്ല. ഇടയ്ക്കു മുറിഞ്ഞുപോയിട്ടുമുണ്ട്. അപൂര്‍ണമായാണ് അവസാനിക്കുന്നതും. എങ്കിലും കാലത്തെ പിന്നിലാക്കി പഴയ അഭിമുഖം കണ്ടെടുക്കുമ്പോള്‍ ജോണ്‍ ചിലതെല്ലാം സമ്മാനിക്കുന്നുണ്ട്. തന്റെ സിനിമയെപ്പറ്റി, സിനിമാ സങ്കല്‍പത്തെപ്പറ്റി, അതിന്റെ വഴികളെപ്പറ്റി തെല്ലൊരടക്കത്തോടെ, ചെറുചിരിയോടെ സംസാരിക്കുന്നു.
ഒട്ടും ഗ്രാമ്യമായ ഭാഷയിലല്ല ജോണ്‍ സംസാരിച്ചിരുന്നത്; കുറഞ്ഞത് ഈ അഭിമുഖത്തിലെങ്കിലും. ജോണിന്റെ സംസാരത്തിലെ നീണ്ട ഇംഗ്ലീഷ് വാചകങ്ങളും തുടര്‍ച്ചയായി കടന്നു വരുന്ന ഇംഗ്ലീഷ് വാക്കുകളും നമ്മെ അലോസരപ്പെടുത്തും. അല്‍പം 'മലയാളീകരിച്ച' ആ അഭിമുഖമാണ് ചുവടെ:


നന്ദകുമാര്‍: ഇന്നിവിടെ പരിചയപ്പെടുന്നത് മലയാളികള്‍ക്ക് വളരെ പരിചിതനായ യുവ സംവിധായകന്‍ ജോണ്‍ എബ്രഹാമിനെയാണ്. അഗ്രഹാരത്തിലെ കഴുതൈ എന്ന ചിത്രത്തിലൂടെയാണ് ഒരു പക്ഷേ അദ്ദേഹം ഇവിടെ അറിയപ്പെടാന്‍ തുടങ്ങിയത്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ബിരുദം നേടി പുറത്തിറങ്ങി ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന നിലയില്‍ അദ്ദേഹം സിനിമ ചെയ്തു. അദ്ദേഹത്തോട് നമുക്ക് സംസാരിക്കാം.
ജോണ്‍, ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് പഠനവും അവിടുത്തെ അനുഭവങ്ങളും മറ്റു സ്വാധീനങ്ങളും ഒരു സിനിമാ സങ്കല്‍പ്പം രൂപീകരിക്കുന്നതില്‍ താങ്കളെ എത്തരത്തില്‍ സഹായിച്ചിട്ടുണ്ട്?


ജോണ്‍: ഞാന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിക്കാന്‍ ചെല്ലുന്നതിനു മുമ്പ് എന്റെ സിനിമാ സങ്കല്‍പ്പം വളരെ വികലമായിരുന്നു. അന്നുണ്ടായിരുന്ന മലയാള സിനിമയും ഹിന്ദി ഫിലിംസും ഹോളിവുഡ് സിനിമയും പിന്നെ വളരെ ചുരുക്കം നല്ല പടങ്ങളേ കണ്ടിട്ടുണ്ടായിരുന്നുളളൂ. ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്ന ശേഷം മാസ്‌റ്റേഴ്‌സിന്റെ പടങ്ങള്‍ കാണുന്നതോടെയാണ് എന്റെ കമ്പ്‌ളീറ്റ് ഐഡിയ മാറുന്നത്. ഐ മീന്‍, എന്റെ സങ്കല്‍പ്പങ്ങള്‍ ആകെപ്പാടെ മാറി മറിഞ്ഞു. സിനിമ എന്താണ് എന്ന ഏതാണ്ട് ഒരു വര്‍ഷം നീണ്ട ആശയക്കുഴപ്പമുണ്ടായിരുന്നു. അതിനു മുമ്പ് എനിക്ക് അംബിഗുറ്റിയായിരുന്നു. എന്താണ് പറയേണ്ടതെന്ന് അറിഞ്ഞു കൂടാ. ക്രമേണ
മാസ്‌റ്റേഴ്‌സിന്റെ വര്‍ക്കുകള്‍ കണ്ടപ്പോള്‍, പിന്നെ വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയപ്പോള്‍,
നല്ല സിനിമ എന്തെന്നും, നല്ലതും ചീത്തയും എന്തെന്നും തിരിച്ചറിയാനുളള കഴിവ് എനിക്കുണ്ടായി. അത് ഈ മാസ്‌റ്റേഴ്‌സ് എന്നെ പഠിപ്പിച്ചതാണ്.
ആര് എന്നെ ഇന്‍ഫ്‌ളുവന്‍സ് ചെയ്തിട്ടുണ്ട് എന്ന് ചോദിച്ചാല്‍ പറയാന്‍ ബുദ്ധിമുട്ടാണ്. എല്ലാവരും ഇന്‍ഫ്‌ളുവന്‍സ് ചെയ്തിട്ടുണ്ട്. അല്ലെങ്കില്‍ ആരും ഇന്‍ഫ്‌ളുവന്‍സ് ചെയ്തിട്ടില്ല. എന്റെ സിനിമയുടെ സങ്കല്‍പ്പം- ഐഡിയാ ഓഫ് സിനിമ ഈ മൂന്നുവര്‍ഷം കൊണ്ട് ചെയ്ഞ്ച് ചെയ്തു. അല്ലെങ്കില്‍ ഞാന്‍ തന്നെ, എന്റേതായ ഒരു സ്‌റ്റൈല്‍ അല്ലെങ്കില്‍ എന്റേതായ ക്രിയേഷന്‍ രൂപീകരിക്കണം, എന്റെതായ സിനിമാറ്റിക് ക്രിയേഷന്‍ ഉണ്ടാവണം എന്നൊക്കെ തീരുമാനിച്ചതാണ് പൂനെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് പുറത്തിറങ്ങുന്നത്. ഈ മാസ്‌റ്റേഴ്‌സിന്റെ മഹത്തായ സൃഷ്ടികള്‍ അനുകരിക്കാതെ തന്നെ ചെയ്യാനായിരുന്നു എന്റെ ശ്രമം. അവരുടെ എല്ലാം സ്വാധീനം മനസില്‍ ഉണ്ട്. ഞാന്‍ ആരുടെയും പേരെടുത്തു പറയുന്നില്ല. എന്നാലും ഞാന്‍ എന്റേതായ ശൈലി സിനിമകളില്‍ ഉണ്ടാക്കണമെന്ന് ആലോചിച്ചു തന്നെയാണ് പുറത്തിറങ്ങുന്നത്. പക്ഷെ ആദ്യത്തെ സിനിമ അങ്ങനെ നടന്നില്ല. കാരണം അതൊരു കോംപ്രമൈസ് ആയിരുന്നു.


