Saturday, July 17, 2010

സന്യാസത്തിന്റെ രാഷ്ട്രീയ ശരികള്‍

സ്വാമി അഗ്നിവേശ്\
ബിജുരാജ്



ആര്യസമാജം നേതാവും ആക്റ്റിവിസ്റ്റും മനുഷ്യാവകാശ പ്രര്‍ത്തകനുമായ സ്വാമി അഗ്നിവേശിന്റെ ജീവിതം അടയാളപ്പെടുത്തുന്നത് സന്യാസത്തിന്റെ വേറിട്ട രീതികളാണ്. ജനകീയ സമരങ്ങളുടെ പ്രക്ഷുബ്ധതയിലൂടെയാണ് അഗ്നിവേശ് കടന്നുപോകുന്നത്.





കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്കുളള വഴിയിലൊന്നുമല്ല നക്‌സല്‍ബാരി. എന്നാല്‍ കൊല്‍ക്കത്തയില്‍, തുടങ്ങുന്ന രാഷ്ട്രീയ- സന്യാസ ജീവിതത്തില്‍ കടും ചുവപ്പിന്റെ രേണുക്കള്‍ ഏശരുതെന്നു ശഠിക്കാന്‍ ആവില്ല. അല്ലെങ്കില്‍ സ്വാമി അഗ്നിവേശിന് എന്തുകൊണ്ട് 'കാഷായവസ്ത്രധാരിയായ നക്‌സലൈറ്റ്' എന്നു വിശേഷണം? അതുമല്ലെങ്കില്‍ എന്തിന് 'കാവിയണിഞ്ഞ മാര്‍ക്‌സിസ്റ്റ്' എന്നു വിളിപ്പേര് ?
ലളിതമാണ് കാരണം. വിഗ്രഹാരാധനയുടെ ജടകെട്ടിയവര്‍ക്കിടയില്‍ അഗ്നിവേശിന്റെ പേരില്ല. മന്ത്രവും പ്രാര്‍ത്ഥനയുമായി ഉപജീവനം കഴിക്കണം സന്യാസിയെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ അദ്ദേഹം സന്യാസിയുമല്ല. കേവലധാരണകള്‍ക്കു പുറത്താണ് അഗ്നിവേശ്.
ആര്യസമാജം നേതാവായ (വേള്‍ഡ് കൗണ്‍സില്‍ ഓഫ് ആര്യ സമാജം പ്രസിഡന്റ്) മുന്‍ ഹരിയാന മന്ത്രി നടന്ന വഴികള്‍ നേര്‍രേഖയിലുളളതല്ല. അതിന് സമകാലിക ഇന്ത്യന്‍ ചരിത്രത്തോടും യാഥാര്‍ത്ഥ്യത്തോടുമാണ് ബന്ധം.
മദ്ധ്യപ്രദേശിലെ ശക്തിയില്‍ യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തില്‍ ജനനം. ശക്തിയിലെ ദിവാനായിരുന്നു മുത്തശ്ശനെങ്കിലും ശ്യാം വെപ റാവുവിന് ആദ്യം എതിരിടേണ്ടിയിരുന്നത് ദാരിദ്ര്യത്തോടാണ്. 50 കളുടെ ഒടുവില്‍ വിദ്യാര്‍ത്ഥിയായി കല്‍ക്കത്തയിലേക്ക് കുടിയേറ്റം; മാനേജ്‌മെന്റ്, നിയമപഠനം. തുടര്‍ന്ന് സെന്റ്‌സേവ്യേഴ്‌സ് കോളജില്‍ ആധുനിക ബിസിനസ് തന്ത്ര അധ്യാപകന്‍; കല്‍ക്കത്ത കോടതിയില്‍ അഭിഭാഷകന്‍. ഇക്കാലത്തുളള രാഷ്ട്രീയ കൊടുങ്കാറ്റില്‍ ജീവിതവും ചിന്തകളും മാറുകയായിരുന്നു. ഒരു വേള, ബംഗാളിലെ അഗ്നിവേശിന്റെ യുവത്വത്തില്‍ നക്‌സല്‍ബാരിയും നന്നായി സ്വാധീനിച്ചിട്ടുണ്ടാവണം.
യുവാക്കള്‍ സിദ്ധാര്‍ത്ഥശങ്കര്‍ റേയുടെ വെടിയേറ്റു വീഴുന്ന കാലത്താണ് അഗ്നിവേശ് ആര്യസമാജിലെത്തുന്നത് . 1970 ല്‍ 27-ാം വയസില്‍ സന്യാസ വേഷം സ്വീകരിച്ച, റോഹ്ടകിലെ വേദിയില്‍ ആര്യസഭ എന്ന പാര്‍ട്ടിയുടെ രൂപീകരണ പ്രഖ്യാപനവും അഗ്നിവേശ് നടത്തി. അടുത്തവര്‍ഷം നിയമസഭാ സാമാജികനായി വിജയിച്ചു (1979-82). മുഖ്യമന്ത്രി ഭജന്‍ലാലിന്റെ പോലീസ് നിരായുധരായ ജനക്കൂട്ടത്തിന്റെ നേരെ നിറയൊഴിച്ച് 12 പേരെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസ മന്ത്രി പദം (1979) വലിച്ചെറിഞ്ഞു.
ജയപ്രകാശിന്റെ അഭ്യര്‍ത്ഥന മാനിച്ച് ആര്യസഭയെ ജനതാപാര്‍ട്ടിയില്‍ ലയിപ്പിച്ചു. തുടര്‍ച്ചയായ ജയില്‍വാസം. പീന്നീട് ചീഞ്ഞളിഞ്ഞ ജനതയില്‍ നിന്ന് ചന്ദ്രശേഖരനുമായി തെറ്റിപ്പിരിഞ്ഞ് പുറത്തുവരല്‍.
രണ്ടുതവണ മാഫിയാ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു. മണ്ഡല്‍ കമ്മിഷന്‍ നാളില്‍ വി.പി.സിംഗിനൊപ്പം രംഗത്തെത്തിയെങ്കിലും കക്ഷിരാഷ്ട്രീയത്തിന്റെ ദുര്‍ഗന്ധം സഹിക്കാനാവാതെ തിരിച്ചുപോക്ക്. വരികള്‍ക്ക് വഴങ്ങാത്ത ചരിത്രമാണ്, പ്രകൃതമാണ് അഗ്നിവേശ്.
സാമ്രാജ്യത്വ വിരുദ്ധവും നാടുവാഴിത്ത വിരുദ്ധവുമായ പോരാട്ടങ്ങള്‍, മനുഷ്യാവകാശത്തിനും അടിമവേലയ്‌ക്കെതിരെയുമുളള ഇടപെടലുകള്‍, ദളിത്-സ്ത്രീവിമോചനത്തിനായുളള ചെറുത്തുനില്‍പ്പുകള്‍, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ മദ്യ വിരുദ്ധ മുന്നേറ്റങ്ങള്‍.അസംഘടിത തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനത്തിനായുളള പ്രചാരണങ്ങള്‍-ഇവയ്ക്കു മുന്നില്‍ അഗ്നിവേശുണ്ട്. സവര്‍ണ്ണ ഹിന്ദു വര്‍ഗീയവാദത്തെ പ്രതിരോധിക്കുന്നതില്‍ എന്നും മുന്നില്‍ നില്‍ക്കുന്നു എന്നതാണ് സ്വാമി അഗ്നിവേശിന്റെ പ്രധാന്യം. അയോധ്യയിലെ സംഘപരിവാര്‍ നീക്കങ്ങളില്‍ ആദ്യ മുതലേ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച് എതിര്‍ചേരിയില്‍ അഗ്നിവേശ് ഉണ്ടായിരുന്നു. ഗുജറാത്തില്‍ മുസ്ലിം കൂട്ടക്കൊല നടന്നപ്പോള്‍ അതു തടയാനും സമാശ്വാസിപ്പിക്കാനും അവിടെ എത്തി. ഈ നാളിലാണ് അദ്ദേഹത്തിന്റെ എന്നത്തെയും ഏറ്റവും പ്രധാനപ്പെട്ട വാക്കുകള്‍ വരുന്നത്: ''മഹാത്മയുടെ ആദര്‍ശങ്ങള്‍ മറന്നാലും ഒരിക്കലും അദ്ദേഹത്തെ കൊന്നത് ആരാണെന്ന് മറന്നുകൂടാ''.1999 ല്‍ ഗ്രഹാം സ്‌റ്റെയിന്‍സ് കൊല്ലപ്പെട്ടപ്പോള്‍ യാഥാസ്ഥിതികര്‍ക്കെതിരെ വിവിധ നേതാക്കളെ നയിച്ച് അവിടെ പ്രതിരോധം. അയോധ്യയില്‍ വി.എച്ച്.പി.ക്കാര്‍ നടത്തിയ പ്രകടത്തിനിടയില്‍ പോലീസ് 42 മുസ്ലിംയുവാക്കളെ കൊന്നതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ നിന്ന് മീററ്റിലേക്ക് പ്രകടനം- തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത നിരവധി ഇടപെടലുകള്‍ വര്‍ഗീയവാദത്തിനെതിരെ നടത്തിയിട്ടുണ്ട്.
