Saturday, July 17, 2010

ഇടപ്പള്ളി: ചുട്ടുപൊള്ളുന്ന കനല്‍ക്കല്ല്

ലേഖനം

അറുപതാണ്ട് തികയുന്ന 'ഇടപ്പള്ളി കലാപ'ത്തെ പുനര്‍വായിക്കുന്നു




ഔദ്യോഗിക കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രപുസ്തകങ്ങളില്‍ ഇടപ്പള്ളി കലാപത്തെപ്പറ്റി അധികമൊന്നും നമുക്ക് കണ്ടെടുക്കുക സാധ്യമല്ല. ചിലപ്പോള്‍ അപ്രധാനമായ ചില പരാമര്‍ശങ്ങള്‍ വായിക്കാനായേക്കുമെന്നു മാത്രം. ഇടപ്പള്ളി കലാപത്തെപ്പറ്റിയുള്ള ഏതൊരു തരം ചര്‍ച്ചയും അപ്രസക്തവും അനാശ്യവുമാണെന്ന നിലപാടാണ് മാര്‍ക്‌സിസ്റ്റുപാര്‍ട്ടിക്കും സി.പി.ഐക്കും തുടക്കംമുതലേയുള്ളത്. അതുകൊണ്ട് തന്നെ കലാപത്തിന് അറുപതാണ്ടു തികയുന്ന വേളയില്‍, ഇടപ്പള്ളിയില്‍ പറയത്തക്ക ഒരു അനുസ്മരണവും നടന്നില്ല എന്നതില്‍ അസ്വഭാവികതയൊന്നുമില്ല.
കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇടപ്പള്ളി കലാപത്തിന് നിഷേധാത്മകമായും അല്ലാതെയും സുപ്രധാന പങ്കാണുള്ളത്. 1950 ഫെബ്രുവരി 28 ന് നടന്ന പോലീസ് സ്‌റ്റേഷന്‍ ആക്രമണം വ്യാപകമായ ഭരണകൂട മര്‍ദനം തിരു-കൊച്ചിയില്‍ അഴിച്ചുവിട്ടു. രണ്ട് രക്തസാക്ഷികള്‍, മൂന്നുമാസക്കാലം നീണ്ടു നിന്ന മര്‍ദനങ്ങള്‍, തകര്‍ന്നുപോയ സംഘടന തുടങ്ങിയവയാണ് അതിന്റെ ആദ്യ ബാക്കിപത്രം. അതൊരു താല്‍ക്കാലിക തിരിച്ചടിയായിരുന്നുവെന്ന് പറയാം. കാരണം ആലുവ മേഖലയില്‍ തൊഴിലാളി പ്രസ്ഥാനം ഇടപ്പള്ളിക്കുശേഷം വീണ്ടും ശക്തിയാര്‍ജിക്കുകയാണുണ്ടായത്. ഇടപ്പള്ളിയിലൂടെയാണ് പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേക്കും നടന്നുചെന്നത്. അത്യന്തികമായി ജനങ്ങളെ ചലിപ്പിച്ച ഏതൊരു ചരിത്ര ഇടപെടലും കമ്യൂണിസ്റ്റുകാര്‍ അനുസ്മരിക്കുകയും ഉയര്‍ത്തിപ്പിടിക്കേണ്ടതുമുണ്ട്. പക്ഷേ, എന്തുകൊണ്ടാവണം ഇടപ്പള്ളി കലാപത്തെപ്പറ്റി ഔദ്യോഗിക കമ്യൂണിസ്റ്റുകള്‍ ഒന്നും പറയാത്തത്. എന്തുകൊണ്ടാണ് രക്തസാക്ഷി കെ.യു.ദാസിന്റെയും എ.വി. ജോസഫിന്റെയും പേരുകള്‍ ആവേശത്തോട് സ്മരിക്കപ്പെടാത്തത്?


കലാപവും; അടിച്ചമര്‍ത്തലും
(ഇടപ്പള്ളിയില്‍ നടന്നത്)