നന്ദകുമാര്‍: ഏതു സിനിമയെപ്പറ്റിയാണ് പറഞ്ഞുവരുന്നത്?

ജോണ്‍ എബ്രഹാം: 'വിദ്യാര്‍ത്ഥികളേ ഇതിലേ ഇതിലേ'. ഇന്‍സ്റ്റിറ്റിയൂട്ട് പാസായി ഇറങ്ങിയ ഉടനെ എടുത്ത പടമാണ്. അത് നെസിസിറ്റി ഫോര്‍ എക്‌സിസ്റ്റന്‍സ്- നിലനില്‍പ്പിനു ആവശ്യമായിരുന്നു. ഞങ്ങള്‍
അഞ്ചാറുപേരുണ്ടായിരുന്നു ഒന്നിച്ച്. മദ്രാസില്‍. ഒരുജോലിയുമില്ലാതെ.അങ്ങനെയിരിക്കുമ്പോഴാണ് ഒരു പ്രൊഡ്യൂസര്‍ വന്നത്. അന്ന് അങ്ങനെ ചെയ്യാനേ ആവുമായിരുന്നുളളൂ. ആ നിര്‍ദേശങ്ങള്‍ (സജഷന്‍സ്) മുഴുവന്‍ ഞാന്‍ ചെയ്യേണ്ടി വന്നു. അതിനു ശേഷമാണ് അഗ്രഹാരത്തിലെ കഴുതൈ ചെയ്യുന്നത്.

നന്ദകുമാര്‍: അവിടെ കാണാനിടയായ ചിത്രങ്ങളില്‍ മാസ്‌റ്റേഴ്‌സിന്റെ പടങ്ങള്‍ സ്വാധീനിച്ചുവെന്നു പറഞ്ഞു. ഈ സ്വാധീനങ്ങളിലൂടെ ഒരു പക്ഷേ പുതിയ സിനിമാറ്റിക് എക്‌സ്പ്രഷനെപ്പറ്റിയുളള ധാരണകള്‍ ഉണ്ടാവുകയായിരുന്നോ?

ജോണ്‍ എബ്രഹാം: അതെ. ഐയാം ഗ്രോയിംഗ് ഔട്ട് ഓഫ് ഇറ്റ്. ഞാന്‍ നല്ല സിനിമകളിലൂടെ കടന്നു പോകുകയായിരുന്നു. അത് നല്ല സിനിമയെ മനസിലാക്കിത്തരികയായിരുന്നു.

നന്ദകുമാര്‍: ഒരു കാര്യം എടുത്തുപറയേണ്ടത് പലപ്പോഴും ഋത്വിക് ഘട്ടക് തന്റെ പല ഇന്റര്‍വ്യൂകളിലും ജോണിന്റെ പേര് എടുത്തു പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. ജോണിനെയും മണികൗളിനെയും കുമാര്‍ സാഹ് നിയെയും ചേര്‍ത്ത്. അതിനര്‍ത്ഥം ഒരു വലിയ പരിധിവരെ അദ്ദേഹത്തിനു താങ്കളോട് തോന്നിയ ആഭിമുഖ്യം മറിച്ച് അങ്ങോട്ടും ഉണ്ടായിക്കാണും. ശൈലിയിലൊക്കെ ആഭിമുഖ്യം തോന്നിയിരിക്കാം?