രാഷ്ട്രീയവും മതവും കൃത്യമായ അറകളില്‍ വേര്‍തിരിക്കേണ്ടതാണെന്ന അഭിപ്രായം അഗ്നിവേശിനില്ല. തത്വങ്ങളും ആദര്‍ശങ്ങളുമുളളവര്‍ ശരിയായ രീതിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണം. എന്നാല്‍ മതത്തിനെ രാഷ്ട്രീയത്തില്‍ സങ്കുചിതമായി ഇടപെടുത്തുന്നതിനെ, രാഷ്ട്രീയ ലാഭത്തിനായി, ഒന്ന് മറ്റൊന്നിനെതിരെ നിര്‍ത്തുന്നതിനെ ശക്തമായി എതിര്‍ത്തിട്ടുമുണ്ട്. അഗ്നിവേശിന്റെ സന്യാസവും രാഷ്ട്രീയവും വേര്‍തിരിക്കാവാത്ത വിധം ഒന്നാണ്.
സന്യാസത്തിലേക്ക് എത്തിയ വഴികളെപ്പറ്റി അഗ്നിവേശ് ഇങ്ങനെ പറയും: '' സെന്റ് സേവ്യേഴ്‌സിലെ അധ്യാപകരുടെ സമര്‍പ്പണം, ലാളിത്യം, ജീവിത രീതി എന്നിവ കണ്ടപ്പോഴാണ് ജീവിതത്തിന്റെ അര്‍ത്ഥങ്ങള്‍ മനസിലാക്കുന്നത്. അവര്‍ ചേരികളിലെ പാവപ്പെട്ടവരെ സഹായിക്കാനൊക്കെ പോവുമായിരുന്നു. അമേരിക്കയിലോ കാനഡയിലോ പോയി മെച്ചപ്പെട്ട ജീവിതം നയിക്കുന്നതിനു ശ്രമിക്കാതെ അവര്‍ ജനങ്ങള്‍ക്കായി ജീവിക്കുന്നു. ഇതാണ് എന്നില്‍ മാറ്റം ആദ്യം ഉണര്‍ത്തുന്നത്. സ്വാമി ബ്രഹ്മ മുനിയില്‍ അക്കാലത്ത് ഞാന്‍ ആകൃഷ്ടനായിരുന്നു. സ്വാമി ദയാനന്ദ സരസ്വതിയുടെ (ആര്യ സമാജം സ്ഥാപകന്‍) ജീവിതം, സന്ദേശം, പാഠങ്ങള്‍ എന്നിവ പഠിച്ചു. മറ്റ് ഗുരുക്കളെ പരിഗണിക്കുന്നതുപോലെയല്ല ഞാന്‍ ദയാനന്ദ സരസ്വതിയെ കാണുന്നത്. സത്യം കണ്ടെത്താന്‍ എനിക്ക്അദ്ദേഹത്തിന്റെ ചിന്തകള്‍ പ്രചോദനമായി. വിശാല അര്‍ത്ഥത്തില്‍ എനിക്ക് നിരവധി ഗുരുക്കള്‍ വേറെയുണ്ട്. ക്രിസ്തു, മുഹമ്മദ് നബി, ബുദ്ധന്‍, വിവേകാനന്ദന്‍, ഗാന്ധിജി, കാള്‍ മാര്‍ക്‌സ് എന്നിവര്‍ ''. 1977 മാര്‍ച്ച് 25 ന് രണ്ടുവര്‍ഷത്തെ ബ്രഹ്മചര്യത്തിനു ശേഷം സന്യാസവേഷം സ്വീകരിച്ചു. മനുഷ്യദൈവങ്ങളെ തുറന്നുകാട്ടുന്ന അദ്ദേഹത്തിന് സന്യാസത്തെപ്പറ്റി ഇങ്ങനെ പറയാന്‍ മടിയില്ല: ''ശരിയാണ് ഞാന്‍ ഒരു കളള സന്യാസിയാണ്. കാരണം ഒരാള്‍ താന്‍ സന്യാസിയാണ് എന്ന് ഏതുനിമിഷംസ്വയം കരുതുന്നുവോ അപ്പോള്‍ മുതല്‍ എല്ലാ ദൈവികത്വവും അപ്രത്യക്ഷമാവും. ഞാന്‍ ഒരു അത്ഭുത പ്രവൃത്തികളില്‍ വിശ്വസിക്കുന്നില്ല- ശരിക്കും ഞാന്‍ ഈ അത്ഭുതങ്ങള്‍ക്കെതിരെയാണ് എല്ലായ്‌പ്പോഴും പോരാടുന്നത്.''
മതത്തെ പലപ്പോഴും യുക്തിസഹമായിട്ടാണ് അഗ്നിവേശ് ചോദ്യം ചെയ്തിട്ടുളളത്്. ''ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ അമ്പലവും ദേവാലയങ്ങളുമുളളത്. സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ഇന്ത്യയിലാണുളളത്. എന്നിട്ടും എന്തുകൊണ്ട് ദാരിദ്ര്യത്തില്‍ കഴിയേണ്ടിവരുന്നു. അക്ഷരങ്ങളുടെ ദേവിയായി സരസ്വതിയെ പൂജിക്കുന്നത് ഇന്ത്യയിലാണ്. എന്നിട്ടും എന്തുകൊണ്ട് രാജ്യം നിരക്ഷരതയില്‍ കഴിയുന്നു''.
1981 ല്‍ അടിമത്തൊഴിലാളികളുടെ മോചനത്തിനായി ബന്ധുവ മുക്തി മോര്‍ച്ച (ബി.എല്‍.എഫ്) അഗ്നിവേശ് രൂപീകരിച്ചു. ഇരുപതു വര്‍ഷത്തിനിടയ്ക്ക് 1,75000 പേരെ അടിമകരാര്‍ ജോലിയില്‍ നിന്ന് മോചിപ്പിച്ചിട്ടുണ്ട് ഈ സംഘടന. ബാലവേലയ്ക്കും അടിമജോലിക്കുമെതിരെ ഹരിയാനയിലെ കരിങ്കല്‍ ക്വാറികളിലും ഇഷ്ടിക്കളങ്ങളിലും കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ തോട്ടങ്ങളിലുമാണ് മുഖ്യ സമരങ്ങള്‍ നടന്നത്.
1987 ല്‍ രൂപ് കന്‍വാറിനെ സതിയിലേക്ക് തളളിയിട്ട യാഥാസ്ഥിതികത്വത്തെ പുകഴ്ത്തിയ പുരിയിലെ ശങ്കരാചാര്യരെ തുറന്നെതിര്‍ത്തു. അന്ന് നടന്ന പേരാട്ടത്തെ തുടര്‍ന്ന് സതി നിരോധ നിയമം 1987 ല്‍ പാര്‍ലമെന്റില്‍ പാസായി.
90 ല്‍ അടിമത്വ വിരുദ്ധ പ്രവര്‍ത്തനത്തിനുളള സാര്‍വദേശിയ ബഹുമതി, 94 ല്‍ അന്താരാഷ്ട്ര മനുഷ്യാവകാശ അവാര്‍ഡ്, 2006 ല്‍ എം.എ.തോമസ്‌ദേശീയ മനുഷ്യാവകാാശ അവാര്‍ഡ്, നോബല്‍ സമ്മാനത്തിന് ബദല്‍ എന്നു പരിഗണിക്കപ്പെടുന്ന റൈറ്റ് ലീവ് ഹുഡ് തുടങ്ങിയതുള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
അടിമത്തത്തിന്റെ സമകാലിക രൂപങ്ങള്‍ക്കെതിരെയുളള ഐക്യ രാഷ്ട്ര ട്രസ്റ്റ് ഫണ്ടിന്റെ അധ്യക്ഷനായ അഗ്നിവേശ് വേദാന്ത ചിന്തയില്‍ നിരവധി പുസ്തകങ്ങളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്. ഗുജറാത്ത് കൂട്ടക്കൊലയുടെ നാളുകളില്‍ എഴുതിയ 'വെറുപ്പിന്റെ വിളവെടുപ്പ്'(ഹാര്‍വെസ്റ്റ് ഓഫ് ഹെയിറ്റ്), വേദിക് സോഷ്യലിസം, രാജ്ധര്‍മ, പുതിയ യുഗത്തിലെ ഹിന്ദുയിസം, തുടങ്ങിയവ കൃതികള്‍. രാജ്യത്തിനകത്തും പുറത്തും നിരവധി ധര്‍മ പ്രഭാഷണങ്ങളും അഗ്നിവേശ് നടത്തിയിട്ടുണ്ട്.
ഡല്‍ഹിയാണ് അറുപത്തിയെട്ടുകാരനായ അഗ്നിവേശിന്റെ പ്രവര്‍ത്തന കേന്ദ്രം. മകന്റെ പാത പിന്തുടര്‍ന്ന് അമ്മയും ആര്യ സമാജത്തില്‍ എത്തിയിരുന്നു.

