Saturday, July 17, 2010

പട്ടിണിയുടെ (രോഗത്തിന്റെ) രാഷ്ട്രീയം

ബിനായക് സെന്‍
പ്രസംഗം





ഇന്ത്യയുടെ വൈസ്രോയിയായിരുന്ന ലിട്ടണ്‍ പ്രഭു, വിക്‌ടോറിയ രാജ്ഞി ഇന്ത്യയുടെ ചക്രവര്‍ത്തിനിയെന്ന 'കൈസര്‍-ഇ-ഹിന്ദ്' പദവി ഏറ്റെടുക്കുന്നത് ആഘോഷിക്കാനായി 1876 ല്‍ ഡല്‍ഹിയില്‍ വലിയ ആഘോഷചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചു. എല്ലാ രാജാക്കന്‍മാരും മഹാരാജാക്കന്‍മാരും എത്തിച്ചേര്‍ന്ന വിരുന്ന് ഒരാഴ്ച നീണ്ടുനിന്നു. മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ വിരുന്ന് എന്നാണ് ഒരു ചരിത്രകാരന്‍ അതിനെ വിശേഷിപ്പിച്ചത്. പക്ഷേ, 1876 ്എന്നത് എല്‍ നിനോ വരള്‍ച്ചയുടെ മൂന്നാം വര്‍ഷവും കൂടിയായിരുന്നു. ധാന്യങ്ങളുടെ വില ആ കാലത്ത് മുമ്പെങ്ങുമില്ലാത്ത വിധം കുതിച്ചുകയറി. ധാന്യവ്യാപാരികള്‍ സാങ്കേതിക വിദ്യയുടെ നേട്ടം ഉപയോഗിച്ചു. റെയില്‍വേ വലിയ തോതില്‍ ധാന്യ കൈമാറ്റം സാധ്യമാക്കി. ടെലഗ്രാഫ് സംവിധാനം വ്യാപാരികള്‍ക്ക് വിദൂര സ്ഥലങ്ങളില്‍ ധാന്യങ്ങള്‍ക്കുള്ള വിലയെക്കുറിച്ച് പെട്ടെന്ന് വിവരങ്ങള്‍ നല്‍കി. പ്രാദേശിക വിപണിയില്‍ തങ്ങളുടെ ധാന്യങ്ങള്‍ വിറ്റഴിക്കുന്നതിന് പകരം അവര്‍ അവരുടെ ധാന്യശേഖരം ലാഭംകൊയ്യുന്നതിനായി ഉപയോഗിച്ചു. അന്നത്തെ ഗവര്‍ണറായിരുന്ന ബക്കിംഹാമിന് (ചെന്നൈയിലെ കനാലിന് ഇദ്ദേഹത്തിന്റെ പേരാണ് നല്‍കിയിരിക്കുന്നത്) ബലംപ്രയോഗിച്ചുതന്നെ ധാന്യശേഖരം വ്യാപാരികളില്‍ നിന്ന് പിടിച്ചെടുത്ത് പ്രാദേശിക ചന്തകളില്‍ വിതരണം ചെയ്യണമെന്ന നിലപാടായിരുന്നു ഉണ്ടായിരുന്നത്. പക്ഷേ റവറന്റ് തോമസ് മാല്‍ത്തൂസിന്റെ അനുയായിയായ ലിട്ടണ്‍ പ്രഭു ഗവര്‍ണറെ തടഞ്ഞു. ലിട്ടന്റെ ആഘോഷങ്ങള്‍ നടന്ന ഈ ഒരാഴ്ചകാലത്ത് ചെന്നൈയുടെ തെരുവുകളില്‍ പട്ടിണിമൂലം മരിച്ചുവീണത് ആയിരക്കണിക്കിന് ആള്‍ക്കാരാണ്. അന്ന് ആറുവയസ്സുകാരിയായിരുന്ന, വെല്ലൂരിലെ ഡോ. ഇഡാ സ്‌കുഡ്ഡര്‍ വിശന്നുവലയുന്ന ചില കുട്ടികള്‍ക്ക് അല്‍പം അപ്പം നല്‍കാനായി ശ്രമിച്ചു. പക്ഷേ അവള്‍ നല്‍കിയ ഭക്ഷണം കഴിക്കാന്‍ പോലും ആ കുട്ടികള്‍ അവശരായിരുന്നു.
ഇന്നിലേക്ക് വരുമ്പോള്‍, ആറുവര്‍ഷം നീണ്ട രണ്ടാം ലോകയുദ്ധ കാലത്ത് മരിച്ച മുതിര്‍ന്നവരേക്കാള്‍ കൂടുതല്‍ കുട്ടികള്‍ കഴിഞ്ഞ ആറുവര്‍ഷങ്ങളില്‍ ലോകത്ത് പോഷകഹാരക്കുറവുകൊണ്ടും എളുപ്പം പ്രതിരോധിക്കാവുന്ന രോഗങ്ങള്‍കൊണ്ടും മരിച്ചിട്ടുണ്ട്. ഓരോ മൂന്നു സെക്കന്‍ഡിലും പോഷകാഹാരക്കുറവുകൊണ്ടും ചികില്‍സിച്ചാല്‍ ഭേദമാകുന്ന രോഗങ്ങള്‍ മൂലവും ഓരോ കുട്ടി വീതം മരിക്കുന്നു. അതേ മൂന്നു സെക്കന്‍ഡില്‍ ആഗോളതലത്തില്‍, 120,000 ഡോളര്‍ ആയുധങ്ങള്‍ക്കും സൈനികവല്‍ക്കരണത്തിനുമായി ചെലവിടുന്നുണ്ട്. നീതിക്കും അവകാശത്തിനുവേണ്ടിയും പോരാടുകയും തങ്ങള്‍ നേരിടുന്ന അവകാശ നിഷേധത്തിനുമെതിരെ പൊരുതുകയും ചെയ്യുന്ന ജനങ്ങള്‍ക്കെതിരായാണ് ഈ വന്‍ തുക ചെലവിടുന്നത്.

ബിനായക് സെന്


അനീതി എന്നത് ഒരു പിടിതരാത്ത പ്രതിഭാസമൊന്നുമല്ല. നീതിയോടുള്ള രാഷ്ട്രീയ പ്രതിബന്ധത സാധുവാക്കുന്ന നിലപാടുകള്‍ നമുക്കുണ്ടങ്കില്‍ മാത്രമേ അതിന്റെ സാക്ഷാല്‍ക്കാരവും മറ്റും നമുക്ക് കാണാനാവൂ. ചില കാര്യങ്ങള്‍ കാണാന്‍ ബോധപൂര്‍വം വിസമ്മതിക്കുന്നവരുടെ അത്ര അന്ധരല്ല ആരും. അന്ധരല്ലാത്തവര്‍ക്ക് ആഗോള രാഷ്ട്രീയ ഘടനയില്‍ അനീതി എന്നത് ഒരു പ്രധാന സവിശേഷതയാണെന്നു കാണാം. യുവ പത്രപ്രവര്‍ത്തകര്‍ എന്ന നിലയില്‍, അനീതിയെന്നത് ഒരു വീഴ്ചയല്ലല്ലെന്ന് നിങ്ങള്‍ ഓര്‍മിക്കേണ്ടതുണ്ട്. അനീതിയെ ആ സ്ഥാനത്ത് നിലനിര്‍ത്താന്‍ അന്താരാഷ്ട്ര തലത്തില്‍ കടുത്ത തുടര്‍ശ്രമങ്ങള്‍ ആവശ്യമാണ്. ആവശ്യമാണെന്ന് തോന്നുന്നിടത്ത് അനീതിയെ പിന്തുണയ്ക്കാന്‍ സൈനിക ഇടപെടലും നടക്കും. ഞാന്‍ വരുന്ന ഛത്തീസ്ഗഢ് ഇതിന്റെ പ്രത്യക്ഷമായ മാതൃകയാണ്.