ജോണ്‍: തീര്‍ച്ചയായും ഉണ്ട്. ഘട്ടക്കിന്റെ പടം രണ്ട് തരത്തിലാണ് ഞാന്‍ കാണുന്നത്. ബംഗാളില്‍ അല്ലെങ്കില്‍ ഇന്ത്യയില്‍ ഏറ്റവും വലിയ മാറ്റം ഉണ്ടാക്കിയത് സത്യജിത്‌റേയാണ്. പക്ഷെ റേയുടെ പടം കണ്ടതിനുശേഷമാണ് ഞാന്‍ ഘട്ടക്കിന്റെയും മൃണാള്‍സെന്നിന്റെയും മറ്റും പടങ്ങളൊക്കെ കാണുന്നത്. സിനിമയോട് ഘട്ടക്കിന്റെ സമീപനം നേരിട്ടുളളതായിരുന്നു. മറ്റേതുപോലൊരു വിക്‌ടോറിയന്‍ റെമാന്റിസിസം അതിലില്ല. അതുപോലെ ചരിത്രപരമോ നറേറ്റീവോ ആയിരുന്നില്ല ഘട്ടക്കിന്റെ സമീപനം. അത് വയലന്റായിരുന്നു. അത് റിയാലിറ്റിയില്‍ നിന്നു വന്നതാണ്. അദ്ദേഹം കൈകാര്യം ചെയ്തതും റിയാലിറ്റിയെയാണ്. അത് മെലോ ഡ്രാമാറ്റിക് ആണ്. അദ്ദേഹം ജീവിച്ച സാഹചര്യം തന്നെ മെലോഡ്രാമാറ്റിക് ആണ്. അദ്ദേഹം ജീവിച്ച സാഹചര്യവും ബംഗാള്‍ വിഭജനവുമെല്ലാം ഘട്ടക്കിനെ ബാധിച്ചിട്ടുണ്ട്. ആ വയലന്‍സ്, ആ ഒരു അസ്വസ്ഥത (ഡിസ്റ്റര്‍ബന്‍സ്) എന്നെ ആകര്‍ഷിച്ചിട്ടുണ്ട്. കാരണം നമ്മുടെ ജീവിത സാഹചര്യം എപ്പോഴും അസ്വസ്ഥകരമാണ്. സ്മൂത്ത് റണ്ണിംഗ് ആയിട്ടുളള അവസ്ഥയല്ല നമ്മുടെ ജീവിത സാഹചര്യം. അതിന്റെ ഒരു വിഷ്വല്‍ എക്‌സ്പ്രഷനാണ് ഘട്ടക്കിന്റേത്. അദ്ദേഹം മൃദൃ സമീപനക്കാരനായിരുന്നില്ല.അല്ലെങ്കില്‍ റെമാന്റിക് നറേറ്റീവ് ഓഡറോ ആയിരുന്നില്ല ഘട്ടക്കിന്റേത്.

നന്ദകുമാര്‍: വളരെ അസ്വസ്ഥപ്പെടുത്തുന്ന വിധത്തിലുളള സിനിമകള്‍.

ജോണ്‍: അതെ. വളരെ ഡിസ്റ്റര്‍ബന്‍സ് ആയിരുന്നു. അദ്ദേഹത്തിന്റെ സൗന്ദര്യമെന്നത് എന്നെ ആകര്‍ഷിച്ചിട്ടുണ്ട്. അതൊരു സത്യമാണ്. അദ്ദേഹത്തിന്റെ സിനിമകളിലെ ഡിസ്റ്റര്‍ബിംഗ് തലം അംഗീകരിക്കപ്പെടുന്ന സത്യമാണ്. എനിക്ക് അദ്ദേഹത്തോട് വളരെ ബഹുമാനം തോന്നിയിട്ടുണ്ട്.

നന്ദകുമാര്‍: അഗ്രഹാരത്തിലെ കഴുതൈ സാധ്യമായത് എങ്ങനെയാണ്? അല്ലെങ്കില്‍ അതിലേക്കു എത്തുന്നതെങ്ങനെയാണ്?

ജോണ്‍: 'കഴുതൈ'യുടെ സ്‌ക്രിപ്റ്റാണ് ആദ്യം ചെയ്തത്. ഞാനാദ്യം വര്‍ക്ക് ചെയ്തത് മണികൗളിനൊപ്പമാണ്. ഉസ്‌കി റോട്ടിയില്‍. അതിനുശേഷമാണ് സിനിമ ചെയ്യാന്‍ തുടങ്ങുന്നത്. എന്‍.എഫ്.ഡി.സിയുടെ സഹായത്തോടെ തുടങ്ങാനാണ് പദ്ധതിയിട്ടത്. ഐയാം ക്വാളിഫൈഡ്.
ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് പാസായ ആളാണ്. വിത്ത് ഫസ്റ്റ്ക്ലാസാണ്. ഞാന്‍ വിചാരിച്ചത് ലോണ്‍ കിട്ടുമെന്നാണ്. ഫ്രണ്ടിനോട് കുറച്ചു കാശു മുടക്കാന്‍ പറഞ്ഞു. അങ്ങനെ തുടങ്ങി.
എന്‍. എഫ്.എഫ്.സി (നാഷണല്‍
ഫിലിം ഡവലപ്‌മെന്റ കോര്‍പറേഷന്റെ ഫണ്ടിന് )അപേക്ഷിച്ചു. പക്ഷെ അവര്‍ ലോണ്‍ നിര്‍ദേശം തളളി. തളളിയത് അതിലും നല്ല തമാശ സംഭവമാണ്.അവരാദ്യം പറഞ്ഞത് അതിന്റെ ടൈറ്റില്‍ മാറ്റണമെന്നാണ്. പിന്നെ പറഞ്ഞു അതിന്റെ എന്‍ഡ് സീന്‍ മാറ്റണം. ഒരാര്‍ട്ടിസ്റ്റിനോട് അങ്ങനെ പറയുക എന്നത് ശരിയല്ല. ടൈറ്റില്‍ മാറ്റണം തീം മാറ്റണം എന്നൊക്കെ പറയുന്നത് എനിക്ക് തമാശയായിട്ടാണ് തോന്നിയത്. ഐ ഫീല്‍ ഫണ്ണി. അത് ചെയ്യാനൊന്നും ഞാന്‍ പോയില്ല. അനുവദിച്ചുകൊടുക്കാനും പോയില്ല. പിന്നെ സഹോദരി കുറച്ചു കാശൊക്കെ തന്നു. നാലു വര്‍ഷം കൊണ്ടാണ് പടം തീര്‍ത്തത്. അതിന്റേതായ കുറേ ബുദ്ധിമുട്ടുകള്‍ നേരിട്ടു. അതിന്റെ പിറകേ തന്നെയായിരുന്നു ഞാന്‍. എന്റെ ആത്മാവ് അതിന്റെ പിന്നാലെയായിരുന്നു. എനിക്കത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. അത് നൂറു ശതമാനം പരിപൂര്‍ണമായിട്ടില്ല. ഞാനുദ്ദേശിച്ചത് പലതും നടക്കാതെ വന്നിട്ടുണ്ട്. അതൊക്കെ എപ്പോഴും സംഭവിക്കും. ഇതില്‍ സംഭവിക്കുന്നുണ്ട്.