ഇടപ്പള്ളിയില്‍ നടന്ന സംഭവങ്ങള്‍ എല്ലാം അന്നത്തെ പാര്‍ട്ടിയുടെ അഖിലേന്ത്യാ ലൈനിനസരിച്ചുള്ളതായിരുന്നു. സായുധസമരം അഴിച്ചുവിട്ട് ഒറ്റഘട്ട സോഷ്യലിസ്റ്റ് വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുക്കുകയെന്നതാണ് അന്നത്തെ പാര്‍ട്ടി നയം. അക്രമപ്രവര്‍ത്തനങ്ങള്‍ വിപ്ലവത്തിന്റെ അവിഭാജ്യഭാഗമാണ്. 1948 ഫെബ്രുവരിയില്‍ നടന്ന, സി.പി.ഐയുടെ രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ബി.ടി. രണദിവെ ഈ ലൈന്‍ അവതരിപ്പിച്ച് മേല്‍കൈ നേടി. അന്നുവരെ കോണ്‍ഗ്രസിനു പിന്നില്‍ ഇഴഞ്ഞിരുന്ന വലതുപക്ഷക്കാരനായ പി.സി. ജോഷിയെ സെക്രട്ടറി പദത്തില്‍ നിന്നും രണദിവെ പുറംതള്ളി. ഈ അഖിലേന്ത്യാ ലൈനിന്റെ തുടര്‍ച്ചയായിട്ടാണ് ഇടപ്പള്ളിയിലും ആക്രമണം നടക്കുന്നത്. അതുകൊണ്ട് തന്നെ, കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരായ കുറേപ്പേര്‍ ചേര്‍ന്നു നടത്തിയ കേവല ആക്രമണമായി ഇടപ്പള്ളി കലാപത്തെ കണ്ടുകൂടാ. എങ്കിലും ഇടപ്പള്ളിക്കൊരു ധിക്കാരത്തിന്റെ സ്വഭാവമുണ്ടായിരുന്നു. പുന്നപ്ര-വയലാറിനുശേഷം ഒരു തരത്തിലുള്ള സായുധ ഇടപെടലും നടത്തരുതെന്ന് നിശ്ചയിച്ച കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തെ ബോധപൂര്‍വം തന്നെ ഇടപള്ളിയിലെ കലാപകാരികള്‍ മറികടന്നു. കേരളത്തിലെ പാര്‍ട്ടിനേതൃത്വം ഇടപ്പള്ളി ആക്രമണത്തെപ്പറ്റി അറിയുന്നത് നടന്നശേഷം മാത്രമാണ്. ചോദിച്ചിരുന്നുവെങ്കില്‍ അന്നത്തെ നേതൃത്വം ഒരിക്കലും ആക്രമണത്തിന് അനുമതി നല്‍കില്ലായിരുന്നു. പാര്‍ട്ടിയിലെ വലതുപക്ഷത്തോടുള്ള സമരം കൂടിയായിരുന്നു ഇടപ്പള്ളി എന്ന് വ്യക്തമാണ്. സമാനമായി, പാര്‍ട്ടിയുടെ വലതുപക്ഷ നേതൃത്വത്തോടുള്ള നിഷേധമാണ് പുന്നപ്രയിലും നടന്നത്. അവിടെ തിരുവിതാംകൂര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി തനിച്ചാണ് ഉയര്‍ത്തെഴുന്നേല്‍പ്പ് സംഘടിപ്പിച്ചത്. അങ്ങനെ നോക്കുമ്പോള്‍ പുന്നപ്ര-വയലാറിന്റെ പൈതൃകത്തെ ഇടപ്പള്ളിയും പിന്‍പറ്റുന്നുണ്ട്.
അഖിലേന്ത്യാ കമ്യൂണിസ്റ്റ് പാര്‍ട്ടി 1950 മാര്‍ച്ച് ഒമ്പതിന് രാജ്യവ്യാപകമായി റെയില്‍വേ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ഭരണകൂടത്തെ മറിച്ചിടുന്ന ശ്രമത്തിന്റെ ഭാഗമായിട്ടാണ് രണദിവെ അത്തരമൊരു ആഹ്വാനം നല്‍കിയത്. റെയില്‍വേ പണിമുടക്ക് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി ആലുവ പാര്‍ട്ടി കമ്മിറ്റിക്ക് മേല്‍കമ്മിറ്റിയില്‍നിന്ന് കിട്ടിയ നിര്‍ദേശം അങ്കമാലി മുതല്‍ വടുതല (എറണാകുളം) വരെയുള്ള റെയില്‍ഗതാഗതം സ്തംഭിപ്പിക്കുക എന്നതായിരുന്നു. അന്ന് ആലുവ-ഏലൂര്‍ മേഖലയില്‍ തൊഴിലാളി പ്രസ്ഥാനം ശക്തമാണ്. സ്റ്റാന്‍ഡേര്‍ഡ് പോട്ടറീസ്, ഇന്ത്യന്‍ അലുമീനീയം കമ്പനി തുടങ്ങിയ വ്യവസായ സ്ഥാപനങ്ങളില്‍ തൊഴിലാളി യുണിയനുകള്‍ രൂപീകരിക്കപ്പെട്ടിരുന്നു. ആലപ്പുഴ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന അഖില തിരുവിതാംകൂര്‍ ട്രേഡ്‌യൂണിയന്‍ കോണ്‍ഗ്രസിന്റെ അനുബന്ധമായിട്ടാണ് ആലുവയിലെ തൊഴിലാളി യുണിയനുകളും പ്രവര്‍ത്തിച്ചിരുന്നത്. ആലപ്പുഴയില്‍ നിന്ന് പാര്‍ട്ടി നിയോഗിച്ച എന്‍.കെ.മാധവന്‍ യൂണിയന്‍ സംഘടിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.
റെയില്‍വേ പണിമുടക്ക് വിജയിപ്പിക്കുന്നതിനെപ്പറ്റി പലവട്ടം ചര്‍ച്ചകള്‍ നടന്നു. ചെറിയതെങ്കിലും ഇടപ്പള്ളി റെയിവേ സ്‌റ്റേഷന് അന്ന് നിര്‍ണായക പ്രധാന്യമുണ്ട്. എറണാകുളത്തേക്കുള്ള ട്രെയിനുകളുടെ ഷണ്ടിംഗ് കേന്ദ്രമാണ് ഇടപ്പള്ളി. പോണേക്കരയാകട്ടെ അന്ന് റെയില്‍വേത്തൊഴിലാളികളുടെ കേന്ദ്രവും. പണിമുടക്കിനെ മറികടന്ന് എറണാകുളത്തേക്ക് ട്രെയിന്‍ വന്നാല്‍ അട്ടിമറിക്കാനും തൊഴിലാളികള്‍ പദ്ധതിയിട്ടു. പണിമുടക്കുമായി ബന്ധപ്പെട്ട് രഹസ്യയോഗത്തില്‍ പങ്കെടുത്ത് മടങ്ങിയ എന്‍.കെ. മാധവനെയും വറീതുകുട്ടിയെയും പോലീസ് അറസ്റ്റ് ചെയ്യുന്നതോടെയാണ് 'ഇടപ്പള്ളി സംഭവ'ത്തിന്റെ തുടക്കം. ഇരുവരെയും 26 ന് രാത്രി പോലീസ് ലോക്കപ്പിലടച്ചു.
തൊട്ടടുത്ത ദിവസം, ഫെബ്രുവരി 27 ന് പോണേക്കരയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരുടെ രഹസ്യയോഗം നിശ്ചയച്ചിരുന്നു. പണിമുടക്ക് വിജയത്തിനുള്ള കര്‍മസമിതി രൂപീകരിക്കലായിരുന്നു ലക്ഷ്യം. പാര്‍ട്ടി അംഗങ്ങള്‍, അനുഭാവികള്‍, തൊളിലാളി യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവരുടെ സംയുക്തയോഗമാണ് നിശ്ചയിച്ചിരുന്നത്. 19 പേര്‍ യോഗത്തിന് എത്തണം. തങ്ങളുടെ രണ്ട് സഖാക്കള്‍ ലോക്കപ്പില്‍ മര്‍ദനമേറ്റ് കഴിയുന്നുണ്ടെന്നുള്ള വിവരം യോഗത്തില്‍ അവതരിപ്പിക്കപ്പെട്ടു. സ്‌റ്റേഷന്‍ ആക്രമിച്ച് ലോക്കപ്പിലുള്ളവരെ മോചിപ്പിക്കാന്‍ പെട്ടന്ന് തന്നെ തീരുമാനമായി.. കെ.