പട്ടിണിയുടെ യാഥാര്‍ത്ഥ്യങ്ങള്‍


ഇന്ത്യയിലെ മൊത്തം സാഹചര്യം നോക്കുമ്പോള്‍ എനിക്ക് വിര്‍ചോയുടെ വാക്യം പിന്തുടരാനാണ് തോന്നുന്നത്. രാഷ്ട്രീയം എന്നത് വലിയ നിയമകല്‍പനയുടെ പ്രതിവിധിയാണ്. എന്റെ രാഷ്ട്രീയം എന്റെ രോഗികളുടെ ശരീരത്തില്‍ നിന്ന് വായിച്ചെടുക്കാം. ഈ പ്രസംഗത്തില്‍ ഞാന്‍ പട്ടിണിയെ അനീതിയുടെ പ്രതിരൂപമായി പരിഗണിക്കാനാണ് താല്‍പര്യപ്പെടുന്നത്.
ദേശീയ പോഷകഹാര നിരീക്ഷണ ബ്യൂറോ (എന്‍.എന്‍.എം.ബി) പറയുന്നതനുസരിച്ച് ഇന്ത്യയില്‍ മുതിര്‍ന്ന ആളുകളില്‍ 22 ശതമാനം പേര്‍ക്ക് 18.5 ബി.എം.ഐ (ബോഡി മാസ് ഇന്‍ഡെക്‌സ്-അതായത് ഒരാളുടെഉയരത്തിന് അനുപാതികമായ തൂക്കം)യില്‍ താഴെയാണ് പോഷകാഹാരശേഷി. ഇവര്‍ പോഷകാഹാരക്കുറവുമൂലമുള്ള വിട്ടുമാറാത്ത അസുഖങ്ങളുള്ളവരാണ്. ഈ വിവരത്തെ നമ്മള്‍ വീണ്ടും വേര്‍തിരിച്ച് പരിശോധിച്ചാല്‍ പട്ടികവര്‍ഗക്കാരില്‍ 50 ശതമാനത്തിലധികവും പട്ടിക ജാതിക്കാരില്‍ 60 ശതമാനത്തിലധികം പേരും 18.5 ബി.എം.ഐയില്‍ താഴെയുള്ളവരാണ് എന്നു കാണാനാവും. ഒരു 'വികസിത' സംസ്ഥാനമായി കരുതുന്ന ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനമുള്ള മഹാരാഷ്ട്രയില്‍ 33 ശതമാനം പേര്‍ 18.5 ബി.എം.ഐയ്ക്ക് താഴെയുള്ളവരാണ്. രൂപാന്തറിലൂടെ ഞങ്ങള്‍ ആദിവാസി ഗ്രാമങ്ങളുടെ സെന്‍സ് എടുത്തിരുന്നു. അവിടെ 70 ശതമാനത്തിലധികം പേരും 18.5 ബി.എം.ഐക്ക് താഴെയുള്ളവരാണ്. നമ്മള്‍ക്ക് പരിചിതമായ ഈ സാര്‍വത്രിക സത്യത്തിന് പുറമേ അഞ്ചുവയസ്സില്‍ താഴെയുള്ള 43 ശതമാനം കുട്ടികളും പോഷകാഹാരക്കുറവുമൂലം പ്രായത്തിനസരിച്ചുള്ള വളര്‍ച്ചയില്ലാത്തവരാണ്. മുംബൈ കൗഹാര്‍ട്ട് പഠനത്തില്‍ പേഡ്‌നേക്കര്‍ ഭാരക്കുറവുള്ള എല്ലാ വിഭാഗം ജനങ്ങളിലും മരണനിരക്ക് കൂടുതലാണ് എന്നാണ് വ്യക്തമാക്കുന്നത്. ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്. ഒ) പറയുന്നത് ഒരു സമൂഹത്തിലെ അംഗങ്ങളില്‍ 40 ശതമാനം പേര്‍ക്ക് ബി.എം.ഐ 18.5 ശതമാനത്തില്‍ താഴെയാണെങ്കില്‍ അവിടെ ക്ഷാമം (പട്ടിണി)നിലനില്‍ക്കുന്നുവെന്ന് പരിഗണിക്കണം എന്നാണ്. ഈ അളവുകോല്‍ വച്ച് നോക്കുകയാണെങ്കില്‍ ഇന്ത്യയിലെ പട്ടിക വര്‍ഗം, പട്ടിക ജാതി, ഒറീസയിലെ ജനങ്ങള്‍ എന്നിവയില്‍ പല വിഭാഗങ്ങളും പട്ടിണി എന്ന അവസ്ഥയില്‍ സ്ഥിരമായി കഴിയുന്നവരാണ്.
അറിയേണ്ട മറ്റൊരു നല്ല വാര്‍ത്തയുണ്ട്! ജെ.എന്‍.യുവില്‍ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലെ മുതിര്‍ന്ന പ്രൊഫസറായ ഉസ്ത പട്‌നായിക് ഭക്ഷ്യധാന്യ ഉപഭോഗത്തില്‍ 1991 നുശേഷം, അതായത് ആഗോളവല്‍ക്കരണത്തിന്റെ തുടക്കത്തിനുശേഷം, വലിയ തോതില്‍ ഇടിവ് സംഭവിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുന്നു. 1991 ല്‍ അഞ്ചംഗങ്ങളുള്ള ശരാശരി കുടുംബം ഒരു വര്‍ഷം 880 കിലോ ധാന്യങ്ങളാണ് ഭക്ഷിച്ചിരുന്നത്. 2005 ല്‍ അത് 770 കിലോയായി കുറഞ്ഞു. 110 കിലോയുടെ കുറവ്. വാസ്തവത്തില്‍, ധാന്യഉപഭോഅളവ്പട്ടികയുടെ മേലറ്റത്തുള്ള വസ്തുവിന്റെ നേരിട്ടും അല്ലാതെയുമുള്ള ഉപഭോഗം വര്‍ധിച്ചിട്ടുണ്ട്. അതായത് ഇറച്ചിയുടെ. അതിനാല്‍ ഈ അളവ്‌കോലിലെ ഏറ്റവും താഴത്തെ അറ്റത്തിന്റെ ഇടിവ് യഥാര്‍ത്ഥത്തില്‍ പറഞ്ഞതിനേക്കാള്‍ വളരെയധികമാണ്. അതിനാല്‍ നമുക്ക് വിട്ടുമാറാത്ത ക്ഷാമം മാത്രമല്ല ഉള്ളത്. അത് അനുദിനം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്.