മുമ്പ്, കൊച്ചിയില്‍ എത്തിയ സ്വാമി അഗ്നിവേശുമായി സംസാരിച്ചിരുന്നു.

എന്താണ് താങ്കളുടെ ദൈവ സങ്കല്‍പ്പം

സത്യം, സ്‌നേഹം, കരുണ, സമഭാവന, ത്യാഗം ഇതാണ് ദൈവം. പൂര്‍ണകായനായ സോഷ്യലിസ്റ്റാണ് എന്റെ ദൈവസങ്കല്‍പ്പം. എന്നാല്‍ രൂപങ്ങളില്ലതിന്. വിധിയെ ദൈവമെന്ന് വിളിച്ചു കൂടാ. ആത്മ വിശുദ്ധിയാണ് ദൈവം.

സന്യാസം?

ആക്റ്റിവിസ്റ്റായിരിക്കുക എന്നതിന്റെ തുടക്കം മാത്രം. അല്ലെങ്കില്‍ സമൂഹ മുന്നേറ്റത്തിനായി ജനങ്ങള്‍ക്കിടയില്‍ നിലയുറപ്പിച്ച് അവരെ സംഘടിപ്പിക്കല്‍. ഇന്ത്യയുടെ ആത്മീയ സ്വത്വത്തെ വീണ്ടെടുക്കലിന്റെ ഭാഗമാണ് സന്യാസം. അതില്‍ വിഗ്രഹാരാധനയുടെയോ തന്ത്രങ്ങളുടെയോ തലമില്ല. പുരോഹിത വേഷത്തിലും താല്‍പര്യമില്ല. അല്‍പം വളഞ്ഞ ബുദ്ധിയുളള ആര്‍ക്കും ദൈവമാകാന്‍ എളുപ്പമാണ്. സന്യാസവുമായി ഇതിനു ബന്ധമില്ല. ജനങ്ങള്‍ക്കിടയില്‍ സമര്‍പ്പണ മനോഭാവത്തോടെ സമൂഹ്യ പ്രവര്‍ത്തനം നടത്തുന്നവനാണ് യഥാര്‍ത്ഥ സന്യാസി.

പക്ഷെ കപട സന്യാസികളുണ്ട്?

ഇന്ത്യയിലെ 50000 ഗ്രാമങ്ങളിലായി 50 ലക്ഷം സന്യാസികളുണ്ട്. അതില്‍ വളരെ ചെറിയ ന്യൂനപക്ഷമാണ് ശരിയായ സന്യാസികള്‍. ഭൂരിപക്ഷവും പരാന്നഭോജികളും, സമൂഹത്തിനും കുടുംബത്തിനും ഭാരവുമാണ്. രക്ഷപെടാനുളള ഒരു മാര്‍ഗമായാണ് ചിലര്‍ സന്യാസത്തെ കാണുന്നത്. അതിനെ എതിര്‍ക്കേണ്ടതുണ്ട്.