സി. മാത്യുവാണ് നിര്‍ദേശം മുന്നോട്ട് വച്ചത്. എല്ലാവരും ഉടന്‍ തന്നെ അതിനെ പിന്താങ്ങി. പരസ്യമായി ഒരെതിര്‍പ്പും ആരും പ്രകടിപ്പിച്ചില്ല. എം.എം. ലോറന്‍സ്, വി.വിശ്വനാഥ മേനോന്‍ തുടങ്ങിയ ഒന്നുരണ്ടുപേര്‍ രഹസ്യമായി എതിര്‍പ്പു പ്രകടിപ്പിച്ചെങ്കിലും ഭീരുവായി മുദ്രകുത്തപ്പെടുമെന്ന് ഭയന്ന് നിശബ്ദത പാലിച്ചു. യഥാര്‍ത്ഥത്തില്‍ ലോറന്‍സും വിശ്വനാഥമേനോനും ഉള്‍പ്പടെയുള്ളവര്‍ എറണാകുളത്ത് നിന്ന് എത്തുന്നതിനു മുമ്പേ കെ.സി. മാത്യുവിന്റെ നേതൃത്വത്തില്‍ സ്‌റ്റേഷനാക്രമണം നിശ്ചയിക്കപ്പെട്ടിരുന്നു. ആക്ഷന്റെ നേതൃത്വത്തിനായി നാലംഗ കമ്മിറ്റിയും ഉണ്ടാക്കി. കെ.സി.മാത്യു, എം.എം. ലോറന്‍സ്, കെ.യു.ദാസ്, വി.വിശ്വനാഥമേനോന്‍ എന്നിവരായിരുന്നു ഈ ആക്ഷന്‍ കമ്മിറ്റിയിലുണ്ടായിരുന്നത്. കെ.സി. മാത്യുവിനായിരുന്നു മുഖ്യ ചുമതല.
രാത്രി 10 ന് മുമ്പായി രണ്ടുവാക്കത്തി, കുറച്ച് വടികള്‍, ഒരു കൈംബോംബ് എന്നിവ സംഘം സംഘടിപ്പിച്ചു. രാത്രി 2.15 ന്, 17 പേര്‍ സ്‌റ്റേഷനു മുന്നിലെത്തി. കെ.സി. മാത്യു നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് ആക്രമണം നടന്നു. കൈംബോംബ് എറിഞ്ഞെങ്കിലും പൊട്ടിയില്ല.ആക്രമണത്തില്‍ മാത്യു, വേലായുധന്‍ എന്നീ രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ കൊല്ലപ്പെട്ടു. സഹപ്രവര്‍ത്തകര്‍ വീണതോടെ മറ്റ് പോലീസുകാര്‍ ഓടിയകന്നു.
കലാപകാരികള്‍ ലോക്കപ്പില്‍ കിടന്ന മാധവനയെും വറീതിനെയും മോചിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ലോക്കപ്പിന്റെ താക്കോല്‍ കണ്ടെടുക്കാന്‍ കഴിഞ്ഞില്ല എന്നതുതന്നെ കാരണം. ലോക്കപ്പിന്റെ താക്കോല്‍ കൃഷ്ണപിള്ളയെന്ന പോലീസുകാരന്‍ വീട്ടില്‍ കൊണ്ടുപോയിരുന്നു. ലോക്കപ്പിന്റെ താഴ് തല്ലിപ്പൊളിക്കാനും കഴിഞ്ഞില്ല. പത്ത് മിനിറ്റിനുശേഷം സംഘം സ്‌റ്റേഷനില്‍ നിന്ന് മടങ്ങി. നാല് തോക്കുകള്‍ സ്‌റ്റേഷനില്‍ നിന്ന് കലാപകാരികള്‍ എടുത്തുകൊണ്ടുപോന്നു.
പോലീസ് വേട്ട തുടര്‍ന്നുണ്ടാവുമെന്ന അറിഞ്ഞതോടെ എല്ലാവരും ഒളിവില്‍പ്പോയി. സ്‌റ്റേഷന്‍ ആക്രമണം അതിനകം വാര്‍ത്തയായതിനാല്‍ പല വീടുകളിലും കലാപകാരികള്‍ക്ക് ഷെല്‍ട്ടര്‍ ലഭിച്ചില്ല. കലൂരില്‍ ഒരുകുളത്തില്‍ തോക്കുകള്‍ കൊണ്ടിട്ടു. പെട്ടന്ന് തന്നെ പോലീസിന് തെളിവുകള്‍ കിട്ടി. ഒന്നിനു പുറകെ ഒന്നായി കെ.സി.മാത്യുവും, ലോറന്‍സുമെല്ലാം അറസ്റ്റിലായി. കെ.യു.ദാസിനെ പോലീസ് ആലുവ സ്‌റ്റേഷന്‍ ലോക്കപ്പിലിട്ടു മര്‍ദിച്ചവശനാക്കി. സ്‌റ്റേഷനില്‍ വച്ച് മരിച്ച ദാസിന്റെ മൃതദേഹം വീട്ടുകാര്‍ക്കൊന്നും വിട്ടുകൊടുക്കാതെ പോലീസ് തന്നെ മറവു ചെയ്തു. സംഭവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പിടികൂടിയ കെ.എസ്. പി. പ്രവര്‍ത്തകന്‍ ജോസഫിനെയും പോലീസ് മര്‍ദിച്ചുകൊന്നു. ഇടപ്പള്ളി സംഭവത്തിലെ പ്രതികളെ പിടികൂടാനായി പോലീസ് രാത്രി വീടുകള്‍ കയറിയിറങ്ങി. സ്ത്രീകള്‍ ഉള്‍പ്പടെ പലരെയും മര്‍ദിച്ചു. അറസ്റ്റിലായവര്‍ക്കെല്ലാം തന്നെ കടുത്ത മര്‍ദനം നേരിടേണ്ടി വന്നു.
1952 ന് സെഷന്‍സ് കോടതി കേസിന്റെ വിചാരണ തുടങ്ങി. കെ.സി. മാത്യൂ, വി. വിശ്വനാഥ മേനോന്‍, എം.എം.ലോറന്‍സ്, എന്‍.കെ. മാധവന്‍, എന്‍.എ.കുമാരന്‍, കെ.ബി. ജോര്‍ജ്, കെ.എ. എബ്രഹാം, എന്‍. എ.കുമാരന്‍, കെ.യു. ദാസ്, കെ.എ. രാജന്‍, പയ്യപ്പിള്ളി ബാലന്‍, കെ.ആര്‍.കൃഷ്ണന്‍കുട്ടി, കെ.എ. വറുതുകുട്ടി, കുഞ്ഞന്‍ബാവ, കുഞ്ഞുമോന്‍, വി.പി. സുരേന്ദ്രന്‍, എന്‍.കെ.ശശിധരന്‍, എം.എ. അരവിന്ദാക്ഷന്‍, കെ.എ. രാജന്‍, വി. ശൗരിമുത്തു, ഒ. രാഘവന്‍ തുടങ്ങിയവരായിരുന്നു പ്രതികള്‍. വറീതുകുട്ടിയും മാധവനും ആക്രമണത്തില്‍ പങ്കെടുത്തില്ലെങ്കിലും പ്രതിയാക്കപ്പെട്ടു. പയ്യപ്പിള്ളി ബാലനെപ്പോലുള്ളവര്‍ ആക് ഷനില്‍ പങ്കെടുത്തിരുന്നില്ല. പക്ഷേ ആലുവയിലെ പാര്‍ട്ടി പ്രവര്‍ത്തകരെന്ന നിലയില്‍ പ്രധാനികളായതിനാല്‍ പ്രതിയാക്കപ്പെട്ടു. യഥാര്‍ത്ഥത്തില്‍ ആക്ഷനില്‍ പങ്കെടുത്ത 11 പേര്‍ മാത്രമാണ് പിടിക്കപ്പെട്ടത്.
സെഷന്‍സ് കോടതി കെ.സി.മാത്യു, കെ.എ. എബ്രഹാം, കെ.ആര്‍. കൃഷ്ണന്‍ കുട്ടി എന്നിവര്‍ക്ക് 12 വര്‍ഷം കഠിന തടവ് വിധിച്ചു. മറ്റുള്ളവര്‍ക്ക് അഞ്ചും മൂന്നും വര്‍ഷം വീതമായിരുന്നു ശിക്ഷ. പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ശിക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും ഹൈക്കോടതയില്‍ എത്തി.. എല്ലാവര്‍ക്കും ജീവപര്യന്തമാക്കി ഹൈക്കോടതി ശിക്ഷ വിധിച്ചു. തുടര്‍ന്ന് നല്‍കിയ അപ്പീലില്‍ സുപ്രീംകോടതിയും ശിക്ഷ ശരിവെച്ചു.
അഞ്ചുവര്‍ഷത്തിനുശേഷം ഇ.എം.എസ്. മന്ത്രിസഭ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് ഇടപ്പള്ളി പ്രതികളുടെ ദുരിതാവസ്ഥ മാറി. ശിക്ഷയനുഭവിച്ചുകൊണ്ടിരുന്ന പ്രതികളെ ് 1957 ഏപ്രില്‍ 12 ന് സര്‍ക്കാര്‍ മോചിപ്പിച്ചു.