കുടിയൊഴിപ്പിക്കല്‍: ഛത്തീസ്ഗഢിലെ സാഹചര്യം


കൃത്യമായി പറഞ്ഞാല്‍ ഛത്തീസ്ഗഢ് ജനങ്ങളിലെ ഒരു വിഭാഗം പട്ടിണിക്കൊപ്പമാണ് ചലിക്കുന്നത്. ഭരണകൂടത്തിന്റെ കേന്ദ്രീകൃതവും മിക്കപ്പോഴും സൈനികവല്‍ക്കരിക്കപ്പെടുതുമായ പദ്ധതിയുടെ മുഖ്യ ഉന്നമാണിവര്‍. പ്രകൃതി, പൊതുവിഭവങ്ങളില്‍ നിന്നും ജനങ്ങളുടെ അവകാശമൊഴിപ്പിക്കുക എന്ന ഭരണകൂട നയത്തിന്റെ ഇരയാണ് ഇവര്‍. മദ്ധ്യ ഇന്ത്യയിലെ ആദിവാസികള്‍ കടുത്ത ദാരിദ്ര്യത്തിലാണ് കഴിയുന്നത്. അവര്‍ ഇതുവരെ അതിജീവിച്ചത് പൊതു സ്വത്തായ വിഭവങ്ങള്‍-അതായത് കാട്, നദി, ഭൂമി- എന്നിവയിലുള്ള പ്രവേശനം വഴിയായിരുന്നു. അതെല്ലാം ഇന്ന് ആഗോള ധന മൂലധനത്തിന്റെ പുതിയ വികാസമനുസരിച്ച് കണ്ടുകെട്ടലിന്റെയും സ്വകാര്യവല്‍ക്കരണത്തിന്റെയും പുതിയ ഭീഷണികളിലാണ്.
സവിശേഷ സ്വത്തവകാശ സിദ്ധാന്തം എല്ലാ ഭൂമിയുടെയും പ്രകൃതി വിഭവങ്ങളുടെയും അത്യന്തികമായ അവകാശം ഭരണകൂടത്തിന്റെ കൈയില്‍ ഉറപ്പിക്കുന്നു. സവിശേഷ സ്വത്തവകാശത്തിന്റ മറവില്‍ വലിയ അളവില്‍ ഭൂപ്രദേശം, വനം, ജല വിഭവങ്ങള്‍ എന്നിവ അന്താരാഷ്ട്ര ധന മൂലധനത്തിന്റെ ഇന്ത്യന്‍ പങ്കാളികള്‍ക്ക് കൈമാറിയിട്ടുണ്ട്. പലരീതിയില്‍ നോക്കിയാലും ഇന്ത്യന്‍ റിപ്പബ്ലിക്കിലെ നിരവധി ഭാഗങ്ങളില്‍ നടന്ന 'വികസന'പദ്ധതികളുടെ ചരിത്രം എങ്ങനെയാണ് സവിശേഷസ്വത്തവകാശ നിയമം (ഭരണഘടനാ അസംബ്ലി സമ്മേളനങ്ങളില്‍ ഇതേപ്പറ്റി ചൂടേറിയ വാഗ്വദങ്ങള്‍ നടക്കുകയും അംഗീകരിച്ച അവസാന കരടില്‍ ഇത് ഉള്‍പ്പെടുത്തിയിരുന്നില്ല) പൊതുതാല്‍പര്യം എന്ന പേരില്‍, കഷ്ടിച്ച് ജീവിതം നിലനിര്‍ത്തിപോന്ന പാവപ്പെട്ട പൗരന്‍മാരുടെ ജീവിതത്തില്‍ വലിയ നഷ്ടങ്ങളും കുടിയിറക്കലും വരുത്തി എന്നതിന് തെളിവാണ്.
ഛത്തീസ്ഗഢിന്റെയും ബസ്തറിന്റെയും ദുരന്തം പ്രകൃതി വിഭഗങ്ങളുടെ സമ്പുഷ്ടതയുമായി കലര്‍ന്നിരിക്കുന്നു. രാജ്യത്തിന്റെ ഇരുമ്പ് അയിരില്‍ അഞ്ചില്‍ ഒന്നുഭാഗവും ദന്തവാഡെ, കാന്‍കെര്‍, രജ്‌നന്ദ്‌ഗോന്‍, ബസ്തര്‍, ഡുര്‍ഗ് ജില്ലകളിലാണ് സ്ഥിതി ചെയ്യുന്നത്. 68 ശതമാനം ശുദ്ധമാണ് ഈ അയിര്. ഇത് ഏകദേശം 23360 ലക്ഷം ടണ്ണിനടുത്തുവരും. ബസ്തര്‍ മേഖല ധാതുവിഭവങ്ങളാല്‍ ഏറ്റവും സമ്പന്നമാണ്. ഇരുമ്പ് അയിര് മാത്രമല്ല. ചിലപ്പോള്‍ ഇനിയും കണ്ടെത്താത്ത ധാതുക്കളുടെ കൂടി കേന്ദ്രമാണ് ഈ മേഖല. ചുണ്ണാമ്പുകല്ല്, ബോക്‌സൈറ്റ്, വജ്രം, യൂറേനിയം എന്നിങ്ങനെ നിരവധി ധാതുക്കള്‍ മണ്ണിനടയില്‍ സ്ഥിതിചെയ്യുന്നു. പുതിയതായി രൂപീകരിച്ച ഛത്തീസ്ഗഢിന്റെ ആദ്യ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ അജിത് ജോഗി പറഞ്ഞത് ഏറ്റവും ദരിദ്രരായ ജനങ്ങള്‍ കഴിയുന്ന ഏറ്റവും ധനികമായ നാടാണ് തന്റെ സംസ്ഥാനം എന്നാണ്. 'ധനിക നാടി'ന്റെ ഭൂരിഭാഗവും കാടാല്‍ മൂടപ്പെട്ടിരിക്കുന്നു. മുന്‍കാലത്ത് ഇവിടെ എത്തിപ്പെടാനും ബുദ്ധിമുട്ടായിരുന്നു. അതിനാല്‍ ഈ സമ്പന്നത കവരാനായി അധികം ശ്രമങ്ങളുമുണ്ടായില്ല. അതിനാല്‍ ഈ ധനികഭൂമിക്കുമേലുള്ള പാവപ്പെട്ട ജനങ്ങളുടെ നിയന്ത്രണഅവകാശത്തിന് വെല്ലുവിളികളുണ്ടായിരുന്നില്ല. വ്യവസായിക, സാമ്പത്തിക വികാസത്തോടെ, പ്രത്യേകിച്ച് കൊളോണിയലിസത്തിന്റെ പുതിയ അവതാരമായ ആഗോളവല്‍ക്കരണത്തിന്റെ ഫലമായി, പാവപ്പെട്ട ജനതയ്ക്ക് തങ്ങളടെ പ്രകൃതി വിഭവങ്ങളുടെ മേലുണ്ടായിരുന്ന നിയന്ത്രണത്തിനെതിരെ വെല്ലുവിളികള്‍ വര്‍ധിച്ചുവന്നു.
കാട്, ധാതുസമ്പത്ത് എന്നിവയുടെ രൂപത്തിലുള്ള പ്രകൃതി സമ്പത്ത് ഛത്തീസ്ഗഡിന്റെ മേഖലകളിലാണ് എന്ന് വ്യക്തമായതോടെ ഈ മേഖലയുടെ പരമാധികാരം ഉറപ്പിക്കാനായി ഇന്ത്യന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി. അതിനുമുന്‍പ് ഈ മേഖല സവിശേഷ സ്വത്തവകാശ നിയമത്തിന്റെ പേരിലൊന്നും ഭരണകൂടത്തിന്റെ അവകാശവാദത്തിന് പാത്രമായിരുന്നില്ല. സവിശേഷസ്വത്തവകാശ നിയമനസരിച്ച് അവസാന വിശകലനത്തില്‍ എല്ലാ ഭൂമിക്കുമേലും ഭരണകൂടത്തിനാണ് വ്യക്തമായ അവകാശമുള്ളത്. തിരിച്ച് ഇന്ത്യന്‍ ഭണകൂടം ഈ വിഭവങ്ങള്‍ പിടിച്ചെടുത്ത് ആഗോള ധന മൂലധനത്തിന്റെ ഇന്ത്യന്‍ പങ്കാളികളായ ടാറ്റ, എസ്സറാര്‍, ലാഫാര്‍ജ്, ഹൊല്‍സിം, മറ്റ് വ്യവസായ സ്ഥാപനങ്ങള്‍ നല്‍കുന്നത് ഉറപ്പാക്കാനായി നിലകൊണ്ടു. സാധാരണക്കാരില്‍ നിന്ന് ഏറ്റെടുത്ത ഭൂമി വ്യവസായ സ്ഥാപനങ്ങള്‍ക്ക് കൈമാറി. ഇതിന് ഗ്രാമസഭയുടെ അംഗീകാരം വേണം തുടങ്ങിയ നടപടി ക്രമങ്ങളെല്ലാം വ്യാജമായി ഉണ്ടാക്കി. അത് എഴുത്തുകുത്തിലൂടെയുളള കൈമാറ്റത്തെ ന്യായീകരിക്കാന്‍വേണ്ടിയുള്ള ശ്രമമായിരുന്നു. നിലവിലുള്ള നിയമത്തിന്റെ സമീപനം കൊണ്ടുമാവാം.
എന്നാല്‍ ഭരണകൂടത്തിന്റെ മാരകമായ അവകാശ പ്രഖ്യാപന നടപടികള്‍ കടുത്ത പ്രക്രിയയാണ് എന്ന് പെട്ടന്ന് തന്നെ വ്യക്തമായി. എസ്സാറിനും ടാറ്റായ്ക്കും വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ ദക്ഷിണ ബസ്തറിലെ പടലയിടത്തും ജനങ്ങള്‍ ചെറുത്തു. ഭാന്‍സി മേഖലയില്‍ അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങളെ തോക്കിന്‍മുനയില്‍ നിര്‍ത്തി ഭൂമി ഏറ്റെടുക്കല്‍ നടന്നെങ്കിലും ലോഹാന്‍ഡിഗുഡ മേഖലയില്‍ നിരവധി ഗ്രാമസഭകള്‍ ഇപ്പോഴും തങ്ങളുടെ ഭൂമി ടാറ്റായുടെ നിര്‍ദ്ദിഷ്ട ഉരുക്ക കമ്പിനിക്കായി വിട്ടു നല്‍കുന്നതിന് ഒപ്പിടാന്‍ വിസമ്മതിച്ചുകൊണ്ട് നില്‍ക്കുകയാണ്. പലയിടത്തും സര്‍ക്കാര്‍ ബലപ്രയോഗത്തിലൂടെ ചെറുത്തുനില്‍പ്പിനെ നിയന്ത്രിച്ചെങ്കിലും എതിര്‍പ്പിനെയും ജനകീയ പ്രതിഷേധത്തെയും നിയന്ത്രിക്കാന്‍ പ്രയാസമാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണ്.
മര്‍ദനത്തിനെതിരെ ജനകീയ ചെറുത്തുനില്‍പ്പ് നടത്തിയതിന്റെ നീണ്ടകാല ചരിത്രം ബസ്തറിനുണ്ട്. സ്വത്തിനെയും സ്വത്തവകാശങ്ങളെയും നിര്‍വചിക്കുന്നതിനും അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിനു മുമ്പ് മുഖ്യധാര ഭണനിര്‍വഹണത്തില്‍ നില നില്‍ക്കുന്ന രീതികളുമായി ബസ്തറിന് ചില വ്യത്യസ്തതകളുണ്ടായിരുന്നു. ചില വലിയ അപവാദങ്ങളുണ്ടാകാമെങ്കിലും ഭരണകൂട അധികാരം ഉറപ്പിക്കുന്ന ഉദ്യോഗസ്ഥകൂട്ടം കൊളൊണിയല്‍ മനോഘടന സ്വന്തമാക്കിയതുപോലെയായിരുന്നു പെരുമാറിയത്. ഈ സാഹചര്യങ്ങളിലെ ഒരു പ്രത്യാഘാതം ഭരണനിര്‍വഹണത്തിലായിരുന്നു. ഭരണനിര്‍ഹണം വലിയ തോതിലുള്ള അഴിമതിയുമായി ചേര്‍ന്നു. 'വികസന'ത്തിന്റെ വളരെ മോശമായ തലത്തിനപ്പുറം നിയമപാലന സംവിധാനങ്ങളുടെ ഭാഗത്ത് നിന്ന് നടപടികള്‍ എത്രയും പെട്ടന്ന് ആക്കണമെന്നുള്ള പ്രവണതയുണ്ടായിരുന്നു. ബസ്തറിനെ 'മാവോയിസ്റ്റ് ഭീഷണി'യില്‍നിന്ന് മോചിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഇപ്പോഴത്തെ ദൗത്യം തുടങ്ങുന്നതിനു വളരെ മുമ്പ് മധ്യപ്രദേശിന്റെ തലസ്ഥാനത്തിനു നിന്നു വീശുന്ന കാറ്റിനൊപ്പം തൂറ്റാതിരുന്ന, ബസ്തറിലെ വ്യക്തിപ്രഭാവമുളള ഭരണാധികാരി പ്രവീര്‍ ചന്ദ്ര ഭന്‍ജ് ഡിയോ 'നിര്‍ഭാഗ്യകരമായ സംഭവത്തില്‍' കൊല്ലപ്പെട്ടു. ഡി.പി.മിശ്ര മുഖ്യന്ത്രിയായിരിക്കുമ്പോഴായിരുന്നു അത്.