എന്തിന് കാവി വസ്ത്രം?

കാവി വസ്ത്രം സാമൂഹ്യ- ആത്മീയ പ്രവര്‍ത്തനം നടത്താനുളള എന്റെ യൂണിഫോമാണ്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി പോരാടുന്നുളള ആഹ്വാനം. ഇനി എന്റെ വസ്ത്രം പ്രവര്‍ത്തനത്തിന് എതിരെ വരികയാണെന്നു കരുതുക. അങ്ങനെ സംഭവിച്ചാല്‍ ഇത് ഉപേക്ഷിക്കാന്‍ ഒരു നിമിഷം പോലും മടിക്കില്ല.


രാഷ്ട്രീയത്തെയും സന്യാസത്തെയും എങ്ങനെ വേര്‍തിരിക്കും?

ഒരാള്‍ സന്യാസിയായിരിക്കണമെങ്കില്‍ രാഷ്ട്രീയ ആക്റ്റീവിസ്റ്റായിരിക്കുകയും വേണം. രാഷ്ട്രീയത്തെയും സന്യാസത്തെയും വേര്‍തിരിക്കേണ്ടതല്ല. ചൂഷണങ്ങളില്‍ നിന്ന് സമൂഹത്തെ മോചിപ്പിക്കലും ആത്മവിശുദ്ധി വീണ്ടെടുക്കലുമാണ് സന്യാസത്തിന്റെ ലക്ഷ്യം.
സാമൂഹ്യ പരിവര്‍ത്തനത്തനിന് ആത്മീയതയെ ഗുണകരമാക്കണം. ആര്യ സമാജത്തില്‍ നിന്നു എനിക്ക് കിട്ടയ വിദ്യാഭ്യാസമനുസരിച്ച് വ്യക്തിയുടെ ആത്മീയ ത്വര സാമൂഹ്യ ജീവിതവുമായി അവിഭാജ്യമായ രീതിയില്‍ കൂടി കലര്‍ന്നിരിക്കുന്നു. നാണയത്തിന്റെ രണ്ട് വശങ്ങള്‍ പോലെ. മതം, രാഷ്ട്രീയം, സാമൂഹ്യ ഇടപെടല്‍ എന്നിവയെ അറകളായി തിരിക്കാന്‍ എനിക്ക് കഴിയില്ല. സാമൂഹ്യ യാഥാര്‍ത്ഥ്യത്തിന്റെ കണ്ണികളിലാണ് എല്ലാം. എല്ലാ മതത്തിന്റെയും നല്ല വശങ്ങള്‍ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരണം. ആത്മീയത ഇല്ലാതെ വിമോചനം സാധ്യമല്ല. സാംസ്‌കാരിക സാമ്രാജ്യത്വത്തിനെ എതിര്‍ക്കണമെങ്കില്‍ മനുഷ്യ അന്തസിലും വിധിയിയിലും അധിഷ്ഠിതമായ ആത്മീയ കാഴ്ചപ്പാട് വേണം. പാശ്ചാത്യ മാതൃകയിലുളള ഉപഭോക്തൃ ത്വര, വികസന മാതൃക എന്നിവയെ അതിജീവിക്കാന്‍ ആത്മീയ എതിര്‍പ്പും ആവശ്യമാണ്.

മോചനത്തിന് എന്താണ് രാഷ്ട്രീയ പദ്ധതി?

വര്‍ഗ രഹിത, ജാതി രഹിത സമൂഹമാണ് ഉന്നം വയ്ക്കുന്നത്. തൊഴിലാളികളെയും ദളിതരെയും സ്ത്രീകളെയും അണി നിരത്തി സാമ്രാജ്യത്വത്തെയും വര്‍ഗീയ വാദത്തെയും സാമൂഹിക വിപ്ലവത്തിലൂടെ ചെറുത്തു തോല്‍പ്പിക്കലാണ് ആദ്യ പടി.

താങ്കളുടെ നിലപാടുകള്‍ തീവ്ര കമ്യൂണിസ്റ്റുകളുമായി ചേര്‍ന്നു നില്‍ക്കുന്നവല്ലോ?

ശരിയാണ്. ചില പ്രധാന തലങ്ങളിലേയുളളൂ ഈ യോജിപ്പ്. വിപ്ലവത്തെ സൂക്ഷ്മവും വിശദവുമായി പരിശോധിക്കുകയാണെങ്കില്‍ ഞാന്‍ അവരില്‍ നിന്ന് ഏറെ ഭിന്നനാണ്.

സംഘപരിവാറും ഭരണകൂടവും താങ്കളെ നക്‌സലൈറ്റായിട്ടാണല്ലോ വിശേഷിപ്പിക്കുന്നത്?

തുടര്‍ച്ചയായി അവരുടെ മാധ്യമങ്ങളിലൂടെ അങ്ങനെ മുദ്രകുത്തുന്നുണ്ട്. എന്നാല്‍ നക്‌ലൈറ്റുകളുടെ അക്രമങ്ങളോടോ ഭൗതികവാദത്തോടെ എനിക്ക് താല്‍പര്യമില്ല. രൂപ് കന്‍വാറിനെ സതിയിലേക്ക് തളളിയിട്ടപ്പോള്‍ അതിനെ പ്രശംസിച്ച ശങ്കരാചാര്യരെ വിമര്‍ശിച്ച് ഞാന്‍ രംഗത്തുവന്നതാണ് ശത്രുതയുടെ തുടക്കമെന്നു കരുതാം. ബാബറി മസ്ജിദ് പ്രശ്‌നം, മോഡിയുടെ നരഹത്യ തുടങ്ങിയ നിരവധി പ്രശ്‌നങ്ങളില്‍ സ്തുതി പാടിയിരുന്നെങ്കില്‍ ഞാന്‍ സ്വീകര്യമായേനെ.

നക്‌സലൈറ്റുകള്‍ തിരിച്ച് താങ്കളെ ബൂര്‍ഷ്വ ലിബറലായിട്ടാണ് വിശേഷിപ്പിക്കുന്നത്

മാര്‍ക്‌സിസ്റ്റ് സമീപനത്തില്‍ ഞാന്‍ ബൂര്‍ഷ്വാ ലിബറലാണ്. കാവിയുടുത്ത ബൂര്‍ഷ്വ.

ശരിയായ രാഷ്ട്രീയ പാര്‍ട്ടിയുടെആവശ്യകതയെപ്പറ്റി താങ്കള്‍ പറയുന്നു. എന്നാണ് താങ്കളുടെ സ്വന്തം രാഷ്ട്രീയ പാര്‍ട്ടി നിലവില്‍ വരിക?

ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുക അടിയന്തര ലക്ഷ്യമല്ല. ഇന്ത്യയെ ചലിപ്പിക്കുന്ന രാഷ്ട്രീയ മുന്നേറ്റമാണ് മനസില്‍. തീര്‍ച്ചയായും യാഥാര്‍ത്ഥ രാഷ്ട്രീയ പാര്‍ട്ടിയുടെ അനിവാര്യത ഇന്ത്യയ്ക്കുണ്ട്.