കേരളത്തിലെ പോലീസ് സ്‌റ്റേഷന്‍ ആക്രമണങ്ങള്‍


ജനങ്ങള്‍ക്ക് ഏതൊരു തരത്തിലുള്ള സമരവും ചെയ്യാം. അക്രമോത്സുകവും അല്ലാത്തതുമാവാം സമരങ്ങള്‍. എന്നാല്‍ മറ്റ് സമരമുറകളില്‍നിന്ന് വ്യത്യസ്തമായി പോലീസ് സ്‌റ്റേഷന്‍/ ഭരണകൂട അധികാര കേന്ദ്രങ്ങള്‍ സായുധമായി ആക്രമിക്കുക എന്നത് ലളിതമായ രാഷ്ട്രീയ കൃത്യമല്ല. ലോകത്തൊരു ഭരണകൂടവും അത് തരിമ്പും അനുവദിച്ചു തരില്ല. ജന്മിമാരെയോ, ദുഷ്ടജനശത്രുക്കളെയോ ആക്രമിക്കുമ്പോള്‍ കുറച്ചൊക്കെ ഭരണകൂടം 'കണ്ണടച്ചേ'ക്കും. എന്നാല്‍, പോലീസ് സ്‌റ്റേഷന്‍ ആക്രമണം ഭീകരമായ പോലീസ് വാഴ്ച സൃഷ്ടിക്കും. സ്‌റ്റേഷനില്‍ നിന്ന് തോക്കു നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും. ജനം പിടിച്ചെടുത്ത തോക്കുകള്‍ തങ്ങള്‍ക്കെതിരായി തിരിഞ്ഞുവരുമെന്ന് ഭരണകൂടത്തിന് നന്നായി അറിയാവുന്നതുകൊണ്ടാണ് അത്.
കേരളത്തിലെ പോലീസ് സ്‌റ്റേഷന്‍ ആക്രമണങ്ങളുടെ ചരിത്രത്തിലൂം ഇടപ്പള്ളി വേറിട്ടു നില്‍ക്കുന്നു. കേരളത്തില്‍ എഴ് പോലീസ് സ്‌റ്റേഷനുകളാണ് ഇതുവരെ രാഷ്ട്രീയമായി ആക്രമിക്കപ്പെട്ടിട്ടുള്ളത്. പോലീസ് അറസ്റ്റ് ചെയ്ത പാര്‍ട്ടി പ്രവര്‍ത്തകനെ മോചിപ്പിക്കാന്‍ അധികാരത്തിന്റെ ഹുങ്കില്‍ ഡി.വൈ.എഫ്.ഐയും യൂത്ത് കോണ്‍ഗ്രസുകാരും നടത്തുന്ന സ്‌റ്റേഷന്‍ 'ആക്രമണവും' വിപ്ലവ ആക്രമണങ്ങളും രണ്ടാണ്.
കമ്യൂണിസ്റ്റുകളുടെ (വിപ്ലവകാരികളുടെ) നേതൃത്വത്തില്‍ കേരളത്തില്‍ ആറ് പോലീസ്് സ്‌റ്റേഷനുകളാണ് ഇതുവരെ ആക്രമിക്കപ്പെട്ടിട്ടുള്ളത്. കടയ്ക്കല്‍ വിപ്ലവത്തില്‍ കമ്യൂണിസ്റ്റുകളുടെ നേതൃത്വത്തിലല്ലാതെ ജനം പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു തര്‍ത്തിരുന്നു. 1943 ല്‍ ഫോര്‍ട്ട് കൊച്ചിയില്‍ സൈനിക ബാരക്ക് ആക്രമിച്ചതുപോലുള്ള സംഭവങ്ങളും നടന്നിട്ടുണ്ട്. പക്ഷേ അവ രണ്ടിനും കമ്യൂണിസ്റ്റുകള്‍ നടത്തിയ ആക്രമണത്തിന്റെ സ്വഭാവമല്ല ഉണ്ടായിരുന്നത്. ഭരണകൂടത്തെ മറിച്ചിട്ട് തൊഴിലാളിവര്‍ഗ ഭരണകൂടം സ്ഥാപിക്കുക എന്ന ലക്ഷ്യം കമ്യൂണിസ്റ്റുകളുടെ പ്രവര്‍ത്തന പദ്ധതിയുമായുള്ളതിനാല്‍ അവര്‍ നടത്തുന്ന ആക്രമണം മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തപ്പെട്ടിരിക്കുന്നു.
കമ്യൂണിസ്റ്റുകള്‍ നടത്തിയ ആറ് പോലീസ് സ്‌റ്റേഷന്‍ ആക്രമണങ്ങളില്‍ ജനം/വിപ്ലകാരികള്‍ വലിയ വില കൊടുക്കേണ്ടി വന്നു എന്നതാണ് സത്യം. സ്വാതന്ത്ര്യത്തിനു മുമ്പ് ഒറ്റ സ്‌റ്റേഷന്‍ മാത്രമാണ് കമ്യൂണിസ്റ്റുകള്‍ ആക്രമിച്ചത്; പുന്നപ്രയില്‍. സ്വതന്ത്ര്യത്തിനും അടിയന്തരവാസ്ഥയ്ക്കുമിടയിലായി നാല് സ്‌റ്റേഷനുകള്‍ ആക്രമിക്കപ്പെട്ടു. ഇടപ്പള്ളി, തലശ്ശേി, പുല്‍പ്പള്ളി, കുറ്റിയാടി സ്‌റ്റേഷനുകളാണ് കമ്യൂണിസ്റ്റുകാര്‍ ആക്രമിച്ചത്. ഇടപ്പള്ളി പോലീസ് സ്‌റ്റേഷന്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകരും മറ്റ് മൂന്നാക്രമണങ്ങള്‍ മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയില്‍നിന്ന് ഭിന്നിച്ച നക്‌സലൈറ്റുകളുടെ നേതൃത്വത്തിലുമാണ് നടന്നത്. അടിയന്തരാവസ്ഥയില്‍ നടന്ന കായണ്ണ സ്‌റ്റേഷനാക്രമണവും നക്‌സലൈറ്റുകളാണ് നടത്തിയത്.