ഛത്തീസ്ഗഢ് സര്‍ക്കാരും മാധ്യമ വാദ്യഘോഷകരും കൂടി സല്‍വാജൂദുമിനെ 'നക്‌സലൈറ്റ് മര്‍ദനങ്ങള്‍ക്കെതിരെയുള്ള ആദിവാസികളുടെ സ്വാഭാവിക പ്രതികരണമായി' ചിത്രീകരിക്കുന്നത്. അതിനാല്‍ സവിശേഷസ്വത്തവകാശം ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കും ഭരണകൂടനിയന്ത്രണത്തിനുമെതിരെയുള്ള ബഹുജന ചെറുത്തുനില്‍പ്പിനെ വിലമതിക്കേണ്ടത് ആവശ്യമായി വരുന്നു. ബസ്തറില്‍ ഈ ചെറുത്തുനില്‍പ്പിന് ഒരു ചരിത്രമുണ്ട്. അതിന് ഇന്നത്തെ പ്രവര്‍ത്തനരൂപമായ സി.പി.ഐ (മാവോയിസ്റ്റ്)നേതിനേക്കാള്‍ കൂടുതല്‍ പരന്ന, നീണ്ട, ഭൂപരമായ വിസ്തൃതമായ മറ്റൊരു രാഷ്ട്രീയ സംഘടനാപരമായ രൂപങ്ങളുണ്ടായിരുന്നു. സി.പി.ഐ. മാവോയിസ്റ്റ് ഈ മേഖലയിലെ വലിയ രാഷ്ട്രീയ അസ്തിത്വമാണെന്ന്ത് നിസംശയം പറയാം. ബസ്തറില്‍ സി.പി.ഐയ്ക്ക് പാര്‍ലന്റെറി പ്രവര്‍ത്തനങ്ങളുടെയും തെരഞ്ഞെടുപ്പുകളുടെയും അസ്തിത്വത്തിന് പുറത്ത് ട്രേഡ്‌യൂണിയന്‍, കര്‍ഷക, ആദിവാസി, സ്ത്രീ, വിദ്യാര്‍ത്ഥി മുന്നണികളിലൂടെയുള്ള പ്രവര്‍ത്തനങ്ങളുടെ നീണ്ടകാല പോരാട്ട ചരിത്രമുണ്ട്. ഛത്തീസ്ഗഢില്‍ 'മാവോയിസ്റ്റ്' എന്നത് തങ്ങളുടെ ഇന്നത്തെ താല്‍പര്യവുമായി യോജിച്ച് പോകുന്നില്ല എന്ന് ഭരണകൂടത്തിന് തോന്നുന്ന ആര്‍ക്കും ബാധകമായ പദമാണ്. അതില്‍ വനവാസി ചേതനാ ആശ്രമത്തിലെ ഗാന്ധിയനായ ഹിമാനുഷ് കുമാറും, പി.യു.സി.എല്‍ പോലുള്ള മനുഷ്യവകാശ ഗ്രൂപ്പുകളും, ശല്യപ്പെടുന്ന പൊതുജനതാല്‍പര്യ വ്യവഹാരങ്ങളുമായി ചെല്ലുന്ന അക്കാദമിക്കുകളും വരും. ഭരണകൂടത്തെ സായുധമായി അട്ടിമറിക്കണമെന്ന് വിശ്വസിക്കുന്നവരുടേത് ഭരണകൂട നയത്തിനെതിരെയുള്ള പല ചെറുത്തുനില്‍പ്പകുളില്‍ ഒരു ധാരമാത്രമേ ആകുന്നുളളു. വ്യവസ്ഥാപിതമായ കുടിയൊഴിപ്പിക്കല്‍ സാഹചര്യത്തെ പെട്ടന്നൊന്നും മാറ്റിതീര്‍ക്കാനാവത്ത വിധത്തില്‍ ധ്രുവീകരിച്ചിട്ടുണ്ട്.
ശ്രദ്ധാ പൂര്‍വം നോക്കിയാല്‍ ഭരണകൂടം ഈ മേഖലയിലെ മിക്കയിടത്തും ഭരണകൂടം വ്യാപകമായ അക്രമം പടര്‍ത്തിയിട്ടുണ്ട് എന്നതാണ് ആവര്‍ത്തിച്ച് കാണുക. ഭരണകൂട അതിക്രമങ്ങളെപ്പറ്റി, അതായത് ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍, ബലാല്‍സംഗം, കൊള്ളയടിക്കല്‍, കസ്റ്റഡിയിലെ പീഡനങ്ങള്‍ എന്നിവയെപ്പറ്റി ശ്രദ്ധാപൂര്‍വം റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കപ്പെട്ടിട്ടുണ്ട്. പട്ടിണി മരണം, ഉദരസംബന്ധിയായ പകര്‍ച്ചവ്യാധികള്‍, കുടിവെള്ള ക്ഷാമം, മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ എന്നിവയെപ്പറ്റി അന്വേഷിച്ചും റിപ്പോര്‍ട്ടുകള്‍ പലരും തയ്യാറാക്കിയിരുന്നു. പക്ഷേ ഭരണകൂട പ്രതികരണം എല്ലായ്‌പ്പോഴും ഒരേ രീതിയിലായിരുന്നു.
ഇന്ന്, ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് തുടങ്ങി മാസങ്ങള്‍ കഴിയുമ്പോഴേക്കും ബസ്തര്‍ ഒരു യുദ്ധ മേഖലയാണ്. ബസ്തറിലെ ജനങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുകയും ചിതറപ്പെടുകയും ചെയ്തിരിക്കുന്നു. സ്ത്രീകള്‍ മൃഗീയ ബലാല്‍സംഗത്തിന് വിധേയരാകുന്നു. അക്രമം നിറഞ്ഞ (ദുരന്തവും കൂടിയായ) സൈനിക ഏറ്റുമുട്ടലുകള്‍ അവശേഷിക്കുന്ന സാധാരണ അവസ്ഥയുടെ അടിത്തറയും ഇളക്കിയിരിക്കുന്നു.
മുമ്പൊരു അവസരത്തില്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞതു ഓര്‍മിക്കാം:.
'' വികസനം എന്നു വിളിക്കപ്പെടുന്ന ഈ കുതിപ്പിനാല്‍ ഭവനരഹിതരാകുന്നവരും വേരോടെ പറിച്ചെറിയപ്പെടുന്നവരും തങ്ങുടെ ഭൂമിയും വിഭവങ്ങളും കൊള്ളയടിക്കപ്പെടുന്നത് തടയാന്‍ ജനാധിപത്യപരവും അക്രമരഹിതവുമായ മാര്‍ഗത്തിലൂടെ കഴിയില്ല എന്ന കടുത്ത സത്യം അംഗീകരിക്കാന്‍ അവസാനം നിര്‍ബന്ധിക്കപ്പെടും. ഇത് അപകടകരമായ അവസ്ഥയാണ്. പോരാടുന്ന, വിദ്യാസമ്പനന്നരായ വലിയ കൂട്ടം ആള്‍ക്കാര്‍ ഉള്‍ക്കൊള്ളുന്ന നര്‍മദാ ബച്ചാവോ ആന്തോളന്‍ പോലുള്ള സംഘടനയ്ക്കും ഈ കടുത്ത സത്യം അംഗീകരിക്കേണ്ടി വന്നു. വിഭവങ്ങള്‍ കൊള്ളയടിക്കുന്നത് തടയാന്‍ ഭരണപരമായോ നിയമപരമായോ മാര്‍ഗങ്ങളില്ലെന്ന് അവര്‍ക്കും സമ്മതിക്കേണ്ടിവന്നു. ഇന്ന് ഐക്യത്തിലൂടെയും ശക്തിയിലൂടെയും മാത്രമേ കെള്ളായടിക്കലുകള്‍ തടയാനാവൂ. അതുകൊണ്ടാണ് കലിംനഗര്‍, നന്ദിഗ്രാം മുതലായ സ്ഥലത്ത് 'പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക' എന് സാഹചര്യം നിലനില്‍ക്കുന്നത്. ഈ സമരങ്ങളെല്ലാം കൊള്ളയടിക്കല്‍ തടയുന്നതിലെ നാഴികകല്ലുകളാവാന്‍ പോവുകയാണ്. ഈ മേഖലയിലെ ജനങ്ങള്‍ അവസാനം ഒരു സര്‍ക്കാര്‍ ഓഫീസറെയും തങ്ങളുടെ മണ്ണില്‍ കാല്‍കുത്താന്‍ അനുവദിക്കില്ല എന്ന ഉറച്ച തീരുമാനത്തില്‍ എത്തിയിരിക്കുന്നു. ഈ ചുറ്റുപാടില്‍ സര്‍ക്കാര്‍ ശക്തി പ്രയോഗിച്ചാല്‍ അക്രമം പൊട്ടിപ്പുറപ്പെടാം''.
ഇവിടെ കൂടിയിരിക്കുന്നവരോട് ഒരു പ്രശ്‌നം ഉന്നയിക്കാന്‍ ഞാനാഗ്രഹിക്കുന്നു. ഭൂരിപക്ഷം ജനങ്ങളും ചിന്തിക്കുന്നത് കൂട്ടക്കൊല വലിയതോതില്‍ നടക്കുന്നത് നേരിട്ടുള്ള കൊലപാതകത്തിലൂടെയൂടെയാണെന്നാണ്. നരഹത്യ തടയാനുളളള കണ്‍വന്‍ഷന്റെ പ്രഖ്യാപനമനുസരിച്ച് (ഇത് മനുഷ്യകവകാശങ്ങളെപ്പറ്റിയുള്ള പൊതു പ്രഖാപനം വരുന്നതിന് ഒരു ദിവസം മുമ്പ് 1948 ഡിസംബര്‍ 9 നാണ് പുറപ്പെടുവിച്ചത്) നേരിട്ടുള്ള കൊലപാതകത്തിന് പുറമേ 'ഒരു പ്രത്യേക സമൂഹത്തിന്റെ അതിജീവനത്തിന്റെ സാഹചര്യം ശാരീരികമായോ മാനസികമായോ അപകടസാധ്യതകരമായ അവസ്ഥയില്‍ അപായപ്പെടുത്തുന്നതും' കൂട്ടക്കൊല എന്നതിന്റെ പരിധിയില്‍ വരും. മദ്ധ്യ ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ അത് നമ്മുടെ മുഖത്തേക്ക് തുറിച്ചുനോക്കുന്ന സത്യങ്ങളാണ്. അവിടെ വലിയതോതിലുള്ള കൂട്ടക്കൊലയ്ക്ക് സമാനമായ കാര്യങ്ങളാണ് നടക്കുന്നത്. നമ്മുടെ നേതാക്കളില്‍ നല്ല പങ്കിനും ചുവരെഴുത്തുകള്‍ വായിക്കാന്‍ കഴിവില്ല എന്നത് നമ്മെ ഞെട്ടിപ്പിക്കുന്നു.