ആര്യ സമാജം ആന്തരികമായി വെല്ലുവിളികള്‍ നേരിട്ടിരുന്നല്ലോ?

ആന്തരികമായ വെല്ലുവിളി പ്രധാനമായും ആശയതലത്തിലാണ്. സ്വാമി ദയാനന്ദന്റെ (ആര്യ സമാജം സ്ഥാപകന്‍) പാതയില്‍ മുന്നേറുകയെന്നതിന് ന്യൂനപക്ഷത്തിന്റെ എതിര്‍പ്പുണ്ട്. സംഘപരിവാറില്‍ നിന്ന് നുഴഞ്ഞുകയറിയവരാണ് അവര്‍. ആര്യ സമാജത്തെ വര്‍ഗീയവാദത്തിന്റെ ചട്ടുകമാക്കുകയാണ് അവരുടെ പദ്ധതി. അത് പക്ഷെ വിജയിക്കില്ല.

കേരളം പല തവണ സന്ദര്‍ശിച്ചിട്ടുണ്ടല്ലോ? എന്തു പറയുന്നു?

ഇവിടുത്തെ ജനങ്ങളുടെ നല്ല മനസ്ഥിതിയെയും സാമൂഹിക ബോധത്തെയും വിലമതിക്കണം. എന്നാല്‍ സാമൂഹിക വിപ്ലവം ഇവിടെയും അടിയന്തരാവശ്യമാണ്. ശ്രീനാരായണനും കമ്യൂണിസ്റ്റ് പ്രസ്ഥാനവും പിന്നോട്ടടിച്ച ജാതി ചിന്തയും വര്‍ഗീയതയും ശക്തമായി തിരിച്ചു വരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ശിവഗിരിയും പോത്തന്‍കോടും ഞാന്‍ സന്ദര്‍ശിച്ചിരുന്നു. അത്ഭുതം തോന്നി. ഇവിടെ ദൈവം ഈ ഗുരുക്കന്‍മാരാണ്. സാമൂഹിക പരിഷ്‌കര്‍ത്താക്കളെ ആരാധിക്കുന്നത് നല്ലതല്ല.

ആര്യ സമാജത്തിന് കേരളത്തില്‍ വേരൂന്നാനായില്ലല്ലോ?

ഒരു പക്ഷേ ഭാഷയുടെ സ്വാധീനമാകണം. ആര്യ സമാജം ഇവിടെ തെറ്റിധരിക്കപ്പെടുന്നുവെന്നും എനിക്കറയാം. പേരിലെ ആര്യ പ്രശ്‌നമാകുന്നുണ്ട്. ആര്യ, ദ്രാവിഡ സങ്കല്‍പ്പമായോ വര്‍ണവെറിയുമായോ ഇതിന് ബന്ധമില്ലെന്ന് തിരിച്ചറിയുമ്പോള്‍ സാമൂഹ്യ വിപ്ലവം യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഇവിടെയും ആര്യ സമാജം വ്യാപിച്ചേക്കുമെന്ന് എനിക്കുറപ്പുണ്ട്.

പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്ന താങ്കള്‍ക്ക് അടുത്ത ജന്മത്തില്‍ ആരാവണം?

ഒരു സ്ത്രീയായി ജനിക്കണം. അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തില്‍ ജനിച്ച് സ്ത്രീയെ പുരുഷാധിപത്യത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നും മോചിപ്പിക്കാന്‍ കരുത്തുളള തികഞ്ഞ വിരാട് സ്ത്രീയാകണം.




അഭിമുഖം
സ്വാമി അഗ്നിവേശ്/എസ്.ആനന്ദ്




നാസിസത്തിന്റെ പരീക്ഷണശാല



ഗുജറാത്ത് കൂട്ടക്കൊലയ്ക്കുശേഷം താങ്കള്‍ അവിടെ പ്രവര്‍ത്തിച്ചിരുന്നു. ഇത്ര വലിയ കൂട്ടക്കൊല നടന്നിട്ടും അവിടെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതായി കാണുന്നില്ല?

ഒരു തരത്തില്‍, ആ നരഹത്യയ്ക്ക് ഞാന്‍ സാക്ഷിയാണ്. ഒരു സംഘാംഗം എന്ന നിലയില്‍ 2002 ഏപ്രില്‍ 1 മുതല്‍ 5 വരെ ഞാന്‍ ഗുജറാത്ത് സന്ദര്‍ശിച്ചിരുന്നു. റിയര്‍ അഡ്മിറല്‍ രാംദാസ്, നിര്‍മല ദേശ്പാണ്ഡെ, വല്‍സന്‍ തമ്പു, ഫാ. ഡോമിനിക് ഇമ്മാനുവല്‍, ജമാത്ത് ഇ ഹിന്ദിന്റെയും ജമാത് ഇ ഉലമയുടെയും മൗലാനമാര്‍ തുടങ്ങിയവരും സംഘത്തില്‍ ഉണ്ട്. സമാശ്വാസ ദൗത്യമായിരുന്നു ഞങ്ങളുടേത്.
രണ്ടാം നാള്‍ രാത്രി ഞങ്ങള്‍ക്ക് താമസിക്കേണ്ടിയിരുന്നത് അഹമ്മദാബാദിലെ നവരംഗ്പുര മേഖലയിലെ ഈസ്‌വര്‍ ഭവനിലാണ്. അവിടെ വച്ച് ഞങ്ങളെ, നന്നായി വസ്ത്രമൊക്കെ ധരിച്ച ഹിന്ദു മൗലികവാദികള്‍ വളഞ്ഞു. തൊട്ടുമുമ്പില്‍ നിന്ന് അവര്‍ പറഞ്ഞത് ഞങ്ങളെ ഭവനിലേക്ക് വളരെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ ഞങ്ങളുടെ മുസ്ലീം സഹയാത്രികര്‍ മസ്ജിദില്‍ പോയി തങ്ങണമെന്നുമാണ്. ഞങ്ങള്‍ പറഞ്ഞു: '' ഞങ്ങള്‍ ഒരുമിച്ചുളളവരാണ്; ഈ ഭ്രാന്ത് അവസാനിപ്പിക്കണമെന്ന് എല്ലാവരോടും ആവശ്യപ്പെടാനാണ് ഞങ്ങളിവിടെ വന്നിരിക്കുന്നത്''. എന്നാല്‍ ബാക്കിയുളളവരില്‍ നിന്ന് മുസ്ലീംകളെ മാറ്റണമെന്ന് അവര്‍ പറഞ്ഞു. അത് സ്വീകാര്യമല്ലെന്ന് ഞങ്ങള്‍ തറപ്പിച്ചു പറഞ്ഞപ്പോള്‍ മുസ്ലിംകള്‍ അവിടെ തങ്ങിയാല്‍ ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി.

അവര്‍ ഏത് ഹിന്ദുത്വ സംഘത്തില്‍പെട്ടവരായിരുന്നു?