1946 ഒക്‌ടോബര്‍ 24 നാണ് പുന്നപ്രയില്‍ തൊഴിലാളികള്‍ പോലീസ് ക്യാമ്പ് ആക്രമിക്കുന്നത്. ജന്മിത്വത്തിനെതിരെയുള്ള സമരം ആലപ്പുഴയില്‍ ശക്തമായതിനെതുര്‍ന്നാണ് സര്‍.സി.പി.യുടെ ഭരണകൂടം പുന്നപ്രയില്‍ പോലീസ് ക്യാമ്പ് തുറന്നത്. തൊഴിലാളി സമരങ്ങളിലെ സജീവമായ ചെറുത്ത് നില്‍പ്പ് എന്ന നിലയിലാണ് തൊഴിലാളികള്‍ ക്യാമ്പ് ആക്രമിക്കുന്നത്. 1946 ഒക്‌ടോബര്‍ 22 (1122 തുലാം 5 ) മുതല്‍ പൊതുപണിമുടക്ക് നടത്താന്‍ അഖില തിരുവിതാംകൂര്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് (എ.ടി.ടി.യു.സി) തീരുമാനിച്ചിരുന്നു. സമരത്തിന്റെ രണ്ടാം നാളിലാണ് തൊഴിലാളികള്‍ തിരിച്ചടിച്ചത്. പക്ഷേ അത് വലിയ ദുരന്തത്തില്‍ കലാശിച്ചു. 28 തൊഴിലാളികള്‍ വെടിയേറ്റു മരിച്ചു. 23 തൊഴിലാളികള്‍ക്ക് വെടിയേറ്റു. സബ് ഇന്‍സ്‌പെകടര്‍ വേലായുധന്‍നാടാര്‍ ഉള്‍പ്പടെ നാല് പോലീസുകാര്‍ കൊല്ലപ്പെട്ടു. അഞ്ചു പോലീസുകാര്‍ക്ക് പരുക്കേറ്റു. തുടര്‍ന്ന് ഭരണകൂട അടിച്ചമര്‍ത്തലുകള്‍ തിരുവിതാംകൂറില്‍ ശക്തമായി. തൊഴിലാളി ക്യാമ്പുകള്‍ പിരിച്ചുവിടാനായി പട്ടാളം മൂന്നാം ദിവസം നടത്തിയ വെടിവയപ്പില്‍ വയലാറില്‍ നൂറുകണക്കിനാളുകള്‍ മരിച്ചു.
പുന്നപ്ര കഴിഞ്ഞ് നാലുവര്‍ഷത്തിശേഷമാണ് ഇടപ്പള്ളി ആക്രമണം. പിന്നീടൊരു പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കപ്പെടുന്നത് 1968 ഡിസംബര്‍ 23 ന് തലശ്ശേരിയില്‍ നക്‌സലൈറ്റുകളുടെ നേതൃത്വത്തിലാണ്. തലശ്ശേരിയിലും പുല്‍പ്പള്ളിയിലും സായുധ ഇടപെടല്‍ നടത്തിയശേഷം സൈന്യമായി ഇരുസ്ഥലങ്ങളില്‍നിന്ന് തിരുനെല്ലികാട്ടിലെത്തുകയും പിന്നീട് സംസ്ഥാനത്ത് മൊത്തത്തില്‍ അധികാരം പിടിച്ചെടുക്കുന്ന വിധത്തില്‍ മുന്നേറുകയും ചെയ്യുന്ന ഒരു പദ്ധതിയാണ് കുന്നിക്കല്‍ നാരായണന്റെ നേതൃത്വത്തിലുള്ള നക്‌സലൈറ്റ് സംഘം ആസൂത്രണം ചെയ്തത്. തലശ്ശേരി സ്‌റ്റേഷന്‍ ആക്രമണം വിജയിച്ചില്ല. കന്നുകാലികള്‍ ഓടുന്ന ശബ്ദം കേട്ട് പോലീസുകാര്‍ വരുന്നതെന്ന് കരുതി നക്‌സലൈറ്റുകള്‍ പിന്‍മാറി. അവരെറിഞ്ഞ ബോംബാകട്ടെ പൊട്ടിയുമില്ല. തൊട്ടടുത്ത ദിവസം രാത്രിയില്‍ പുല്‍പ്പള്ളി എം.എസ്.പി. ക്യാമ്പ് നക്‌സലൈറ്റുകള്‍ ആക്രമിച്ചു. തലശ്ശേരി സ്‌റ്റേഷന്‍ ആക്രമിച്ച വര്‍ത്ത കേട്ടയുടന്‍ പുല്‍പ്പള്ളി സ്‌റ്റേഷന്‍ ആക്രമിക്കുകയെന്നതായിരുന്നു മുന്‍ധാരണ.
വര്‍ഗീസ്, തേറ്റമലകൃഷ്ണന്‍കുട്ടി, ഫിലിപ്പ് എം. പ്രസാദ് എന്നിവര്‍ക്കായിരുന്നു നേതൃത്വം. ആദിവാസികള്‍ ഉള്‍പ്പടെ നാനൂറോളം ആവര്‍ റിക്രൂട്ട് ചെയ്തിരുന്നു. വാക്കത്തി, വടി, കൈംബോംബുകള്‍, ഡൈനാമിറ്റ് എന്നിവയുമായി ചിതലയം കാട്ടില്‍ ഒത്തുചേര്‍ന്ന അറുപതുപേരില്‍ നിന്ന് പതിനേഴ് അംഗ കൗണ്‍സിലുണ്ടാക്കി. സ്‌റ്റേഷന്‍ ആക്രമണത്തിന് നേതൃത്വം നല്‍കാനായി അതില്‍ നിന്ന് എഴംഗ ആക്ഷന്‍ കമ്മിറ്റിയുമുണ്ടാക്കി. വര്‍ഗീസ്, തേറ്റമല കൃഷ്ണന്‍കുട്ടി, കുറിച്യന്‍ കുഞ്ഞാമന്‍, കിസാന്‍ തൊമ്മന്‍ , ശങ്കരന്‍ മാസ്റ്റര്‍ ഫിലിപ്പ് എം.പ്രസാദ്, അജിത എന്നിവരായിരുന്നു മറ്റ്് അംഗങ്ങള്‍.
റേഡിയോയില്‍ തലശ്ശേരി പോലീസ് സ്‌റ്റേഷന്‍ ആക്രമണ വാര്‍ത്ത അറിഞ്ഞ ഉടനെ സംഘം സീതാദേവിക്ഷേത്രത്തിന്റെ മുന്‍വശത്ത് കൂടി എം.എസ്. പി. ക്യാമ്പ് ആക്രമിച്ചു. വയര്‍ലെസ് യന്ത്രവും സ്‌റ്റേഷനും തല്ലി തകര്‍ത്തു. ആക്രമണം കണ്ട് ഒളിച്ചിരുന്ന വയര്‍ലെസ് ഓപ്പറേറ്റര്‍ ഹവലില്‍ദാര്‍ കൃഷ്ണന്‍നായരടെ വെട്ടിക്കൊലപ്പെടുത്തി. കലാപകാരികള്‍ പോയി എന്ന് ധരിച്ച് കട്ടിലിനടിയില്‍ നിന്ന് പുത്തുവന്ന എസ്. ഐ. ശങ്കുണ്ണിമേനോനെയും സംഘം മാരകമായി പരുക്കേല്‍പ്പിച്ചു. പിന്നീട് അദ്ദേഹം മരിച്ചുവെന്ന ധാരണയില്‍ പിന്തിരിഞ്ഞു.
തലശ്ശേരിയും പുല്‍പ്പള്ളിയും വലിയതോതിലുള്ള ഭരണകൂട അടിച്ചമര്‍ത്തലിലേക്ക് നയിച്ചു. ആദിവാസികള്‍ ഉള്‍പ്പടെ നൂറുകണക്കിനുപേര്‍ക്ക് മര്‍ദനമേറ്റു. പരാജയപ്പെട്ടുവെങ്കിലും കേരളത്തില്‍ രാഷ്ട്രീയ അധികാരം ലക്ഷ്യമാക്കി നടന്ന ആദ്യത്തെ സായുധ കലാപമായിരുന്നു തലശ്ശേരി-പുല്‍പ്പള്ളി.
ആ കലാപത്തിന്റെ ഒന്നാം വാര്‍ഷികത്തിലാണ് മറ്റൊരു സംഘം നക്‌സലൈറ്റുകള്‍ കുറ്റിയാടി പൊലീസ് സ്‌റ്റേഷന്‍ ആക്രമിക്കുന്നത്. സ്‌റേറഷന്‍ ആക്രമിച്ച് ആയുധങ്ങള്‍ കയ്യടക്കാനും തുടര്‍ന്ന് രജിസ്റ്റാഫീസ് തകര്‍ക്കാനുംഒരു സവര്‍ണ്ണജന്മിയുടെ വീടുകൊള്ളയടിക്കാനുമായിരുന്നു നക്‌സലൈറ്റുകള്‍ പദ്ധതിയിട്ടത്.