തെളിവുകള്‍ വ്യാഖ്യാനിക്കാനുള്ള കഴിവില്ലായ്മ
(ആരോഗ്യരംഗത്ത് നിന്നുള്ള ഉദാഹരണങ്ങള്‍)


തെളിവുകള്‍ വ്യാഖ്യാനിക്കാനുള്ള കഴിവില്ലായ്മ, ഉപരിവിപ്ലവമായ കാര്യങ്ങളില്‍ ഉഴറാനുള്ള പ്രവണത, തീരുമാനങ്ങള്‍ക്ക് സൗകര്യപ്രദമായ സൂത്രവാക്യങ്ങള്‍ കണ്ടെത്തുക എന്നിവ മിക്ക തൊഴിലുകളിലും പടര്‍ന്നുപിടിക്കുന്ന ശാപമാണ്. ഞാന്‍ എന്റെ തൊഴില്‍മേഖലയില്‍ നിന്ന് ഒരു ഉദാഹാരണം എടുത്തു പറയാന്‍ ആഗ്രഹിക്കുന്നു. ക്ഷയരോഗം നിയന്ത്രിക്കുന്നതിന് ദേശീയ നയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടതാണ് ഇത്.
33 ശതമാനം മുതിര്‍ന്നവര്‍ 18.5 ബി.എം.ഐയ്ക്ക് കീഴില്‍ കഴിയുന്ന ഒരു രാജ്യമാണ് നമ്മുടേത്. ലോക ജനംസഖ്യയുടെ ആറില്‍ ഒന്ന് ഈ രാജ്യത്താണ് കഴിയുന്നത്. ക്ഷയരോഗബാധിതരായവരുടെ മൂന്നില്‍ ഒന്നും ഇവിടെതന്നെയാണ് ജീവിക്കുന്നത്. പോഷകാഹാരക്കുറവും ക്ഷയരോഗവും തമ്മിലുള്ള പരസ്പരബന്ധം തീവ്രപഠനത്തിന്റെ വിഷയമാകേണ്ടതാണ്. പക്ഷേ അതല്ല സംഭവിക്കുന്നത്. ലോകത്ത് എവിടേക്കാളും ക്ഷയരോഗബാധിതരായവര്‍ മരിക്കുന്നതും ഏറ്റവും കുറച്ച് ക്ഷയരോഗ നിവാരണ മരുന്ന് ഉപയോഗിക്കുന്നതും ഇന്ത്യയാണ്. 85 ലക്ഷം പേര്‍ ഇന്ത്യയില്‍ ക്ഷയരോഗത്തിന്റെ ദുരിതം പേറുന്നു. വിവിധമരുന്നുകള്‍ ഉപയോഗിച്ചാല്‍ ശമിപ്പിക്കാവുന്ന 87000 ക്ഷയരോഗങ്ങള്‍ ഒരു വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഏകദേശം 3,70,000 രോഗികള്‍ വര്‍ഷം തോറും മരിക്കുകയും ചെയ്യുന്നു.
ലോകാരോഗ്യ സംഘടനയുടെ ചിട്ടയായ ഒരു പഠനം ക്ഷയരോഗവും ബി.എം.ഐയും തമ്മിലുള്ള ബന്ധം ഉണ്ടെന്ന് സ്ഥാപിക്കുന്നുണ്ട്. എന്നാല്‍ ഒരു ഇന്ത്യന്‍ പഠനത്തിലും നമുക്ക് ഈ വസ്തുത ഇതുവരെ ഉള്‍പ്പെടുത്താനായിട്ടില്ല. അതുപോലെ, ക്ഷയരോഗ ബാധിതര്‍ക്ക് പോഷകാഹാരങ്ങള്‍ നല്‍കിക്കൊണ്ടുള്ള ചികില്‍സകളെ അടിസ്ഥാനപ്പെടുത്തിയ കോഷാറിന്‍ വിശകലനവും ഒരൊറ്റ ഇന്ത്യന്‍ പഠനത്തിന്റെ പരിധിയിലും വന്നിട്ടില്ല. ഞാന്‍ നിങ്ങളെ രണ്ട് പഠനത്തിലേക്ക് ശ്രദ്ധയാകര്‍ഷിക്കാന്‍ ആഗ്രഹിക്കുന്നു.അതില്‍ ഒന്ന് അഭിമാനത്തോടെയും രണ്ടാമത്തേത് ലജ്ജയോടുമല്ലാതെ നമുക്ക് ഉള്‍ക്കൊള്ളാനാവില്ല.
ആദ്യ പഠനം ലാഭേതര സന്നന്ധ സംഘടനയായ ജന്‍ സ്വാസ്ഥ്യയോയിലെ, എന്റെ സഹപ്രവര്‍ത്തകരുതോണ്. അവര്‍ മധ്യഇന്ത്യയിലെ കാടുമായി ബന്ധപ്പെട്ടുകിടക്കുന്ന 53 ഗ്രാമങ്ങളില്‍ സാമൂഹ്യ ആരോഗ്യ പദ്ധതികള്‍ നടത്തുന്നുണ്ട്. അവരുടെ വൈകാതെ പ്രസിദ്ധീകരിക്കുന്ന പഠനത്തില്‍ 975 ശ്വാസകോശ ക്ഷയബാധിതരായ രോഗികളുടെ പോഷകഹാരഅവ്‌സഥ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ഇത്തരത്തില്‍ നടന്നിട്ടുള്ള ഏറ്റവും വലിയ പഠനമാണിത്. മദ്ധ്യഇന്ത്യയിലെ ഗ്രാമങ്ങളില്‍ ശ്വാസകോശ ക്ഷയരോഗമുള്ളവരില്‍ പോഷകാശം അതീവശോഷിച്ച നിലയിലായിരുന്നു. അതായത് പട്ടിണിയുടെ അവസ്ഥയില്‍. അതില്‍ അഞ്ചുശതമാനം താഴെപേര്‍ക്കേ സാധരണനിലവാരത്തിലുള്ള ഭാരമുള്ളൂ. പട്ടിക വര്‍ഗവിഭാഗങ്ങളുടെയും സ്ത്രീകളുടേയും അവസ്ഥ വളരെമേശമാണ്. ജീവനു ഭീഷണിയായ തലത്തിലും താഴെയുള്ള പോഷകഗുണമുള്ള രീതിയിലാണ് ഇവരുടെ ആരോഗ്യാവസ്ഥ. ഭൂരിപക്ഷം രോഗികള്‍ക്കും നീണ്ടകാലം ഒട്ടും പോഷകഹാരമില്ലാതെ, പ്രായത്തിനനുസരിച്ചുള്ള ഭാരമില്ലാതെ കഴിഞ്ഞതിന് ശേഷമാണ് അസുഖം വന്നത് എന്നതിന് തെളിവുണ്ട്. റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത് ഇങ്ങനെ പറഞ്ഞുകൊണ്ടാണ്: '' ഈ റിപ്പോര്‍ട്ട് പോഷകാഹരക്കുറവും ക്ഷയരോഗവും പരസ്പരം പ്രതിപ്രവര്‍ത്തിക്കുന്നതിന്റെ വ്യക്തമായ വിവരണമാണ്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഒരുവശത്ത് തീവ്രമായ രോഗങ്ങളാണ്. മറുവശത്ത് ജീവിതം വെറുതെ പാഴാക്കലുമാണ്. പോഷകാഹാരക്കുറവും ക്ഷയരോഗവും തനിച്ചോ കൂട്ടായോ മരണത്തിനുകാരണമാവാം. പാവപ്പെട്ട ക്ഷയരോഗികളുടെ പോഷകാഹരാവശ്യത്തെ അഭിമുഖീകരിക്കുക എന്നത് ശാസ്ത്രീയവും ധാര്‍മികവും മാനുഷികവുമായ തലത്തില്‍ അടിയന്തര കാര്യമാണ്''.
എന്നാല്‍ 1962 ല്‍ രൂപംകൊണ്ട ദേശീയ ക്ഷയരോഗ നിര്‍മാര്‍ജന പദ്ധതിയുടെ അടിസ്ഥാനമാക്കിയത് ഈ 'അടിയന്തര ആവശ്യം' കൈയൊഴിഞ്ഞുകൊണ്ടാണ്. ആ അടിസ്ഥാന ഘടനതന്നെയാണ് ഇന്നും പദ്ധതിക്ക് നിലനിര്‍ത്തിയിരിക്കുന്നത്. ക്ഷയരോഗം സമകാലീന പ്രശ്‌നമായിട്ടുപോലും. ഈ കൈയൊഴിക്കലിന് അടിസ്ഥാനമായ തെളിവുകള്‍ എന്താണ്? ഇത് നമ്മളെ ഞാന്‍ സൂചിപ്പിച്ച രണ്ടാമത്തെ പഠനത്തില്‍ എത്തിക്കുന്നു. 1961 ല്‍ ലോകാരോഗ്യ സംഘടയുടെ ബുള്ളറ്റിനില്‍ പ്രസിദ്ധകരിച്ചതാണ് ഈ പഠനം. ക്ഷയരോഗത്തിന് ചികിത്സിക്കപ്പെടുന്നവരില്‍ പോഷകഹാരക്കുറവിന്റെ സ്വാധീനത്തെപ്പറ്റി അടുത്തിടെയുള്ള നടന്ന കോചാറന്‍സ് വിശകലനമൊന്നും ഈ പഠനത്തിലില്ല. 'ഈ വിഭാഗത്തെ ഭക്ഷ്യക്രമമനുസരിച്ച് വേര്‍തിരിച്ചല്ല'' പഠനം നടന്നിരിക്കുന്നത് എന്ന് അതില്‍ പറയുന്നുണ്ട്. ഈ പഠനം നടത്തിയത് ഗുണ്ടിയിലെ മദ്രാസ് കീമോതെറാപ്പി സെന്ററാണ്. അവരുടെ കണ്ടെത്തലുകളുടെ സംഗ്രഹം നിങ്ങള്‍ക്കുവേണ്ടി വായിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു:
'' ശാ്വസകോശ ക്ഷയരോഗബാധിതരായ 157 പേരുടെ ഭക്ഷണക്രമത്തെപ്പറ്റി ഞങ്ങള്‍ പഠനം നടത്തി. ഐസൊണൈസ്ഡ് പ്ലസ് പാസ് നല്‍കിക്കൊണ്ടുള്ള ചികിത്സ ഒരു വര്‍ഷം വീട്ടില്‍ വച്ചും ക്ഷയരോഗചികിത്സാകേന്ദ്രത്തിലും (സാനിട്ടോറിയം) വച്ചുനല്‍കിയവരാണ് പഠനവിധേയരാക്കിയ രോഗികള്‍. ഇവര്‍ മദ്രാസ് നഗരത്തിലെ തിരക്കേറിയ സാഹചര്യങ്ങളില്‍ കഴിയുന്ന ദാരിദ്ര്യബാധിതരായ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്.
വീട്ടില്‍ വച്ചും സാനിട്ടോറിയത്തില്‍ വച്ചു ചികിത്സിക്കപ്പെടുന്ന രോഗികളുടെ ഭക്ഷണ ക്രമത്തെ ചികിത്സയ്ക്ക് മുമ്പും ചികിത്സാകലായളവിലും വിശദമായി പഠിച്ച് തുലനങ്ങള്‍ക്ക് വിധേയമാക്കി. ക്ഷയരോഗയ്ക്ക് കാരണമായ ബാക്ടീരിയ ബാധിക്കുന്നതില്‍ ഭക്ഷണക്രമത്തിന്റെ പങ്കും ഞങ്ങള്‍ വിലയിരുത്തി. ചികിത്സയ്ക്കുമുന്‍പ് രണ്ട് വിഭാഗത്തില്‍ പെടുന്ന രോഗികള്‍ക്ക് നല്ലതല്ലാത്തതും ഒരേപോലുള്ളതുമായ ഭക്ഷണമാണ് ഉണ്ടായിരുന്നത്.
ചികില്‍സയുടെ ആദ്യ മാസങ്ങളില്‍ രണ്ടു വിഭാഗം രോഗികളുടെ ഭക്ഷണത്തിന്റെ അളവ് കൂടി. പക്ഷേ, സാനിട്ടോറിയത്തിലെ രോഗികള്‍ക്ക് മൊത്തം കാലോറി, കൊഴുപ്പ്, മൃഗ പ്രോട്ടീന്‍, ഫോസ്ഫറസ്, പല വിറ്റാമിനുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ മെച്ചപ്പെട്ട ഭക്ഷണം ലഭ്യായി.
വീട്ടിലെ രോഗികള്‍ ആദ്യഘട്ടത്തില്‍ സാനിട്ടേറാറിയത്തിലെ രോഗികളേക്കാള്‍ ശാരീരികമായി കൂടുതല്‍ സജീവമായിരുന്നു. തുടര്‍ന്ന് ഭക്ഷണക്രത്തിന്റെ പോരായ്മ വീടുകളിലെ രോഗി വിഭാഗത്തിന് മോശമായി ഭവിച്ചു.
വീട്ടില്‍ കഴിഞ്ഞ രോഗികള്‍ 12 മാസക്കാലയവളവില്‍ ശരാശരി 10.8 എല്‍ബി ഭാരം നേടിയപ്പോള്‍ സാനിട്ടോറിയത്തിലെ രോഗികള്‍ 19.8 എല്‍ബി നേടി. സാനിട്ടോറിയത്തിലെ രോഗികള്‍ കൂടുതല്‍ ഭാരം വച്ചത് എന്നാല്‍ മെച്ചപ്പെട്ട ചികില്‍സകളുടെ സൂചനയായിരുന്നില്ല.
ചികില്‍സയുടെ പ്രതികരണം കഴിച്ച ഭക്ഷണ ഘടകങ്ങളുടെയോ വീട്ടിലും സാനിട്ടോറിയത്തിലും ചികില്‍സിക്കപ്പെട്ട രോഗികളുമായി നേരിട്ട് ബന്ധപ്പെടുന്നില്ല. പഠനവിധേയമാക്കിയ ഭക്ഷണ ഘടകങ്ങളില്‍ ഒന്നുപോലും രോഗിയെ സാധീനിച്ചില്ല. ഒരുവര്‍ഷം മരുന്ന് ഗുണകരമായ രീതിയില്‍ നല്‍കിയതുമാത്രമാണ് കാരണം. വീടുകളില്‍ ചികിത്സിച്ച രോഗികളിലെ ആദ്യഘട്ടത്തിലെ മെച്ചപ്പെട്ട അവസ്ഥ ഭക്ഷണക്രമത്തിന്റെ തലം കുറവാണെങ്കിലും സാധ്യമാകുമായിരുന്നു''.
ഇത്തരത്തില്‍ മോശമായ ഒരു പഠനമാണ് വളരെയധികം പ്രാധാന്യമുള്ള ഒരു പദ്ധതിക്ക് അടിസ്ഥാന രൂപം ഉണ്ടാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു എന്നതാണ് വാസ്തവം. നിര്‍വികാരതയുടെ രാഷ്ട്രീയ ഇത്തരം കാര്യങ്ങളില്‍ ആധിപത്യം നേടുന്നത് വ്യക്തമാക്കുന്നു.