നന്ദകുമാര്‍: 'അഗ്രഹാരത്തില്‍ കഴുതൈയുടെ' ഒരു രൂപശില്‍പം പുരാവൃത്തത്തോട് അല്ലെങ്കില്‍ ഫേബിളിനോട് (കഥ പറച്ചിലിനോട്)സമാനമായ ഒന്നാണ്.

ജോണ്‍: അതെ. ഞാനത് ഫേബിളായിട്ട് തന്നെയാണ് ആലോചിച്ചത്. അതിന്റെ ഘടനയെന്നു പറഞ്ഞാല് പലരും പറയുന്ന കഥകളുടെ ഒരു കണ്‍സ്ട്രക്ഷനാണ്. ആദ്യം ഒരു വോയിസ് (ശബ്ദം) കഥ പറഞ്ഞു തുടങ്ങുന്നു. പിന്നെ പലരും കഥകള്‍ പറയുന്നു. അങ്ങനെ കഥകളുടെ ഒരു ഘടനയായിട്ടാണ് സിനിമ ചെയ്തത്. പലരും പറയുന്ന കഥകളുടെ ഒരു കണ്‍സ്ട്രക്ഷനായിട്ടാണ് അത് ഉദ്ദേശിച്ചതും. വിഷ്വലൈസ് ചെയ്തതും ഫേബിളിന്റെ സ്‌റൈലായിരുന്നു. രസമായിരുന്നു. എനിക്കത് കഥയായിട്ടു പറയാന്‍ പറ്റി. പക്ഷെ ചെറിയാച്ചനില്‍ അതു സംഭവിച്ചില്ല.

നന്ദകുമാര്‍: ചെറിയാച്ചനില്‍ എന്തുകൊണ്ട്?

ജോണ്‍: 'ചെറിയാച്ചനി'ല്‍ സംഭവിച്ചത് വളരെ ഇന്‍ടിമേറ്റായി എനിക്ക് അറിയാവുന്ന റിയല്‍ സംഭവമാണ്. അത് എന്റെ നാട്ടിലെ സംഭവമാണ്. എന്നില്‍ നിറഞ്ഞു നില്‍ക്കുന്ന സംഭവം എക്‌സ്പ്രസ് ചെയ്യുമ്പോള്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന കാര്യത്തില്‍ ആശയക്കുഴപ്പമില്ല. അതാവിഷ്‌ക്കരിക്കാന്‍ ബുദ്ധിമുട്ടില്ല.

നന്ദകുമാര്‍: സൈക്കിക് ഡിസ്റ്റന്‍സ് ഇല്ല.

ജോണ്‍ എബ്രഹാം: അതെ സൈക്കിക് ഡിസ്റ്റന്‍സ് ഇല്ല. അതിന്റേതായ ഡിസ്റ്റര്‍ബന്‍സ് ആ പടത്തില്‍ ഉണ്ടായി. മാത്രമല്ല അസ്വസ്ഥപ്പെടുത്തുന്ന ഒരു കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിച്ചത്. മാനസികരോഗിയുടെ തലത്തിലുളള ഒരു കഥാപാത്രം.അതിന്റെ കമ്യൂണിക്കേഷന്‍ ബുദ്ധിമുട്ടായിരുന്നു.കഴുതൈ കമ്യൂണിക്കേറ്റീവായിരുന്നു. എല്ലാവര്‍ക്കും ഇഷ്ടമാകും. കുട്ടികള്‍ക്കും വയസന്‍മാര്‍ക്കുമെല്ലാം എളുപ്പം മനസിലാവും. എല്ലാവര്‍ക്കും പെട്ടന്ന് ഉള്‍ക്കൊളളാവുന്ന രൂപത്തിലായിരുന്നു സിനിമ.
ചെറിയാച്ചന്‍ കുറച്ചു കൂടി കോംപ്ലക്‌സായതുകൊണ്ട് അതിന്റെ കമ്യൂണിക്കേഷന്‍ അല്‍പം ബുദ്ധിമുട്ടായി.

നന്ദകുമാര്‍: ചെറിയാച്ചനെപ്പറ്റി പൊതുവെ പറയാറുളളത്, നന്നാവാതിരുന്നതിന് കാരണം അതിന്റെ കണ്‍സെപ്ചലായിട്ട്, അഥവാ ആവിഷ്‌കാര പരമായിട്ടുളള ചില വശങ്ങളാണ്. ചില ഷോട്ടുകള്‍ കണ്‍ഫ്യൂസിംഗ് എന്നു പറഞ്ഞു കേള്‍ക്കുന്നു.