1969 ഡിസംബര്‍ 17 ന് രാത്രിയാണ് ആക്രമണം നടന്നത്. മുപ്പതുപേര്‍ സംഘത്തിലുണ്ടായിരുന്നു. രാത്രി രണ്ടുമണിക്കായിരുന്നു ആക്രമണം. എസ്.ഐ.യും പോലീസുകാരുമൊക്കെ ക്വാര്‍ട്ടേഴ്‌സിലായിരിക്കുന്നാണ് സംഘം കരുതിയത്. എന്നാല്‍ ഏതോ ഭ്രാന്തനെ പിടിച്ചുകൊണ്ടുവന്നതിനാല്‍ ഉറങ്ങാന്‍ പോയ എസ്.ഐ.യും സംഘവുമെല്ലാം തിരിച്ചെത്തിയിരുന്നു. കലാപകാരികള്‍ സ്‌റ്റേഷനിലേക്ക് ബോംബെറിഞ്ഞ് വാതിലുകള്‍ കുത്തിപ്പൊളിച്ചു. രജിസ്റ്ററുകള്‍ക്ക് തീവച്ചു. തുടര്‍ന്ന് പൊലീസുമായി ശക്തമായ ഏറ്റുമുട്ടല്‍ നടന്നു. ആക്രമണത്തിന് നേതൃത്വം കൊടുത്ത കോയിപ്പിള്ളി വോലയുധന്‍ എന്ന കര്‍ഷക പ്രവര്‍ത്തകന്‍ വെടിയേറ്റുമരിച്ചു. ബോംബേറില്‍ എസ്.ഐ പ്രഭാകരന്റെ കൈയറ്റു. ആയുധങ്ങള്‍ കൈക്കലാക്കുക എന്ന പദ്ധതി പാളി.
സ്‌റ്റേഷന്‍ ആക്രമണത്തില്‍ 16 പ്രതികളാണുണ്ടായിരുന്നത്. വേലപ്പന്‍ മാഷ് ഒന്നാം പ്രതിയും ബാലുശ്ശേരി അപ്പു രണ്ടാം പ്രതിയും ചമ്പേരി കടുങ്ങ്വോന്‍ ആയിരന്നു മൂന്നാം പ്രതിയുമായിട്ടാണ് കേസ് ചാര്‍ജ് ചെയ്യപ്പെട്ടത്.. പലവകുപ്പുകളില്‍ ഇവര്‍ക്ക് 22 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. എട്ടുവര്‍ഷം അനുഭവിച്ചാല്‍ മതിയായിരുന്നു .
അടിയന്തരവാസ്ഥയിലാണ് ഏറ്റവും അവസാനത്തെ പോലീസ് സ്‌റ്റേഷന്‍ ആക്രമണം നടക്കുന്നത്; കായണ്ണയില്‍. അടിന്തരാവസ്ഥയില്‍ സി. പി.ഐ (എം.എല്‍) കേരളത്തില്‍ വിവിധ പൊലീസ് സ്‌റ്റേഷനാക്രമണങ്ങളും വ്യക്തി ഉന്മൂലനങ്ങളും പദ്ധതിയിട്ടിരുന്നു. എന്നാല്‍ പദ്ധതികള്‍ ഒന്നിനു പുറകെ ഒന്നായി പരാജയപ്പെട്ടു. ഇതിന്റെ നിരാശ കലര്‍ന്ന വാശിയിലാണ് കൂരാച്ചുണ്ട് (പിന്നീട് കായണ്ണ) സ്‌റ്റേഷന്‍ ആക്രമിക്കാന്‍ തീരുമാനിക്കുന്നത്. 1976 ഫെബ്രുവരി 28 നായിരുന്നു ആക്രമണം. യാദൃശിചകമാകാം ഇടപള്ളി കലാപത്തിന്റെ ഇരുപത്തിയറാം വാര്‍ഷികമായിരുന്നു അന്ന്. പിന്നോക്കാവസ്ഥയിലുള്ള പൊലീസ് സ്‌റ്റേഷനാണ് പേരാമ്പ്രയ്ക്ക് സമീപം കൂരാച്ചുണ്ട് എന്ന സ്ഥലത്ത് ഉണ്ടായിരുന്നത്. ഫോണും വൈദ്യുതിയുമില്ലായിരുന്നു. ഒരാക്രമണത്തിന് അനുകൂലമായ പല ഘടകങ്ങളും കൂരാച്ചുണ്ടില്‍ ഉണ്ടായിരുന്നു.
ഫെബ്രുവരി 28 ന് പതിനഞ്ചുപേര്‍ ചെറു ആയുധങ്ങളുമായി കൂരാച്ചുണ്ടില്‍ ഒത്തുകൂടി. കെ. വേണുവായിരുന്നു 13 അംഗ ആക്ഷന്‍ ടീമിന്റെ കമാന്‍ഡര്‍. രാത്രി രണ്ടുമണിക്ക് സ്‌റ്റേഷന്‍ ആക്രമണം നടന്നു. റൈഫിളുകള്‍ തട്ടിയെടുത്തു. സംഘം പിന്‍വലിയുമ്പോള്‍ കൃഷ്ണന്‍ എന്ന പ്രവര്‍ത്തകനെ പോലീസുകാരന്‍ പിടികൂടിയതായി അറിഞ്ഞു. കൃഷ്ണനെ മോചിപ്പിച്ച് സംഘം മടങ്ങാന്‍ തീരുമാനിക്കുമ്പോള്‍ പൊലീസുകാര്‍ വെടി വയ്ക്കാന്‍ തുടങ്ങി. വെടിവയ്പ്പിനെ ഗൗനിക്കാതെയാണ് തോക്കുകള്‍ക്ക് മുന്നിലൂടെയാണ് സംഘം മടങ്ങിയത്. കായണ്ണ പൊലീസ് സ്‌റ്റേഷന്‍ ആക്രമണവും വിചാരിച്ചതിലും ഭീകരമായ തിരിച്ചടികളാണ് നക്‌സലൈറ്റ് പ്രസ്ഥാനത്തിന് സമ്മാനിച്ചത്. കക്കയത്ത് പൊലീസ് ക്യാമ്പ് തുറന്നു. പലരും അറസ്റ്റിലായി. നിരവധിപേര്‍ മൂന്നാം മുറയുള്‍പ്പടെയുള്ള മര്‍ദനങ്ങള്‍ക്ക് വിധേയമായി. സംഘടന തകര്‍ന്നു.
ഫലത്തില്‍ കേരളത്തിലെ സ്‌റ്റേഷനാക്രമണങ്ങളെല്ലാം തിരിച്ചടിയെ നേരിട്ടുവെന്നുവേണം പറയാന്‍. പക്ഷേ, ഈ ആക്രമണത്തെ തുടര്‍ന്നുണ്ടായ അടിച്ചമര്‍ത്തലും മര്‍ദനവും ജനങ്ങളെ കൂടുതലായി ഭരണകൂടത്തിനെതിരെ തിരിച്ചുവിട്ടു. അതുകൊണ്ട് തന്നെയാണ് ആക്രമണം നടന്ന മേഖലകളിലെല്ലാം ജനങ്ങള്‍ കൂടതലായി വിപ്ലവ പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞത്.