ശാസ്ത്ര സമൂഹവും ഭോപ്പാലും


സമാനമായ നിരസിക്കല്‍ ഭോപ്പാല്‍ വാതക ദുരന്തത്തോട് ഇന്ത്യയിലെ ഔദ്യോഗിക ശാസ്ത സമൂഹവും കൈക്കൊണ്ടു.
25 വര്‍ഷം മുമ്പ്, ഡിസംബര്‍2-3 ന്റെ രാത്രിയില്‍ മദ്ധ്യപ്രദേശിന്റെ തലസ്ഥാനത്ത് വലിയ വ്യവസായിക അപകടം നടന്നു. മീഥെയില്‍ ഐസോസയനേറ്റിന്റെ വലിയ ധൂളികള്‍ വിഷം വമിപ്പിച്ചു. അടുത്ത 72 മണിക്കൂറില്‍ എണ്ണായിരം പേര്‍ മരിച്ചു. അസംഖ്യം പേര്‍ അന്ധരായി, പലര്‍ക്കും പലതരത്തിലുള്ള ശാരീരിക തകരാറുകളുണ്ടായി, വലിയ മാനസിക തകരാറുകള്‍, ഗര്‍ഭവൈകല്യങ്ങള്‍, വിട്ടൊഴിയാത്ത രോഗാവസ്ഥ എന്നിവ പലരിലും സൃഷ്ടിച്ചു.
കമ്പനിയുടെ ഭൂഗര്‍ഭജലം മാരകമായ രാസവസ്തുക്കള്‍ക്കൊണ്ട് വിഷമയമായി. അത് മണ്ണിലേക്ക് ഊര്‍ന്നിറങ്ങി താഴെ ജലവിതാനത്ത് പടര്‍ന്നു. ഭോപ്പാലിലെ ജനങ്ങള്‍ക്ക് യൂണിയന്‍ കാര്‍ബൈഡ് ഉണ്ടാക്കിയ ദുരിതങ്ങളെപ്പറ്റി വിശദീകരിക്കേണ്ട വേദി ഇതെല്ലെന്ന് എനിക്കറിയാം. ഞാന്‍ നിങ്ങളുടെ ശ്രദ്ധകൊണ്ടുവരാന്‍ ശ്രമിക്കുന്നത് കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷമായി തെളിവുകളും ശാസ്ത്രീയ വിവരങ്ങളും -ഈ വിവരങ്ങളെ കൈകാര്യം ചെയ്യേണ്ട ആളുകളും-
വഹിക്കുന്ന പങ്ക് വ്യക്തമാക്കാനാണ്.
യുണിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷനോ, അവരുടെ പിന്‍ഗാമിയായ ഡോ കെമിക്കല്‍ കമ്പനിയോ തങ്ങളുടെ കമ്പനിയില്‍ നിന്ന് പുറത്തേക്ക് ഒഴുകിയ രാസവസ്തുക്കളുടെ സ്വഭാവത്തെപ്പറ്റി വ്യക്തമാക്കാന്‍ കൂട്ടാക്കിയിട്ടില്ല. അവര്‍ മറുമരുന്നിനെ -സോഡിയം തയോസള്‍ഫേറ്റ്-പ്പറ്റി ഒരിക്കലും സൂചിപ്പിച്ചുമല്ല. അത് സമയത്ത് ഉപയോഗിച്ചിരുന്നുവെങ്കില്‍ വാതകം ശ്വസിച്ച വളരെയിധം ആളുകളുടെ ചികിത്സയില്‍ ഗുണകരമായ വലിയ വ്യത്യാസങ്ങളുണ്ടാക്കിയേനെ. ഇതിലെല്ലാം വിചിത്രമായി തോന്നുന്നത് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്‍). സ്വീകരിച്ച സമീപനമാണ്.
ആര്‍തര്‍ കോനന്‍ ഡോയലിന്റെ ഷെര്‍ലോക് ഹോംസ് കഥകളില്‍ ഹോംസ് വാട്‌സനോട് പറയുന്നു: ''രാത്രി സമയത്ത് പട്ടിയുടെ പെരുമാറ്റത്തിലെ വിചിത്രമായ സംഭവത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാന്‍ ഞാനാഗ്രഹിക്കുന്നു''. വാട്‌സന്‍ പറയുന്നു: 'പക്ഷേ രാത്രിസമയത്ത് പട്ടിയൊന്നും ചെയ്തില്ലല്ലോ''. 'അതെ' ഹോംസ് പറയുന്നു, 'അതായിരുന്നു വിചിത്രമായ സംഭവം'
ഭോപ്പാലില്‍ 34 ഗവേഷണ പഠനങ്ങള്‍ക്ക് ഐ.സി.എം.ആര്‍ തുടക്കമിട്ടിരുന്നു. എനിക്കറിയാവുന്നതനുസരിച്ച് ഈ പഠനങ്ങള്‍ ഒന്നും തന്നെ പൂര്‍ത്തിയായില്ല. പകരം അവ കൂട്ടമായി കൂട്ടമായി ഓരോ ഘടത്തില്‍ വച്ച് അവസാനിപ്പിക്കപ്പെട്ടു. അവസാനം, 1994 ല്‍ അതായത് സംഭവം നടന്ന പത്താം വര്‍ഷത്തില്‍ ശേഷിച്ചിരുന്ന രണ്ട് പഠനങ്ങള്‍ കൂടി ഭരണഉത്തരവ് പ്രകാരം നിര്‍ത്തി. മുഴുവന്‍ വിവരങ്ങളും അനിശ്ചിതമായി പരണത്ത് വയ്ക്കപ്പെട്ടു. ആ സയത്ത് 18 പുതിയ പഠനങ്ങള്‍ക്ക് കൂടി പുര്‍ണമായി അംഗീകാരം കിട്ടിയിരുന്നു. പക്ഷേ അതും ഇല്ലാതാക്കി.
ഈ മേഖലയിലെ ഭൂഗര്‍ഭജലം വലിയതോതില്‍ വിഷയമായി. പക്ഷേ സര്‍ക്കാര്‍ ഇത് തറപ്പിച്ച് തന്നെ നിഷേധിക്കുകയാണ് ഉണ്ടായത്. പക്ഷേ, അവസാനപ്പോള്‍ സ്വതന്ത്ര എന്‍.ജി. ഒയും പ്രശസ്തവുമായ, ഡല്‍ഹിയിലെ സെന്റര്‍ ഫേര്‍ സയന്‍സ് ആന്‍ഡ് എന്‍വയേണ്‍മെന്റ് വെള്ളം പരിശോധിക്കാനായി മുന്നോട്ട് വന്നു. അവരുടെ റിപ്പോര്‍ട്ട് കാണിക്കുന്നത് ഭൂഗര്‍ഭജലം മാരക രാസവസ്തുക്കള്‍ മൂലം വന്‍തോതില്‍ മലിനമാണ് എന്നാണ്.