അവര്‍ വിശ്വ ഹിന്ദു പരിഷത്തുകാരാണെന്ന് തോന്നുന്നു. അപ്പോള്‍ രാത്രി ഒമ്പതുമണിയായിട്ടുണ്ടാവും.നഗരത്തിനു പുറത്തുളള സബര്‍മതിയിലെ ഗാന്ധി ആശ്രമത്തിലേക്ക് പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങോട്ടെത്തുമ്പോള്‍ ഗുണ്ടകള്‍ കാറില്‍ ഞങ്ങളെ പിന്തുടരുന്നുണ്ടെന്ന് മനസിലായി. അവര്‍ തങ്ങളുടെ ആവശ്യം വീണ്ടും ആവര്‍ത്തിച്ചു. '' ഗാന്ധി ആശ്രമത്തില്‍ തങ്ങിയതുകൊണ്ട് നിങ്ങളെ വെറുതെ വിടുമെന്ന് കരുതേണ്ട. മുസ്ലിംകള്‍ നിങ്ങള്‍ക്കൊപ്പമുണ്ടെങ്കില്‍ ഞങ്ങള്‍ ബോംബ് പൊട്ടിച്ച് നിങ്ങളെ എല്ലാത്തിനെയും ശരിയാക്കും''. പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി അടുത്ത ദിവസം വരുന്നുണ്ട്, നിങ്ങള്‍ നടത്തുന്ന അക്രമം ലോകത്തിന് തെറ്റായ സന്ദേശമാവും നല്‍കുക. അവരുടെ മറുപടി: '' ഇതില്‍ വാജ്‌പോയിക്കോ മോഡിക്കോ ഒന്നുമില്ല. ഇത് ധര്‍മയുദ്ധമാണ്. മുസ്ലിംകള്‍ ഈ പരിസരത്ത് വേണ്ട''. രാംദാസും നിര്‍മലയും ഗാന്ധിനഗറിലെ സൈന്യവുമായി ബന്ധപ്പെട്ടു. സൈന്യംഞങ്ങള്‍ക്ക് സംരക്ഷണം നല്‍കി.

ഭരണകൂട യന്ത്രം നിര്‍ജീവമായിരുന്നു?

ടി.വിയില്‍ കണ്ടതും തെഹല്‍കയില്‍ വായിച്ചതും കണ്ട് എനിക്ക് വലിയ ഞെട്ടലാണ് തോന്നിയത്. ഒരാള്‍ താന്‍ ഗര്‍ഭപാത്രം പിളര്‍ന്നതിനെപ്പറ്റി അഭിമാനത്തോടെ പറയുന്നു. പളളിക്ക് മുകളില്‍ ചത്ത പന്നിയെ കെട്ടിത്തൂക്കിയതിനെപ്പറ്റി ആളുകള്‍ സംസാരിക്കുന്നു. ആ മനുഷ്യര്‍ സ്വതന്ത്രരായി കറങ്ങുകയും ചെയ്യുന്നു. ഈ നരഹത്യയും അതിലെ ഭരണകൂട പങ്കും നമുക്കൊക്കെ മനസിലായിരുന്നു. എന്നാല്‍ അപ്പോഴൊക്കെ സംശയത്തിന്റെ ആനുകൂല്യം അവര്‍ക്ക് നല്‍കാന്‍ നമുക്കാവുമായിരുന്നു. എന്നാല്‍ തെഹല്‍കയുടെ റിപ്പോര്‍ട്ടിനു ശേഷം ഞാന്‍ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നത് ഗോധ്രപോലും സൃഷ്ടിക്കപ്പെട്ടതാണെന്നാണ്.


ഗോധ്ര, സബര്‍മതി എക്‌സ്പ്രസ് സംഭവങ്ങളെക്കുറിച്ച് അടുത്തിടെ തെഹല്‍ക നടത്തിയ വെളിപ്പെടുത്തലുകള്‍ അസ്വസ്ഥകരമായ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നില്ലേ?

ഗുജറാത്ത് കൂട്ടക്കൊലയുടെ സമയത്ത് ഇന്ദര്‍ ഗുജറാള്‍, ഹര്‍ഷ് മന്ദിര്‍, മറ്റു ചിലര്‍ക്കുമൊപ്പം ഞാന്‍ വാജ്‌പേയിയെ പഞ്ചവടിയില്‍ വച്ച് കണ്ടിരുന്നു. ഞാന്‍ വാജ്‌പേയിയോട് ഗോധ്ര സംഭവത്തില്‍ ധവള പത്രം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടു. ഗോധ്രക്ക് ആരാണ് ശരിയായ ഉത്തരവാദികളെന്ന് കണ്ടുപിടിക്കണമെന്നും പറഞ്ഞു. പ്രധാനമന്ത്രി വെറുതെ ചിരിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. ഏപ്രില്‍ ആദ്യം അക്രമങ്ങള്‍ അതിന്റെ മൂര്‍ധ്യത്തില്‍ നില്‍ക്കുമ്പോള്‍ വാജ്‌പേയി കൂട്ടക്കൊലയില്‍ പശ്ചാത്തപിക്കുകയും ലോകത്തെ ഞാനെങ്ങനെ അഭിമുഖീകരിക്കും എന്ന് പ്രശസ്തമായ ആകുലത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
മോഡിക്ക് തന്റെ പ്രസംഗത്തില്‍ അദ്ദേഹം താക്കീത് നല്‍കുകയും സ്വന്തം രാജ് ധര്‍മത്തെപ്പറ്റി (മുഖ്യമന്ത്രിയെന്ന നിലയിലുളള ചുമതല)യെപ്പറ്റി ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു. നമുക്ക് വാജ്‌പേയിയോടുളള ആദരവ് വര്‍ധിച്ചു. ഞങ്ങള്‍ കരുതിയത് അദ്ദേഹം സത്യസന്ധനായ മനുഷ്യനാണെന്നാണ്. മോഡിയെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് വാജ്‌പേയി നീക്കുമെന്ന് കരുതി. ഒന്നും സംഭവിച്ചില്ല. പിന്നീട്, ഗോവയില്‍ വച്ച് വാജ്‌പേയി കീഴ്‌മേല്‍ മറിഞ്ഞ് മോഡിയെ പുകഴ്ത്താന്‍ തുടങ്ങി. ആ പ്രസ്താവനയോടെ വാജ്‌പേയി സ്വയം തുറന്നുകാട്ടപ്പെട്ടു.

പക്ഷെ വാജ്‌പേയി എന്നും സംഘ പരിവാറുകാരനായിരുന്നു?