ഇടപ്പള്ളി കലാപത്തിന്റെ പരാജയം


ഇന്ന് ഇടപ്പള്ളി കലാപത്തെ വസ്തുനിഷ്ഠമായി വിലയിരുത്തുമ്പോള്‍ നമുക്ക് അതില ഗുരുതരമായ പോരായ്മകള്‍ മനസ്സിലാക്കാനാവും.
. സമഗ്രമായ ഒരു രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായി ശാസ്ത്രീയമായ രീതിയിലല്ല ഇടപള്ളി കലാപം സംഘടിപ്പിക്കപ്പെട്ടത്. ഭരണകൂടത്തെ അട്ടിമറിക്കുക എന്ന അഖിലേന്ത്യാ ലൈനിന്റെ ഭാഗമായിട്ടാണ് നടന്നതെങ്കിലും വ്യക്തമായ ഒരു പദ്ധതി കലാപത്തിനുണ്ടായിരുന്നില്ല.
. ഇടപ്പള്ളി സ്‌റ്റേഷനാക്രമണത്തില്‍ പങ്കെടുത്തവരെ നയിച്ചത് മുഖ്യമായും വികാരമാണ്. യുക്തിയല്ല. തങ്ങളുടെ സഖാക്കളെ അന്യായമായി പോലീസ് തടങ്കലിലാക്കിയിരിക്കുന്നു എന്ന രോഷം. പോലീസ് സ്‌റ്റേഷന്‍ ആക്രമണം പോലുള്ള ഒന്ന് സംഘടിപ്പിക്കുമ്പോള്‍ കേവലം രോഷമല്ല കമ്യൂണിസ്റ്റുകളെ നയിക്കേണ്ട വികാരം.
.ആക്ഷന്‍ ആസൂത്രണം ചെയ്യുന്നത് തലേദിവസം രാത്രി മാത്രമാണ്. ആക്രമണത്തിന്റെ വിശദാംശങ്ങളെപ്പറ്റി ഗൗരവമേറിയ ചര്‍ച്ച സംഘാങ്ങള്‍ തമ്മില്‍ നടത്തിയിരുന്നില്ല. ആക്രമണ ടീമിലുണ്ടായിരുന്ന എല്ലാവരും ചര്‍ച്ചയില്‍ പങ്കാളിയായിരുന്നില്ല.
. ആക്രമണത്തിനുശേഷം എന്ത് എന്നതിനെപ്പറ്റി ഒരു വ്യക്തമായ ധാരണയും ആര്‍ക്കുമുണ്ടായിരുന്നില്ല. പിടിച്ചെടുത്ത തോക്കുകള്‍ എന്തുചെയ്യണം എന്നതിനെപ്പറ്റി വ്യക്തമായ അറിവില്ലാതിരുന്നതുകൊണ്ടാണ് തോക്കുകള്‍ കുളത്തില്‍ കൊണ്ടിട്ടത്.
. ദേശീയതലത്തില്‍ കല്‍ക്കത്താ തീസിന്റെ കാലമായിരുന്നുവെങ്കിലും പാര്‍ട്ടി നേതൃത്വം എറെക്കുറെ അടിച്ചമര്‍ത്തപ്പെട്ടിരുന്നു. കല്‍ക്കത്താ തീസിസ് ഒരിക്കലും വ്യക്തമായ ഒരു വിപ്ലവപദ്ധതിയായിരുന്നില്ല. അത്തരം ഒരു ലൈനിന്റെ കീഴില്‍, ആ ലൈന്‍ തിരുത്താനുളള ശ്രമം പോലും നടത്താതെയാണ് സമരം സംഘടിപ്പിച്ചത്. അത് സമരത്തെ ആശയക്കുഴപ്പത്തിലും പ്രതിസന്ധിയിലുമാക്കി.
. തിരുവിതാംകൂറിനകത്തും പുറത്തും ശക്തമായ സംഘടനാ സംവിധാനം നിലവിലില്ലായിരുന്നു. കമ്യൂണിസ്റ്റുപാര്‍ട്ടി സംഘടനപരവും രാഷട്രീയമായും ദുര്‍ബലമായിരുന്നു.
. ഭരണകൂടത്തോട് സായുധമായി ഏറ്റുമുട്ടുമ്പോള്‍ ശരിയായ സൈനികലൈന്‍ ആവശ്യമാണ്. അത്തരമൊരു സൈനിക ലൈന്‍ കലാപത്തില്‍ പങ്കെടുത്തവര്‍ക്കുണ്ടായിരുന്നില്ല.,
. ഭരണകൂടത്തിന്റെ സായുധ ശക്തിയെ കമ്യൂണിസ്റ്റുകള്‍ വിലകുറച്ചുകണ്ടു.
. കലാപത്തില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും ഇടത്തരം വര്‍ഗ-ജാതി വിഭാഗത്തില്‍പെട്ട യുവാക്കളോ വിദ്യാര്‍ത്ഥികളോ ആയിരുന്നു. അതില്‍ പലരും ഉയര്‍ന്ന സാമ്പത്തിക കുടംബത്തിലുള്ളവരായിരുന്നു. കലാലയ വിദ്യാഭ്യാസം നേടിയ ഇക്കൂട്ടത്തില്‍ തൊഴിലാളികളുടെ എണ്ണം തുലോം കുറവായിരുന്നു. അതുകൊണ്ട് തന്നെ പെറ്റിബൂര്‍ഷ്വാ കലാപത്തിന്റെ സ്വഭാവമാണ് ഇടപ്പള്ളി സ്‌റ്റേഷന്‍ ആക്രമണത്തിനുണ്ടായിരുന്നത്.