ജോണ്‍: ഒരു കണക്കിന് അതു ശരിയാണ്. മറ്റൊരു തരത്തില്‍ അല്ല. പടം ഷൂട്ട് ചെയ്തത് 46000 അടിയാണ്. എഡിറ്റുചെയ്തു കണ്ടപ്പോള്‍ തന്നെ ഇത്രയേ ചെയ്യാന്‍ പറ്റൂകയുളളൂ. സോ ദാറ്റ് ഗോ ആസ് ഇറ്റീസ്.അത് അങ്ങനെ തന്നെ പോട്ടെ. ആ ഡിസ്റ്റര്‍ബന്‍സ് അങ്ങനെ തന്നെ പോയിക്കോട്ടെ എന്നു ഞാന്‍ തീരുമാനിച്ചു. കറക്ട് ചെയ്ത് പിന്നെയും കറക്ട് ചെയ്ത് അത് സോഫിസിറ്റിക്കേറ്റാക്കാന്‍ ഞാന്‍ ശ്രമിച്ചില്ല. എനിക്കതു ചെയ്യാമായിരുന്നു. അതിന്റെ അവസാന പ്രിന്റു കണ്ടപ്പോഴാണ് ഭയങ്കര പ്രഷര്‍ വരുന്നത്. അത് സാമ്പത്തികമായും ടെക്‌നിക്കലായും മറ്റും ഒത്തിരി പ്രശ്‌നം പിന്നെയും ഉണ്ടാക്കും. വളരെ സാധ്യതയുളളതായിരുന്നു സിനിമ. പക്ഷെ ഒന്നും ചെയ്യാന്‍ പറ്റിയില്ല. അതൊന്നു പറയാന്‍ പാടില്ലാത്തതാണ്. കാരണം ഫൈനല്‍ പ്രൊഡക്ട് ആണ് പ്രധാനം.

നന്ദകുമാര്‍: പലപ്പോഴും ജോണിന്റെ കോംപോസിഷനുകളില്‍ അല്ലെങ്കില്‍ മ്യൂസിക്കില് , ഫോട്ടോഗ്രാഫില് ആയാസകരവും ബോധപൂര്‍വമായ ശ്രമം, പ്രത്യേക റിസല്‍ട്ടിനുവേണ്ടി നടന്നായിട്ടു കാണുന്നില്ല.