2002 ലെ തെരഞ്ഞെടുപ്പിനും മോഡിയുടെ വിജയത്തിനുശേഷവും വാജ്‌പേയിയോട് ഒരു റിപ്പോര്‍ട്ടര്‍ അടുത്ത് നടക്കാന്‍ പോകുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍ തെരഞ്ഞെടുപ്പുകളില്‍ ഗുജറാത്ത് പരീക്ഷണം ആവര്‍ത്തിക്കുമോ എന്ന് ചോദിച്ചു. ഭയാനകവും ഉത്തരവാദിത്വ രഹിതവുമായിരുന്നു വാജ്‌പേയിയുടെ ഉത്തരം. പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹം ചോദിച്ചു, ''ഗോധ്ര ആവര്‍ത്തിക്കണമോ?''. ഒരു പ്രധാനമന്ത്രിയും അത്തരം വൃത്തികെട്ട പ്രസ്താവന നടത്തിയിട്ടില്ല. അന്വേഷണം എന്താണെന്ന് പറയുന്നത് എന്നതിന് കാത്തുനില്‍ക്കുക പോലും ചെയ്യാതെ ഗോധ്രക്ക് പിന്നില്‍ ആരാണെന്ന് അദ്ദേഹം ഉറപ്പിക്കുകയും നരഹത്യയെ ന്യായീകരിക്കുകയും ചെയ്തു. അപ്പോള്‍ ഞങ്ങള്‍ക്ക് മനസിലായി മുഴുവന്‍ പാര്‍ട്ടിയും ചീഞ്ഞളിഞ്ഞതാണെന്ന്. ഡല്‍ഹിയില്‍ മടങ്ങിയെത്തിയ ഉടനെ നിര്‍മല ദേശ്പാണ്ഡെയും നഫീസ അലിയും ഞാനും ചേര്‍ന്ന്, ജനപ്രാതിനിധ്യ പ്രകാരം രാഷ്ട്രീയപാര്‍ട്ടിയെന്നുളള നിലിയില്‍ ബി.ജെ.പി.യുടെ അംഗീകാരം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ആര്‍.എസ്.എസും വി.എച്ച്.പിയും ബജറംഗദളുമെല്ലാം ഒന്നാണെന്നാണ് ഞങ്ങളുടെ വാദം. ഈ വ്യത്യസ്ത പേരുകളും വ്യത്യസ്ത നേതാക്കളും വെറും കാഴ്ചയ്ക്കാണ്; അവരുടെ അസ്ഥിത്വം ഒന്നാണ്. ഇവയെല്ലാം അക്രമോത്സുകവും വര്‍ഗീയവാദപരവുമാണ്; നരഹത്യയില്‍ പങ്കെടുത്തിട്ടുമുണ്ട്. അങ്ങനെയാണെങ്കില്‍ സംഘപരിവാറിന്റെ രാഷ്ട്രീയ വിഭാഗമെന്ന നിലയില്‍ ബി.ജെ.പി.യുടെ അംഗീകാരം ജനപ്രാതിനിധ്യ നിയമത്തിന്റെ അടിസ്ഥാനത്തില്‍ റദ്ദാക്കണം. ഈ കേസില്‍ വിധി ഇതുവരെ വന്നിട്ടില്ല.

പക്ഷെ എന്താണ് ബി.ജെ.പിക്ക് ബദല്‍? കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് അവരുടെ ഒരു ബി ടീം പോലെയാണ്? 1984 ലെ കൂട്ടക്കൊലയില്‍ അവരുടെ പങ്ക് നോക്കുക?


എന്താണ് ഗുജറാത്തില്‍ ബദല്‍? പ്രതിപക്ഷത്തിന്റെ സ്ഥാനം കോണ്‍ഗ്രസിനാണ്. സോണിയാ ഗാന്ധി അഹമ്മദാബാദ് സന്ദര്‍ശിച്ചപ്പോള്‍ നമ്മള്‍ പ്രതീക്ഷിച്ചത് അവര്‍ ഇസ്ഹന്‍ ജഫ്രിയുടെ (കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി) വീട്ടില്‍ പോകുമെന്നും അദ്ദേഹത്തിന്റെ വിധവയ്ക്ക് ആശ്വാസം പകരും എന്നാണ്. പക്ഷെ ഉണ്ടായില്ല. കോണ്‍ഗ്രസ് 'ഹിന്ദുക്കളുടെ പ്രതികരണത്തെ' ഭയപ്പെട്ടു. അതിനാല്‍ സോണിയ തന്റെ പാര്‍ട്ടി എം.പി.യുടെ വിട് സന്ദര്‍ശിച്ചില്ല. 2002 ലെ മോഡിയുടെ വിജയം അപകടരമായിരുന്നു. അതിനേക്കാള്‍ ഭയാനകം അദ്ദേഹം വിജയിച്ചിരിക്കുന്നുവെന്ന കോണ്‍ഗ്രസിന്റെ സമ്മതമാണ്. അത് തെറ്റാണ്. ഹിറ്റ്‌ലര്‍ പോലും നാസിസത്തെ ശക്തിപ്പെടുത്താന്‍ ജനാധിപത്യത്തെയും തെരഞ്ഞെടുപ്പിനെയും ഉപയോഗിച്ചിരുന്നു. എങ്ങനെയാണ് മോഡി വ്യത്യസ്തനാകുക? അദ്ദേഹം അതേ മാതൃക ഉപയോഗിക്കുകയും ഗുജറാത്തിനെ പരീക്ഷണ ശാലയാക്കുകയും ചെയ്തു. ഇതു ജനാധിപത്യമോ ഫാസിസമോ? നമുക്കെങ്ങനെയാണ് അയാള്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണെന്ന് പറയാനാവുക? ഇതാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ദുര്‍ബലത. മോഡി ഈ വോട്ടുകള്‍ ആള്‍ക്കൂട്ടവും വികാരവുമുണര്‍ത്തി കൈകാര്യം ചെയ്തു. അതിനാലാണ് ഈ പാര്‍ട്ടി ഇല്ലാതാക്കണമെന്ന് ഞാന്‍ കരുതുന്നത്. അത്തരം പാര്‍ട്ടികള്‍ക്കൊന്നും ജനപ്രാതിനിധ്യ നിയമത്തിനു കീഴില്‍ തുടരാന്‍ അര്‍ഹതയില്ല.

ഭൂരിപക്ഷം ഹിന്ദുക്കളുടെയും പൗരസമൂഹത്തിന്റെയും മാധ്യമത്തിന്റെയും പ്രതികരണത്തെപ്പറ്റി എന്തുപറയുന്നു? അവര്‍ തങ്ങളുടെ നിശബ്ദതയിലൂടെ പിന്തുണ വാഗ്ദാനം ചെയ്തതായി തോന്നുന്നുണ്ടോ?

കൂട്ടക്കൊലയോട് കടുത്ത എതിര്‍പ്പ് തോന്നിയ നിരവധി പേരുണ്ട്. പക്ഷെ അവരുടെ എതിര്‍പ്പിനെ കൃത്യമായി ചലിപ്പിക്കാനായില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് കോണ്‍ഗ്രസ് പ്രതികരിക്കുമന്നാണ്. ലാലു യാദവ് ശക്തമായി സംസാരിക്കുമ്പോള്‍ ജയന്തി നടരാജന്‍ മൃദുവായി കൈകാര്യം ചെയ്യുന്നു. എന്തുകൊണ്ട്? ഈ വിഷമിപ്പിക്കുന്ന സാഹചര്യത്തിലും പ്രതീക്ഷാ കിരണമുണ്ട്. ശ്രീ ശ്രീ രവിശങ്കര്‍ എന്നെ വിളിച്ച് ടി.വിയില്‍ കണ്ട കാര്യങ്ങളില്‍ താന്‍ ഞെട്ടിയതായി പറഞ്ഞു.