നീതിക്കുവേണ്ടിയുള്ള ത്വര


നമ്മുടെ ഭരണഘടനയില്‍ ഉന്നതസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന ഭരണകൂട നയങ്ങളുടെ മാര്‍ഗനിര്‍ദേശ തത്വങ്ങള്‍ (ഡി.പി.എസ്.പ) 'രാജ്യത്തിന്റെ ഭരണ നിര്‍വഹണം എന്നത് മൗലിക'മെന്ന് ഉറപ്പിച്ചു പറയുന്നു. മാര്‍ഗ നിര്‍ദേശ തത്വങ്ങള്‍ വ്യക്തമായും അനീതി ഇല്ലാതാക്കുന്നതിനും സമത്വം ഉറപ്പാക്കുന്നതിനും എല്ലാ ഭരണകൂട അധികാരങ്ങളും ഉപയോഗിക്കണമെന്ന് വ്യക്മായും ശാസിക്കുന്നു'
ഭരണഘടനയുടെ 37 -ാം വകുപ്പ് ഭരണനയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളെപ്പറ്റി ഇങ്ങനെ പ്രഖ്യാപിക്കുന്നു: ''ഇതിലെ മാര്‍ഗനിര്‍ദേശങ്ങള്‍ കോടതിവഴിയല്ല നടപ്പാക്കേണ്ടത്. ഇതേ സംബന്ധിച്ചുള്ള നയങ്ങള്‍ രാജ്യത്തിന്റെ ഭരണപരമായ ചുമതലകളുടെ മൗലികഭാഗമാണ്. ഈ തത്വങ്ങള്‍ നിയമമാക്കുന്നത് ഭരണകൂടത്തിന്റെ ചുമതലയാണ്''. ഇതനുസരിച്ച് നോക്കിയാല്‍, ഭരണകൂട അധികാര പ്രയോഗത്തിന്റെ പുതിയ പ്രവണതകള്‍ വ്യക്തമായും നിയമശാസന ലംഘിക്കുന്നതാണ്. ആ പ്രവണതകള്‍ ജീവിതോപാധി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ പ്രധാനമേഖലയില്‍ അസമത്വം വര്‍ധിപ്പിക്കുന്നതിന് യഥാര്‍ത്ഥത്തില്‍ കാരണമാവുകയും ചെയ്തിട്ടുണ്ട്.
മുന്‍ പട്ടികജാതി, പട്ടികവര്‍ഗ കമ്മീഷണര്‍ ഡോ. ബി.ഡി. ശര്‍മ പറയുന്നതനുസരിച്ച് അഞ്ചാം ഷെഡ്യൂള്‍ എന്നത് ഭരണഘടനയ്ക്കുള്ളിലെ ഭരണഘടനയെപ്പോലെയാണ്. അത് ആദിവാസി ജനതയുടെ താല്‍പര്യാര്‍ത്ഥം ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്നുണ്ട്. പക്ഷേ, നമ്മളെ അത്ഭുതപ്പെടുത്തുന്നതെന്തെന്നാല്‍, ഇതുവരെ ഒരൊറ്റ സംസ്ഥാനത്തും ഒരൊറ്റ ഗവര്‍ണറും ഇങ്ങനെ ഇടപെട്ടതിന്റെ ഒരൊറ്റൊരു ഉദാഹരണം പോലുമില്ല എന്നതാണ്.
നമ്മള്‍ പെസയുടെ (പ്രൊവിഷന്‍സ് ഓഫ് ദ പഞ്ചായത്ത്‌സ്-എക്‌സറ്റന്‍ഷന്‍ ടു ദ ഷെഡ്യൂള്‍ഡ് ഏരിയാസ്, ആക്റ്റ് 1996) പ്രവര്‍ത്തനരീതികള്‍ നോക്കുകയാണെങ്കില്‍ എങ്കില്‍ ജനകീയ അധികാരത്തെപ്പറ്റി അതില്‍ പറയുന്ന മുഴുവന്‍ വിഷയങ്ങളും പ്രാവര്‍ത്തികമേഖലയില്‍ വശത്തേക്ക് മാറ്റി വയ്ക്കപ്പെട്ടത് വ്യക്തമായി നമുക്ക് കാണാം. ആദിവാസി മേഖലയിലെ വികസനമെന്നാല്‍ റോഡുകള്‍, കെട്ടിടങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ പണിയുക മാത്രമല്ല. അതിനേക്കള്‍, തുല്യത, സാമൂഹ്യ നീതി, യഥാര്‍ത്ഥ ജനകീയ പരാമാധികാരം സ്ഥാപിക്കല്‍ എന്നിവ പ്രാവര്‍ത്തികമാക്കല്‍ കൂടിയാണ്. എല്ലാവരും ഇന്ന് സമാധാനത്തെപ്പറ്റി പറയും. സമാധാനം എന്നതിന് ചൂഷണവും അനീതിയും നിറഞ്ഞ സാമൂഹ്യ ക്രമത്തിന് വഴങ്ങുക എന്നല്ല അര്‍ത്ഥം. യഥാര്‍ത്ഥ സമാധാനം സമത്വത്തിനും നീതിക്കുംവേണ്ടിയുള്ള മുന്നേറ്റത്തിന്റെ ഫലമായേ ഉണ്ടാവൂ.
ഈ ചര്‍ച്ചയുടെ തുടക്കത്തില്‍ സമത്വം എന്ന സങ്കല്‍പത്തിന്റെ രാഷ്ട്രീയവും ധാര്‍മികവുമായ രൂപത്തിന്റെ അവശ്യകതയെപ്പറ്റി പരിഗണിച്ചു. സമത്വത്തിന്റെ പ്രായോഗിക നടപ്പാക്കലില്‍ വ്യക്തമായ സ്വാധീനങ്ങള്‍ -അല്ലെങ്കില്‍ സ്വാധീനിക്കാത്തത്-വരുന്ന വഴിയെപ്പറ്റി പരിശോധിക്കാനാണ് ഞാന്‍ ശ്രമിച്ചത്. തെളിവുകള്‍ എന്നത് തീര്‍ച്ചയായും ശാസ്ത്രീയ സംരംഭത്തിലെ കേന്ദ്രമാണ്. ഈ തെളിവുകളോടുള്ള പ്രതിബന്ധതയാണ് ഗലീലിയോയെ തടവിലേക്കയച്ചത്. തെളിവുകളോടുള്ള പ്രതിബന്ധതയാണ് ജിയോര്‍ഡാനോ ബ്രൂണോയെ ജീവനോടെ ചുട്ടെരിച്ചത്. തെളിവുകളാണ് അറിവിന്റെ തലമുറയെ ജനാധിപത്യവല്‍ക്കരിക്കുന്നത്.അതില്ലാതെ നമുക്കുള്ളതെല്ലാം പ്രമാണങ്ങളുടെ നിഗൂഢ ഭാഗമാത്രമായിരിക്കും. അത് നാടുവാഴിത്ത മാര്‍ഗദര്‍ശിയില്‍നിന്ന് നാടുവാഴിത്ത തൊഴില്‍പരിശീലകന്റെ കൈയിലേക്ക് അറിവ് കൈമാറുന്നതുപോലെയാവും.
നീതി എന്നത് ഒരു രാഷ്ട്രീയ സങ്കല്‍പ്പമാണ്. അതൊരു ധാര്‍മികമായ പ്രശ്‌നവുമാണ്. രാഷ്ട്രീയപ്രശ്‌നങ്ങളെ ഇന്‍ഫോര്‍മാറ്റിക്‌സിന്റെയോ അല്ലെങ്കില്‍ തെളിവുകളുടേയാ പദാവലിയുടെ പേരില്‍ പുനര്‍നിര്‍വചിക്കാനാവില്ല. തെളിവുകള്‍ പ്രശ്‌നത്തെ ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ പരിഹരിക്കാനായി ഉപയോഗിക്കാനാവും. നീതിയെപ്പറ്റിയുള്ള പ്രശ്‌നങ്ങളുടെ ധാര്‍മിക വ്യാപ്തി അര്‍ത്ഥമാക്കുന്നത് ഉത്തരങ്ങള്‍ ധാര്‍മിക നടപടിയില്‍ അടിസ്ഥാനപരമായി അന്തര്‍ലീനമായിരിക്കണമെന്നാണ്. അമര്‍ത്യസെന്‍ തന്റെ ഏറ്റവും പുതിയ പുസ്തകമായ 'ഐഡിയ ഓഫ് ജസ്റ്റിസില്‍' പറയുന്നതുപോലെ 'മനുഷ്യാവകാശങ്ങളെപ്പറ്റിയുള്ള പ്രഖ്യാപനംങ്ങള്‍, കേവലം മനുഷ്യാവകാശം എന്നവിളിക്കപ്പെടുന്ന കാര്യങ്ങളുടെ അസ്ഥിത്വത്തെ അംഗീകരിക്കുന്ന രൂപത്തില്‍ പറഞ്ഞാല്‍ പോലുംഅത് നമ്മള്‍ യഥാര്‍ത്ഥത്തില്‍ എന്തുചെയ്യണം എന്നതിന്റെ ഉറച്ച ധാര്‍മിക പ്രഖ്യാപനമാണ്. നിയമപരമായ നടപടികള്‍ നടപ്പാക്കണെമെന്ന അവരുടെ ആവശ്യം ഈ അംഗീകരിക്കപ്പെട്ട സ്വാതന്ത്ര്യങ്ങളുടെ യഥാര്‍ത്ഥവല്‍ക്കരണത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നു തന്നെതാണ്''.
'തെളിവുക'ളുമായി ഇടപെടുന്ന ഒരു സാക്ഷിയെ സംബന്ധിച്ച്, ജനങ്ങളിലെ ഏറ്റവും ദരിദ്ര്യമായ വിഭാഗത്തിനുനേരെ അക്രമാകത്മമായ പ്രവര്‍ത്തിക്കുന്ന ഒരു അധികാരകേന്ദ്രത്തോട് തന്നെ അനുയോജ്യമായ ഇടപെടലിനുവേണ്ടി അഭ്യര്‍ത്ഥക്കേണ്ടിവരുന്നു എന്നതാണ് ഒരു ഐറണി. വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് തെളിവുകളെ അടിസ്ഥാനമാക്കിയ നയങ്ങളുടെ ഈ സാഹചര്യം ചില വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ഇടപെടലുകളെപ്പറ്റിയുള്ള പഠനത്തിലെ ഒരു ധാര്‍മിക അനുമാനം ആരാണോ ഇടപെടല്‍ നടത്താന്‍ പോകുന്നത് അയാള്‍ മേശയിലേക്ക് ശുദ്ധമായ കൈകളുമായി വരണം എന്നതാണ്. അയാളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതിന് അപ്പുറമാവണം. ഇന്ത്യയില്‍, ലോകത്തെ മറ്റ് പലയിടത്തേയും പോലും ഈ അനുമാനം നിലനില്‍ക്കുന്നതല്ല. ദോഷദൃക്കായിരിക്കുകയും എല്ലാത്തില്‍നിന്നും വിട്ടൊഴിഞ്ഞ് നില്‍ക്കുകയന്നെതായിരിക്കും ഈ സാഹചര്യത്തോട് കൈക്കൊള്ളാവുന്ന ഒരു പ്രതികരണം.പക്ഷേ, ഞാനതാണ് ഏക പ്രതികരണം എന്നു വിശ്വസിക്കുന്നില്ല. പുതിയ കരിയര്‍ തുടങ്ങുന്ന യുവ പത്രപ്രവര്‍ത്തകരെന്ന നിലയില്‍ നിങ്ങളുടെ മേലുള്ള വെല്ലുവിളി അനുപേക്ഷ്യമായ നടപടികളെ വകവച്ചുകൊടുക്കുകയും'എന്തെങ്കിലും ചെയ്‌തേ തീരു' എന്നതിനെ അംഗീകരിക്കുകയുമാണ്. ജീവിതത്തില്‍ ഈ വെല്ലുവളി സ്വീകരിക്കാനും അത് ആവശ്യപ്പെടുന്ന രീതില്‍ പ്രതികരിക്കാനും നമ്മള്‍ തയ്യാറാണോ എന്ന് ഈ പ്രധാനപ്പെട്ട ദിനത്തില്‍ നമ്മളോരുത്തരും സ്വയം ചോദിക്കണം.