ജോണ്‍: ഞാന്‍ ചെയ്യാറില്ല. സിറ്റുവേഷന്‍ ഡിമാന്‍ഡ്‌സ് സെര്‍ട്ടന്‍ തിങ്ങ്‌സ്, ദാറ്റ് ഐ യൂസ്. അല്ലാതെ ലൊക്കേഷന്‍, അതെന്റെ ഭംഗിയോ ഒന്നും അല്ല നോക്കുന്നത്. അന്നേരം കാണുന്ന അവിടെയുളളതിനയാണ് ഞാന്‍ ചിത്രീകരിക്കുന്നത്. കുറേയെറെ സ്‌പൊണ്ടേനിറ്റി-സ്വാഭാവികത-വര്‍ക്ക് ചെയ്യുന്നുണ്ട്. ഐന്‍സ്റ്റീനും സത്യജിത് റേയെക്കെ ചെയ്യുന്നതുപോലെ ഞാന്‍ ചെയ്തിട്ടില്ല. കറക്റ്റായി ഫ്രെയിം ഒക്കെ വരച്ച്, ഡ്രോയിംഗ് ഒക്കെ ചെയ്ത്. ചില സംവിധായകര്‍ അങ്ങനെ ചെയ്യാറുണ്ട്. പിന്നെ കര്‍ശനമായി അത് ഫോളോ ചെയ്യും. അങ്ങനെയല്ല ഞാന്‍ സിനിമ എടുക്കുന്നത്. ഞാന്‍ അങ്ങനെ ചെയ്യാറില്ല. ഞാനൊരു ലൊക്കേഷന്‍ തീരുമാനിക്കുന്നു. ഞാന്‍ ജനങ്ങളെ നോക്കുന്നു. ആള്‍ക്കാരെ നോക്കുന്നു. അവരു തന്നെ നിര്‍ദേശിക്കും. ആ സാഹചര്യങ്ങളാണ് എന്നോട് നിര്‍ദേശിക്കുന്നത്. അതിനനുസരിച്ചാണ് ഞാന്‍ വര്‍ക്ക് ചെയ്യുന്നത്. ഒരിക്കലും റിജിഡ് ഫ്രെയിമില്‍ വര്‍ക്ക് ചെയ്യാറില്ല. ഞാന്‍ ഒന്നും സൂപ്പര്‍ ഇംപോസ് ചെയ്യാറില്ല. ഞാന്‍ അഭിനേതാക്കളോട് കര്‍ശനമായി പറയാറില്ല എന്തുചെയ്യണമെന്ന്. ഇതാണ് സംഭവം, ഇതാണ് സാഹചര്യം എന്നൊക്കെ പറഞ്ഞുകൊടുക്കും. എന്റെ ആശയങ്ങള്‍ അങ്ങനെ നടപ്പാക്കാറില്ല. ഇങ്ങോട്ട് തിരിയണം. അങ്ങോട്ട് തിരിയണം. പിരികം പൊക്കണം എന്നൊക്കെ. ചിലപ്പോള്‍ പറയും. പറയേണ്ടി വരും. ചിലര്‍ ഓവര്‍ ആക്റ്റ് ചെയ്യുമ്പോള്‍ ഞാന്‍ പറയും അത്രയും വേണ്ട. റിജിഡ് ആയിട്ടുളള സാഹചര്യം എനിക്കിഷ്ടമില്ല.
ഇതില്‍ നിന്നൊക്കെ പൂര്‍ണമായി വ്യത്യസ്തമാണ് 'അമ്മ അറിയാന്‍' എന്ന പടം. കാരണം അതിനകത്ത് ഒരു പാട് സംഭവങ്ങള്‍ റഫറന്‍സ് വരുന്നുണ്ട്. യാത്ര വരുന്നുണ്ട്. ഗദ്ഗദങ്ങള്‍ ഉളള നിമിഷങ്ങള്‍ ഉണ്ട്, ആത്മഹത്യയെപ്പറ്റിയുളള ചെറുപ്പക്കാരന്റെ ഫീലിംഗ്‌സ് വരുന്നുണ്ട്. ഒപ്പം തന്നെ ഇപ്പോള്‍ ഇവിടെ നടക്കുന്ന വൈബറന്റ് സിറ്റുവേഷന്‍സ് വരുന്നുണ്ട്. അതിനു മുമ്പേ നടന്നിട്ടുളളത്. 60 ലും 70 ലുമൊക്കെ നടന്നിട്ടുളളതിന്റെ റഫറന്‍സ് ഒത്തിരി ഉണ്ട്. ചില സ്വപ്നങ്ങള്‍ വരുന്നുണ്ട്. അത് നറേറ്റീവ് ആയിട്ട് ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത്.
ഞാന്‍ അമ്മ അറിയാന്‍ എന്ന പടം തുടങ്ങുമ്പോള്‍ ഞാന്‍ അതിലെ മൊമന്‍സിനെപ്പറ്റി പലതുംആലോചിച്ചിട്ടുണ്ട്. കാരണം പാരലല്‍ സിനിമാ മൂവ്‌മെന്റ് വന്നു തുടങ്ങുമ്പോള്‍, അതിനു വേണ്ടിയുളള ശ്രമമായിരുന്നു. നടന്നില്ല. ഇപ്പോഴത്തെ ഇന്‍ഡ്‌സ്ട്രിയുടെ ഫംഗ്ഷനില്‍ ഒരു വിഷ്യസ് സര്‍ക്കിള്‍ ഉണ്ട്. ഇവര്‍ പറയും ഞങ്ങള്‍ എടുക്കുന്ന സിനിമ ജനങ്ങള്‍ കാണാറില്ല. തിയേറ്ററുകള്‍ക്ക് വേണ്ട. ഡിസ്റ്റിബ്യൂട്ടേഴസ് എടുക്കാറില്ല. ജനങ്ങള്‍ക്ക് വേണ്ട എന്നുളളതാണ് അവര്‍ പറയുന്നത്. പക്ഷെ അതേ ആള്‍ക്കാര്‍ തന്നെ പറയുന്നു തെറ്റാണ്. നിങ്ങള്‍ ജനങ്ങളെ കാണിക്കുന്നില്ല എന്നവര്‍ പറയുന്നു. ജനങ്ങള്‍ കാണാന്‍ തയാറാണ്. നമ്മളതിനു ശ്രമിക്കുന്നില്ല. 'കഴുതൈ' ഇവിടുത്തെ വലിയ തീയേറ്ററുകളില്‍ കുറച്ചുപേരെ കാണിക്കുന്നതിലും ഭേദം കുറച്ച് സ്‌ട്രെയിന്‍ എടുത്ത് നാട്ടിന്‍ പുറങ്ങളില്‍ കാണിക്കുന്നതാണ്. ജനങ്ങള്‍ കണ്ടോളും. കാണുന്നുണ്ട്.
ചെറിയാച്ചനെപോലുളള കോപ്ലക്‌സായ ഫിലിമുകള്‍ കാണിക്കുമ്പോള്‍ ഗ്രാമങ്ങളില്‍ സാധാരണക്കാരായ ആള്‍ക്കാര്‍. ജനങ്ങള്‍ പ്രതികരിക്കുന്നുണ്ട്. അല്ലാതെ പരിഷ്‌കാരികളായ ആള്‍ക്കാരല്ല. അവരയെല്ല നമ്മള്‍ കാണിക്കുന്നത്. ജനങ്ങള്‍ റിയാക്റ്റ് ചെയ്യുന്നുണ്ട്. നമ്മള്‍ ജനങ്ങള്‍ മണ്ടന്‍മാരാണ്, കഴുതയാണ് എന്നൊക്കെ പറയുന്നത് തെറ്റാണ്.
അതവരുടെ കുറ്റമല്ല. നല്ല സിനിമകള്‍ കാണിക്കാത്തതാണ് പ്രശ്‌നം.

നന്ദകുമാര്‍: അവര്‍ നല്ല സിനിമികളിലേക്ക് പരിചയിക്കപ്പെട്ടിട്ടില്ല.

ജോണ്‍: അതെ. അവര്‍ നോട്ട് എക്‌സ്‌പോസ്ഡ് ടു ഗുഡ് സിനിമ. കാരണം കാണാന്‍ കിട്ടുന്നില്ല. ഇവിടെ കാണിക്കുന്നത് സ്റ്റണ്ട് ഫിലിംസ് ഒക്കെയാണ്. അതു കാഴ്ചക്കാരുടെ കുറ്റമല്ല. അത്തരം ഒരു സംസ്‌കാരമാണ് വികസിപ്പിച്ചിരിക്കുന്നത്. കറുപ്പ് (ഒപിയം)തീറ്റിക്കുക എന്നു പറയുന്നതുപോലെയാണ്. കണ്ട് കണ്ട് പിന്നെ അത് പിന്നെ വേണം. ഒരേ സ്വഭാവമുളള സിനിമ തന്നെ വീണ്ടും കാണിച്ചുകൊണ്ടിരിക്കും. അതിനുവേണ്ടി ഉണ്ടാക്കും. വീണ്ടും വീണ്ടും കൊടുത്തുകൊണ്ടിരിക്കും.