പക്ഷെ രവിശങ്കര്‍ ഹിന്ദുത്വ അനുകൂലിയായിട്ടാണ് പൊതുവില്‍ കരുതപ്പെടുന്നത്?

അത് സത്യമാണ്. 2004 ലെ തെരഞ്ഞെടുപ്പ് സമയത്ത് അടലിനും അദ്വാനിക്കും വോട്ടുതേടി രവിശങ്കര്‍ അസംഖ്യം എസ്.എം.എസുകള്‍ അയച്ചതായി പറയപ്പെടുന്നുണ്ട്. മുഴുവന്‍ കോണ്‍ഗ്രസ് വൃത്തങ്ങളും രവിശങ്കറെ ഹിന്ദുത്വത്തിന്റെ പ്രതിനിധിയായാണ് കരുതുന്നത്. അതിനാല്‍ തന്നെ, തെഹല്‍ക വെളിപ്പെടുത്തല്‍ കണ്ടപ്പോള്‍ അദ്ദേഹം എന്നെ വിളിച്ചുവെന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. ഞാന്‍ പറഞ്ഞതനുസരിച്ച് അദ്ദേഹം ഒരു കരട് പ്രസ്താവന തയ്യാറാക്കി. വല്‍സന്‍ തമ്പുവും ഞാനും അതില്‍ കൂട്ടായി ഒപ്പിട്ടു.

ഗുജറാത്ത് സംഭവത്തെപ്പറ്റി വെളിപ്പെടുത്തല്‍ നടന്നപ്പോള്‍ ആ വെളിപ്പെടുത്തല്‍ നടത്തിയ സമയത്തെപ്പറ്റിയും തെരഞ്ഞെടുപ്പില്‍ അത് വഹിക്കാനിടയുളള പ്രത്യാഘാതത്തെപ്പറ്റിയുമാണ് കൂടുതല്‍ പ്രതികരണങ്ങളുണ്ടായത്.

ഇത് വിരോധാഭാസത്തിന്റെ അങ്ങേയറ്റമാണ്. സത്യത്തിനാണ് ഏറ്റവും പ്രാധാന്യം. പ്രത്യാഘാതങ്ങളെപ്പറ്റി ചിന്തിച്ച ശേഷം പിന്നീട് സത്യം പറയുകയല്ല ശരി. തെരഞ്ഞെടുത്ത ഒരു നിശ്ചിത സമയത്തേ സത്യംപറയൂ എന്നുണ്ടെങ്കില്‍ അത് സത്യമാവണമെന്നില്ല.

ഹിന്ദുയിസം വിവിധങ്ങളായ തത്വശാസ്ത്രങ്ങളുടയും പാരമ്പര്യങ്ങളുടെയും സമ്മിശ്രമാണ് എന്നു പറയുന്നു. ഗുജറാത്തില്‍ അക്രമം നടക്കുന്നത് ഹിന്ദുയിസത്തിന്റെ പേരിലാണ് താനും...?

ഹിന്ദുയിസത്തിന് ഘടനയൊന്നുമില്ല. നിങ്ങള്‍ ഒരു ഹിന്ദുവാണ്; എന്നാല്‍ അതില്‍ ഇപ്പോള്‍ ഉണ്ടാവണമെന്നില്ല. ഇതാണ് ഹിന്ദുയിസത്തിന്റെ ഒരേ സമയത്തെ കരുത്തും ദുര്‍ബലതയും. അതിനാല്‍ ഹിന്ദുയിസത്തില്‍ മതമൗലികവാദിയായിരിക്കുക ബുദ്ധിമുട്ടാണ്. ഹിന്ദുയിസത്തിലെ ഏറ്റവും വലിയ അക്രമ മുഖമെന്നത് ജാതി വ്യവസ്ഥിതിയാണ്. അവിടെ നിങ്ങള്‍ കൂടെയുളള മനുഷ്യനെ ശത്രുപോലും അര്‍ഹിക്കാത്ത വിധത്തില്‍ വെറുക്കപ്പെട്ടവനായി കാണുന്നു.

പക്ഷെ ഹിന്ദുത്വം ആദിവാസികളെയും (ഛറാസ് പോലുളള വിഭാഗങ്ങളെ) ദലിതരെയും മുസ്ലിംകള്‍ക്കെതിരായി തിരിച്ചുവിടുകയാണ്.

അത് അപകടകരമാണ്. നാല് വേദങ്ങളിലും 11 ഉപനിഷത്തുകളിലും 18 പുരാണങ്ങളിലും ഹിന്ദുവെന്നോ ഹിന്ദുയിസമെന്നോ പരാമര്‍ശമില്ല. രാമായണമോ മഹാഭാരതമോ; ഗീത പോലുമോ ഈ വേര്‍തിരിക്കല്‍ നടത്തുന്നില്ല. സത്യത്തില്‍ ഇസ്ലാമിന്റെ ദൈവ സങ്കല്‍പ്പം വേദത്തിന്റെയും ഉപനിഷത്തിന്റെയും കാഴ്ചപ്പാടിനോട് അടുത്തു നില്‍ക്കുന്നതാണ്. അതായത് ദൈവത്തിന് രൂപം കല്‍പിക്കുന്നില്ല.

പക്ഷെ ഇതൊന്നും സംഭവിച്ചുകൊണ്ടിരിക്കുന്നതില്‍ മാറ്റിനിര്‍ത്താനാവില്ല.

ശരിയാണ്. രാജ്യത്തെ ഭൂരിപക്ഷ 'ഉദാരവാദികളും' ഹിന്ദുവായിട്ടാണ് സ്വയം കല്‍പിക്കുന്നത്. സത്യത്തില്‍, കുറേയേറെ മുസ്ലിംകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പക്ഷെ ശരിക്കും നരഹത്യ നടക്കുന്നത് ഹിന്ദുയിസത്തിന്റെ പേരിലാണ്; ഹിന്ദുയിസത്തിന്റെ ഉദാര മുഖത്താല്‍. സാധാരണ ഹിന്ദുക്കള്‍ക്ക് ഹിന്ദുയിസത്തിന്റെയും ഹിന്ദുത്വത്തിന്റെയും വാഴ്ത്തുന്നത് ഇഷ്ടപ്പെട്ടേക്കാം. പക്ഷെ അത് വിധ്വംസ രൂപത്തെ പുണരുമ്പോള്‍ അവരെ അസ്വസ്ഥപ്പെടുത്തും.


ഗുജറാത്ത് കൂട്ടക്കൊലയെക്കുറിച്ച് 'തെഹല്‍ക' നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ഈ അഭിമുഖം എസ്. ആനന്ദ് നടത്തുന്നത്.

വിവര്‍ത്തനം: ബിജുരാജ്

Madhyamam Vaarshikappathippu
2008 Jan

No comments:

Post a Comment