അനഭിമതരുടെ കലാപം

ഇടപള്ളി കലാപത്തിന് എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും തീര്‍ത്തും അവഗണിക്കേണ്ടതോ തിരസ്‌കരിക്കപ്പെടേണ്ടതോ ആയ ഒന്നല്ല. കാരണം ഇടപ്പള്ളി കലാപത്തില്‍ രക്തസാക്ഷിത്വമുണ്ട്, ത്യാഗമുണ്ട്, ആത്മസമര്‍പ്പണമുണ്ട്, വിപ്ലവത്തോടുള്ള പ്രതിബന്ധതയുണ്ട്. ജനങ്ങളുടെ ഏതൊരു വിധ ഇടപെടലും കേവലമായ വിജയ പരാജയങ്ങളെ അടിസ്ഥാനമാക്കിയല്ല വിലയിരുത്തപ്പെടേണ്ടത്. കേരളത്തിലെ സംഘടിത തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിന് പിന്തുണ നല്‍കിയതിനാല്‍ തന്നെ കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ ഇടപ്പള്ളി കലാപത്തെ ഉയര്‍ത്തിക്കാട്ടേണ്ടതുണ്ട്.
പക്ഷേ ഇന്ന് ഇടപ്പള്ളി 'ആഘോഷി'ക്കപ്പെടുന്നത് അനഭിമതരുടെ കലാപമായിട്ടാണ്. കലാപത്തില്‍ പങ്കെടുത്തവര്‍ പലരും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ നിര്‍ണായകമായി ഇടപെടുന്നവരായി പിന്നീട് വളര്‍ന്നിരുന്നു. കെ.സി. മാത്യു എന്ന ഒന്നാം പ്രതി ലോക വിപ്ലവ യുവജനങ്ങള്‍ക്ക് ബുഡാപസ്റ്റില്‍ നിന്ന് നേതൃത്വംകൊടുത്ത ഒരാളാണ്. സി.പി.ഐയിലാണ് തുടരുന്നതെങ്കിലും അവരുടെ രാഷ്ട്രീയ നയങ്ങളോട് കെ.സി. മാത്യു വിയോജിപ്പിരുന്നു. വിശ്രമജീവിതം നയിക്കുന്ന മാത്യു ഇന്ന് സി.പി.ഐക്ക് അത്ര സ്വീകാര്യനല്ല.
എന്‍.കെ. മാധവന്‍ എന്ന 'തീകാറ്റ്' ഗ്രൂപ്പ് പ്രവര്‍ത്തനത്തിന്റെ ഇരയായി സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടു. ഒടുവില്‍ തീര്‍ത്തും ബഹിഷ്‌കൃതനായി കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞു.
മുന്‍ എം.പിയും ധനകാര്യമന്ത്രിയുമായ വി.വിശ്വനാഥ മേനോന്‍ ഇന്ന് സി.പി.എമ്മിന്റെ ചുറ്റുവട്ടങ്ങളിലൊന്നുമില്ല. എറണാകുളത്ത് സി.പി.എം. സ്ഥാനാര്‍ത്ഥിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതോടെ തീര്‍ത്തും ബഹിഷ്‌കൃതനായ അദ്ദേഹം മൂവാറ്റുപുഴയില്‍ വിശ്രമജീവിതം നയിക്കുന്നു.
പയ്യപ്പിള്ളി ബാലനും സി.പി.എമ്മിനു അത്ര സ്വീകാര്യനല്ല. ഇടയ്്ക്ക് ഒതുക്കപ്പെടും ഇടയ്ക്ക് തലോടലേറ്റും അദ്ദേഹം പാര്‍ട്ടിക്കൊപ്പം ഒഴുകുന്നു.
ഇടപ്പള്ളി കലാപത്തെ ഉയര്‍ത്തിപ്പിടിക്കുകയോ അനുസ്മരണം സംഘടിപ്പിക്കുകയോ ചെയ്താല്‍ ഈ അനഭിമതരെപ്പറ്റിയും പറയേണ്ടി വരും. അത് പാര്‍ട്ടിക്കു ക്ഷീണം ചെയ്യും. അതിനാല്‍ സമരത്തെ അവഗണിക്കുക എന്നതാണ് സി.പി.എം. നയം. കലാപത്തില്‍ പങ്കെടുത്ത ചിലര്‍ തള്ളിപ്പറഞ്ഞതുകൂടി ഇടപ്പള്ളി തീര്‍ത്തും തമസ്‌കരിക്കപ്പെട്ടു.
ഇടപ്പള്ളി അവഗണിക്കപ്പെടാന്‍ ഇതിനേക്കാളെല്ലാമുപരിയായി മറ്റൊരു രാഷ്ട്രീയ കാരണവും ഉണ്ട്. പാര്‍ലമെന്ററി പാതയില്‍ തീര്‍ത്തും അകപ്പെട്ട ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വിപ്ലവം എന്ന സങ്കല്‍പം തന്നെ പഴഞ്ചനാണ്. സമരങ്ങളെപ്പറ്റി പറയുന്നത് ദോഷകരം. പോലീസ് സ്‌റ്റേഷന്‍ ആക്രമണം പോലുള്ള തീവ്ര പ്രവര്‍ത്തനത്തെപ്പറ്റി പറയുന്നതോ തീര്‍ത്തും അപകടകരം. ഇടപ്പള്ളി കലാപം നടന്ന് മാസങ്ങള്‍ക്കുള്ളില്‍ അഖിലേന്ത്യാ തലത്തില്‍ രണദിവെ ലൈന്‍ കൈയാഴിയപ്പെട്ടു. പിന്നീട് വലതുപക്ഷത്തേക്ക് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അതിവേഗത്തില്‍ പ്രയാണം നടത്തുകയും ചെയ്തു.
പക്ഷേ, ഇടപള്ളി ഒരു കല്ലാണ്. ചുട്ടുപൊള്ളുന്ന വിപ്ലവത്തിന്റെ ഉരകല്ല്. പുതിയ കാലഘട്ടത്തില്‍ മര്‍ദിതരുടെ സമരങ്ങള്‍ വിവിധ രൂപങ്ങളിലുയരുന്നതുകൊണ്ട് തന്നെ ഇടപ്പള്ളിയെ അത്രവേഗം ആര്‍ക്കും പൂര്‍ണമായി അവഗണിക്കാനാവില്ല. ജനകീയ അധികാരത്തെ ലക്ഷ്യമാക്കുന്ന ഏതൊരു വരുംകാല കലാപത്തിനും ഇടപ്പളളിയുടെ കനല്‍കല്ലുകള്‍ ചവിട്ടാതെ കടന്നുപോവാനും ആവില്ല.

Samakaalika Malayalam varika
2010 March

No comments:

Post a Comment