നന്ദകുമാര്‍: അതിനെ സാധൂകരിക്കാന്‍ അതുപോലെ വേറെ ഉണ്ടാക്കും.

ജോണ്‍: വേറെ ഉണ്ടാക്കും. നല്ല സിനിമകള്‍ കൊടുത്താല്‍ ശരിയാകും. അവര്‍ക്കു വേണ്ടതല്ല കൊടുക്കുന്നത്. അവരെ കറുപ്പ് തീറ്റിക്കലാണ്. ഒരു തരം പോയിസനിംഗ് ആണ്. ഇതിന് അവര്
അഡിക്റ്റാവുകയാണ്. അങ്ങനെ അവര്‍ക്ക് സ്‌ട്രോംഗ് ബേസിസ് ആണ് ഉളളത്. ഇതാണ് സാധാരണ ഫിലിം പ്രൊഡ്യൂസേഴ്‌സും ആലോചിക്കുന്നത്. എത്ര ദിവസം കാണിക്കാം. എങ്ങനെ എത്രപെട്ടന്ന് മുടക്കിയ മുതല്‍ തിരിച്ചെടുക്കാം. എങ്ങനെ കാണികളുടെ പോക്കറ്റടിക്കാം. അതേ സമയം നല്ല സിനിമകള്‍ തുടര്‍ച്ചയായി കാണിച്ചാല്‍ ജനങ്ങള്‍ ക്രമേണ വികസിക്കും. സാധാരണ ജനങ്ങള്‍ വിഡ്ഢികളല്ല. ജനങ്ങള്‍ മണ്ടന്‍മാരാണ് എന്നൊക്കെ പറയുന്നത് തെറ്റാണ്. പരിഷ്‌കാരികളായ ആള്‍ക്കാര്‍ മാത്രമേയുളളൂ ലോകത്ത് സിനിമ കാണുകയും, മനസിലാക്കുകയും ചെയ്യുന്നത് എന്നൊക്കെ ചിലര്‍ സ്വയം പറയുകയാണ്. ഞങ്ങളത് തിരുത്തിയിട്ടുണ്ട്. നല്ല സിനിമ നമ്മള്‍ കാണിക്കുന്നില്ല. പൊട്ടംകിന്‍ എന്ന സിനിമ കാഞ്ഞങ്ങാട് ബസ്‌സ്റ്റാന്‍ഡില്‍ ഒരിക്കല്‍ കാണിച്ചു. ഒരു 1500 ല്‍ കുറയാത്ത ആള്‍ക്കാര്‍ അതു കാണാന്‍ വന്നു. അവിടെ ചുറ്റിക്കറങ്ങുന്നവര്‍. സാധാരണക്കാരായ മനുഷ്യര്‍. തൊഴിലാളികളൊക്കെ. പടം കഴിഞ്ഞപ്പോള്‍ പത്തിരുപത്തി അഞ്ച് മിനിറ്റ് ആ ബസ്റ്റാന്‍ഡില്‍ വട്ടത്തിലിരുന്നു ചുറ്റുവട്ടത്തുളളവരൊക്കെ അതിനെപ്പറ്റി ചോദിച്ചു മനസിലാക്കുകയും അതിനെപ്പറ്റി പറയുകയും ഒക്കെ ചെയ്തു.
ജനങ്ങള്‍ക്ക് മനസിലായി അവര്‍ റിയാക്ടറ്റ് ചെയ്തു. അവര്‍ സ്തംഭ്തരായി. പൊട്ടംകിന്‍ പോലുളള പടം. ഗ്രേറ്റ് ഫിലിം അവരെ കാണിക്കുകയാണ്. അത് ജനങ്ങള്‍ റിയാക്റ്റ് ചെയ്തു. അവര്‍ മനസിലായി. മനസിലാക്കിയാണ് പ്രതികരിച്ചത്. കുറേ ഡയലോഗുകളും മനസിലാവാത്ത വിഷ്വല്‍സും ഉളള സിനിമ കൊണ്ട് കാര്യമില്ല. നമ്മള്‍ പറയുന്നത് ജനങ്ങള്‍ മനസിലാക്കണം. സാധാരണപ്രേഷകനെയാണ് നമ്മള്‍അഭിമുഖീകരിക്കേണ്ടത്.

നന്ദകുമാര്‍: സിനിമയുടെ സംവേദനക്ഷമതയെപ്പറ്റി ആകുലതയുണ്ട് എന്നു പറഞ്ഞില്ലേ (ബോതേഡ്). അതു നമ്മുടെ സിനിമയുടെ മാര്‍ക്കറ്റിംഗിനെയും സ്വാധീനിച്ചിട്ടുണ്ടെന്ന് പറയേണ്ടിവരില്ലേ.