സ്വതന്ത്ര പരിഭാഷ: ബിജുരാജ്

രൂപാന്തര്‍: ഛത്തീസ്ഗഢില്‍ ചികിത്സാ സൗകര്യങ്ങളൊന്നുമില്ലാത്ത 20 ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യസഹായ സംഘടന. ഡോ.ബിനായക് സെന്നാണ് ഇതിന്റെ രൂപീകരണത്തിന് മുന്‍ കൈയെടുത്തത്.


സമകാലിക മലയാളം വാരിക
2010




ഡോ. ബിനായക് സെന്‍

ഛത്തീസ്ഗഢ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പോരാളിയും ജനകീയ ഡോക്ടറുമാണ് ഡോ. ബിനായക് സെന്‍.
വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍നിന്ന് സ്വര്‍ണമെഡലോടെ മെഡിക്കല്‍ ബിരുദം നേടി പഠനം പൂര്‍ത്തിയാക്കി. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ അധ്യാപക ജോലി ഉപേക്ഷിച്ച് ഛത്തീസ്ഗഢിലെ ആദിവാസികള്‍ക്കും ഖനിത്തൊഴിലാളികള്‍ക്കുമിടയില്‍ ആരോഗ്യ പ്രവര്‍ത്തനം നടത്തിനായി ചെന്നു. തൊഴിലാളികളുടെ നേരിട്ടുളള നിയന്ത്രണത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന, ഏഷ്യയിലെ തന്നെ രണ്ടാമത്തെ ആശുപത്രിയായ, ദളി-രജ്ഹാരയിലെ 'ഷഹീദ്'ആശുപത്രിയുടെ സ്ഥാപകനാണ്. ഛത്തീസ്ഗഢ് സര്‍ക്കാരിന്റെ പൊതു ജനാരോഗ്യ പരിപാടിയായ മിറ്റാനിന്റെ ഉപദേശകനായിരുന്നു.
പ്രമുഖ മനുഷ്യാവകാശ സംഘടനയായ പി.യു.സി.എല്ലിന്റെ ദേശീയ വൈസ് പ്രസിഡന്റും ഛത്തീസ്ഗഢ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ്.
1984ല്‍ ബസ്തര്‍ ജില്ലയില്‍ പടര്‍ന്നു പിടിച്ച, അനേകം ആദിവാസികളുടെ ജീവനപഹരിച്ച ബ്ലഡ് ഡിസന്ററിയുടെ കാരണങ്ങളെക്കുറിച്ച് അന്വേഷിച്ച് ഗവണ്‍മെന്റിന്റെ തികഞ്ഞ അവഗണനയെ തുറന്നുകാണിക്കുന്ന റിപ്പോര്‍ട്ടുകള്‍, കസ്റ്റഡി കൊലപാതകങ്ങളെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍, ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍, ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ കളളക്കഥകള്‍ തുറന്നുകാണിക്കുന്ന വസ്തുതാന്വേഷണ റിപ്പോര്‍ട്ടുകള്‍ എന്നിവ ബിനായക് സെന്‍ പുറത്തുകൊണ്ടുവന്നു. 2007 മാര്‍ച്ച് 31 ന് സന്തോഷ്പൂരില്‍ 12 നിരപരാധികളെ വെടിവച്ചുകൊന്നുകൊണ്ട് മെനഞ്ഞെടുത്ത 'നക്‌സല്‍ ആക്രമണത്തിന്റെ' കെട്ടുകഥ തുറന്നുകാണിക്കുന്നതില്‍ ബിനായക്‌സെന്‍ മുഖ്യ പങ്കുവഹിച്ചിരുന്നു. തുടര്‍ന്ന് 2007 മെയ് 14 ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഭരണകൂടം ബിനായക്‌സെന്നിനെ തടവിലടച്ചു. ജനകീയ ഡോക്ടറുടെ മോചനത്തിനായി രാജ്യത്തകത്തും പുറത്തും പ്രക്ഷോഭങ്ങള്‍ നടന്നു. അടുത്തിടെ ജയില്‍ മോചിതനായി. വെല്ലൂര്‍ ക്രിസ്ത്യന്‍ കോളജിന്റെ 2004 ലെ പോള്‍ ഹാരിസണ്‍ അവാര്‍ഡ് ജേതാവ്, 2007 ലെ ഖേല്‍താന്‍ സ്വര്‍ണ മെഡല്‍, ഗ്ലോബല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ ജോനാതന്‍ മന്‍ അവാര്‍ഡ് (2008 ) എന്നിവ നേടിയിട്ടുണ്ട്. .

No comments:

Post a Comment