ജോണ്‍ എബ്രഹാം: അത് ഇത്തിരി കോംപ്ലക്‌സ് ആണ്. കാരണം വര്‍ഷങ്ങളായി ജനങ്ങളെ തുടര്‍ച്ചയായി ചീത്ത സിനിമകള്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ സെന്‍സിബിളിറ്റി പെട്ടന്ന് മാറ്റുക എന്നു പറഞ്ഞാല്‍ അസാധ്യമാണ്. പക്ഷെ നല്ല കാര്യങ്ങള്‍ ഫീഡ് ചെയ്തു കഴിഞ്ഞാല്‍ അത് ക്രമേണ വികസിക്കും. നല്ല സിനിമകള്‍ തുടര്‍ച്ചയായി ഗ്രാമ പ്രദേശങ്ങളിലൊക്കെ കാണിക്കാന്‍ പറ്റിയാല്‍ ജനങ്ങളുടെ സിനിമയോടുളള സമീപനം മാറും. മാറുമെന്നല്ല പൂര്‍ണമായി പരിവര്‍ത്തനപ്പെടും. അതാണെന്റെ അനുഭവം. ഒന്നര വര്‍ഷമായി ഒഡേസയുടെ സിനിമകള്‍ കാണിച്ചപ്പോള്‍ മാറ്റമുണ്ടായി. ഈ സിനിമകള്‍ ജനങ്ങള്‍ കണ്ടിട്ടില്ലാത്തതാണ്. അവരിത് ഒരിക്കലും കാണാന്‍ സാധ്യതയില്ലാത്തതുമാണ്. ചാപ്ലിന്റെ പടങ്ങളൊക്കെയാണ് ഇതിലുണ്ടായിരുന്നത്. വെറും സാധാരണക്കാര്‍ക്കുവേണ്ടിയുളള പടങ്ങള്‍. ചാപ്ലിന്റെ പടം എന്നു പറഞ്ഞാല്‍ വളരെ ലളിതമാണ്. പത്ത് രണ്ടായിരം ആള്‍ക്കാര്‍ സന്തോഷത്തോടെ കണ്ടു.

നന്ദകുമാര്‍: അതിനു കാരണം നല്ല സിനിമയിലേക്ക് ജനങ്ങള്‍ എക്‌സ്‌പോസ് ചെയ്യുന്നില്ല എന്നതാണ്.

ജോണ്‍: നല്ല സിനിമ പരിചയിപ്പിക്കണം.

നന്ദകുമാര്‍: സിനിമ കണ്ട് പരിചയിക്കണം. സിനിമാറ്റിക് കോഡുണ്ടല്ലോ. കണ്ടു പരിചയിച്ചതാണ് അവര്‍ പ്രതീക്ഷിക്കുന്നത്.

ജോണ്‍ എബ്രഹാം: ജനങ്ങള്‍ ചിലത് പ്രതീക്ഷിച്ചാണ് പോകുന്നത്. ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളിലെ ഒരനുഭവം പറയാം. ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ എന്ന ടൈറ്റില്‍ ഞാന്‍ ഇട്ടു. ചെറിയാച്ചനായി അഭിനയിക്കുന്നത് അടൂര്‍ഭാസിയാണ്. ജനങ്ങള്‍ വന്നത് അടൂര്‍ഭാസി നന്നായി കോമാളിത്തരം കാണിക്കും എന്നു കരുതിയാണ്. മാത്രമല്ല പേര് കണ്ടപ്പോള്‍ ക്രൂരകൃത്യങ്ങള്‍ ഉണ്ടാവും, റേപ് സീനുണ്ടാവും, കൊലപാതക സീനുകള്‍ ഉണ്ടാവുമെന്നുമൊക്കെ കരുതി. പക്ഷെ രണ്ടുമുണ്ടായിരുന്നില്ല. അതൊരു ബോധപൂര്‍വമായ ശ്രമമായിരുന്നു. അവര്‍ പ്രതീക്ഷിച്ചതല്ലായിരുന്നില്ല കാണിച്ചത്.

നന്ദകുമാര്‍: അത് അവരെ നിരാശപ്പെടുത്തി.

ജോണ്‍ എബ്രഹാം: അതെ. അത് അവരെ നിരാശപ്പെടുത്തി. പക്ഷെ സിനിമയെപ്പറ്റി വീണ്ടും ചിന്തിക്കാന്‍ അവസരവും നല്‍കി.
...



തയ്യാറാക്കിയത്: ബിജുരാജ്
അന്തരിച്ച ഡോക്യുമെന്ററി സംവിധായകന്‍ ശരത്ചന്ദ്രന്‍, ജോണ്‍ എബ്രഹാമിനെപ്പറ്റി നിര്‍മിച്ച ഡോക്യുമെന്റിക്കായി ആനന്ദ്പട്‌വര്‍ധന്‍ അയച്ചുനല്‍കിയതാണ് ഈ സംഭാഷണത്തിന്റെ വീഡിയോ.
നന്ദി: ശ്രീ. ആനന്ദ് പട്‌വര്‍ധന്‍
1. ശ്രീ.ശരത്ചന്ദ്രന്‍


കുറിപ്പ്: 1. എന്‍.എഫ്.ഡി.സി. എന്ന് അഭിമുഖത്തില്‍ ജോണ്‍ എബ്രഹാം പറയുന്നുണ്ടെങ്കിലും അഗ്രഹാരത്തില്‍ കഴുതൈ എടുക്കുന്ന കാലത്ത് എഫ്.എഫ്.സി. (ഫിലിം ഫൈനാന്‍സ് കോര്‍പ്പറേഷന്‍ ആയിരുന്നു ഉണ്ടായിരുന്നത്. പിന്നീടാണ് എന്‍. എഫ്.ഡി.സി. സ്ഥാപിതമാകുന്നത്.


Mathrubhumi weekly
2008 Feb

No comments:

Post a Comment